ഡിജിറ്റൽ ലൈബ്രറി

(Digital library എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡിജിറ്റൽ രൂപത്തിൽ വിവരങ്ങൾ സൂക്ഷിക്കുന്ന ഗ്രന്ഥശാലകളെയാണ് ഡിജിറ്റൽ ലൈബ്രറി എന്നു വിളിക്കുന്നത്. പരമ്പരാഗത ഗ്രന്ഥശാലകളെ അപേക്ഷിച്ച് ഡിജിറ്റൽ ലൈബ്രറികളിലെ വിവരങ്ങൾ കാലദേശഭേദമന്യേ ഒന്നിലധികം ആളുകൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും. നമുക്കാവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നു, വിവരങ്ങൾ സൂക്ഷിക്കാൻ വളരെക്കുറച്ച് സ്ഥലം മതിയാകും, കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയും, കൂടുതൽ വ്യക്തതയോടെ പ്രമാണങ്ങളും ചിത്രങ്ങളും സൂക്ഷിക്കാൻ കഴിയും എന്നിവ ഡിജിറ്റൽ ലൈബ്രറികളുടെ പ്രധാന മേന്മകളാണ്.‍ ഡിജിറ്റൽ ലൈബ്രറികൾ കടലാസുകളുടെ ഉപയോഗം വലിയതോതിൽ കുറക്കുന്നതിനാൽ അവയെ പ്രകൃതിസൗഹൃദമായി കണക്കാക്കാം. ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന ലൈബ്രറി. കംപ്യൂട്ടറുകളിൽ സംഭരിക്കപ്പെടുന്ന വിവരം നെറ്റ് വർക്കുകൾവഴി ഉപഭോക്താവിനു ലഭിക്കുന്ന സംവിധാനമാണിത്. വിവരസാങ്കേതികവിദ്യാരംഗത്തെ അഭൂതപൂർവമായ നേട്ടങ്ങളുടെ ഫലമായാണ് ഡിജിറ്റൽ ലൈബ്രറി എന്ന സങ്കല്പം യാഥാർഥ്യമായിത്തീർന്നത്. വരും തലമുറയ്ക്കുവേണ്ടി വിവരങ്ങൾ അച്ചടിച്ചു സൂക്ഷിക്കുന്ന പഴയ സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായി വിവിധ രീതിയിലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിൽ ശേഖരിച്ചു സൂക്ഷിക്കേണ്ട വിവരങ്ങൾ സഞ്ചയിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഇതിനായി സ്റ്റോറേജ് ഏരിയ നെറ്റ് വർക്ക് (SAN), നെറ്റ് വർക്ക് സ്റ്റോറേജ് യൂണിറ്റുകൾ (NSU) തുടങ്ങിയ ഡേറ്റാ സംഭരണ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു. ഒട്ടേറെ വിവരങ്ങൾ ഇലക്ട്രോണിക് ശേഖര മാധ്യമങ്ങളിൽ സൂക്ഷിച്ച് സംഭരിക്കാനും ആവശ്യമുള്ളപ്പോൾ യഥോചിതം വളരെ വേഗം വിതരണം ചെയ്യാനും ഈ സംവിധാനം അത്യന്തം പ്രയോജനപ്രദമാണ്.

