15-ആം ശതകത്തിന്റെ ഉത്തരാർധത്തിൽ ഇംഗ്ലണ്ടിൽ ഭരണത്തിലെത്തിയ രാജവംശമാണ് ട്യൂഡർ വംശം(Tudor Dynasty).[1] ഇവർ 1485 മുതൽ 1603 വരെ അധികാരത്തിലിരുന്നു. ആധുനിക രീതിയിലുള്ള രാജവാഴ്ചാക്രമത്തിന് വ്യവസ്ഥാപിതമായ കെട്ടുറപ്പ് ട്യൂഡർ വംശം ഉറപ്പാക്കി. രാജവംശത്തിന്റെ ഉദ്ഭവം പുരാതന വെൽഷ് കുടുംബത്തിൽപ്പെട്ട ഓവൻ ട്യൂഡറിൽ (1400-61) നിന്നുമാണെന്ന് കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ മകൻ റിച്ച്മോണ്ടിലെപ്രഭു (Earl) ആയ എഡ്മണ്ട് ട്യൂഡറിന് (സു. 1430-56) മരണാനന്തരം ജനിച്ച പുത്രനാണ് ഹെന്റി ട്യൂഡർ (ജനനം - 1457). യോർക്കിസ്റ്റ് വംശത്തിലെ ഭരണാധിപനായ റിച്ചാർഡ് IIIനെ ബോസ് വെർത്ത് ഫീൽഡ് യുദ്ധത്തിൽ ഹെന്റി പരാജയപ്പെടുത്തി (1485). തുടർന്ന് ഹെന്റി VIIഎന്ന പേരിൽ ഇദ്ദേഹം ഭരണാധിപനായി. ഇദ്ദേഹമാണ് ട്യൂഡർ വംശത്തിലെ ആദ്യത്തെ രാജാവ്. ഹെന്റി VIIാമൻ 1485 മുതൽ 1509 വരെ ഭരണം നടത്തി. ഇദ്ദേഹത്തിന്റെ പുത്രൻ ഹെന്റി VIIIാമൻ (1509-47), ഹെന്റി VIIIാമന്റെ സന്തതികളായ എഡ്വേർഡ് VIാമൻ (1547-53), ഒന്നാമത്തെ മേരി എന്ന മേരി ട്യൂഡർ (1553-58) ഒന്നാമത്തെ എലിസബത്ത് (1558-1603) എന്നിവരാണ് മറ്റു ട്യൂഡർ വംശ രാജാക്കന്മാർ.

Tudors

The Tudor Rose
CountryKingdom of England, Principality of Wales, Kingdom of Ireland
Titles
FounderHenry VII of England
Final sovereignElizabeth I of England
Founding1485
Dissolution1603
EthnicityWelsh, English
Cadet branchesHouse of Grey (Lady Jane Grey)

