ചൊവ്വയുടെ ഭൂമിശാസ്ത്രം

(Geography of Mars എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൊവ്വയുടെ പ്രതലത്തെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ചൊവ്വയുടെ ഭൂമിശാസ്ത്രം(ഉപരിതല ശാസ്ത്രം എന്നും അറിയപ്പെടുന്നു.)

ചൊവ്വയുടെ ഉപരിതലത്തിന്റെ ടോപോഗ്രഫിക്ക് ഭൂപടം. കടപ്പാട്: നാസ ഗോഡാഡ് സ്പേസ് ഫ്ലൈറ്റ് സെൻറർ. മാർസ് ഗ്ലോബൽ സർവേയർ എടുത്ത ചിത്രം. വടക്കുഭാഗം മുകളിൽ. പടിഞ്ഞാറ് താർസിസ് അഗ്നിപർവതങ്ങളും(ഒളിമ്പസ് മോൺസ് ഉൾപ്പെടെ), കിഴക്ക് മാരിനർ താഴ്വരയും, തെക്കേ അർദ്ധഗോളത്തിൽ ഹെല്ലസ് നദീതടവും കാണാം.

ചരിത്രം

തിരുത്തുക
 
സ്കിയാപരെല്ലി തയ്യാറാക്കിയ ചൊവ്വയുടെ ഭൂപടം.

ചൊവ്വയെപ്പറ്റി ആദ്യമായി വിശദ പഠനം നടത്തിയത് ദൂരദർശിനിയുടെ സഹായത്തോടെയാണ്. ഈരണ്ടു വർഷം കൂടുമ്പോൾ ചൊവ്വ ഭൂമിയുടെ അടുത്തെത്തുന്നത് ഇതിനു സഹായകരമായി. 1887 സെപ്റ്റംബറിൽ ഇറ്റാലിയിയൻ ജ്യോതിശാസ്ത്രകാരനായ ഗിയോവന്നി സ്കിയാപരെല്ലി ചൊവ്വയുടെ ഉപരിതലത്തിന്റെ വിശദമായ ഭൂപടം തയ്യാറാക്കി. ഈ ഭൂപടത്തിൽ പ്രശസ്തമായ ചൊവ്വയിലെ കനാലുകൾ അടയാളപ്പെടുത്തിയിരുന്നു. എന്നാൽ ഇവ പ്രകാശത്തിന്റെ വെറും കൺകെട്ടു വിദ്യയാണെന്ന് പിന്നീട് തെളിഞ്ഞു.


സ്കിയാപരെല്ലിയുടെ കണ്ടെത്തലുകൾ, ചൊവ്വയിൽ വൻ വൃക്ഷലതാദികൾ നിലനിൽക്കുന്നുണ്ട് എന്ന പ്രചാരണത്തിന് ഇടയാക്കി. 1960കളിൽ നാസയുടെ പേടകങ്ങൾ ചൊവ്വയ്ക്ക് സമീപമെത്തി പഠനങ്ങളും ചിത്രങ്ങളും നടത്തുന്നത് വരെ ഇത്തരത്തിലുള്ള വിശ്വാസങ്ങൾ നിലനിന്നിരുന്നു.1996ൽ ആരംഭിച്ച് 2006ൽ അവസാനിച്ച ചൊവ്വാ ദൗത്യമായ മാർസ് ഗ്ലോബൽ സർവേയർ ആണ് ചൊവ്വയുടെ അതി സൂക്ഷ്മ ഭൂപടം ആദ്യമായി തയ്യാറാക്കിയത്.

ടോപോഗ്രഫി

തിരുത്തുക
 
മാർസ് ഗ്ലോബൽ സർവേയർ പേടകത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് തയ്യാറാക്കിയ ചൊവ്വയുടെ ഉയർച്ച-താഴ്ചകളുടെ ഭൂപടം.

ചൊവ്വയുടെ ഉപരിതലം വളരെ കൗതുകമുണർത്തുന്നതാണ്. വടക്കേ സമതലങ്ങൾ ലാവയുടെ ഒഴുക്കുമൂലം പരന്നതും തെക്കേ ഉയർന്ന പ്രദേശങ്ങൾ ഉൽക്കാ പതനങ്ങൾ കൊണ്ട് കുണ്ടും കുഴിയും നിറഞ്ഞതുമാണ്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ കാണുന്ന ചൊവ്വയുടെ ഉപരിതലത്തെ അവിടുത്തെ അൽബിടോ സവിശേഷതകൾ അനുസരിച്ച് രണ്ടായി തരാം തിരിക്കാം: ഇരുണ്ട പ്രതലങ്ങളും, മണ്ണും പൊടിയും നിറഞ്ഞ ചാര നിറത്തിലുള്ള പ്രതലങ്ങളും.

26 കിലോമീറ്റർ ഉയരമുള്ള ഒളിമ്പസ് മോൺസ് എന്ന അഗ്നിപർവതം സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയതാണ്. നിരവധി വൻ അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന താർസിസ് എന്ന പ്രദേശത്താണ് ഒളിമ്പസ് മോൺസ്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗിരികന്ദരമായ മാരിനർ താഴ്വരയും ഈ പ്രദേശത്ത് തന്നെയാണ്. 7 കിലോമീറ്റർ ആഴവും 4,000 കിലോമീറ്റർ നീളവുമുള്ള പടുകൂറ്റൻ ഗിരികന്ദരമാണ് മാരിനർ താഴ്വര. ചൊവ്വയിൽ ഉലക്ക പതനം മൂലമുണ്ടായ ഗർത്തങ്ങൾ അനവധിയാണ്. ഹെല്ലസ് പ്ലാനിറ്റിയ അതിനൊരു ഉദാഹരണം.

ചൊവ്വയുടെ രണ്ടു ധ്രുവങ്ങളിലും മഞ്ഞു പാളികളുടെ സ്ഥിര നിക്ഷേപം നിലനിൽക്കുന്നു. വടക്കേ ധ്രുവത്തിൽ ഇവ പ്ലാനം ബൊറീയം എന്ന പ്രദേശത്തും, തെക്കേ ധ്രുവത്തിൽ ഇവ പ്ലാനം ഓസ്ട്രേൽ എന്ന പ്രദേശത്തും സ്ഥിതി ചെയ്യുന്നു.