എർഗട്ട്
ധാന്യവിളകളുടെ, പ്രത്യേകിച്ച് കമ്പ് (rye) എന്നറിയപ്പെടുന്ന ഇനത്തിന്റെ വിത്തുകളിൽ വളരുന്ന ഒരിനം ഫംഗസ്. ഈ രോഗബാധയുടെ ഫലമായി വീങ്ങി കട്ടപിടിക്കുന്ന ധാന്യമണികളെയും എർഗട്ട് എന്നാണ് വിളിക്കുക. ധാന്യമണികളിൽ നിന്നെടുക്കുന്ന ഔഷധത്തിന്റെ പേരും എർഗട്ട് എന്നു തന്നെ. ശരീരഘടനാശാസ്ത്രത്തിൽ തലച്ചോറിന്റെ ഒരു ഭാഗത്തിനും (hippocampus minor) എർഗട്ട് എന്നു പേരുണ്ട്. ക്ലാവിസപ്സ് പർപ്യൂറിയ (Claviceps purpurea) എന്ന ആസ്കോമൈസീറ്റ് ഫംഗസാണ് എർഗർട്ട് രോഗഹേതു. ഇതു ബാധിച്ച ധാന്യം പതിവയി ഭക്ഷിക്കുന്നത് ഒരു തരം ഗങ്ഗ്രീൻ (രക്തം ലഭിക്കാതെ വരുന്നതിനാൽ അവയവങ്ങൾ നിർജീവമാകുന്ന അവസ്ഥ) ഉണ്ടാകുന്നതിന് കാരണമാകുന്നു.[1]
എർഗട്ട് | |
---|---|
Claviceps purpurea | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Claviceps
|
രോഗം പരക്കുന്നവിധം
തിരുത്തുകകറ്റിൽ പറന്നെത്തുന്ന ഫംഗസിന്റെ ബീജാണുക്കൾ റൈച്ചെടിയുടെ പൂക്കളിലെ അണ്ഡാശയങ്ങളിൽ പറ്റി മുളയ്ക്കുന്നു. ഇതോടെ പൂക്കൾ നിർജ്ജീവങ്ങളാകും. എർഗട്ട് ആക്രമണത്തിനിരയായ കതിരിൽനിന്ന് മധുരമുള്ള ഒരു മഞ്ഞദ്രാവകം പുറത്തുവരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ദ്രാവകം അപ്രത്യക്ഷമാകുന്നതോടെ കതിർമണികളിലെ അന്നജം നഷ്ടപ്പെടുകയും വളർച്ച നിലയ്ക്കുകയും അവയുടെ അണ്ഡാശയങ്ങളിൽ ഫംഗസിന്റെ മൈസീലിയം (അതി സൂക്ഷ്മങ്ങളായ നാരുകൾ) നിറയുകയും ചെയ്യും. ഇത് സ്ക്ലീറോട്ടിയം എന്നറിയപ്പെടുന്നു (ഭക്ഷണശേഷം കാണപ്പെടുന്ന കടുപ്പമുള്ള മൈസീലിയമാണിത്).[2]
എർഗട്ടിസം
തിരുത്തുകചെടികളിൽ എർഗട്ട് ഉണ്ടാക്കുന്ന പ്രക്രിയ എർഗോട്ടിസം എന്ന പേരിലറിയപ്പെടുന്നു. എർഗട്ട് തുടർച്ചയായി ഉപയോഗിക്കുന്നതിനാൽ രോഗിയായിത്തീരുന്ന അവസ്ഥയ്ക്കും എർഗോട്ടിസം എന്നുതന്നെയാണു പേർ. എർഗട്ട് രോഗം ബാധിച്ച റൈ കതിരിൽ അല്പമായി നല്ല ധാന്യമണികളും ഉണ്ടായിരിക്കും. എർഗട്ട് വേർതിരിച്ചുകളയാതെ ധാന്യം ഉപയോഗിച്ചാൽ മനുഷ്യനിൽ രോഗബാധയുണ്ടാകും. സെയ്ന്റ് ആന്റണീസ് ഫയർ (എറിസിപ്പെലസ്) എന്നറിയപ്പെടുന്ന ത്വക്ക്‌രോഗം എർഗട്ട് വിഷബാധ മൂലം ഉണ്ടാകാം.[3]
രോഗലക്ഷണങ്ങൾ
തിരുത്തുകഎ. ഡി. 945-ൽ മധ്യയൂറോപ്പിൽ ഹോളീ ഫയർ എന്ന പേരിൽ ഒരു പകർച്ചവ്യാധി പടർന്നു പിടിക്കുകയുണ്ടായി. എരിച്ചിൽ, കൈകാൽ വിർലുകളുടെ മരവിപ്പ്, ശരീരം കോച്ചിവലിക്കൽ എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ. സെയ്ന്റ് ആന്റണിയുടെ അനുയായികളായ ക്രിസ്ത്യൻ സന്യാസിമാർ സംഘടിച്ച് വ്യാധിപ്രദേശങ്ങളിൽ ആശുപത്രികൾ സ്ഥാപിച്ച് ചികിത്സകൾ ചെയ്ത് രോഗനിവാരണം നടത്തുകയുണ്ടായി ഇതിനുശേഷമാണ് സെയ്ന്റ് ആന്റണീസ് ഫയർ എന്ന പേരിൽ ഈ രോഗം അറിയപ്പെടൻ തുടങ്ങിയത്.