ട്യൂഡർ രാജാക്കന്മാർ നടപ്പിലാക്കിയ ഭരണരീതി, അധികാരം പൂർണമായും രാജാവിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു. പൗരോഹിത്യ ഭൂപ്രഭുക്കന്മാരുടെ സ്വാധീനത്തിൽ നിന്ന് ഭരണയന്ത്രം രാജാവിന്റെ പൂർണ നിയന്ത്രണത്തിലാക്കാൻ സാധിച്ചു എന്നതാണ് ഇതിന്റെ സവിശേഷത. രാഷ്ട്രീയമായ അച്ചടക്കവും രാജസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയും നിലനിർത്തി. രാഷ്ട്രീയവും മതപരവുമായ മുഴുവൻ പ്രശ്നങ്ങളും രാജാവിൽ കേന്ദ്രീകരിച്ച് കേന്ദ്രഭരണം ശക്തിപ്പെടുത്തി. ഇംഗ്ലണ്ടും വെയ് ൽസും തമ്മിലുള്ള ലയനം നടന്നു (1536). നവോത്ഥാന കാലത്തെ യൂറോപ്പിലെ വൈജ്ഞാനികാഭിവൃദ്ധി ഇംഗ്ലണ്ടിലും വ്യാപിച്ചു. റോമൻ നിയമസംഹിതകളും രാഷ്ട്രീയ കാഴ്ചപ്പാടുകളും ഉൾപ്പെടുത്തി രാജാധിപത്യത്തെ പൗരോഹിത്യത്തിൽനിന്ന് മോചിപ്പിച്ച് പുരോഗമനപരമായ ദിശയിലേക്കു നയിച്ചത് ട്യൂഡർ ഭരണാധികാരികളാണ്. 16-ാം ശ.-ത്തിലെ മത നവീകരണ പ്രവർത്തനങ്ങൾ ഇവരുടെ ജനപിന്തുണയും പരമാധികാരവും വർധിപ്പിച്ചു. ചർച്ച് ഒഫ് ഇംഗ്ലണ്ടും പ്രൊട്ടസ്റ്റാന്റിസവും പ്രചാരത്തിലായി. പാർലമെന്ററി സമ്പ്രദായത്തെ ഫലപ്രദമാക്കുന്ന ഒട്ടനവധി നടപടികൾക്ക് ഇവർ തുടക്കം കുറിച്ചു. ക്ഷേമകരമായ അനേകം സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കി. വ്യാപാരവും വ്യവസായവും വാണിജ്യവും അഭിവൃദ്ധിപ്പെട്ടു. സമുദ്രപര്യവേക്ഷണ യാത്രകൾ പ്രോത്സാഹിപ്പിച്ചു. നാവിക സേനയെ സുസജ്ജമാക്കി, ബ്രിട്ടനെ ഒരു പ്രമുഖ യുറോപ്യൻ ശക്തിയാക്കി മാറ്റി. പ്രയോഗക്ഷമമായൊരു വിദേശനയം രൂപീകരിച്ചുകൊണ്ട് രാജ്യത്തിന്റെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്ന നടപടികൾക്ക് തുടക്കം കുറിക്കാൻ ഇവർക്കു കഴിഞ്ഞു. ഇംഗ്ളണ്ടിനെ ഒരു സാമ്രാജ്യത്വ ശക്തിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വാണിജ്യപരവും നാവികവും മതപരവുമായ കാരണങ്ങളാൽ സ്പെയിനിനെ പരാജയപ്പെടുത്താൻ ഇംഗ്ലണ്ടിനു കഴിഞ്ഞു (1588). ശാസ്ത്ര- കലാ-സാഹിത്യ-വിജ്ഞാനാദി മേഖലകളിൽ അഭൂതപൂർവമായ അഭിവൃദ്ധിയുണ്ടായ കാലഘട്ടമാണിത്. എലിസബത്തിന്റെ ഭരണകാലം ഈ വക കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധേയമാണ്. എലിസബീത്തൻ കാലഘട്ടത്തിൽ സാഹിത്യത്തിലും ചിത്രകലയിലും മറ്റും ഇംഗ്ലണ്ടിന് ഒരു കുതിച്ചുകയറ്റം നടത്താൻ തന്നെ കഴിഞ്ഞു. വില്യം ഷെയ്ക്സ്പിയർ തുടങ്ങി പല പ്രഗല്ഭന്മാരുടെയും കാലമായിരുന്നു ഇത്. എലിസബത്ത് I-ന്റെ മരണത്തെത്തുടർന്ന് 1603-ൽ ഇംഗ്ലണ്ട് സ്റ്റുവർട്ട് വംശ ഭരണത്തിന് (ജെയിംസ് I) വഴി മാറി.

  1. http://www.britannica.com/EBchecked/topic/608456/House-of-Tudor House of Tudor. (2010). In Encyclopædia Britannica. Retrieved March 06, 2010, from Encyclopædia Britannica Online
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ വംശം ട്യൂഡർ വംശം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ട്യൂഡർ_വംശം&oldid=1688647" എന്ന താളിൽനിന്ന് ശേഖരിച്ചത്