ദൈവദശകം
ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതമാണ് ദൈവദശകം. അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. ആലുവാ അദ്വൈതാശ്രമത്തിൽ പ്രവർത്തിച്ചിരുന്ന സംസ്കൃതപാഠശാലയിലെ വിവിധ ജാതിമത വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ചൊല്ലുവാൻ വേണ്ടി 1914 ലാണ് അദ്ദേഹം ഇത് രചിച്ചത്.[1] അതിനാൽ തന്നെ സമൂഹപ്രാർത്ഥനക്കായി കേരളത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന കൃതികളിലൊന്നുമാണ് ദൈവദശകം.[2] ഭാഷയുടെയും ആശയത്തിന്റെയും കാര്യത്തിൽ അതിഗാംഭീര്യം പുലർത്തുന്ന അനേകം ദാർശനികകൃതികൾ പൂർത്തിയാക്കിയതിന് ശേഷം തന്റെ ഷഷ്ടിപൂർത്തിയോടടുത്ത ഘട്ടത്തിൽ അതുവരെ സാക്ഷാത്കരിച്ചിട്ടുള്ള ദർശനങ്ങളെ കോർത്തിണക്കി താരതമ്യേനെ മൃദുവായ ഭാഷയിലാണ് ഗുരു ഈ കൃതി രചിച്ചിട്ടുള്ളത്. ലളിതമായ ഭാഷയാണെങ്കിലും വിപുലാർത്ഥദായിയായ പദപ്രയോഗങ്ങളാൽ സമ്പന്നമാണീ കൃതി.[3]
പരമാത്മാവാകുന്ന തോണിയും ആ തോണിയിലെ നാവികനുമായ ദൈവത്തോട് ഈ ലോകത്തിലെ ചരാചരങ്ങളായ തങ്ങളെ കൈവിട്ടു കളയാതെ എപ്പോഴും കാത്തുകൊള്ളണമെന്നുള്ള അപേക്ഷയോടു കൂടി തുടങ്ങുന്ന ഈ പ്രാർത്ഥനാഗീതം അവസാനിക്കുന്നത് സർവർക്കും സൗഖ്യം നല്കണമെന്ന വരികളോടെയാണ്.
ഗുരുവിന്റെ മിക്ക കൃതികളെയും പോലെ ദൈവദശകത്തിനും നിരവധി വ്യാഖ്യാനങ്ങൾ ചമക്കപ്പെട്ടിട്ടുണ്ട്. നിത്യചൈതന്യയതി.[4], ജി. ബാലകൃഷ്ണൻ നായർ[5], എം.എച്ച്. ശാസ്ത്രി, എം. ദാമോദരൻ തുടങ്ങിയ പ്രഗൽഭമതികൾ ദൈവദശകവ്യാഖ്യാതാക്കളുടെ കൂട്ടത്തിൽ പെടുന്നു.
വ്യാഖ്യാനം
തിരുത്തുക
"ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻപദം"
"ഇങ്ങ് - ഇവിടെ/ ഈ ലോകത്തിൽ, നാവികൻ-കപ്പിത്താൻ, അബ്ധി-സമുദ്രം, ഭവാബ്ധി-സംസാരസമുദ്രം, ആവിവൻതോണി-ആവിക്കപ്പൽ, നിൻപദം-നിൻറെ കാലടി/നിൻറെ വാക്ക്
അല്ലയോ ദൈവമേ, സംസാരസാഗരത്തിൽ അകപ്പെട്ടിരിക്കുന്ന ഞങ്ങളെ നീ കൈവെടിയരുതേ. അദൃശ്യനായ നീ മാത്രമാണ് ഞങ്ങൾക്കു തുണനായ നായകൻ. നിൻറെ പാദത്തെ ഞങ്ങൾ ശരണം പ്രാപിക്കുന്നു. അതു മാത്രമാണ് ഞങ്ങളെ ജനനമരണ ദുഃഖമാകുന്ന വൻകടലിൻറെ മറുകരയിൽ എത്തിക്കുന്ന ആവിക്കപ്പൽ."
