ദുലീപ് മെൻഡിസ്

ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കരനും കോച്ചും
(Duleep Mendis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനും ശ്രീലങ്കൻ ടെസ്റ്റ് ടീമിന്റെ നായകനുമായിരുന്നു ദുലീപ് മെൻഡിസ് എന്ന് അറിയപ്പെടുന്ന ലൂയിസ് റോഹൻ ദുലീപ് മെൻഡിസ് (ജനനം 1952 ഓഗസ്റ്റ് 25ന് മൊരറ്റുവയ) 1985-ൽ ശ്രീലങ്ക അവരുടെ ആദ്യ ടെസ്റ്റ് വിജയം നേടിയപ്പോൾ മെൻഡീസായിരുന്നു ടീമിന്റെ നായകൻ. പ്രാധാനമായി ഒരു ബാറ്റിങ്ങ് വിദഗ്ദനായിരുന്ന മെൻഡിസിന്റെ കളിക്കളത്തിലെ സുവർണ്ണ കാലഘട്ടം 1982 മുതൽ 1985 വരെയായിരുന്നു.

ദുലീപ് മെൻഡിസ്
දුලිප් මෙන්ඩිස්
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ലൂയിസ് റോഹൻ ദുലീപ് മെൻഡിസ്
ജനനം (1952-08-25) 25 ഓഗസ്റ്റ് 1952  (72 വയസ്സ്)
Moratuwa, Dominion of Ceylon
ബാറ്റിംഗ് രീതിവലം-കൈ ബാറ്റ്സ്മാൻ
ബൗളിംഗ് രീതിവലം-കൈ മീഡിയം
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 8)17 ഫെബ്രുവരി 1982 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്25 ഓഗസ്റ്റ് 1988 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (ക്യാപ് 5)7 ജൂൺ 1975 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം24 മാർച്ച് 1989 v പാകിസ്താൻ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏക ഫസ്റ്റ് ലി എ
കളികൾ 24 79 121 110
നേടിയ റൺസ് 1,329 1,527 6,233 2,467
ബാറ്റിംഗ് ശരാശരി 31.64 23.49 35.82 27.41
100-കൾ/50-കൾ 4/8 0/7 12/35 1/13
ഉയർന്ന സ്കോർ 124 80 194 105*
എറിഞ്ഞ പന്തുകൾ 90 12
വിക്കറ്റുകൾ 1 0
ബൗളിംഗ് ശരാശരി 52.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0
മികച്ച ബൗളിംഗ് 1/4
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 9/0 14/0 49/1 24/0
ഉറവിടം: ക്രിക്കിൻഫോ, 24 ഡിസംബർ 2014

നിലവിൽ ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാണ്[1]. 1996 ൽ ദേശമന്യ (ശ്രീലങ്കയുടെ രണ്ടാമത്തെ ഉയർന്ന ദേശീയ ബഹുമതി) അദ്ദേഹത്തിന് ലഭിച്ചു.

ആദ്യകാലം

തിരുത്തുക

മൊറാറ്റുവയിലെ സെന്റ് സെബാസ്റ്റ്യൻസ് കോളേജിലും മൗണ്ട് ലാവിനിയയിലെ എസ്. തോമസ്' കോളേജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മെൻഡിസ് തന്റെ കോളേജിന്റെ അണ്ടർ 20 ഒന്നാം ഇലവൻ ടീമിന്റെ നായകനുമായിരുന്നു.

അന്താരാഷ്ട്ര കരിയർ

തിരുത്തുക

ശ്രീലങ്കൻ സന്ദർശനത്തിനെത്തിയ തമിഴ്‌നാട് ടീമിനെതിരെ 1972-ൽ മെൻഡിസ് ശ്രീലങ്കയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ മൂന്നാമനായിറങ്ങിയ മെൻഡിസ് ആദ്യ ഇന്നിംഗ്സിൽ 52 റൺസെടുത്ത് ടോപ് സ്കോററായി, രണ്ടാം ഇന്നിംഗ്‌സിൽ 34 റൺസും നേടി, പക്ഷേ ഒരു ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ഈ പ്രകടനം മതിയാകുമായിരുന്നില്ല. ഈ മത്സരത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചിരുന്നില്ല, ഇതു കൂടാതെ മെൻഡിസ് നിരവധി അന്താരാഷ്ട്ര പദവി ലഭിക്കാത്ത മത്സരങ്ങളിൽ ശ്രീലങ്കയെ പ്രതിനിധീകരിച്ചിരുന്നു. 1975-ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു മെൻഡിസിന്റെ ഏകദിന അരങ്ങേറ്റം, ഈ മത്സരത്തിൽ 8 റൺസാണ് മെൻഡിസ് നേടിയത്. മെൻഡിസിന് ഒരു ടെസ്റ്റ് മത്സരം കളിക്കാൻ പിന്നേയും ഏഴ് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. 1982 ഫെബ്രുവരി 17ന് അദ്ദേഹം മറ്റ് ശ്രീലങ്കൻ കളിക്കാരോടൊപ്പം അവരുടെ പ്രഥമ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ അരങ്ങേറ്റം നടത്തി. ആ മത്സരത്തിൽ നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ മെൻഡിസ് 17 ഉം 27 ഉം റൺസ് മാത്രമാണ് നേടിയത്, ഈ മത്സരത്തിൽ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് വിജയിച്ചു. തന്റെ ആദ്യ എട്ട് ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ ഒരു അർദ്ധസെഞ്ച്വറി മാത്രമാണ് അദ്ദേഹം നേടിയത്, ഇത് പാകിസ്താനെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു.