ചരിത്രം

തിരുത്തുക

സാമ്പ്രദായികരീതിയിലുള്ള ഗ്രന്ഥശാലകൾക്കുപകരം ആധുനിക സജ്ജീകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ചു പ്രാവർത്തികമാക്കാവുന്ന ഒരു ലൈബ്രറി സംവിധാനത്തെക്കുറിച്ച് ആദ്യമായി പരാമർശിച്ചു കാണുന്നത് 'സയൻസ് ഫിക്ഷൻ' എന്ന പേരിലറിയപ്പെടുന്ന ശാസ്ത്ര നോവലുകളിലാണ്. വി. ബുഷ് ('അസ് വി മെ തിങ്ക്', ദി അത് ലാന്റിക് മന്ത്ലി, 176 (1), പേ. 101-8, 1945), ജെ. സി. ആർ. ലിക്ക്ലിഡെർ ('ലൈബ്രറീസ് ഒഫ് ദ് ഫ്യൂച്ചെർ', കേംബ്രിഡ്ജ് (മസാച്യുസെറ്റ്സ്), എം.ഐ.ടി. പ്രസ്, 1965) തുടങ്ങിയവർ ഹൈപ്പെർടെക്സ്റ്റ് , ഹൈപ്പെർലിങ്ക് , നെറ്റ് വർക്കിങ് എന്നിവ ഉപയോഗിച്ച് ക്രമീകരിക്കുന്ന വിവരം യഥാസൗകര്യം ഉപയോക്താവിന് ലഭ്യമാക്കാനുള്ള സംവിധാനത്തിന്റെ പ്രയോജനം മനസ്സിലാക്കി, അത്തരത്തിലൊരു ക്രമീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ലേഖനങ്ങൾ 1960-കളിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. ഇതിനെത്തുടർന്ന് 1970-ൽ യു. എസ്സിലെ ഇല്ലിനോയി സർവകലാശാലയിലെ മൈക്കെൽ മിച്ചെൽ ഹർട്ട് ആണ് പ്രഥമ ഡിജിറ്റൽ ലൈബ്രറിക്ക് രൂപം നൽകിയത്.

1970-കളിൽ പേഴ്സണൽ കംപ്യൂട്ടറുകളുടെ ആവിർഭാവത്തിനു മുൻപ് ടൈംഷെയറിങ് രീതിയിൽ മെയിൻഫ്രെയിം കംപ്യൂട്ടറുകളിലാണ് ഉപയോക്താക്കൾ തങ്ങൾക്കാവശ്യമുള്ള പ്രോഗ്രാമുകൾ പ്രക്രിയാവിധേയം (processing) ആക്കിയിരുന്നത്. ഓരോ ഉപയോക്താവിനും നിജപ്പെടുത്തുന്ന സമയം നിശ്ചിത തുക മുടക്കി ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ടൈംഷെയറിങ് പ്രാവർത്തികമാക്കിയിരുന്നത്. ഇത്തരം സാഹചര്യത്തിലാണ് ഇല്ലിനോയി സർവകലാശാലയുടെ സഹായസഹകരണങ്ങളോടെ ലോകത്തിലെ പ്രഥമ ഡിജിറ്റൽ ലൈബ്രറിക്ക് ഹർട്ട് 1971-ൽ രൂപം നൽകിയത്. ഇദ്ദേഹം ടൈപ്പ് ചെയ്തു രൂപം നൽകിയ ആദ്യത്തെ ഇലക്ട്രോണിക് പുസ്തകമാണ് ദി യു. എസ്. ഡിക്ളറേഷൻ ഒഫ് ഇൻഡിപ്പെൻഡെൻസ്. ഈ സംരംഭത്തിന് 'പ്രോജക്റ്റ് ഗുട്ടെൻബെർഗ്' എന്ന പേരും നൽകുകയുണ്ടായി. 6,000-ലേറെ പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകൾ ഗുട്ടൻബെർഗ് ഡിജിറ്റൽ ലൈബ്രറി ആവശ്യക്കാർക്ക് ഇന്റർനെറ്റിലൂടെ ഇപ്പോൾ (2003-ൽ) ലഭ്യമാക്കുന്നുണ്ട്. 1992-ൽ യാദൃച്ഛികമായി രൂപംകൊണ്ട ഒരാശയമാണ് 'ജേർണൽ സ്റ്റോറേജ് പ്രോജക്റ്റ്' എന്ന പേരിലറിയപ്പെടുന്ന JSTOR ഡിജിറ്റൽ ലൈബ്രറി. മെലെൻ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ 1995-ൽ മിഷിഗൻ സർവകലാശാലയിൽ ലാഭേച്ഛ കൂടാതെ പ്രവർത്തിക്കൂന്ന രീതിയിൽ JSTOR സ്ഥാപിക്കപ്പെട്ടു. 1991-93 കാലയളവിൽ 'ഡിജിറ്റൽ ലൈബ്രറി' എന്ന സംജ്ഞയ്ക്കു വേണ്ടത്ര അംഗീകാരവും ലഭിച്ചു. തുടർന്ന് പൊതുആവശ്യങ്ങൾക്കായുള്ള ലൈബ്രറികൾ, ഡേറ്റാബേസുകൾ, നെറ്റ് വർക്കുകൾ എന്നിവയ്ക്ക് സഹായമെന്നോണം യു.എസ്. ഫെഡറൽ സംസ്ഥാനങ്ങളെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിരവധി ഇലക്ട്രോണിക് ലൈബ്രറികൾ സ്ഥാപിക്കാനായി. 1993-ൽ യു. എസ്സിൽ ഇലക്ട്രോണിക് ലൈബ്രറി നിയമം (.626) പാസാക്കപ്പെട്ടു.

