ദലേർ മെഹന്തി

(Daler Mehndi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖനായ പഞ്ചാബി പോപ്പ് ഗായകനാണ് ദലേർ മെഹന്തി(ജനനം : 18 ഓഗസ്റ്റ് 1967). 90 കളിലാണ് മെഹന്തിയുടെ ആദ്യ ആൽബം പുറത്തിറങ്ങുന്നത്. സ്റ്റൈജ് പ്രകടനങ്ങളിലൂടെ താരമായ മെഹന്തിയുടെ ബോലോ താ രാ രാ എന്ന ആദ്യ ആൽബം ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ആദ്യ ആൽബത്തിന്റെ 20 ലക്ഷം കോപ്പികളാണ് ലോകത്താകമാനം വിറ്റിട്ടുള്ളത്. പിന്നീടിങ്ങോട് ബോളീവുഡ് സിനിമാ ലോകത്തിനും നിരവധി ഹിറ്റ് ഗാനങ്ങൾ മെഹന്തി സമ്മാനിച്ചിട്ടുണ്ട്.

ദലേർ മെഹന്തി
ദലേർ മെഹന്തി സ്പെയിനിൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംദലേർ സിംഗ്
ജനനം (1967-08-18) 18 ഓഗസ്റ്റ് 1967  (57 വയസ്സ്)
പാറ്റ്ന, ബീഹാർ, ഇന്ത്യ
ഉത്ഭവംന്യൂ ഡൽഹി, ഇന്ത്യ
വിഭാഗങ്ങൾ
തൊഴിൽ(കൾ)ഗായകൻ, ഗാന രചയിതാവ്, റെക്കാർഡ് നിർമ്മാതാവ്
വർഷങ്ങളായി സജീവം1995–present
ലേബലുകൾ
  • D Records
വെബ്സൈറ്റ്www.dalermehndi.com

ജനനം, സംഗീത രംഗത്തേക്ക്

തിരുത്തുക

ഏഴുതലമുറകളായി സംഗീതം നിലനിൽക്കുന്ന ഒരു കുടുംബത്തിലാണ് ദലേർ മെഹന്തി ജനിച്ചത്. 1967ആഗസ്ത് 18 ന് ബീഹാറിലെ പട്‌നയിലാണ് ജനനം. ആദ്യകാലങ്ങളിൽ സ്വാധീനിച്ചത് രക്ഷിതാക്കൾ തന്നെയായിരുന്നു. അവർ അദ്ദേഹത്തെ ഗുരു ഗ്രന്ഥ് സാഹിബ്ബിലെ രാഗങ്ങളും ശബ്ദങ്ങളും പഠിപ്പിച്ചു. ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിലെ പട്യാല ഖരാനാ രീതിയിൽ ആകൃഷ്ടനായിട്ട് അദ്ദേഹം പതിനൊന്നാം വയസ്സിൽ വീടുവിട്ടിറങ്ങി. ഘോരൿപൂറിലെ രാഹത് അലി ഖാൻ സാഹിബ്ബിൽ നിന്ന് സംഗീതപാഠങ്ങൾ അഭ്യസിക്കാൻ വേണ്ടി. പതിമൂന്നാം വയസ്സിൽ ഇരുപതിനായിരത്തോളം ശ്രോതാക്കളുടെ മുമ്പിൽ ജൌൻപൂർ എന്ന സ്ഥലത്ത് അദ്ദേഹം തന്റെ ആദ്യത്തെ സ്റ്റേജ് പ്രകടനം കാഴ്ച വച്ചു. 1991 ൽ സഹോദരങ്ങളും കസിൻസും സംഗീതവിദ്വാന്മാരായ സുഹൃത്തുക്കളേയും ചേർത്ത് സ്വന്തം സംഗീത ട്രൂപ്പുണ്ടാക്കി. ഐ പി സി എയിലെ എ ജെ ജസ്പാൽ ദലേറിന് ഒരു പ്രൊഫഷണനലാകാനുള്ള സഹായം ചെയ്തു. 1994 ൽ കസാക്കിസ്ഥാനിൽ നടന്ന വോയ്സ് ഓഫ് ഏഷ്യ ഇന്റർനാഷനൽ ആൻഡ് പോപ് മ്യൂസിക് മത്സരത്തിലേക്ക് ജസ്‌പാൽ, ദലേർ മെഹന്തിയെ അയച്ചു. മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ദലേർ, മത്സരിച്ച് ഇരുനൂറു പേരിൽ രണ്ടാം സ്ഥാനത്തെത്തി.