എർഗട്ട്-വിഷം രക്തധമനികളെ ചുരുക്കുന്നതു മൂലം അവയവാഗ്രങ്ങൾക്ക് രക്തം ലഭിക്കാതെ വന്ന് ആ ഭാഗങ്ങൾ നിർജീവമാകുന്നു. (gangrenous). ഈ വിഷ ബാധയുടെ മറ്റൊരു പ്രത്യേകത അവയവാഗ്രങ്ങളിലെ സിരകൾ നിർജീവമാകുന്നു (convulsive) എന്നതാണ്. രണ്ട് രീതിയിലുള്ള വിഷബാധമൂലവും ദുസ്സഹമായ വേദന അനുഭവപ്പെടും. ശ്വാസകോശ പേശികളിൽ എർഗട്ട്-വിഷബാധയുണ്ടായാൽ പെട്ടെന്നു മരണം സംഭവിക്കാനിടയുണ്ട്.
1816-ൽ ലൊറേയ്നിലും ബർഗണ്ടിയിലും പകർച്ചവ്യാധിപോലെ എർഗട്ടിസം വ്യാപിച്ചതിനു ശേഷം പടർന്നു പിടിക്കുന്ന നിലയിൽ ഈ രോഗം ഉണ്ടായിട്ടില്ല. ധാന്യശേഖരങ്ങളിൽ നിന്ന് എർഗട്ട് വേർതിരിച്ചെടുക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ വികസിച്ചതോടെയാണ് ഈ രോഗം വ്യാപകമായ തോതിൽ പകരാതെയായത്.[4]
രാസഘടന
തിരുത്തുകഎർഗട്ടിൽ അനേകം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. സ്റ്റോൾ എന്ന ശാസ്ത്രജ്ഞനാണ് ഈ രംഗത്ത് ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയത്. എർഗോടോക്സിൻ, എർഗോട്ടമീൻ, എർഗാമെട്രിൻ എന്നീ ആൽക്കലോയിഡുകൾ, ടൈറമീൻ, ഹിസ്റ്റമീൻ, ഐസോഅമൈലമീൻ എന്നീ അമീനുകൾ, അസറ്റൈൽ കോളിൻ തുടങ്ങിയ ബേസുകൾ, എർഗോസ്റ്റെറൊൾ, ഫങ്ഗിസ്റ്റെറോൾ തുടങ്ങിയ സ്റ്റെറൊൾ യൗഗികങ്ങൾ എന്നിവയാണ് എർഗട്ടിൽ നിന്നും ലഭ്യമായിട്ടുള്ള പ്രധാന പദാർഥങ്ങൾ. പ്രസവസമയത്ത് ഗർഭാശയപേശികൾ ശക്തിയായി സങ്കോചിക്കുന്നതിനും പ്രസവാനന്തരം രക്തശ്രാവം തടയുന്നതിനും എർഗട്ട് ഔഷധങ്ങൾ ഉപയോഗിക്കപ്പെടുന്നു. സാധാരണ ഗതിയിൽ ഇത് ഗർഭാവസ്ഥയെ തകരാറിൽ ആക്കാറില്ലെങ്കിലും രക്തസമ്മർദത്തെയും രക്തധമനികളുടെ പ്രവർത്തനത്തെയും ബാധിക്കാവുന്നതായതിനാൽ ഒരു ഡോക്ടരുടെ ഉപദേശത്തോടുകൂടി മാത്രമേ ഈ ഔഷധം ഉപയോഗിക്കാൻ പാടുള്ളു. അത്യന്തം വിവാദവിഷയമായ ഭ്രാമകൗഷധം (hallucinogen) ആയ L. S. D. -ക്ക് ജന്മം നൽകുന്നതും എർഗട്ടു തന്നെ. വിളവു നശിപ്പിക്കുകയും കന്നുകാലികളുടെ ഗർഭം അലസിപ്പിക്കുകയും അപൂർവമായി മനുഷ്യർക്ക് മരണത്തിനു കാരണമായിത്തീരുകയും ചെയ്യുന്ന ഒരു ഫങ്ഗസാണ് എർഗട്ട്.[5]
അവലംബം
തിരുത്തുക- ↑ http://www.botany.hawaii.edu/faculty/wong/BOT135/LECT12.HTM Ergot of Rye - I: Introduction and History
- ↑ http://www.iamshaman.com/hbwr/ergot_of_rye.htm Archived 2010-01-04 at the Wayback Machine. Ergot of Rye I: Introduction and History
- ↑ http://www.apsnet.org/Education/lessonsPlantPath/Ergot/symptom.htm Archived 2010-06-16 at the Wayback Machine. Symptoms and Signs
- ↑ http://www.ag.ndsu.edu/pubs/plantsci/crops/pp551w.htm Archived 2010-04-17 at the Wayback Machine. ERGOT
- ↑ http://www.britannica.com/EBchecked/topic/191320/ergot-fungus Assorted References