"ഒന്നൊന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം"
"പൊരുൾ - അർത്ഥം, ദൃക്ക് - കണ്ണ്/അറിവ്/നോട്ടം
ദൃശ്യപ്രപഞ്ചത്തെ ഒന്നൊന്നായി പരിശോധിച്ചു ചെന്നാൽ ഇന്ദ്രിയ സന്നികർഷതകൊണ്ട് അറിയുന്ന വസ്തുക്കൾ കേവലം പ്രതീതികൾ മാത്രമാണെന്നു മനസ്സിലാവുകയും, ദൃക്ക് സ്വസ്വരൂപത്തിൽ തന്നെ പ്രതിഷ്ഠിതമായിത്തീരുകയും ചെയ്യുന്നു.അതുപോലെ ദൈവത്തെ അന്വേഷിക്കുന്ന അന്തരംഗത്തിനു അതിൻറെ തന്നെ അധിഷ്ഠാനമായി സ്ഥിതി ചെയ്യുന്നതാണ് ദൈവമെന്നറിയമ്പോൾ അദ്വൈതദർശനം ലഭിക്കുന്നു. അപ്രകാരമുള്ള അനുഭൂതി ഉണ്ടാകുന്നതിനു ദൈവാനുഗ്രഹം ഉണ്ടാകട്ടെ."
"അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ."
"ആഹാരം വസ്ത്രം മുതലായവ മുടങ്ങാതെ തന്ന് ഞങ്ങളെ അവിടുന്ന് രക്ഷിക്കുന്നു. അങ്ങനെ ഞങ്ങളെ സുഖികളാക്കി തീർക്കുന്ന അങ്ങൊരാൾ തന്നെയാണ് ഞങ്ങളുടെ രക്ഷിതാവായ പ്രഭു "
"ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം."
"ആഴി- കടൽ
ഇവിടെ മനുഷ്യനേയും കടലിനേയും താരതമ്യം ചെയ്യുന്നു: കടലിലെ തിരയും കാറ്റും ആഴവും പോലെ സമാനമാണ് ഞങ്ങളും. തിരയ്ക്കു തുല്യമായ മായയും, കാറ്റിനു തുല്യമായ ദൈവമഹിമയും, കടലിൻറെ ആഴത്തെപോലെ അപ്രമേയമായ ദൈവവും എന്നു ഞങ്ങൾക്കു ബോദ്ധ്യമാകണം. അതുകൊണ്ടുണ്ടാകുന്ന അദ്വൈതബുദ്ധിയാൽ ഞങ്ങൾ അനുഗൃഹീതരാകണം."
"നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുളള സാമഗ്രിയായതും."
"സൃഷ്ടിക്കുകയെന്ന ക്രിയയും, അതു നടത്തുന്ന സൃഷ്ടികർത്താവും , ദൈവമേ അങ്ങുതന്നെയാണ്. സൃഷ്ടിക്കപ്പെട്ടു കാണുന്ന എല്ലാ പ്രപഞ്ചഘടകങ്ങളും ദൈവം തന്നെയാണ്. സൃഷ്ടിക്ക് മുമ്പ് അതിനാവശ്യമായിരുന്ന വസ്തുവകകളും, അല്ലയോ ദൈവമേ, അങ്ങുതന്നെയാണ് ."
"നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി-
സ്സായുജ്യം നൽകുമാര്യനും."
"അല്ലയോ ദൈവമേ, പ്രപഞ്ചസൃഷ്ടിക്ക് ഹേതുഭൂതമായ ദൈവശക്തിയും അങ്ങുതന്നെയാണ്. അങ്ങുതന്നെയാണ് ദൈവശക്തിയെ പ്രവർത്തിപ്പിക്കുന്ന ഇന്ദ്രജാലികനും. സൃഷ്ടി സ്ഥിതിപ്രളയങ്ങളാകുന്ന ഇന്ദ്രജാല ലീലകളിൽ രസിക്കുന്നയാളും അവിടുന്നുതന്നെ. ഒടുവിൽ മായാമോഹങ്ങളൊക്കെ അകറ്റി, ശക്തിയെ ഒഴിച്ചു മാറ്റി മോക്ഷം നേടി തരുന്നതും അങ്ങ് തന്നെ."
"നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ."
"ദൈവമേ, നീ സത്യമാണ്. ജ്ഞാനമാണ് ആനന്ദമാണ്. വർത്തമാന കാലവും ഭൂതകാലവും ഭാവികാലവും നീ തന്നെയാണ്. ലോകാനുഭവങ്ങൾക്കൊക്കെ ആശ്രയമായി നിൽക്കുന്ന ശബ്ദവും ആലോചിച്ചു നോക്കിയാൽ അവിടുന്നു തന്നെയാണ്."
"അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക."
"അകവും പുറവും ഇടതിങ്ങി നിറഞ്ഞു നിൽക്കുകയാണ് അങ്ങയുടെ തിരുരൂപം. അങ്ങയെ ഞങ്ങൾ പുകഴ്ത്തുന്നു. അങ്ങ് എപ്പോഴും വിജയിച്ചരുളുമാറാകട്ടെ."
"ജയിക്കുക മഹാദേവ!
ദീനാവനപരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിന്ധോ! ജയിക്കക."
"ദേവന്മാരുടെയെല്ലാം ദേവനായ ദൈവമേ,അങ്ങ് വിജയിച്ചരുളണേ, ദീനന്മാരെ രക്ഷിക്കുന്ന ബോധാനന്ദസ്വരൂപ അവിടുന്ന് വിജയിക്കുമാറാകണേ."
"ആഴമേറും നിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം."
"വളരെ ആഴമുള്ള അങ്ങയുടെ ജ്യോതിസ്സാകുന്ന കടലിൽ ഞങ്ങൾ സമ്പൂർണ്ണമായി മുങ്ങണം. എന്നും അവിടെത്തന്നെ വാഴണം. ആനന്ദം മാത്രം ശാശ്വതമായി അവശേഷിക്കണം"
അവലംബം
തിരുത്തുക- ↑ "http://www.mathrubhumi.com/article.php?id=2848592". നൂറുവയസ്സ് തികഞ്ഞ ദൈവദശകം. www.mathrubhumi.com. Retrieved 5 ഏപ്രിൽ 2014.
{{cite web}}
:|first=
missing|last=
(help); External link in
(help)[പ്രവർത്തിക്കാത്ത കണ്ണി]|title=
- ↑ ദൈവദശകദർശനം, ഡോ.ജി. അനിൽകുമാർ, കുരുക്ഷേത്ര പ്രകാശൻ, കൊച്ചി, 2010 ഏപ്രിൽ
- ↑ ആധുനിക മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ, ഡി.സി. ബുക്സ്, കോട്ടയം, 2009 ഏപ്രിൽ, പേജ് 766
- ↑ നാരായണഗുരു ദൈവദശകം, വ്യാഖ്യാനം -നിത്യ ചൈതന്യ യതി, നാരായണ ഗുരുകുലം പബ്ലിക്കേഷൻ, 1964
- ↑ ശ്രീനാരായണ ഗുരുദേവകൃതികൾ സംമ്പൂ൪ണ വ്യാഖ്യാനം, കേരള ഭാഷ ഇൻസ്റ്റൂറ്റ്യൂട്ട്, 2003
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ദൈവദശകം കേൾക്കാൻ ഇവിടെ ഞെക്കുക.
- ദൈവദശകം പിഡിഎഫ് - ശിവഗിരി മഠം Archived 2013-11-02 at the Wayback Machine.
- ദൈവദശകം പിഡിഎഫ് - എസ് എൻ ഡി പി യോഗം Archived 2013-11-02 at the Wayback Machine.
- ദൈവദശകം ആംഗലേയ ഭാഷയിൽ Archived 2013-11-02 at the Wayback Machine.
- ദൈവദശകം ഹിന്ദി ഭാഷയിൽ
- ആഴിയും തിരയും, ടി എം കൃഷ്ണയുടെ ആലാപനം