കൺസിലിയർവാദം

(Conciliarism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

14, 15, 16 നൂറ്റാണ്ടുകളിൽ കത്തോലിക്കാസഭയിൽ പ്രചരിച്ചിരുന്ന ഒരു നവീകരണാശയമാണ് കൺസിലിയർവാദം. സഭയിലെ പരമാധികാരം, മാർപ്പാപ്പായിൽ എന്നതിലുപരി സഭാസമൂഹത്തിന്റെ പ്രതിനിധിസമ്മേളനമായ സാർവത്രികസൂനഹദോസിൽ നിക്ഷിപ്തമാണെന്ന വാദമായിരുന്നു ഇതിന്റെ അടിസ്ഥാനം. കൺസീലിയർവാദത്തിന്റെ വേരുകൾ സഭയുടെ ആദിമചരിത്രത്തോളം ചെന്നെത്തുന്നു. സഭയുടെ ചിന്തയേയും ചരിത്രത്തേയും മൗലികമായി സ്വാധീനിച്ച പല തീരുമാനങ്ങളും രൂപപ്പെട്ടത് നിഖ്യായിലേയും മറ്റും ആദ്യകാലസൂനഹദോസുകളിൽ ആയിരുന്നു. പിൽക്കാലത്ത് റോം കേന്ദ്രമാക്കിയുള്ള അധികാരഘടന ബലപ്പെട്ടതോടെ സഭാസമ്മേളനങ്ങളുടെ പ്രാധാന്യം കുറഞ്ഞു. എങ്കിലും മദ്ധ്യയുഗങ്ങളുടെ അന്തിമഘട്ടത്തിൽ, യൂറോപ്യൻ രാജനീതിയിൽ ദേശീയതകൾ ശക്തിപ്പെട്ടതോടെ, ആ മാറ്റം പ്രതിഫലിക്കും വിധമുള്ള പുനർനിർമ്മിതി സഭയുടെ അധികാരശ്രേണിയിലും വേണമെന്ന വാദം പ്രബലമായി. പതിനാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പാദുവായിലെ മാർസിലിയസിന്റെയും ഓക്കമിലെ വില്യമിന്റേയും രചനകൾ, രാജനീതിയിലേയും മതത്തിലേയും അധികാരഘടനകളിൽ പ്രാതിനിധ്യസ്വഭാവം ലക്ഷ്യമാക്കിയുള്ള പുനർനിർമ്മിതിക്കു വേണ്ടി വാദിച്ചു.[1]

റോമും ഫ്രഞ്ചുസ്വാധീനമേഖലയിലുള്ള അവിഞ്ഞോണും ആസ്ഥാനമാക്കി രണ്ടു മാർപ്പാപ്പാമാരെ കേന്ദ്രീകരിച്ചു 1378 മുതൽ 1417 വരെ കത്തോലിക്കാ സഭയിൽ നിലനിന്ന പാശ്ചാത്യശീശ്മയുടെ വിപൽഘട്ടം ഈ നവീകരണാശയത്തെ ശക്തിപ്പെടുത്തി. പരമാദ്ധ്യക്ഷതലത്തിൽ സഭക്ക് നഷ്ടപ്പെട്ടിരുന്ന ദിശാബോധം പുനഃസ്ഥാപിക്കാനുള്ള അധികാരവും ചുമതലയും സഭാസമൂഹത്തിനാണെന്ന വിശ്വാസം ബലപ്പെട്ടു. ശീശ്മയുടെ പരിഹാരത്തിനായി സംഘടിക്കപ്പെട്ട രണ്ടു സൂനഹദോസുകളുടേയും ആശയപരമായ അടിത്തറ കൺസിലിയർവാദമായിരുന്നു. അവയിൽ, 1409-ൽ സംഘടിപ്പിക്കപ്പെട്ട പിസായിലെ സൂനഹദോസ് ലക്ഷ്യം കണ്ടില്ല. 1414 മുതൽ 1418 വരെ സമ്മേളിച്ച കോൺസ്റ്റൻസ് സൂനഹദോസ്, ശീശ്മ അവസാനിപ്പിക്കുന്നതിൽ വിജയിച്ചതിനു പുറമേ, "ഹേക്ക് സാംഗ്ടാ സിനോഡാസ്" (Haec sancta synodas) എന്ന പ്രഖ്യാപനത്തിൽ, സഭയിലെ പരമാധികാരത്തിന്റെ ഇരിപ്പിടമെന്ന നിലയിൽ അതിന്റെ സ്ഥാനം മാർപ്പാപ്പായ്ക്കു മേലാണെന്ന് അവകാശപ്പെടുകയും ചെയ്തു:-