ബോലോ താ രാ രാ

തിരുത്തുക

മാഗ്നാസൌണ്ട്, മൂന്നു വർഷത്തേക്ക് മൂന്ന് ആൽബത്തിന്റെ കരാർ കൊടുത്തു. ദലേറിന്റെ ബോലോ താ രാ രാ എന്ന ആദ്യ ആൽബം 20 മില്ല്യൻ കോപ്പികൾ വിറ്റു. ആദ്യ ആൽബം ബോലോ താ രാ രാ രാ ദലേർ മെഹന്ദിയ്ക്ക് ആവോളം പ്രശസ്തിയും മാഗ്നാസൗണ്ടിന് സാമ്പത്തികലാഭവും നേടിക്കൊടുത്തു. പോപ് ലോകത്ത് ദലേർ മെഹന്ദി സ്വന്തം പേരെഴുതിച്ചേർത്തു. ടൈറ്റിൽ സോങ്ങുൾപ്പെടെ എട്ട് ഗാനങ്ങളാണ് ആൽബത്തിലുണ്ടായിരുന്നത്. ബോലോ താ രാ രാ രാ എന്ന ഗാനമായിരുന്നു ആൽബത്തിലെ മെഗാഹിറ്റ് സോങ്. സുന്ദരിയായ യുവതിയെ വർണിച്ചുകൊണ്ടുള്ള ഗാനമായിരുന്നു അത്. യുവതിയുടെ യാത്രകളും ഷോപ്പിങ്ങും അതിനിടെയുള്ള ചലനങ്ങളും അവളുടെ കാമുകൻമാരുമൊക്കെ ഗാനത്തിന്റെ വരികളിൽ മിന്നിമാഞ്ഞു. ദലേർ മെഹന്ദിയായിരുന്നു ഗാനത്തിന്റെ രചനയും സംഗീതസംവിധാനവും നിൽവഹിച്ചത്. പാട്ടിന്റെ താളത്തിൽ മുഴുകി ഭാഷയറിയാതെ കുട്ടികൾ മുതൽ പ്രായമേറിയവർ വരെ ഹായോ റബ്ബാന്നും, ബോലാ താ രാ രാന്ന് പാടി, ഭാംഗ്രാച്ചുവടുകൾ വെച്ചു, പഞ്ചാബിനെ സ്‌നേഹിച്ചു.[1] മാഗ്നസൗണ്ടിന് വേണ്ടി ദലേർ ഒരുക്കിയ രണ്ടാമത്തെ ആൽബം ദർദി റബ് റബ് വിൽപനയിൽ ബോലോ താ രാ രാ രായുടെ റെക്കോഡ് ഭേദിച്ചു. 1997-ലാണ് ബല്ലേ ബല്ലേ എന്ന മൂന്നാമത്തെ ആൽബം റിലീസായത്. മുൻ ആൽബങ്ങളെ പോലെ ബല്ലേ ബല്ലേയും ദലേർ മെഹന്ദിയെന്ന ഗായകനെ സംബന്ധിച്ച് വൻ വിജയമായിരുന്നു. ദലേർ മെഹന്ദിയുടെ ഡാൻസ് നമ്പറുകളും ശബ്ദവും തലപ്പാവും നീണ്ടുകിടക്കുന്ന തിളക്കമാർന്ന കുപ്പായങ്ങളും ദലേർ മെഹന്ദിയുടെ ആരാധകർക്ക് പ്രിയപ്പെട്ടവയായിത്തീർന്നു.[1]

2000ൽ ടിപ്സ് മ്യൂസിക്കുമായിച്ചേർന്ന് ഏക് ദാനാ എന്ന ആൽബം ചെയ്തു. ആ ആൽബം ഫോക്കും, പോപ്പും റോക്കും കൂടിക്കലർന്നതായിരുന്നു. അതിലെ മികച്ച ഒരു ഗാനമായ സജൻ മേരേ സത്‌രംഗിയാ എന്നതിന്റെ വീഡിയോയിൽ പ്രിയങ്ക ചോപ്രയാണ് പ്രത്യക്ഷപ്പെടുന്നത്. പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് ആയ വർഷമാണ് ആ വീഡിയോ റിലീസായത്. 2001 ൽ യൂനിവേഴ്സൽ മ്യൂസിക്കുമായി ചേർന്ന് പുതിയ ആൽബമായ കാലാ കൌവാ കാത് ഖായേഗാ ഇറക്കി. 2003ൽ സിനിമകളിൽ പാടാൻ തുടങ്ങി. മക്ബൂൽ എന്ന ചിത്രത്തിലെ രൂ ബ രൂ ആയിരുന്നു ആദ്യപാട്ട്. അതേ വർഷം തന്നെ എ ആർ റഹ്മാനുമായിച്ചേർന്ന് ലക്കീർ എന്ന ചിത്രത്തിലെ നാച് ലേ പാടി. റോക്കും ഭാംഗ്‌രയും യോജിപ്പിച്ച് അടുത്ത ആൽബമായ മോജാൻ ലേൻ ദോ ഇറക്കി. 2004ൽ ഷാ രാ രാ നിർമ്മിച്ചു.