1994-ൽ യു. എസ്സിൽ ഡിജിറ്റൽ ലൈബ്രറി പ്രോഗ്രാമിന് തുടക്കം കുറിച്ചു. 60 ദശലക്ഷം ഡോളർ നീക്കിവയ്ക്കപ്പെട്ട പ്രസ്തുത പദ്ധതിയിലൂടെ കോൺഗ്രസ് ലൈബ്രറിയിലെ 200 ഗ്രന്ഥശേഖരങ്ങളേയും (ഏകദേശം അഞ്ച് ദശലക്ഷം ഇനങ്ങൾ) 2000-മാണ്ടോടെ ഡിജിറ്റൽ രൂപത്തിലാക്കാൻ ലക്ഷ്യമിട്ടു. ഇതേവർഷം തന്നെ യു. എസ്സിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ, ഡർപ (ഡിഫൻസ് അഡ്വാൻസ്ഡ് റീസേർച്ച് പ്രോജക്റ്റ്സ് ഏജൻസി), നാസാ എന്നീ സംഘടനങ്ങളുടെ സഹകരണത്തോടെ 'ഡിജിറ്റൽ ലൈബ്രറീസ് ഇനിഷ്യേറ്റീവ്' (DLI) എന്ന ചതുർവത്സര പദ്ധതിക്ക് രൂപംനൽകി. കാർനീഗി മെലൺ സർവകലാശാലയിലെ ഡിജിറ്റൽ വിഡിയൊ ലൈബ്രറി, ഇല്ലിനോയി സർവകലാശാലയിലെ എൻജിനീയറിങ് ശാസ്ത്രങ്ങൾക്ക് മുൻഗണന നൽകുന്ന ഡിജിറ്റൽ ലൈബ്രറി, മിഷിഗൻ സർവകലാശാലയിലെ ഭൗമശാസ്ത്രത്തിനും ബഹിരാകാശശാസ്ത്രത്തിനും പ്രാധാന്യം നൽകുന്ന ഡിജിറ്റൽ ലൈബ്രറി എന്നിവയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് യു. എസ്സിലെ ഗ്രന്ഥശാലകൾ, വാർത്താവിനിമയ കോർപ്പറേഷനുകൾ, പുസ്തക പ്രസാധകർ, സർവകലാശാലകൾ എന്നിവ ചേർന്ന് നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങൾക്ക് ഇതു വഴിയൊരുക്കി.

ഇതിന്റെ ഒന്നാം ഘട്ടത്തിൽ (1994-98) വ്യത്യസ്ത മേഖലകളിലായി ആറ് പ്രധാന സർവകലാശാലാ പദ്ധതികൾക്കു തുടക്കമിട്ടു. സാങ്കേതികവിദ്യ മെച്ചപ്പെടുന്നതോടൊപ്പം ഹ്യൂമാനിറ്റീസ്, ആർട്ട്സ് എന്നിവയിലും വികസന ലക്ഷ്യത്തിനായി ഡിജിറ്റൽ ലൈബ്രറികളുടെ സംവിധാന ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടു. ഡിജിറ്റൽ ലൈബ്രറിയുടെ രണ്ടാം ഘട്ട വികസനം (1998-)സാങ്കേതികവിദ്യയെ അപേക്ഷിച്ച് 'ഇൻഫർമേഷൻ ലൈഫ് സൈക്കിളി'ലെ ഗവേഷണത്തിനാണ് പ്രാധാന്യം നൽകിയത്. ക്രമേണ യു. കെ., ഫ്രാൻസ്, ജർമനി, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ഡിജിറ്റൽ ലൈബ്രറികൾ വ്യാപകമാകാൻ തുടങ്ങി.

