മനുഷ്യരിലെ പചനവ്യൂഹം
മനുഷ്യരിൽ വായ മുതൽ മലദ്വാരം വരെ നീണ്ടുകിടക്കുന്നതും[1] (ദഹനേന്ദ്രിയവ്യവസ്ഥ എന്ന വാക്ക് ("digestive system") എന്നത് കൂടുതൽ അവയവങ്ങളുൾപ്പെടുന്ന ദഹനസംവിധാനത്തെ വിവക്ഷിക്കാനാണ് ഉപയോഗിക്കുന്നത്).[2] ഭഷണം ദഹിപ്പിച്ച് പോഷകാംശങ്ങൾ ആഗിരണം ചെയ്യുന്നതുമായ സംവിധാനമാണ് പചനവ്യൂഹം. ചിലപ്പോൾ ആമാശയത്തെയും കുടലിനെയും മാത്രം ഇതിന്റെ ഭാഗമായി കണക്കാക്കാറുണ്ട്. [3]
മനുഷ്യരിലെ പചനവ്യൂഹം (ദഹനേന്ദ്രിയവ്യൂഹം) | |
---|---|
ആമാശയം, വൻകുടൽ, മലാശയം എന്നിവയുടെ ചിത്രം |
പ്രായപൂർത്തിയായ പുരുഷന്മാരിൽ പചനവ്യൂഹത്തിന്റെ നീളം 5 മീറ്റർ വരും. ഇതിനെ ഫോർഗട്ട്, മിഡ്ഗട്ട്, ഹൈൻഡ്ഗട്ട് എന്ന് ഇതിനെ മൂന്നായി തിരിച്ചിട്ടുണ്ട്.
പചനപ്രക്രീയ നിയന്ത്രിക്കുന്ന തരം അന്തഃസ്രാവരസങ്ങൾ പചനവ്യൂഹത്തിൽ നിന്ന് സ്രവിപ്പിക്കപ്പെടുന്നുണ്ട്. [4]
ദഹനനാളത്തിന്റെ ഊർദ്ധ്വ ഭാഗം
തിരുത്തുകഅന്നനാളം, ആമാശയം, ഡുവോഡിനം എന്നിവയെ ഒരുമിച്ചാണ് ദഹനനാളത്തിന്റെ മുകൾ ഭാഗമായി (Upper Gastrointestinal Tract) വിവക്ഷിക്കുന്നത്.[5] ഊർദ്ധ്വഭാഗം, അധോഭാഗം എന്നിവ തമ്മിലുള്ള വേർ തിരിവ് പല തരത്തിലുണ്ട്. ഡുവോഡിനം എന്ന ഭാഗം ശരീരഘടനാശാസ്ത്രപരമായി ഒരു പ്രത്യേക അവയവഭാഗമായി തോന്നുമെങ്കിലും ഭ്രൂണവികാസം വച്ചുനോക്കിയാൽ ഇതിന് രണ്ടു ഭാഗങ്ങളുണ്ട്. ധർമ്മം, രക്തയോട്ടം എന്നീ കാര്യങ്ങളിലും ഡുവോഡിനം രണ്ടാണ്. ഇതാണ് ദഹനനാളത്തിന്റെ മുകൾ ഭാഗവും കീഴ് ഭാഗവും തമ്മിലുള്ള വേർതിരിവ് പല രീതിയിലാവാൻ കാരണം.
ദഹനനാളത്തിന്റെ അധോഭാഗം
തിരുത്തുകചെറുകുടലിന്റെ മിക്കഭാഗങ്ങളും വൻകുടലുമാണ് ദഹനാളത്തിന്റെ താഴത്തെ ഭാഗമായി കണക്കാക്കുന്നത്.[6]
- കുടൽ
- ചെറുകുടൽ: ഇതിന് മൂന്നുഭാഗങ്ങളുണ്ട്:
- ഡുവോഡിനം: പാൻക്രിയാസിൽ നിന്നുള്ള (ദഹനരസങ്ങളും) പിത്താശയത്തിൽ നിന്ന് പുറത്തുവിടുന്ന (പിത്തരസവും) ഇവിടെ ഭക്ഷണത്തോട് കൂടിച്ചേരുന്നു. ദഹനരസങ്ങൾ മാംസ്യത്തെ (പ്രോട്ടീൻ) വിഘടിപ്പിക്കുകയും പിത്തരസം കൊഴുപ്പിനെ ഇമൽസിഫൈ ചെയ്യുകയും ചെയ്യുന്നു. ഡുവോഡിനത്തിലെ ബ്രണ്ണേഴ്സ് ഗ്രന്ഥികൾ ബൈക്കാർബണേറ്റ് ഉത്പാദിപ്പിക്കുന്നുണ്ട്. ആഗ്നേയ ദഹനഗ്രന്ഥിയുടെ സ്രവത്തിനൊപ്പം ചേർന്ന് ആമാശയരസത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഇവിടെ നിർവീര്യമാക്കപ്പെടുന്നു.
