എഡ്മണ്ട് സ്പെൻസർ

(Edmund Spenser എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ ഒരു ആംഗലേയ കവിയാണ് എഡ്മണ്ട് സ്പെൻസർ. ടൂഡർ രാജവംശത്തെയും എലിസബത്ത് രാജ്ഞിയെയും ആലങ്കാരികമായി പ്രതിപാദിക്കുന്ന ഫെയറി ക്വീൻ എന്ന ഇതിഹാസ കവിതയാണ് ഇദ്ദേഹത്തിന്റെ പ്രധാന രചന. ആംഗലേയ ഭാഷയിലെ ഏറ്റവും മികച്ച കവികളിലൊരാളായിട്ടും ആധുനിക ആംഗലേയ കവിതയുടെ ശൈശവ ദശയിലെ ഏറ്റവും മികച്ച കവികളിലൊരാളായിട്ടുമാണ് ഇദ്ദേഹത്തെ കാണുന്നത്.

എഡ്മണ്ട് സ്പെൻസർ
തൊഴിൽകവി
കയ്യൊപ്പ്

1552ൽ ലണ്ടനിലാണ് ഏഡ്മണ്ട് സ്പെൻസർ ജനിച്ചത്. കുട്ടിയായിരുന്നപ്പോൾ, ലണ്ടനിലെ മർച്ചന്റ് റ്റെയ്‌ലേഴ്സ് വിദ്യാ‍ലയത്തിലാണ് പഠിച്ചത്. കേംബ്രിഡ്ജിലെ പെംബ്രുക് കോളെജിലാണ് അദ്ദേഹം മട്രിക്കുലേഷൻ പാസായത്. .[1][2]

1580 ജൂലൈയിൽ സ്പെസർ ഐർലണ്ടിലെ പുതിയ ലോഡ് ഡെപ്യൂട്ടിയായ ആർതർ ലോഡ് ഗ്രേ ദെ വിൽറ്റണിന്റെ കീഴിൽ ജോലിക്കായി ചേർന്നു. പിന്നീട് രണ്ടാം ഡെസ്മൊണ്ട് കലാപത്തിൽ ഇംഗ്ലിഷ് സൈന്യത്തിലും സ്പെൻസർ സേവനമനുഷ്ഠിച്ചു. ആ കലാപം അടിച്ചമർത്തിയതിനു ശേഷം ഐർലണ്ട് അധിനിവേശ യുദ്ധം നടന്നുകൊണ്ടിരുന്നപ്പോൾ അവിടത്തെ കോർക്ക് കൌണ്ടിയിൽ മൻസ്റ്റർ തോട്ടത്തിന്റെ സ്ഥലം സ്പെൻസറിന് പാരിതോഷികമായി നൽകി.അവിടെ അദ്ദേഹത്തിന്റെ അയൽ‌വാസിയായിരുന്നു പ്രശസ്തനായ സാമ്രാജ്യത്വവാദി വാൾട്ടർ റെയ്ലി.

തന്റെ കവിതകളിലൂടെ രാജസദസ്സിലൊരു സ്ഥാനം പ്രതീക്ഷിച്ചിരുന്ന സ്പെൻസർ, റെയ്ലിയോടൊപ്പം തന്റെ പ്രശസ്ത കൃതിയായ "ഫെയറി ക്വീൻ" അവതരിപ്പിക്കുവാൻ രാജസദസ്സിൽ പങ്കെടുത്തു. എന്നാൽ രാജ്ഞിയുടെ പ്രധാന കാര്യദർശിയായ, ലോർഡ് ബർഗ്ലിയുമായി തർക്കമുണ്ടായതിനാൽ, 1591-ൽ ഒരു പെൻഷൻ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. തന്റെ കവിതക്ക് സ്പെൻസറിന് 100 പൗണ്ട് സമ്മാനമായി നൽകാമെന്ന് അഭിപ്രായമുണ്ടായപ്പോൾ, "എന്ത്, ഒരു പാട്ടിന് ഇത്രയുമോ!" എന്നാണ് ബർഗ്ലി പ്രതിവചിച്ചത്.

