അപകീർത്തി
ഒരു വ്യക്തിയുടെ പേരിൽ മറ്റുള്ളവർക്കു വെറുപ്പോ വിദ്വേഷമോ അവജ്ഞയോ ഉണ്ടാകത്തക്കവിധം മറ്റൊരാൾ കരുതിക്കൂട്ടി വാക്കുകൊണ്ടോ എഴുത്തുകൊണ്ടോ ചിത്രങ്ങൾ മുഖേനയോ ചെയ്യുന്ന കുറ്റമാണ് അപകീർത്തി. ആയത് പ്രസ്തുതവ്യക്തിയുടെ യശസ്സ് നശിക്കുന്നതിനും അത് അയാളുടെ തൊഴിലിനെയും വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുന്നതിനും ഇടവരുത്തും.
അപകീർത്തി എങ്ങനെ
തിരുത്തുകഎഴുത്ത്, അച്ചടി, ചിത്രങ്ങൾ എന്നിവ വഴി നടത്തുന്ന അപകീർത്തി സ്ഥായി ആയിട്ടുള്ളതാണ്. വാക്കുകൾ ഉപയോഗിച്ചുള്ളവ അപ്രകാരമുള്ളതല്ല. ഒരാൾക്ക് അവ നിഷേധിക്കാൻ സാധിക്കും. ഇംഗ്ലണ്ടിലെ നിയമമനുസരിച്ച് ശബ്ദം പുറപ്പെടുവിച്ചും ടെലിവിഷൻ മുഖേനയും നടത്തുന്ന അപവാദാരോപണങ്ങളും കുറ്റകരമാണ്. ഒരാളിന്റെ ഉപജീവനമാർഗ്ഗത്തിനു തടസ്സമുണ്ടാകുന്നതോ മറ്റുള്ളവരിൽനിന്ന് അയാളെ അകറ്റിനിർത്തത്തക്കതോ അയാളിൽ മറ്റുള്ളവർക്കു പുച്ഛം തോന്നിക്കത്തക്കതോ ആയ എല്ലാ അപവാദാരോപണങ്ങളും അപകീർത്തിയുടെ പരിധിയിൽ വരും.
ഒരു പ്രസ്താവനമൂലം ഒരു വ്യക്തിക്കു സമൂഹത്തിലുള്ള മാന്യതയ്ക്കു കോട്ടം സംഭവിച്ചാൽ, പ്രസ്തുത പ്രസ്താവന അപകീർത്തികരമായിത്തീരും. അതുമൂലം, ശരിയായി ചിന്തിക്കുന്ന സമൂഹം അയാളെ വെറുക്കുവാനോ, അയാളെ അവഗണിക്കുവാനോ, ഒഴിവാക്കുവാനോ ശ്രമിച്ചേക്കാം. അങ്ങനെ അയാളുടെ മാനം നഷ്ടത്തിലാകും. സമൂഹം എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിൽ ശരിയായി ചിന്തിക്കുന്ന വിഭാഗത്തെ മാത്രമാണ്. ഈ അപകീർത്തി രണ്ടുതരത്തിലാകാം: ഒന്ന് ലൈബൽ (Libel), രണ്ട് സ്ലാൻഡർ (Slander). എഴുതിയോ അച്ചടിച്ചോ മറ്റേതെങ്കിലും സ്ഥിരസ്വഭാവത്തിലോ ഉള്ള അപവാദകരമായ പ്രസ്താവനകളെ ലൈബൽ എന്നും, സ്ഥിരസ്വഭാവത്തിലല്ലാത്തവയെ (അപകീർത്തിപരമായ പദങ്ങൾ, ആംഗ്യങ്ങൾ) സ്ലാൻഡർ എന്നും പറയുന്നു.
സിവിൽ കുറ്റം
തിരുത്തുകലൈബൽ ക്രിമിനൽസ്വഭാവത്തിലുള്ള കുറ്റവും ഒരു ടോർട്ടു (Tort-നഷ്ടപരിഹാരം നേടാവുന്ന സിവിൽകുറ്റം) മാണ്. സ്ളാൻഡർ അങ്ങനെയല്ല. പ്രത്യേക നഷ്ടത്തിനു തെളിവില്ലാതെതന്നെ നടപടിക്കു വിധേയമാണ് ലൈബൽ. എന്നാൽ സ്ളാൻഡറിൽ പ്രത്യേക നഷ്ടത്തിനു തെളിവുകൊടുക്കേണ്ടതുണ്ട്. താഴെപറയുന്ന സാഹചര്യങ്ങളിൽ സ്ലാൻഡറും പ്രത്യേക തെളിവില്ലാതെ തന്നെ നടപടിക്കു വിധേയമാണ്.
- ക്രിമിനൽ സ്വഭാവത്തിലുള്ള കുറ്റാരോപണം. പ്രസ്തുത കുറ്റത്തിനുള്ള ശിക്ഷ ജയിൽവാസമാണ്.