- ജെജനം: ചെറുകുടലിന്റെ മദ്ധ്യഭാഗമാണിത്. ജെജനത്തിലെ വില്ലകൾ പോഷകങ്ങൾ ആഗിരണം ചെയ്യാവുന്ന പ്രതലത്തിന്റെ വിസ്തീർണ്ണം വർദ്ധിപ്പിക്കുന്നു. പഞ്ചസാരകൾ, അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ എന്നിവ ഇവിടെ നിന്നാണ് പ്രധാനമായി ആഗിരണം ചെയ്യപ്പെടുന്നത്.
- ഇലിയം: ഇവിടെയും വില്ലകൾ ഉണ്ട്. വൈറ്റമിൻ ബി12, പിത്തരസാമ്ലങ്ങൾ, ശേഷിക്കുന്ന പോഷകങ്ങൾ എന്നിവ ഇവിടെനിന്ന് ആഗിരണം ചെയ്യപ്പെടും.
- വൻകുടൽ: ഇതിനും മൂന്ന് ഭാഗങ്ങളുണ്ട്:
- സീക്കം: വെർമിഫോം അപ്പൻഡിക്സ് സീക്കത്തോട് യോജിക്കുന്നുണ്ട്.
- കോളൻ: അസന്റിംഗ് കോളൻ, തിരശ്ചീന കോളൻ, ഡിസന്റിംഗ് കോളൻ സിഗ്മോയ്ഡ് കോളൻ: ജലം ആഗിരണം ചെയ്യുകയാണ് കോളന്റെ പ്രധാന ധർമ്മം. ഇവിടുത്തെ ബാക്ടീരിയകൾ വൈറ്റമിൻ കെ പോലെയുള്ളപോഷകങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്.
- റെക്റ്റം
- ചെറുകുടൽ: ഇതിന് മൂന്നുഭാഗങ്ങളുണ്ട്:
- മലദ്വാരം: മലം വിസർജ്ജിക്കുന്നത് ഇതിലൂടെയാണ്.
ലിഗമെന്റ് ഓഫ് ട്രൈറ്റ്സ് ആണ് ചിലപ്പോൾ ഊർദ്ദ്വഭാഗവും അധോഭാഗവും തമ്മിൽ വേർതിരിക്കുന്ന അതിരായി കണക്കാക്കുന്നത്.[7]
ഭ്രൂണത്തിൽ പചനവ്യൂഹം ഉരുത്തിരിയുന്നത്
തിരുത്തുകദഹനനാളം ഭ്രൂണവളർച്ചയിൽ ഉരുത്തിരിഞ്ഞുണ്ടാകുന്നത് എൻഡോഡേം എന്ന ഭ്രൂണഭാഗത്തുനിന്നാണ്. ഉദ്ദേശം പതിനാറു ദിവസമാകുമ്പോൾ ഭ്രൂണത്തിന്റെ മുൻ വശം (വെൻട്രൽ ഭാഗം) ഉള്ളിലേയ്ക്ക് മടങ്ങാൻ തുടങ്ങും. ഇതോടെ യോക്ക് സഞ്ചിയുടെ ഒരുഭാഗം നുള്ളിയെടുക്കപ്പെട്ട് വികാസം പ്രാപിക്കാത്ത ദഹനനാളം രൂപപ്പെടും. വിറ്റലൈൻ നാളി വഴി യോക്ക് സഞ്ചി ദഹനനാളവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. സാധാരണഗതിയിൽ വിറ്റലൈൻ നാളി ഭ്രൂണവികാസത്തോടൊപ്പം ഇല്ലാതെയായിപ്പോവും. ഇത് വളർച്ചയെത്തുമ്പോഴും നിലനിൽക്കുയാണെങ്കിൽ ഇതിനെ മെക്കെൽസ് ഡൈവെർട്ടിക്കുലം എന്നാണ് വിവക്ഷിക്കാറ്.
