എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(Ernakulam Junction railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫലകം:Infobox ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ

കേരളത്തിലെ ഒരു തീവണ്ടി നിലയമാണ് എറണാകുളം ജങ്ക്ഷൻ തീവണ്ടി നിലയം. കേരളത്തിൽ ഏറ്റവും തിരക്കേറിയ തീവണ്ടി നിലയങ്ങളിൽ ഒന്നാണ് ‌എറണാകുളം ജങ്ക്ഷൻ തീവണ്ടി നിലയം. നഗരത്തിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നതിനാൽ ഇതിന് എറണാകുളം സൗത്ത് തീവണ്ടി നിലയം എന്നും പേരുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനിൽ രണ്ടാം സ്ഥാനം ഈ സ്റ്റേഷനുണ്ട്. ആറ് പ്ലാറ്റ്ഫോമുകളാണ് ഇതിനുള്ളത്. ഇതിൽ ഒന്നാമത്തേതിലും ആറാമത്തേതിലുമാണു് ടിക്കറ്റ് കൌണ്ടറുകൾ ഉള്ളതു്.

നാല് വ്യത്യസ്ത ദിശകളിലേക്കുള്ള റെയിൽപാതകളെ ബന്ധിപ്പിക്കുന്ന ജങ്ഷനാണ് എറണാകുളം ജങ്ഷൻ റെയിൽവേ ജങ്ഷൻ. വടക്ക് ഷൊർണൂർ ഭാഗത്തേക്ക്, തെക്ക് ആലപ്പുഴ ഭാഗത്തേക്ക്, തെക്ക് –പടിഞ്ഞാറ് വില്ലിംഗ്ഡൻ ഐലൻഡ്‌ ഭാഗത്തേക്ക്, കിഴക്ക് കോട്ടയം ഭാഗത്തേക്ക്. ദീർഘദൂര ട്രെയിനുകളേയും ഹ്രസ്വദൂര ട്രെയിനുകളേയും കൈകാര്യംചെയ്യുന്നതിനായി എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6 പ്ലാറ്റ്ഫോമുകളുണ്ട്. ഓരോ ദിവസവും 30,000 – ത്തോളം യാത്രക്കാർ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്നു.[1]

ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ റെയിൽവേ സോണിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലാണ് ഈ റെയിൽവേ സ്റ്റേഷൻ. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും ട്രെയിനുകളുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് സതേൺ റെയിൽവേയുടെ എ1 ഗ്രേഡുള്ള എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനു സമീപം ഒരു ട്രെയിൻ കെയർ സെൻറെറുമുണ്ട്.[2]

കൊച്ചി നഗരത്തിലുള്ള മറ്റൊരു പ്രധാന റെയിൽവേ സ്റ്റേഷനാണ് എറണാകുളം ടൌൺ റെയിൽവേ സ്റ്റേഷൻ. ഇവയ്ക്കു പുറമേ ഗ്രെയിറ്റർ കൊച്ചി ഭാഗത്ത് ചില റെയിൽവേ സ്റ്റേഷനുകൾ ഉണ്ട്. ട്രാക്കുകൾ ലൂപ് രൂപത്തിലായതിനാൽ തൃശ്ശൂർ ഭാഗത്തുനിന്നു എറണാകുളം കോട്ടയം ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾ അവയുടെ ദിശ എതിർഭാഗത്തേക്ക് മാറ്റേണ്ടിവരും, എന്നാൽ ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾക്ക് ഈ പ്രശ്നം ഇല്ല.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ. എറണാകുളം നഗരത്തിലുള്ള പ്രധാനപ്പെട്ട മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഇത്, എറണാകുളം നോർത്ത് (ടൌൺ) റെയിൽവേ സ്റ്റേഷൻ, ആലുവ റെയിൽവേ സ്റ്റേഷൻ എന്നിവയാണ് മറ്റു രണ്ടെണ്ണം. ആലുവയ്ക്കു ശേഷം ട്രെയിനുകളുടെ എണ്ണത്തിൽ ഏറ്റവും തിരക്കേറിയ സ്റ്റേഷൻ ഇതാണ്. എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനെ ലോകനിലവാരത്തിലുള്ള സ്റ്റേഷനാക്കി മാറ്റാനുള്ള നിരവധി പദ്ധതികൾ ആലോചിച്ചിരുന്നെങ്കിലും ഇതുവരെ ഒരു പദ്ധതികളും ആരംഭിച്ചിട്ടില്ല.

കേരളത്തിൽ ആദ്യമായി എസ്ക്കലേറ്റർ സംവിധാനം വന്നത് എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലാണ്, 2013 സെപ്റ്റംബർ 9 – നാണ് ഇതിൻറെ പ്രവർത്തനം ആരംഭിച്ചത്.[3]

കേരളത്തിലെ ഒരു നഗരമാണ്‌ കൊച്ചി. കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ കൊച്ചി നഗര സമൂഹത്തിൻറെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ്‌ 'അറബിക്കടലിൻറെ റാണി' എന്നറിയപ്പെടുന്ന കൊച്ചി. മദ്ധ്യ കേരളത്തിലെ എറണാകുളം ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. കേരളത്തിൻറെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 220 കിലോമീറ്റർ വടക്കാണ്‌ കൊച്ചിയുടെ സ്ഥാനം.

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടൺ ഐലൻഡ്‌, വൈപ്പിൻ ഐലൻഡ്, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങളാണ്‌ മുമ്പ്‌ കൊച്ചി എന്നറിയപ്പെട്ടിരുന്നത്‌. ഇന്നു കൊച്ചി കോർപ്പറേഷനും ചുറ്റിപ്പറ്റിയുള്ള നഗര പ്രദേശവും (അർബൻ അഗ്ഗ്ലോമറേഷൻ) കൊച്ചി നഗരമായി അറിയപ്പെടുന്നു. എന്നിരുന്നാലും കൊച്ചി എന്ന പേരിൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടൺ ഐലൻഡ്‌, വൈപ്പിൻ ദ്വീപ്, പള്ളുരുത്തി, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങൾ‌ ഉൾപ്പെട്ട ഒരു താലൂക്ക് നിലവിലുണ്ട്. ഇന്നത്തെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾകൊണ്ട് കൊച്ചി എന്ന പേരിൽ കേരള പിറവിക്കു മുമ്പ് ഒരു നാട്ടു രാജ്യവും നിലനിന്നിരുന്നു.

  1. "Station Re-development Data - Ernakulam Junction(ERS)". Central Railway Zone - Indian Railways. Retrieved November 9, 2016.
  2. "Ernakulam Junction railway station". cleartrip.com. Retrieved November 9, 2016.
  3. "'Willingdon island to be developed as grain storage hub'". The New Indian Express. 10 September 2013. Archived from the original on 2016-04-25. Retrieved November 9, 2016.