നിർമ്മാണം

തിരുത്തുക

ഒപ്റ്റിക്കൽ സ്കാനർ, ഡിജിറ്റൈസർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വഴി പുസ്തകങ്ങൾ, ജേർണലുകൾ, ഇതര മാധ്യമങ്ങളിലെ വിവരങ്ങൾ, ചിത്രങ്ങൾ, അൽഗോരിഥങ്ങൾ, കംപ്യൂട്ടർ പ്രോഗ്രാമുകൾ, തൽസമയ ഡേറ്റകൾ എന്നിവയെല്ലാം ഡിജിറ്റൽ രൂപത്തിലേക്ക് പരിവർത്തനം ചെയ്ത് അനുയോജ്യമായ SAN,NSU മാധ്യമങ്ങളിൽ സംഭരിച്ചുവയ്ക്കപ്പെടുന്നു. ഒരിക്കൽ ക്രമീകരിക്കപ്പെട്ട ഡിജിറ്റൽ ഡോക്കുമെന്റിലെ ഉള്ളടക്കത്തെ ഉപയോക്താവിന് ഏതു രീതിയിലും ക്രമീകരിച്ച് പ്രദർശിപ്പിച്ച് വായിക്കാനാവും. ഇലക്ട്രോണിക് ബുക്കിലെ വിവരങ്ങൾ പുസ്തകത്തിലെ പേജ് രൂപത്തിൽ മോണിറ്റർ സ്ക്രീനിൽ പ്രദർശിപ്പിക്കാനും അവയെ കംപ്യൂട്ടറിലെ ഫയൽ ആയി രൂപാന്തരപ്പെടുത്തി ഉപയോക്താവിന് ഡോക്കുമെന്റ് മാതൃകയിൽ ലഭ്യമാക്കാനും ഇതു സഹായകമാകുന്നു. പഴയ ഡോക്കുമെന്റിനെ എഡിറ്റു ചെയ്ത് പുതിയവ തയ്യാറാക്കാനും നിശ്ചിത കീവേഡ് (keyword) കണ്ടുപിടിക്കാനുള്ള സേർച്ചിങ് നടത്താനും ഫയൽ രീതിയിലുള്ള പ്രവർത്തനം ആവശ്യമാണ്. ഡോക്കുമെന്റിലെ നിശ്ചിത പദങ്ങളുടേയും ഭാഗങ്ങളുടേയും വിശദീകരണത്തിനായി ഉപയോക്താവിന്റെ ശ്രദ്ധയെ ഡോക്കുമെന്റിൽ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കോ മറ്റൊരു ഡോക്കുമെന്റിലേക്കോ തിരിച്ചുവിടാനായി ഹൈപ്പെർടെക്സ്റ്റ്, ഹൈപ്പെർലിങ്ക് സങ്കേതങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

ഇത്തരത്തിൽ ഡേറ്റ മുഴുവനും ഡിജിറ്റൽ രൂപത്തിൽ ചിട്ടപ്പെടുത്തുന്നതോടൊപ്പം കാറ്റലോഗും ഡിജിറ്റൽ രീതിയിൽ ക്രമപ്പെടുത്തുന്നു. ഇതുകൊണ്ട് ഡിജിറ്റൽ ലൈബ്രറിയുമായി ഇന്റർനെറ്റിലൂടെയോ ഇതര നെറ്റ് വർക്ക് സംവിധാനത്തിലൂടെയോ ഉപയോക്താവ് ബന്ധപ്പെടുമ്പോൾ അയാൾക്ക് കാറ്റലോഗും വിവര ഡേറ്റയും ഒരേ തരത്തിൽ ഉപയോഗിക്കാൻ കഴിയുന്നു. കാറ്റലോഗ് നോക്കി തനിക്ക് ആവശ്യമുള്ള ഡോക്കുമെന്റ്/ഇലക്ട്രോണിക് പുസ്തകം തിരഞ്ഞെടുത്തശേഷം പ്രസ്തുത പേജോ താൻ കാണാനാഗ്രഹിക്കുന്ന ടെക്സ്റ്റ്/ചിത്രം ഗ്രാഫിക്സ് എന്നിവയോ യഥാക്രമം ഇലക്ട്രോണിക് ബുക്ക് റീഡറിലോ ടെർമിനൽ സ്ക്രീനിലോ പ്രദർശിപ്പിക്കുന്നു.