ദഹനനാളത്തിന്റെ ഭ്രൂണത്തിൽ കാണുന്ന പ്രാകൃത രൂപത്തിന് മൂന്നു ഭാഗങ്ങളാണുള്ളത്: ഫോർഗട്ട്, മിഡ്ഗട്ട്, ഹൈൻഡ്ഗട്ട് എന്നിവ. ഈ പേരുകൾ തന്നെ ഈ ഭാഗങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന പചനവ്യവസ്ഥയുടെ ഭാഗങ്ങളെയും വിളിക്കും.
അന്നനാളം, ആമാശയം, കോളൺ മുതലായ ഭാഗങ്ങൾ മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ നിന്നാണ് ഭാവിയിൽ രൂപപ്പെടുന്നത്. ഈ ഭാഗങ്ങൾക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലിന് മാറ്റമുണ്ടാവുകയില്ല. കരൾ, അപ്പൻഡിക്സ് തുടങ്ങിയ ഉപഭാഗങ്ങളും വികസിക്കുന്നത് ഇവയിൽ നിന്നുതന്നെ.[8]
ഭാഗം | പ്രായപൂർത്തിയായവരിലെ സമാനഭാഗങ്ങൾ | ഭാഗങ്ങൾ | രക്തമെത്തിക്കുന്ന ധമനി |
---|---|---|---|
ഫോർഗട്ട് | അന്നനാളവും ഡുവോഡിനത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും | അന്നനാളം, ആമാശയം, ഡുവോഡിനത്തിന്റെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗം, കരൾ, പിത്തസഞ്ചി, ആഗ്നേയദഹനഗ്രന്ഥി | cസീലിയാക് ട്രങ്ക് |
മിഡ്ഗട്ട് | ഡുവോഡിനത്തിന്റെ ബാക്കി ഭാഗം മുതൽ തിരശ്ചീന കോളന്റെ ആദ്യത്തെ മൂന്നിൽ രണ്ടു ഭാഗം വരെ | ഡുവോഡിനത്തിന്റെ താഴെഭാഗം, ജെജനം, ഇലിയം, സീക്കം, അപ്പൻഡിക്സ്, അസന്റിംഗ് കോളൺ, തിരശ്ചീന കോളന്റെ ആദ്യത്തെ മൂന്നിൽ രണ്ട് ഭാഗം | ഊർദ്ധ്വ മീസന്ററിക് ധമനിയുടെ ശാഖകൾ |
ഹൈൻഡ് ഗട്ട് | തിരശ്ചീന കോളന്റെ അവസാന മൂന്നിലൊന്ന് മുതൽ മലദ്വാരത്തിന്റെ മുകളിലെ ഭാഗം വരെ | തിരശ്ചീന കോളന്റെ അവസാന മൂന്നിലൊന്ന്, ഡിസന്റിംഗ് കോളൺ, മലാശയം, മലദ്വാരത്തിന്റെ മുകളിലുള്ള ഭാഗം | ഇൻഫീരിയർ മീസന്ററിക് ധമനിയുടെ ശാഖകൾ |
ദഹനനാളം കടക്കാനെടുക്കുന്ന സമയം
തിരുത്തുകഭക്ഷണത്തിനും വിഴുങ്ങുന്ന മറ്റു വസ്തുക്കൾക്കും ദഹനനാളത്തിലൂടെ കടന്ന് മറുവശത്തെത്താനെടുക്കുന്ന സമയം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഭക്ഷണത്തിനു ശേഷം 2.5 മുതൽ 3 മണിക്കൂർ കൊണ്ട് ആഹാരത്തിന്റെ 50% ആമാശയത്തിൽ നിന്ന് കുടലിലെത്തും. ചെറുകുടലിൽ നിന്ന് 50% 2.5 മുതൽ 3 മണിക്കൂറുകൾ കൊണ്ട് വൻ കുടലിലെത്തും. കോളൻ കടക്കാൻ 30 മുതൽ 40 വരെ മണിക്കൂറുകളെടുക്കാം.[9]
