ഡെഡാലസ്

(Daedalus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രീക്ക് ഐതിഹ്യത്തിൽ പരാമൃഷ്ടനായ കലാകാരനാണ് ഡെഡാലസ്. ഇദ്ദേഹം എല്ലാ കലാകാരന്മാരുടേയും ശില്പികളുടേയും രക്ഷാധികാരിയായി വർത്തിക്കുന്നു എന്നാണു സങ്കല്പം. മരപ്പണിയുടെയും, മഴു, തോലുളി തുടങ്ങിയ ഉപകരണങ്ങളുടെയും ഉപജ്ഞാതാവ് ഇദ്ദേഹമാണെന്നാണ് ഗ്രീക്കു വിശ്വാസം. കലാകാരനെന്ന നിലയിൽ ഡെഡാലസ് അദ്വിതീയനായിരുന്നു. മനുഷ്യനെ തുറന്ന മിഴികളോടെയും, ചലനത്തെ സൂചിപ്പിക്കുന്ന പാദങ്ങളോടെയും ചിത്രീകരിച്ചത് ഇദ്ദേഹമാണ്. ആഫ്രോഡൈറ്റ് ക്ഷേത്രത്തിനു വേണ്ടി ഡെഡാലസ് നിർമിച്ച സുവർണമധുകോശം (golden honeycont) ലോഹപ്പണിയിൽ ഇദ്ദേഹത്തിനുള്ള നിർമ്മാണകലാവൈഭവത്തിനു നിദർശനമായി നിലകൊള്ളുന്നു.

ഡഡാലസ് തന്റെ പുത്രൻ ഇകാരസിനുവേണ്ടി ചിറകുകൾ സൃഷ്ടിക്കുന്നു

മികച്ച കലാപാടവം

തിരുത്തുക

തന്റെ അനന്തരവനും ശിഷ്യനുമായ ടാലോസ് അഥവാ പെർഡിക്സ് (Jalos or Perdise) പ്രതിഭയിലും പാടവത്തിലും തന്നെ കടത്തിവെട്ടുമെന്ന് തോന്നിയപ്പോൾ ഡെഡാലസ് അയാളെ വധിക്കുന്നതിനുപോലും മടിച്ചില്ല. നിയമാധിപൻ ഇതിനു കടുത്ത ശിക്ഷ വിധിച്ചപ്പോൾ ഇദ്ദേഹം ക്രേറ്റ് (Crete) എന്ന രാജ്യത്തിലേക്ക് പലായനം ചെയ്തു. ഇവിടെ മിനോസ് രാജാവിന്റെ (King Minos) പത്നിയായ പസിഫിയേ (Pasiphae) ക്കുവേണ്ടി ഇദ്ദേഹം ജീവനുണ്ടെന്നു തോന്നുന്നതരത്തിലുള്ള ഒരു പശുവിനെ നിർമിച്ച് തന്റെ കലാപാടവം പ്രകടമാക്കി.മിനൊട്ടൗർ (Minotaur) എന്ന രാക്ഷസനെ സൂക്ഷിക്കാനായി രക്ഷപ്പെടാനാവാത്തവിധം ദുരൂഹമായ ലാബ്രിന്ത് സൃഷ്ടിച്ച് ഡെഡാലസ് ഖ്യാതിനേടി.

ഇകാരസിന്റെ മുങ്ങിമരണം

തിരുത്തുക

എഥീനിയൻ നായകനായ തീസിയസ്സിന് (Theseus)നെ ഈ ഗൂഢഗുഹാമാർഗ്ഗത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗം ഉപദേശിച്ചു കൊടുത്തുവെന്ന കുറ്റത്തിന് ഡെഡാലസ് മിനോസ് രാജാവിന്റെ അപ്രീതിക്കു പാത്രമായി. തന്മൂലം ഡെഡാലസും പുത്രനായ ഇകാരസും (Icarus) ഇതേ സ്ഥാനത്ത് തടവുകാരാക്കപ്പെട്ടു. അവിടെനിന്നും രക്ഷപ്പെടുവാനായി ഡെഡാലസ്, രണ്ട് ജോടി ചിറകുകൾക്ക് രൂപം നൽകി. ഈ ചിറകുകൾ മെഴുകുകൊണ്ടാണ് ഉറപ്പിച്ചിരുന്നത്. ഈ ചിറകുകളുടെ സഹായത്താൽ പറന്ന് രക്ഷപ്പെടാൻ ശ്രമിച്ചവേളയിൽ സൂര്യന്റെ തീക്ഷ്ണ കിരണങ്ങളേറ്റ് ഇകാരസിന്റെ ചിറകിലെ മെഴുക് ഉരുകാനിടവരുകയും തൽഫലമായി ഇകാരസ് സമുദ്രത്തിൽ നിപതിക്കുകയും ചെയ്തു. ഇകാരസ് മുങ്ങിപ്പോയ സമുദ്രം ഇപ്പോൾ ഇകാരിയൻ (Icarian) സമുദ്രം എന്ന പേരിൽ അറിയപ്പെടുന്നു എന്നാണ് ജനങ്ങൾ വിശ്വസിച്ചുപോരുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെഡാലസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡെഡാലസ്&oldid=3633329" എന്ന താളിൽനിന്ന് ശേഖരിച്ചത്