പ്രവർത്തനം

തിരുത്തുക

ഉപയോക്താവ് വിവരങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെടുന്നത് ക്വറി(query)കളിലൂടെയാണ്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ദ് ടൈംസ് (ലണ്ടൻ) പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രജ്ഞന്റെ ചിത്രം, ഒരു ചലച്ചിത്രത്തിലെ ഒരു പ്രത്യേക ഷോട്ട്, നിർദിഷ്ട ഗാനം തുടങ്ങി ഡേറ്റാബേസിൽ സജ്ജീകരിക്കപ്പെട്ടിട്ടുള്ള ഏതു വിഷയത്തെ സംബന്ധിച്ചും ക്വറികൾ രൂപാന്തരപ്പെടുത്താവുന്നതാണ്. ഇതിന് ഡിജിറ്റൽ ലൈബ്രറിയിലെ കീവേഡ് സംവിധാനം പ്രയോജനകരമാണ്. ശാസ്ത്ര വിഷയങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഡിജിറ്റൽ ലൈബ്രറികളിലെ 'സെമാന്റിക് ഇൻഡക്സ്' സംവിധാനം മറ്റൊരു ഗുണമേന്മയാണ്. സമാനമായ അർഥം വഹിക്കുന്ന കീവേഡുകളെ ഒന്നിച്ചു ക്രമപ്പെടുത്തുന്ന രീതിയാണിത്. സമാന പദങ്ങളുള്ള ഡോക്കുമെന്റുകളിൽ ഉപയോക്താവിന് ആവശ്യമുള്ള വിവരങ്ങൾ അടങ്ങിയിരിക്കാറുണ്ട്. സേർച്ചിലൂടെ ഇവകൂടി ലഭ്യമാക്കാൻ സെമാന്റിക് ഇൻഡക്സ് സഹായിക്കുന്നു.

ഡേറ്റാബേസിലെ ഓരോ ഡോക്കുമെന്റിനേയും 10-15 കീവേഡുകളെ അടിസ്ഥാനമാക്കി വർഗീകരിച്ച് ആദ്യമായി ഡോക്കുമെന്റിന്റെ പ്രധാന വിഷയം കണ്ടെത്തുന്നു. തുടർന്ന് ഒന്നിച്ചു വരാറുള്ള കീവേഡുകൾ ഏതെല്ലാമാണെന്ന് ഒരു സൂപ്പർകംപ്യൂട്ടറിന്റെ സഹായത്തോടെ കണ്ടുപിടിക്കുന്നു. ഇതിനുശേഷം ഇത്തരത്തിലുള്ള കീവേഡ് സമൂഹങ്ങളെ ആസ്പദമാക്കി സെമാന്റിക് ഇൻഡക്സിന് രൂപംനൽകുന്നു.

സാധാരണ ലൈബ്രറികളിലെപ്പോലെ ഡിജിറ്റൽ ലൈബ്രറിയിൽ വിവിധ തരം മാധ്യമങ്ങളിലെ ഡേറ്റ സംഭരിച്ചു വയ്ക്കാം. ഒരുദാഹരണം: സാന്റാ ബാർബറായിലുള്ള കാലിഫോർണിയ സർവകലാശാലയിലെ അലക്സാൻഡ്രിയ ഡിജിറ്റൽ ലൈബ്രറിയിൽ ഭൂപടങ്ങൾ, ഉപഗ്രഹ ചിത്രങ്ങൾ, ഭൂകമ്പ സംബന്ധമായ ഡേറ്റ, സ്പേസ് ഷട്ടിലിലൂടെ ലഭ്യമാകുന്ന വർണചിത്രങ്ങൾ തുടങ്ങിയവ സംഭരിച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. ഇന്റർനെറ്റിലൂടെ ഉപയോക്താകൾക്ക് ഇവയെ നോക്കിക്കാണാൻ സാധിക്കുന്നു.