1596-ൽ അയർലണ്ടിൽ 16 വർഷം ചെലവിട്ടു കഴിഞ്ഞപ്പോൾ 'അയർലണ്ടിന്റെ പ്രത്യക്ഷകാല കാഴ്ചപ്പാട്'(A View of the Present State of Ireland) എന്ന പേരിൽ ഒരു ലഘുലേഖ സ്പെൻസർ എഴുതിയി. ഏറെക്കാലം ലഘുലേഖയായി മാത്രം നിലവിലുണ്ടായിരുന്ന ഈ കൃതി വിവാദപരമായ ഉള്ളടക്കം മൂലമാവാം, സ്പെൻസറുടെ മരണശേഷം 1633-ൽ മാത്രമാണ് പ്രസിദ്ധികരിക്കുപ്പെട്ടത്. സ്പെൻസറുടെ ഏകഗദ്യരചനയായ ഇത് സംഭാഷണരൂപത്തിലാണ്.

ബലാൽക്കാരമായാൽ പോലും അയർലണ്ടിന്റെ തനതായ ഭാഷയും പാരമ്പര്യങ്ങളും നശിപ്പിക്കുന്നതുവരെ അവിടെ സമാധാനമുണ്ടാവരുത് എന്നായിരുന്നു ഈ ലഘുലേഖയിലെ വാദം. ഡെസ്മണ്ട് വിപ്ലവത്തിലും മറ്റും ഉപയോഗിച്ചതുപോലെ ക്ഷാമമുണ്ടാക്കുന്ന രീതിയിൽ ഭൂമി തീവച്ച് നശിപ്പിക്കണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു. കുതിരപ്പടയും കാലാളും ചേർന്ന ഒരു വലിയ സൈന്യത്തെ കൊണ്ടു വന്ന ശേഷം അയർലണ്ടുകാർക്ക് കീഴടങ്ങാൻ ഇത്തിരി സമയം നൽകണമെന്നും പിന്നെ ചെറുത്തു നിൽക്കുന്നവരെ കാട്ടുമൃഗങ്ങളെപ്പോലെ വേട്ടയാടണമെന്നും അദ്ദേഹം വാദിച്ചു. ശൈത്യവും, പട്ടിണിയും, രോഗവും സൈന്യത്തിന്റെ ജോലി എളുപ്പമാക്കുമെന്നതിനാൽ, രണ്ടു ശീതകാലങ്ങളിലെ വേട്ട കഴിയുമ്പോൾ അയർലണ്ടിൽ ശാന്തിയുണ്ടാകുമെന്ന് സ്പെൻസർ വിശ്വസിച്ചു.[3][൧] വംശഹത്യാപരമായ ഈ രചന, പതിനാറാം നൂറ്റാണ്ടിലെ അയർലണ്ടിന്റെ ചരിത്രത്തിനെക്കുറിച്ചുള്ള ഒരു പ്രധാന രേഖയായി കണക്കാക്കപ്പെടുന്നു. അയർലണ്ടിന്റെ ഗെയ്‌ലിക് കാവ്യപാരമ്പര്യത്തെ കുറെയൊക്കെ പുകഴ്ത്തുന്ന സ്പെൻസർ, അയർലണ്ടുകാരുടെ പൂർവികർ സിത്തിയൻ "കാടന്മാർ" ആയിരുന്നെന്നു സ്ഥാപിക്കാൻ ഗൂഢപക്ഷപാതം നിറഞ്ഞ വ്യാജവിശകലനത്തെ ലോഭമില്ലാതെ ആശ്രയിക്കുന്നുമുണ്ട് ഈ രചനയിൽ.

കുറിപ്പുകൾ

തിരുത്തുക

^ സ്പെൻസറുടെ ലഘുലേഖയ്ക്ക് ഇംഗ്ലണ്ടിൽ നല്ല സ്വീകരണമാണ് ലഭിച്ചത്. അയർലണ്ടിന്റെ കാര്യത്തിൽ ഇംഗ്ലീഷ് ഭരണവർഗ്ഗം അക്കാലത്തു സ്വീകരിച്ചിരുന്ന സാധാരണ നിലപാടുമായുള്ള താരതമ്യത്തിൽ, സ്പെൻസർ നിർദ്ദേശിച്ച പരിഹാരങ്ങൾ "മിതവാദപരമായിരുന്നു" എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[3]

  1. Spenser, Edmund in Venn, J. & J. A., Alumni Cantabrigienses, Cambridge University Press, 10 vols, 1922–1958.
  2. "The Edmund Spenser Home Page: Biography". Archived from the original on 2012-01-02. Retrieved 2010-07-16.
  3. 3.0 3.1 William J Long, English Literature, Its History and Significance for the Life of English Speaking People (പുറങ്ങൾ 103-104)
"https://ml.wikipedia.org/w/index.php?title=എഡ്മണ്ട്_സ്പെൻസർ&oldid=3651849" എന്ന താളിൽനിന്ന് ശേഖരിച്ചത്