അസുഖങ്ങൾ
തിരുത്തുകപചനവ്യൂഹത്തെ ബാധിക്കുന്ന ധാരാളം അസുഖങ്ങളുണ്ട്. അവയിൽ ചിലത് താഴെക്കൊടുക്കുന്നു:
രോഗപ്രതിരോധ സംവിധാനം
തിരുത്തുകശരീരത്തിലെ രോഗപ്രതിരോധസംവിധാനത്തിലെ ഒരു പ്രധാന ഭാഗമാണ് പചനവ്യൂഹം.[10] ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വിസ്തീർണ്ണമുണ്ടാകും ദഹനനാളത്തിന് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. രോഗകാരികൾ രക്തത്തിലേയ്ക്കും ലിംഫ് സ്രവത്തിലേയ്ക്കും കടക്കാതിരിക്കാൻ പചനവ്യൂഹത്തിലെ രോഗപ്രതിരോധസംവിധാനം തടസ്സങ്ങളൊരുക്കിയിട്ടുണ്ട്. [11]
ആമാശയത്തിലെ കുറഞ്ഞ pH (1 മുതൽ 4 വരെ) മിക്ക രോഗകാരികൾക്കും നാശമുണ്ടാക്കും. ദഹനനാളത്തിലെ ഭിത്തികളിൽ കാണുന്ന മ്യൂക്കസിൽ IgA ഗണത്തിൽ പെട്ട ആന്റീബോഡികൾ കാണപ്പെടുന്നുണ്ട്. ഇതും സൂക്ഷ്മാണുക്കളെ നശിപ്പിക്കും. ഉമിനീരിലെയും പിത്തരസത്തിലെയും എൻസൈമുകൾക്കും ഇതേ ധർമ്മമാണുള്ളത്.Cyp3A4 പോലുള്ള എൻസൈമുകൾ രോഗകാരികളുടെ ആന്റിജനുകളെ പ്രവർത്തനരഹിതമാക്കുക എന്ന ധർമ്മവും നിർവ്വഹിക്കുന്നുണ്ട്.
ദഹനനാളത്തിനകത്ത് മനുഷ്യരുടെ ആരോഗ്യത്തിന് ഗുണകരമായ ബാക്ടീരിയകളുമുണ്ട്. ഇവ ദോഷകരമായ സൂക്ഷ്മാണുക്കളുടെ വളർച്ചയെ ചെറുക്കും. ദഹനനാളവുമായി ബന്ധപ്പെട്ട ലിംഫോയ്ഡ് കല എന്ന സംവിധാനവും രോഗപ്രതിരോധത്തിനുതകും.
ഹിസ്റ്റോളജി
തിരുത്തുകദഹനനാളത്തിന്റെ സൂക്ഷ്മഘടന (histology) പൊതുവിൽ സാദൃശ്യമുള്ളതാണെങ്കിലും ഓരോ ഭാഗത്തിനും ധർമ്മത്തിനനുസരിച്ച് വ്യത്യാസമുണ്ട്. [12] നാല് പാളികളാണ് ദഹനനാളത്തിനുള്ളത്.
- മ്യൂക്കോസ
- സബ്മ്യൂക്കോസ
- മസ്കുലാരിസ് എക്സ്റ്റേണ (ബാഹ്യ പേശീ പാളി)
- അഡ്വെന്റീഷ്യ അല്ലെങ്കിൽ സീറോസ
മ്യൂക്കോസ
തിരുത്തുകദഹനനാളത്തിന്റെ ഏറ്റവും ഉള്ളിലുള്ള പാളിയാണ് മ്യൂക്കോസ. ദഹിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണവുമായി തൊട്ടിരിക്കുന്നത് ഈ പാളിയാണ്.