പൊതുവിഷയങ്ങളെ കൂടാതെ നിർദിഷ്ട വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിജിറ്റൽ ലൈബ്രറികളും ഇന്നു നിലവിലുണ്ട്. വില്യം ഷെയ്ക്സ്പിയറുടെ കൃതികൾക്കായി വാഷിങ്ടൺ ഡിസിയിൽ ക്രമപ്പെടുത്തിയ ഫോൾജെർ ഷെയ്ക്സ്പിയർ ലൈബ്രറി ഈ സമ്പ്രദായത്തിന് നല്ലൊരുദാഹരണമാണ്.

സവിശേഷതകൾ.

തിരുത്തുക

ഏറ്റവും പുതിയ വിവരങ്ങൾ ദ്രുതഗതിയിൽ ലഭ്യമാക്കാനുള്ള സൗകര്യം, അന്ധന്മാർക്ക് ആവശ്യമായ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ഡോക്കുമെന്റുകൾ കംപ്യൂട്ടറൈസ്ഡ് സ്പീച്ച് സിന്തസൈസറുകളിലൂടെ സ്വചാലിത രീതിയിൽ വായിച്ചു കേൾപ്പിക്കാനുള്ള സംവിധാനം എന്നിവ ഡിജിറ്റൽ ലൈബ്രറികളുടെ ഗുണമേന്മകളായിപ്പറയാം. ഇന്റർനെറ്റ്, ഇൻട്രാനെറ്റ് സൗകര്യത്തിലൂടെ ആഗോള ലൈബ്രറി എന്ന സങ്കല്പത്തിന് രൂപംനൽകാനും ഡിജിറ്റൽ ലൈബ്രറികൾക്കു കഴിയും. പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും ഡിജിറ്റൽ ലൈബ്രറികൾ ഇടയാക്കിയിട്ടുണ്ട്. വെബ് പേജുകളിലെ പരസ്യങ്ങൾ ഇതിനുദാഹരണമായി പറയാം.

ഡിജിറ്റൽ ലൈബ്രറികൾ നിയമപരവും സാമുദായികവും സാമ്പത്തികവുമായ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് പകർപ്പവകാശവുമായി ബന്ധപ്പെട്ടവയാണ്. ഒരു ഡിജിറ്റൽ ഡോക്കുമെന്റിന്റെ എത്ര പകർപ്പുകൾ വേണമെങ്കിലും വളരെ വേഗം തയ്യാറാക്കാമെന്നതിനാൽ ഒരേ ഡോക്കുമെന്റിനെ പലർക്കും ഒരേ സമയം തന്നെ വീക്ഷിക്കാൻ സാധിക്കുന്നു. സാധാരണ പുസ്തകങ്ങളുടെ രചയിതാവിന് നൽകുന്നതുപോലെ ഡിജിറ്റൽ ഡോക്കുമെന്റിന്റെ ഉടമയ്ക്കുള്ള റോയൽറ്റി നൽകാൻ ഉപകരിക്കുന്ന നിയമവ്യവസ്ഥകളൊന്നും തന്നെ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ടിട്ടില്ല. അതുപോലെ ഡിജിറ്റൽ ഡോക്കുമെന്റുകളെ വളരെ വേഗം എഡിറ്റു ചെയ്ത് മാറ്റാനാവുമെന്നതുകൊണ്ട് ഒരു ഡിജിറ്റൽ ഡോക്കുമെന്റിന്റെ സത്യാവസ്ഥവിലയിരുത്താനും പ്രയാസമാണ്.

ലൈബ്രറിയിലെ ഡേറ്റാബേസിൽ ഡിജിറ്റൽ രീതിയിൽ വിവരം ശേഖരിക്കാനുള്ള വിഭവശേഷി ലഭ്യമാക്കുന്നതാണ് മറ്റൊരു പ്രശ്നം. മിക്ക ലൈബ്രറികൾക്കും ഇതിനാവശ്യമായ പണം കണ്ടെത്താനാവില്ല. ഭാഗികമായി ഡിജിറ്റൈസേഷൻ നടപ്പാക്കുന്നുവെങ്കിൽ ഡിജിറ്റൈസ് ചെയ്യപ്പെടാത്ത വിവരങ്ങൾ ഉപയോക്താകൾക്ക് ലഭിക്കാതെ വരുന്നു. ഇതിനൊരു പരിഹാരമായി പല പ്രമുഖ ആനുകാലിക പ്രസാധകരും സിഡി റോം/വെബ്സൈറ്റ് മാധ്യമങ്ങളിലൂടെയും തങ്ങളുടെ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കാൻ തുടങ്ങിയിട്ടുണ്ട്.