- പകർച്ചവ്യാധിയുള്ളയാളാണെന്ന ആരോപണം. ഇതിന്റെ ഫലമായി അയാളുമായി സഹകരിക്കുന്നതിൽ നിന്നും മറ്റുള്ളവർ പിൻവാങ്ങുന്നു.
- അപഥസഞ്ചാരിണികളായ സ്ത്രീയെന്നോ പരപുരുഷന്മാരുമായി വേഴ്ചയുള്ള ഭാര്യയെന്നോ ഉള്ള ആരോപണം.
- ഉദ്യോഗത്തിന് പറ്റാത്ത ആൾ എന്നോ, അന്തസ്സില്ലാത്തവനെന്നോ, അനർഹനെന്നോ ഉള്ള ആരോപണം. നിയമപരമായ ഏതൊരു തൊഴിലും ഉദ്യോഗം എന്ന പദത്തിലുൾപ്പെടുത്താവുന്നതാണ്.
നടപടി വിധേയം
തിരുത്തുകഇന്ത്യൻ നിയമമനുസരിച്ച് ലൈബലും സ്ലാൻഡറും സിവിലായും ക്രിമിനലായും ഉള്ള നടപടിക്കു വിധേയമാണ്. ദുരുദ്ദേശ്യമാണ് ഇതിലെ മുഖ്യഘടകം. അതുപോലെതന്നെ, അപവാദകരമായ ലേഖനത്തിന്റെ പ്രസിദ്ധീകരണവും. അപവാദകരമായ പ്രസ്താവനകൾ വാദിയെപ്പറ്റിയുള്ളതായിരിക്കണം. വാദിയുടെ പേര് എടുത്തുപറയണമെന്നില്ല. അപകീർത്തിപ്പെടുത്തേണ്ടയാളിനെപ്പറ്റിയുള്ള വിശദീകരണസൂചനകൾ (Innuendo) മാത്രം മതി.
അപവാദകരമായ പ്രസ്താവന സത്യമാണെന്നും നിരുപദ്രവകരമായ വിമർശനമാണെന്നും പ്രിവിലേജിലുൾക്കൊള്ളുന്നവയാണെന്നുമുള്ളതാണ് അപകീർത്തിക്കേസിലെ എതിർവാദമുഖങ്ങൾ. നിരുപാധികമായ മാപ്പുപറയൽ അപകീർത്തിക്കേസിൽ നിന്നും പൂർണമായി ഒഴിവാക്കുന്നില്ലെങ്കിലും നഷ്ടപരിഹാരത്തുകയിൽ സാരമായ കുറവുവരുത്താൻ അത് സഹായിക്കും.
നഷ്ടപരിഹാരം
തിരുത്തുകഅപകീർത്തിക്കു വിധേയനായ വ്യക്തിക്ക് കുറ്റക്കാരിൽ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇംഗ്ലീഷ് നിയമപ്രകാരം അപകീർത്തിക്കേസുകളുടെ വിചാരണ ജൂറിമാരാണ് നടത്താറുള്ളത്. ഒരാൾ തന്റെ ലേഖനങ്ങളോ ചിത്രീകരണങ്ങളോകൊണ്ട്, മറ്റൊരാളിന്റെ പേര് എടുത്തുപറയാതെയോ അപമാനിതനായ ആൾ ജീവിച്ചിരിക്കുന്നു എന്ന് അറിയാതെ തന്നെയോ അപകീർത്തിപ്പെടുത്തുകയാണെങ്കിലും പ്രസ്തുത ലേഖകൻ കുറ്റക്കാരനാകും. ഒരു പ്രത്യേക വ്യക്തിയെയാണ് അപകീർത്തിപ്പെടുത്തിയിരിക്കുന്നതെന്ന് വിവേകബുദ്ധിയുള്ള സാധാരണജനങ്ങൾക്കു തോന്നിയാൽ മാത്രം മതി. ഒരു കഥാപാത്രത്തിന്റെ ചിത്രീകരണം ഗ്രന്ഥകാരന് പരിചയമില്ലാത്ത ഒരു വ്യക്തിക്ക് അപകീർത്തികരമായേക്കാം. അപകീർത്തിപരമായ വാക്കുകൾ ഉപയോഗിക്കണമെന്ന് ഗ്രന്ഥകാരന് ഉദ്ദേശ്യമുണ്ടായിരുന്നതായി തെളിയിക്കേണ്ട ആവശ്യമില്ല. ഗ്രന്ഥകാരന് ആളിനെക്കുറിച്ച് അറിവുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെ യശസ് നശിക്കുമെന്ന് സാധാരണ ജനങ്ങൾക്കു തോന്നിയാൽ മതി. ഒരു ഗ്രന്ഥകാരന്റെ വാക്കുകൾ പ്രഥമദൃഷ്ടിയിൽ അപകീർത്തിപരമല്ലെന്നു തോന്നാവുന്നതാണെങ്കിലും ചിലപ്പോൾ ചിലർക്ക് അപകീർത്തികരമായിത്തീരാം.