മൂന്ന് പാളികളാണ് മ്യൂക്കോസയ്ക്കുള്ളത്:
- എപിത്തീലിയം - ഏറ്റവും ഉള്ളിലുള്ള പാളി. ദഹനം, ആഗിരണം, സ്രവങ്ങൾ പുറപ്പെടുവിക്കൽ എന്നീ ധർമ്മങ്ങളാണ് ഈ പാളിക്കുള്ളത്.
- ലാമിന പ്രോപ്രിയ - ശരീരഭാഗങ്ങളെ ബന്ധിപ്പിച്ചുനിർത്തുന്ന കലയായ കണക്ടീവ് ടിഷ്യൂവിന്റെ പാളിയാണിത്.
- മസ്കുലാരിസ് മ്യൂക്കോസ - സ്മൂത്ത് പേശികളുടെ ഒരു കനം കുറഞ്ഞ പാളി. ഇതിന്റെ ധർമ്മം എന്തെന്നതിനെപ്പറ്റി ചർച്ചകൾ നടക്കുന്നുണ്ട്.
ദഹനനാളത്തിന്റെ ഓരോ ഭാഗത്തും മ്യൂക്കോസയ്ക്ക് വലിയ തോതിലുള്ള വ്യത്യാസങ്ങളാണ് കാണപ്പെടുന്നത്. ഇതിൽതന്നെ ഏറ്റവും വ്യത്യാസം കാണപ്പെടുന്നത് എപിത്തീലിയത്തിനാണ്. അന്നനാളത്തിലെ എപിത്തീലിയത്തിന്റെ ഘടന സ്ട്രാറ്റിഫൈഡ് സ്ക്വാമസ് എന്ന തരമാണ്. സംരക്ഷണമാണ് പ്രധാന ധർമ്മം. ആമാശയത്തിൽ ഇത് സിമ്പിൾ കോളംനാർ എന്ന തരത്തിൽ പെട്ടതാണ്. ചെറുകുടലിന്റെ ഇലിയം ജെജനം എന്നീ ഭാഗങ്ങൾ ആഗിരണധർമ്മമാണ് നിറവേറ്റുന്നത്. ഇതിൽ വില്ലകൾ എന്ന സംവിധാനം കാണപ്പെടുന്നുണ്ട്. എപ്പിത്തീലിയം ഇവിടെയും സിമ്പിൾ കോളംനാർ എന്ന തരത്തിൽ പെട്ടതാണ്. കോളന്റെ എപ്പിത്തീലിയത്തിൽ ഗ്ലോബ്ലറ്റ് സെല്ലുകൾ എന്ന കോശങ്ങളുണ്ട്.
സബ് മ്യൂക്കോസ
തിരുത്തുകകണക്ടീവ് കലകളും വലിയ രക്തക്കുഴലുകളും ലിഫ് സ്രവം വഹിക്കുന്ന ലിംഫാറ്റിക്കുകളും നാഡികളുമാണ് സബ് മ്യൂക്കോസയിലുള്ളത്. മൈസ്നേഴ്സ് പ്ലെക്സസ് എന്ന നാഡികളുടെ വല ഇവിടെ കാണപ്പെടുന്നു.
മസ്കുലാരിസ് എക്സ്റ്റേണ
തിരുത്തുകഉള്ളിൽ വൃത്താകൃതിയിൽ ദഹനനാളത്തെ ചുറ്റുന്ന പേശികളും വെളിയിൽ നീളത്തിൽ കിടക്കുന്ന പേശികളുമാണ് മസ്കുലാരിസ് എക്സ്റ്റേണയിൽ ഉള്ളത്. വൃത്താകൃതിയിലുള്ള പേശികൾ ചുരുങ്ങി ഭക്ഷണം പിന്നിലേയ്ക്ക് സഞ്ചരിക്കാതെ തടയുന്നു. നീളത്തിലെ പേശികൾ ചുരുങ്ങുമ്പോൾ ദഹനനാളത്തിന്റെ നീളം കുറയുന്നു.