വ്യത്യസ്ത ഭാഷകളിലെ ഡോക്കുമെന്റുകളെ തമ്മിൽ പൊരുത്തപ്പെടുത്തിക്കൊണ്ടു പോകുന്നതും സങ്കീർണതയ്ക്കു കാരണമാകാറുണ്ട് http (Hyper Text Transfer Protocol), IP (Internet Protocol), Z39.50 (Information Retrieval Service Definition and Protocol Specification for Library Applications) മുതലായ പ്രോട്ടൊകോളുകൾ, SGML (Standard Generalized Markup Language), XML (eXtensible Markup Language) പോലുള്ള മാർക്കപ്പ് സംവിധാനങ്ങൾ JPEG (Joint Photographic Experts Group), MPEG(Moving Picture Experts Group) തുടങ്ങിയ ഇമേജ് കംപ്രഷൻ രീതികൾ, Unicode സമ്പ്രദായം മുതലായവ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ പര്യാപ്തമായിട്ടുണ്ട്.

പുസ്തകരൂപത്തിലല്ലാത്ത ഡോക്കുമെന്റുകൾ, വിഡിയൊ, സംഭാഷണം, ഗ്രാഫിക്സ് മുതലായവ മൾട്ടിമീഡിയ അടിസ്ഥാനമാക്കി അനുയോജ്യമായി ക്രമീകരിച്ച്, ഡേറ്റാബേസ് രൂപീകരിക്കുന്നതിനുള്ള നവീന രീതികൾ പരീക്ഷിച്ചു വരുന്നുണ്ട്. സ്പീച്ച് റെക്കഗ്നിഷൻ പ്രക്രിയ വളരെ മെച്ചപ്പെട്ടതായാൽ മാത്രമേ സംഭാഷണ ഡേറ്റ വേഗം വീണ്ടെടുക്കാൻ കഴിയുകയുള്ളൂ. വിഡിയൊയിൽ ഒരു പ്രതിബിംബത്തെ മറ്റൊന്നുമായി താരതമ്യപ്പെടുത്തിയാണ് ക്രമീകരിക്കാറുള്ളത്. തന്മൂലം ഒരു നിശ്ചിത പ്രതിബിംബത്തെ ഇമേജ് സേർച്ചിങ്ങിലൂടെ കണ്ടെത്താൻ സങ്കീർണമായ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടിവരുന്നു.

ഡിജിറ്റൽ ലൈബ്രറികളുടെ പൂർണമായ വികസനത്തിന് ലൈബ്രറി സയൻസ്, വിവരസാങ്കേതികവിദ്യ, കംപ്യൂട്ടർ സയൻസ് എന്നീ മേഖലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. ശൈശവ ദശയിലാണെങ്കിലും ഡിജിറ്റൽ ലൈബ്രറികൾ വിദ്യാഭ്യാസ-വിവരസാങ്കേതിക രംഗങ്ങളിൽ ചെലുത്തി വരുന്ന സ്വാധീനം വിലപ്പെട്ടതാണ്. ലോകത്തെ ഏതു മികച്ച ഡിജിറ്റൽ ലൈബ്രറിയുമായും നിമിഷങ്ങൾ കൊണ്ട് ബന്ധപ്പെടുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും സാധിക്കുമെന്നതിനാൽ ഡിജിറ്റൽ ലൈബ്രറികൾ സർവകലാശാലകൾക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വലിയൊരു അനുഗ്രഹമായിരിക്കും.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ലൈബ്രറി ഡിജിറ്റൽ ലൈബ്രറി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡിജിറ്റൽ_ലൈബ്രറി&oldid=2283041" എന്ന താളിൽനിന്ന് ശേഖരിച്ചത്