സംരക്ഷണം
തിരുത്തുകഅപകീർത്തിക്കുറ്റങ്ങളിൽനിന്നും ഒരു ഗ്രന്ഥകാരന് രക്ഷനേടാൻ തക്ക നിയമസംരക്ഷണം ഉണ്ട്. ആർക്കെങ്കിലും അപകീർത്തിയുണ്ടാക്കണമെന്നോ ആരെയെങ്കിലും മനഃപൂർവം ദ്രോഹിക്കണമെന്നോ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്ന് ക്ഷമാപണരൂപത്തിൽ പ്രഖ്യാപനം ചെയ്താൽ ശിക്ഷകളിൽനിന്നും ഗ്രന്ഥകാരന് രക്ഷനേടാൻ കഴിയും. അപകീർത്തിക്കേസിനാസ്പദമായ കാര്യങ്ങൾ സത്യമാണെന്നും പൊതുതാത്പര്യത്തിന്റെ പേരിൽ അവ പ്രസിദ്ധീകരിക്കേണ്ടത് ആവശ്യമാണെന്നും സ്ഥാപിച്ച് രക്ഷ നേടാവുന്നതാണ്. പത്രപ്രവർത്തകർ സ്വീകരിക്കുന്ന ഒരു മാർഗ്ഗമാണ് ഇത്. അപകീർത്തിക്കാസ്പദമായ വസ്തുതകൾ വെളിപ്പെടുത്തേണ്ടത് ഒരു പ്രത്യേകാവകാശമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് മറ്റൊരു രക്ഷാമാർഗം. എതിർവാദനടപടികളിൽ പ്രത്യേകാവകാശമെന്ന ഉപാധിയെ ആശ്രയിച്ചു വാദിക്കുന്ന ആൾ ദുരുദ്ദേശ്യത്തോടുകൂടിയോ വ്യക്തിവിദ്വേഷത്താലോ ആണ് അപവാദാരോപണം നടത്തിയിട്ടുള്ളതെന്ന് തെളിഞ്ഞാൽ അയാൾ ശിക്ഷാർഹനാകും.
അപകീർത്തിപരമായ സംഗതികൾ എഴുതിയുണ്ടാക്കുന്നവർ മാത്രമല്ല, അവയുടെ പ്രസാധകരും അച്ചടിക്കാരും കുറ്റക്കാരാകുന്നതും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാകുന്നതും ആണ്. ചില സന്ദർഭങ്ങളിൽ സമാധാനലംഘനത്തിന് കാരണമാകത്തക്ക ആരോപണങ്ങൾ ചിലർ നടത്താറുണ്ട്. ഇത് ക്രിമിനൽ കുറ്റമാണ്. ക്രിമിനൽ കുറ്റങ്ങളിൽ അപകീർത്തിക്കടിസ്ഥാനമായ വസ്തുതകൾ സത്യമാണെന്ന് തെളിയിച്ചാൽ മാത്രം മതിയാകുന്നതല്ല; മറിച്ച് പൊതുതാത്പര്യത്തിന്റെ പേരിൽ വസ്തുതകൾ വെളിവാക്കേണ്ടത് ആവശ്യമായിരുന്നുവെന്നുകൂടി തെളിയിക്കേണ്ടതാണ്. അപമാനം സംബന്ധിച്ച വസ്തുതകളെ ആസ്പദമാക്കിയുള്ള സിവിൽ നടപടികൾ സ്വീകരിക്കുന്നതിന് അതിനാസ്പദമായ കാര്യങ്ങൾ മൂന്നാമതൊരു കക്ഷിയോടു പ്രസ്താവിച്ചിരിക്കേണ്ടതാണ്. എന്നാൽ ക്രിമിനൽ നടപടികൾക്ക് അപമാനിതനാക്കപ്പെടുന്ന വ്യക്തിയെമാത്രം ബോധ്യപ്പെടുത്തിയാൽ മതിയാകുന്നതാണ്. എഴുത്തു മുഖേന ഒരാളിനെ അപമാനിക്കുന്നത് ഇതിനുദാഹരണമാണ്.
ഇന്ത്യയിൽ അപകീർത്തിയെ സംബന്ധിച്ച് ഇന്ത്യൻ ശിക്ഷാ നിയമം[1] 499, 500, 501, 502 വകുപ്പുകളിൽ പ്രതിപാദിച്ചിരിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ആരെങ്കിലും മറ്റൊരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നപക്ഷം അയാൾക്ക് രണ്ടുവർഷം വരെയുള്ള വെറും തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ നൽകാവുന്നതാണ്.
ഒരു കമ്പനിയെയോ സംഘടനയെയോ അപകീർത്തിപ്പെടുത്തുന്ന ദോഷാരോപണങ്ങളും ഈ കുറ്റകൃത്യത്തിന്റെ പരിധിയിൽപെടുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-02-11. Retrieved 2011-09-17.
പുറംകണ്ണികൾ
തിരുത്തുക- http://www.faceintel.com/defamation.htm Archived 2011-09-25 at the Wayback Machine.
- http://www.tax4india.com/indian-laws/criminal-law/defamation/defamation.html
- http://cyberlaws.net/cyberindia/defamation.htm Archived 2011-12-13 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപകീർത്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |