ഏഷ്യാചരിത്രം

(History of Asia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യാ വൻകരയുടെ ചരിത്രമെന്നാൽ യൂറേഷ്യൻ സ്റ്റെപ്പിയാൽ ബന്ധപ്പെട്ടു കിടക്കുന്ന തനതായ ചരിത്രമുള്ള പൂർവേഷ്യ, ദക്ഷിണേഷ്യ, മദ്ധ്യപൂർവേഷ്യ മുതലായ വിവിധ ഭൂമണ്ഡലങ്ങളുടെ മൊത്തമായ ചരിത്രമാണ്.

നാലാം നൂറ്റാണ്ടിലെ ചൈനീസ് പട്ടിന്റെ ചിത്രം. പട്ടുപാതയിലൂടെ നടന്നിരുന്ന ചൈനീസ് പട്ടിന്റെ വ്യാപാരം ചൈന,ഇന്ത്യ,മധ്യേഷ്യ, മദ്ധ്യപൂർവേഷ്യ എന്നിവിടങ്ങളെ യൂറോപ്പും ആഫ്രിക്കയും ആയി ബന്ധപ്പെടുത്തി.

ഈ മൂന്ന് ഭൂമണ്ഡലങ്ങളും ലോകത്തിലെ ആദ്യത്തെ അറിയപ്പെടുന്ന സംസ്കാരങ്ങളിൽ ചിലതിന്റെ ഉദ്ഭവസ്ഥാനങ്ങളാണ്. ഇവിടങ്ങളിലെ ഫലഭൂയിഷ്ഠമായ നദീതടങ്ങളായിരുന്നു ആ സംസ്കാരങ്ങളുടെ കളിത്തൊട്ടിൽ. മെസപ്പൊട്ടേമിയ , ഇന്ത്യ, ചൈന എന്നിവിടങ്ങളിലെ സംസ്കാരങ്ങൾ പല സാമ്യങ്ങളും ഉണ്ട്. അവർ പരസ്പരം ഗണിതം, ചക്രം മുതലായ സാങ്കേതിക വിദ്യകളും ആശയങ്ങളായും കൈമാറ്റം ചെയ്തിരുന്നതായി കരുതപ്പെടുന്നു. എന്നാൽ ഭാഷയും ലിപികളും തനതായി വികസിച്ചു വന്നതായി കാണാം. സംസ്കാരങ്ങൾ പതിയെ പട്ടണങ്ങൾ, രാജ്യങ്ങൾ, സാമ്രാജ്യങ്ങൾ എന്നിങ്ങനെ പടർന്നു പന്തലിച്ചു.

അശ്വാരൂഢരായ നാടോടികളുടെ മേഖലയായിരുന്നു സ്റ്റെപ്പികൾ ആദ്യം മുതലേ. ഏഷ്യയുടെ എല്ലായിടത്തേക്കും മധ്യഭാഗത്തുള്ള സ്റ്റെപ്പികളിൽ നിന്ന് അവർക്ക് സുഗമമായി എത്തിച്ചേരാമായിരുന്നു. എന്നാൽ ഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങൾ അതായത് സൈബീരിയ ഉൾപ്പെടെ അവർക്കും ബാലികേറാമലയായിരുന്നു. നിബിഡ വനങ്ങളും മഞ്ഞുമൂടിയ തുന്ദ്ര മേഖലയും മൂലം ഇവിടെ ജനവാസം തുലോം തുച്ഛം ആയിരുന്നു.

ഏഷ്യാഭൂഖണ്ഡത്തിന്റെ മധ്യഭാഗവും അതിർത്തി പ്രദേശങ്ങളും പർവ്വതങ്ങളും മരുഭൂമികളും മൂലം വേർപെട്ടു കിടക്കുന്നു. ഹിമാലയം, കോക്കസസ് പർവതങ്ങൾ, കാരകും മരുഭൂമി, ഗോബി മരുഭൂമി എന്നിവ സ്റ്റെപ്പി നാടോടികൾക്ക് മുറിച്ച് കടക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കി. സാങ്കേതിക വിദ്യയിലും സാംസ്കാരിക വളർച്ചയിലും പട്ടണവാസികൾ മുന്നിട്ടു നിന്നെങ്കിലും സ്റ്റെപ്പി നാടോടികളുടെ സൈനികബലത്തിനെ കവച്ചു വെക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. പക്ഷെ താഴ്വാരങ്ങളിൽ അവരുടെ വലിയ കുതിരപ്പടയെ മേയ്ക്കാൻ ഉള്ള പുൽമൈതാനങ്ങൾ കുറവായിരുന്നു. തന്മൂലം മധ്യധരണ്യാഴിയിലെ രാജ്യങ്ങൾ കീഴടക്കിയ നാടോടികൾക്ക് തദ്ദേശീയ സംസ്കൃതിയുമായി സമരസപ്പെടേണ്ടി വന്നു.

ഏഷ്യാചരിത്രത്തിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടന്ന വലിയ മാറ്റങ്ങളും ഉൾപ്പെടുന്നു. പട്ടുപാതയിലൂടെയുള്ള വ്യാപാരം ഇതിലൊന്നാണ്. പട്ടുപാതയിലൂടെ സാധനങ്ങളുടെ കൂടെ സംസ്കാരവും, ഭാഷകളും മതങ്ങളും രോഗങ്ങളും ആഫ്രോ യൂറേഷ്യൻ വ്യാപാരത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. ചൈനയിൽ കണ്ടുപിടിക്കപ്പെട്ട വെടിമരുന്നിന്റെ വ്യാപനവും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. ഇതുമൂലം ലോകമെമ്പാടും തോക്കുകളും പീരങ്കികളും ഉപയോഗിക്കുന്ന ആധുനിക യുദ്ധരീതിയിലേക്ക് രാജ്യങ്ങൾ ചുവടുമാറ്റി.

"https://ml.wikipedia.org/w/index.php?title=ഏഷ്യാചരിത്രം&oldid=3086082" എന്ന താളിൽനിന്ന് ശേഖരിച്ചത്