നിശ്ചിതമായ കാലയിളവുകളിൽ സഭാസമ്മേളനങ്ങൾ വിളിച്ചുകൂട്ടാൻ വ്യവസ്ഥ ചെയ്യുന്ന ഒരു പ്രഖ്യാപനവും ('Frequens') ആ സൂനഹദോസിന്റെ തീരുമാനങ്ങളിൽ പെടുന്നു.[3] കൺസിലിയർവാദം ഏറ്റവും തീവ്രരൂപത്തിൽ ആവിഷ്കരിക്കപ്പെട്ടത് 1431-49 കാലത്തു സ്വിറ്റ്സർലണ്ടിലെ ബേസലിൽ നടന്ന സൂനഹദോസിൽ ആയിരുന്നെങ്കിലും ആ സമ്മേളനം തീരുമാനത്തിലെത്താതെ പിരിഞ്ഞു.

ഈ നവീകരണസിദ്ധാന്തത്തിന്റെ ലക്ഷ്യം മാർപ്പാപ്പാമാരുടെ അധികാരത്തിന്റെ നിയന്ത്രണം ആയിരുന്നെങ്കിലും അതുയർത്തിയ തർക്കത്തിൽ അസന്ദിഗ്ധമായ അന്തിമവിജയം മാർപ്പാപ്പാമാരുടേതായിരുന്നു. കോൺസ്റ്റൻസിൽ തെരഞ്ഞെടുക്കപ്പെട്ട അർബൻ അഞ്ചാമൻ മാർപ്പാപ്പ പോലും ആ സൂനഹദോസിന്റെ കൺസിലിയർസമീപനം അംഗീകരിച്ചില്ല. 1460-ൽ പീയൂസ് രണ്ടാമൻ മാർപ്പാപ്പ 'എക്സിക്രബിലിസ്' (തിരസ്കരണീയം) എന്ന ചാക്രികലേഖനത്തിൽ 'കൺസിലിയർവാദത്തെ ശപിച്ചു.[4] 1512-17-ലെ അഞ്ചാം ലാറ്ററൻ സൂനഹദോസും ഈ സിദ്ധാന്തത്തെ തള്ളിപ്പറഞ്ഞു. 1870-ൽ ഒൻപതാം പീയൂസ് മാർപ്പാപ്പായുടെ കാലത്തു നടന്ന ഒന്നാം വത്തിക്കാൻ സൂനഹദോസ് മാർപ്പാപ്പയുടെ അപ്രമാദിത്വം വിശ്വാസസത്യമായി പ്രഖ്യാപിച്ചതോടെ കൺസിലിയർവാദത്തിന്റെ തിരസ്കാരം പൂർണ്ണമായി.

  1. ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം (പുറം 470)
  2. Constance and its Aftermath: The Legacy of Conciliar Theory, River Campus Libraries, University of Rochester
  3. Cristoraul.com, MANDELL CREIGHTON, THE COUNCIL OF CONSTANCE (1414-18)[പ്രവർത്തിക്കാത്ത കണ്ണി], (അദ്ധ്യായം VII)
  4. വിവിയൻ ഗ്രീൻ, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 97-98)
"https://ml.wikipedia.org/w/index.php?title=കൺസിലിയർവാദം&oldid=3630250" എന്ന താളിൽനിന്ന് ശേഖരിച്ചത്