സ്ത്രീധനം

ആചാരത്തിന്റെ പേരിൽ ഒരു സാമൂഹിക തിന്മ. വിവാഹസമയത്ത് വധുവിന്റെ കുടുംബം വരനോ കുടുംബത്തിനോ നൽകുന
(Dowry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിവാഹസമയത്ത് പുരുഷന് വധുവിന്റെ രക്ഷിതാക്കളിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ലഭിക്കുന്ന ഭൗതികആസ്തികളെ (പണം, സ്വർണം, സ്വത്തുവകകൾ, വാഹനം തുടങ്ങിയവ) യാണ്‌ സ്ത്രീധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷാധിപത്യ സമൂഹത്തിൽ കാണപ്പെടുന്ന സ്ത്രീവിരുദ്ധമായ ഒരു ദുരാചാരമായിട്ടാണ് സ്ത്രീധനത്തെ കണക്കാക്കപ്പെടുന്നത്. ഇത് ഒരു സമൂഹത്തിലെ സ്ത്രീയുടെ താഴ്ന്ന പദവിയെ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസമോ തൊഴിലോ മറ്റ് വരുമാനമാർഗമോ ഒന്നുമില്ലാത്ത സ്ത്രീയെ അവളുടെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുന്നതിന് പകരമായി പുരുഷൻ കൈപ്പറ്റുന്ന ധനമാണ് സ്‌ത്രീധനം എന്നും പറയാറുണ്ട്. എന്നാൽ ഈ സ്ത്രീകൾ ഭർത്താവിന്റെ വീട്ടിലെ ജോലികൾ ചെയ്യുന്നത് ഒരു തൊഴിലിന് തുല്യം തന്നെയാണ് എന്ന് മറുവാദവും ഉയരാറുണ്ട്. അതിന്റെ ഭാഗമായി ഇന്ത്യയിൽ വധു അമിതമായി സ്വർണ്ണം ഉപയോഗിച്ച് കാണാറുണ്ട്. ഇതിലൂടെ സ്ത്രീയെ ഒരു കച്ചവട വസ്തുവാക്കി കൈമാറ്റം ചെയ്യപ്പെടുകയാണ് എന്ന് പറയപ്പെടുന്നു. വിവാഹജീവിതത്തിൽ സ്ത്രീയെ ഒരു തുല്യപങ്കാളിയായി കാണാൻ പലർക്കും സാധിക്കുന്നില്ല എന്നതാണ് യഥാർത്ഥ പ്രശ്നമെന്ന് വിമർശനം ഉയരാറുണ്ട്. അതിനാൽ സ്ത്രീകൾ ഉന്നത വിദ്യാഭ്യാസവും സ്വന്തമായി വരുമാനവും നേടിയതിന് ശേഷം മാത്രമേ വിവാഹത്തിന് തയ്യാറാകേണ്ടതുള്ളൂവെന്ന് സ്ത്രീവാദികൾ വാദിക്കുന്നു.

സ്ത്രീധനസമ്പ്രദായം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. സ്‌ത്രീധനം കൊടുക്കാൻ ശേഷിയില്ലാത്ത ഭാര്യമാർക്ക് ഭർത്താവിന്റെ വീട്ടിൽ വളരെയധികം പീഡനങ്ങൾ അനുഭവിക്കേണ്ടി വരാറുള്ളതായി കണ്ടുവരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീക്ക് പലപ്പോഴും ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. 1961 - ലെ സ്ത്രീധന നിരോധന നിയമത്തിൽ നൽകിയിരിക്കുന്ന സ്ത്രീധനത്തെ സംബന്ധിച്ച നിർവ്വചനം കുറേക്കൂടി വിപുലമാണ്. അതുപ്രകാരം, വിവാഹത്തിനുമുൻപോ, വിവാഹ സമയത്തോ, വിവാഹശേഷം വിവാഹവുമായി ബന്ധപ്പെട്ടോ വിവാഹത്തിലെ ഏതെങ്കിലും ഒരുകക്ഷി മറുകക്ഷിക്ക് നൽകുന്നതോ നൽകാമെന്ന് സമ്മതിക്കുന്നതോ ആയ സ്വത്തിനെയോ സ്വർണത്തെയോ മൂല്യമുള്ള ഈടിനെയോ സ്ത്രീധനമെന്ന് വിശേഷിപ്പിക്കാം. ഇത് ഏതെങ്കിലും ഒരു കക്ഷിയോ, മാതാപിതാക്കളോ മറുകക്ഷിക്ക് നേരിട്ടോ, പരോക്ഷമായോ നൽകുന്നതുമാകാം. അതേസമയം മുസ്ലീം വ്യക്തിനിയപ്രകാരമുളള മഹർ ഈ നിർവ്വചനത്തിൽപെടുന്നുമില്ല. [1]

സ്ത്രീധനം ഇസ്ലാമിൽ

തിരുത്തുക

വിവാഹ വേളയിൽ പുരുഷൻ സ്ത്രീക്ക് നൽകുന്നു വിവാഹമൂല്യമാണ് മഹർ. 'മഹർ' വിവാഹത്തിൽ മുസ്ലീങ്ങൾ ഏർപ്പെടുന്ന ഒരു കരാറാണ്. ഭർത്താവിന്റെ സാമ്പത്തികമനുസരിച് എന്ത്‌ വേണെങ്കിലും സ്ത്രീകൾക്ക് മഹാറായി ആവിശ്യപ്പെടാം. ഇസ്ലാമിക നിയമത്തിൽ വരൻ തന്റെ വധുവിനോടുള്ള ആദരസൂചകമായി, അവളുടെ സ്വാതന്ത്ര്യത്തിനുള്ള അംഗീകാരമായി നൽകിയ ഒരു സമ്മാനമോ ഉപഹാരമോ ആണ് മഹർ. സ്ത്രീധനം എന്ന സമ്പ്രദായം ഇസ്ലാം പൂർണമായും എതിർകുന്നു. മഹർ നൽകുന്നതിലൂടെ സ്ത്രീയോടുള്ള ഇസ്ലാമിന്റെ ആദരവാണ് പ്രകടമാകുന്നത്.

  1. ദി ഡൗറി പ്രൊഹിബിഷൻ ആക്ട്
"https://ml.wikipedia.org/w/index.php?title=സ്ത്രീധനം&oldid=3952566" എന്ന താളിൽനിന്ന് ശേഖരിച്ചത്