ഈ രണ്ടു പാളി പേശികളും ഏകോപിച്ച് ചുരുങ്ങുകയും അയയുകയും ചെയ്താണ് ഭക്ഷണം മുന്നോട്ട് തള്ളുന്നത്. രണ്ടു പേശീപാളികൾക്കും ഇടയിൽ ഔർബാക്ക് പ്ലെക്സസ് അല്ലെങ്കിൽ മീസന്ററിക് പ്ലെക്സസ് എന്നുവിളിക്കുന്ന നാഡീവലയുണ്ട്. ഭക്ഷണത്തെ മുന്നോട്ടു തള്ളുന്ന സംവിധാനം നിയന്ത്രിക്കുന്നത് ഈ നാഡീവല ആണ്. (ഇന്റർസ്റ്റീഷ്യൽ സെൽസ് ഓഫ് കാജാൾ) എന്ന കോശങ്ങളാണ് ഈ പ്രവർത്തനത്തിന്റെ പേസ് മേക്കർ ആയി പ്രവർത്തിക്കുന്നത്. ദഹനനാളത്തിന് ഈ സംവിധാനം കാരണം സ്വമേധയായുള്ള ഒരു പ്രവർത്തന താളം ഉണ്ട്. ഈ താളത്തെ നിയന്ത്രിക്കുന്നത് സ്വതന്ത്ര നാഡീ വ്യൂഹമാണ്.
ദഹനനാളത്തിന്റെ ഓരോ ഭാഗത്തും മസ്കുലാരിസ് എക്സ്റ്റേണയ്ക്ക് ഓരോ കനമാണുള്ളത്. കോളനിൽ ഇതിന്റെ കട്ടി കൂടുതലാണ്.
അഡ്‌വെന്റീഷ്യ/സീറോസ
തിരുത്തുകകണക്ടീവ് കലകളുടെ പല പാളികളാണ് ദഹനനാളത്തിന്റെ പുറത്തെ ഭാഗമായ സീറോസയിലും അഡ്വെന്റീഷ്യയിലുമുള്ളത്.
പെരിറ്റോണിയൽ അറയ്ക്കുള്ളിലുള്ള ഭാഗങ്ങളാണ് സീറോസ എന്ന പാളി മൂടുന്നത്. റിട്രോപെരിറ്റോണിയൽ (പെരിറ്റോണിയത്തിന് പുറത്തുള്ള) ഭാഗങ്ങൾ അഡ്വെന്റീഷ്യ മൂടുന്നു.
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ MeSH Gastrointestinal+tract
- ↑ "digestive system" at Dorland's Medical Dictionary
- ↑ "gastrointestinal tract" at Dorland's Medical Dictionary
- ↑ Nelson RJ. 2005. Introduction to Behavioral Endocrinology. Sinauer Associates: Massachusetts. p 57.
- ↑ MeSH Upper+Gastrointestinal+Tract
- ↑ MeSH Lower+Gastrointestinal+Tract
- ↑ David A. Warrell (2005). Oxford textbook of medicine: Sections 18-33. Oxford University Press. pp. 511–. ISBN 978-0-19-856978-7. Retrieved 1 July 2010.
- ↑ Bruce M. Carlson (2004). Human Embryology and Developmental Biology (3rd ed.). Saint Louis: Mosby. ISBN 0-323-03649-X.
- ↑ Colorado State University > Gastrointestinal Transit: How Long Does It Take? Archived 2015-04-03 at the Wayback Machine. Last updated on May 27, 2006. Author: R. Bowen.
- ↑ Richard Coico, Geoffrey Sunshine, Eli Benjamini (2003). Immunology: a short course. New York: Wiley-Liss. ISBN 0-471-22689-0.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Animal Physiology textbook
- ↑ Abraham L. Kierszenbaum (2002). Histology and cell biology: an introduction to pathology. St. Louis: Mosby. ISBN 0-323-01639-1.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- പീഡിയാട്രിക് ഓവർവ്യൂ ഓഫ് ഹ്യൂമൻ ഡൈജസ്റ്റീവ് സിസ്റ്റം Archived 2011-01-22 at the Wayback Machine.
- അനാട്ടമി അറ്റ്ലസ് ഓഫ് ഡൈജസ്റ്റീവ് സിസ്റ്റം
- ഓവർവ്യൂ Archived 2012-03-27 at the Wayback Machine. കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
- യുവർ ഡൈജസ്റ്റീവ് സിസ്റ്റം ആൻഡ് ഹൗ ഇറ്റ് വർക്ക്സ് അറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് Archived 2009-05-07 at the Wayback Machine.