മെൻസിന് തന്റെ യഥാർത്ഥ വൈദഗ്ദ്ധ്യം കാണിക്കാൻ സാധിച്ചത് 1982-ലെ ഇന്ത്യൻ പര്യടനത്തിലാണ്. 11 റൺസിന് രണ്ട് വിക്കറ്റ് നഷ്ടമായ സമയത്താണ്, റോയ് ഡയസിനൊപ്പം മെൻഡിസ് ബാറ്റിംഗിനായി വന്നത്. ഈ കൂട്ടുകെട്ട് 153 റൺസാണ് പടുത്തുയർത്തിയത്, ഇത് അക്കാലത്തെ ശ്രീലങ്കയുടെ മൂന്നാം വിക്കറ്റ് റെക്കോർഡായിരുന്നു. മെൻഡിസിന്റെ കന്നി സെഞ്ച്വറിയും മൂന്നാം വിക്കറ്റു കൂടുകെട്ടും ആദ്യ ദിവസം മുഴുവനായും ബാറ്റ് ചെയ്യാൻ ശ്രീലങ്കയെ സഹായിച്ചു. മറുപടിയായി ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 6 വിക്കറ്റിന് 566 റൺസ് നേടി, ഒരു സമനിലയ്ക്കായി ക്രീസിലിറങ്ങിയ ലങ്കയുടേ ഓപ്പണർമാർ വീണ്ടും ഒറ്റ അക്ക സ്കോറുകളിൽ വീണു. മെൻഡിസ് 105 റൺസ് നേടി, ഇത് അഞ്ചാം ദിവസം ചായ വരെ ശ്രീലങ്കയെ ബാറ്റ് ചെയ്യാൻ സഹായിച്ചു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ബാറ്റ് ചെയ്തെങ്കിലും വിജയിക്കാൻ സാധിച്ചില്ല, അങ്ങനെ ശ്രീലങ്ക അവരുടെ ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് പരമ്പരയിൽ സമനില നേടി.

1983 ലെ ക്രിക്കറ്റ് ലോകകപ്പിൽ മെൻഡിസ് തന്റെ മൂന്നാമത്തെ ഏകദിന അർദ്ധ ശതകം നേടി (മറ്റ് രണ്ട് അർദ്ധ ശതകങ്ങൾ 1979 ലെ ലോകകപ്പിലും 1982-ലെ പാകിസ്താൻ പര്യടനത്തിലുമായിരുന്നു). എന്നിരുന്നാലും, 25.33 എന്ന ഭേദപ്പെട്ട ബാറ്റിംഗ് ശരാശരി ആയിരുന്നിട്ടും, മെൻഡിസിന്റെ ദൗർഭാഗ്യം മൂലം ആദ്ദേഹം മികച്ച സ്കോറുകൾ കണ്ടെത്തിയ മത്സരങ്ങൾ ശ്രീലങ്കയ്ക്ക് പരാജയപ്പെട്ടു, അതേസമയം ശ്രീലങ്ക വിജയിച്ച ഏക മത്സരത്തിൽ മെൻഡിസ് ഡക്കായിരുന്നു.

1984 ൽ ന്യൂസിലാൻഡിന്റെ പര്യടനത്തിലും മെൻഡിസ് തന്റെ മോശം ഫോം തുടർന്നു, ആറ് ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ ഒരു തവണ മാത്രമാണ് അദ്ദേഹത്തിന് 20 റൺസിനു മുകളിൽ നേടാൻ സാധിച്ചത്. എന്നിരുന്നാലും, ഈ സമയമായപ്പോഴേക്കും ഇഗ്ലണ്ട് പര്യടനത്തിനുള്ള ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മഴ തടസ്സപ്പെടുത്തിയ ആദ്യ ടെസ്റ്റ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 7ന് 491 റൺസ് നേടി. ഈ മത്സരത്തിൽ മെൻഡിസ് തന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയും നേടി, ഇത് ഒരു ശ്രീലങ്കൻ ടെസ്റ്റ് നായകന്റെ കന്നി ശതകമായിരുന്നു. ഈ മത്സരം ശ്രീലങ്ക ടെസ്റ്റ് സമനിലയിലാക്കി.

ശ്രീലങ്ക 1996-ൽ ലോകകപ്പ് നേടിയപ്പോൾ ടീം മാനേജർ ദുലീപായിരുന്നു, പിന്നീട് അദ്ദേഹം ഒമാൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുകയും, 2015-ൽ അവരുടെ ആദ്യത്തെ 2016 ലോക ടി20 യിലേക്ക് യോഗ്യത നേടാൻ സഹായിക്കുകയും ചെയ്തു.

ചെന്നൈയിലെ എം.‌എ. ചിദംബരം സ്റ്റേഡിയത്തിൽ ടെസ്റ്റ് ശതകം നേടിയ ഏക ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് ദുലീപ് മെൻഡിസ്, അതേ ടെസ്റ്റിൽ രണ്ടുതവണയും സെഞ്ച്വറി നേടി (ഒരേ ടെസ്റ്റിന്റെ ഓരോ ഇന്നിംഗ്‌സിലും 105 ഉം 105 ഉം റൺസ് വീതം നേടി)[2].

  1. "Oman in Asian Cricket Council". asiancricket. Archived from the original on 11 ഓഗസ്റ്റ് 2015. Retrieved 29 ജൂലൈ 2015.
  2. "Only Test: India v Sri Lanka at Chennai, Sep 17-22, 1982 | Cricket Scorecard | ESPN Cricinfo". Cricinfo. Archived from the original on 13 നവംബർ 2013. Retrieved 18 ഫെബ്രുവരി 2017.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദുലീപ്_മെൻഡിസ്&oldid=4099957" എന്ന താളിൽനിന്ന് ശേഖരിച്ചത്