2014ലെ സെപ്തംബറിൽ ദലേർ തന്റെ പുതിയ പാട്ടായ ആജാ മേരേ ട്വിറ്റർ തേ ഇറക്കി. ആ നവരാത്രിക്കാലത്ത് ഹനുമാൻ ചാലീസ സംഗീതം നൽകി റെക്കോഡ് ചെയ്തു. നവംബറിൽ ഗുരുനാനാക്ക് ജയന്തി ആഘോഷത്തിനിടയ്ക്ക് ദലേർ തന്റെ ബെസ്റ്റ് ഓഫ് ഗുർബാനി എന്ന ആൽബവും ഇറക്കി.

സിനിമാ പിന്നണിഗാന രംഗത്തേക്ക്

തിരുത്തുക

1997-ൽ അമിതാബ് ബച്ചനോടൊപ്പം മൃത്യുദാദ എന്ന ബോളിവുഡ് സിനിമയിലെ ഒരു ഗാനരംഗത്തും ദലേർ മെഹന്ദി പ്രത്യക്ഷപ്പെട്ടു. നാ നാ നാ രേ എന്ന ഗാനം ദലേർ മെഹന്ദി തന്നെയാണ് ചിട്ടപ്പെടുത്തിയത്. ഇന്ത്യയിൽ മാത്രം ആ ഗാനത്തിന്റെ ഒന്നരക്കോടി കോപ്പികളാണ് വിറ്റുപോയത്. 1998 ൽ മറ്റൊരു വെടിക്കെട്ട് ഐറ്റമാണ് ദലേർ മെഹന്ദി തന്റെ ആരാധകർക്ക് സമ്മാനിച്ചത്. തുനക് തുനക് തുൻ എന്ന ഗാനം രാജ്യത്തെ ഏറ്റവും വലിയ പോപ്താരം എന്ന പദവിയാണ് ദലേർ മെഹന്ദിയ്ക്ക് നൽകിയത്. വൻ മുതൽമുടക്കിൽ നിർമിച്ച വീഡിയോ ആഗോളതലത്തിലും വിജയമായിരുന്നു. അക്കൊല്ലത്തെ സ്‌ക്രീൻ അവാർഡ്‌സിൽ ഏറ്റവും മികച്ച ഇൻഡി പോപ് ആൽബത്തിനുള്ള അംഗീകാരം തുനക് തുനക് തുൻ നേടി.[1] 2003-ൽ സിനിമാപിന്നണിഗാനരംഗത്തേക്കും ദലേർ മെഹന്ദി കടന്നെത്തി. എ.ആർ. റഹ്‌മാന്റെ സംഗീതസംവിധാനത്തിലും ദലേർ മെഹന്ദി ഗായകന്റെ മേലങ്കിയണിഞ്ഞു. ലക്കീർ-ഫോർബിഡൻ ലൈൻസ് എന്ന സിനിമയിലെ നാച്ച്‌ലേ എന്ന ഗാനം ഏറെ ശ്രദ്ധ നേടി. റിഥം എന്ന തമിഴ് സിനിമയ്ക്ക് വേണ്ടി റഹ്‌മാൻ ഈണമിട്ട തനിയെ തന്നന്തനിയേ എന്ന ഗാനത്തിന്റെ ഹിന്ദി വേർഷനായിരുന്നു നാച്ച് ലേ. ആമിർ ഖാന്റെ ദംഗൽ, ബാഹുബലി 2 തുടങ്ങി നിരവധി സിനിമകളിൽ ഗാനങ്ങളാലപിച്ച് ആരാധകരുടെ എണ്ണമുയർത്തിയ ദലേർ മെഹന്ദി ഇന്ത്യൻ സംഗീതലോകത്ത് സ്വന്തമായൊരിടം ഭദ്രമാക്കി.[1]

സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ ദലേർ മെഹന്ദി 2019-ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയരംഗത്തേക്ക് കടന്നു. സാമ്പത്തിക തിരിമറിയിൽ ആരോപണ വിധേയനായി.[1]

  1. 1.0 1.1 1.2 1.3 1.4 സ്വീറ്റി കാവ്‌. "പഞ്ചാബിപ്പാട്ടിലൂടെ പോപ്സ്റ്റാറായ ബിഹാറുകാരൻ ദലേർ മെഹന്ദി". പഞ്ചാബിപ്പാട്ടിലൂടെ പോപ്സ്റ്റാറായ ബിഹാറുകാരൻ ദലേർ മെഹന്ദി. മാതൃഭൂമി.കോം. Retrieved 07 മാർച്ച് 2023. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=ദലേർ_മെഹന്തി&oldid=3900218" എന്ന താളിൽനിന്ന് ശേഖരിച്ചത്