ക്രിസ്തുമസ് കരോൾ

(Christmas carol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്തുമസുമായി ബന്ധപ്പെട്ട് പാടുന്ന പാട്ടുകളാണ് ക്രിസ്തുമസ് കരോൾ. സാധാരണയായി ക്രിസ്തുമസ് ദിനത്തിലോ ആ കാലങ്ങളിലോ ആണ് കരോൾ ഗാനങ്ങൾ പാടാറ്.

പദോൽപത്തി

തിരുത്തുക

ഫ്രഞ്ച് വാക്കായ കാരൾ(carole) എന്നതിന് വട്ടത്തിൽ നൃത്തം ചെയ്യുക എന്നാണ് അർത്ഥം. ലാറ്റിൻ വാക്കായ കൊറൗല(choraula) എന്ന വാക്കിന് ഗായകരോടൊപ്പം വട്ടത്തിൽ നൃത്തം ചെയ്യുക എന്നും കൊറൗലെസ് (choraules) എന്ന വാക്കിന് ഓടക്കുഴലിനൊപ്പം നൃത്തം ചെയ്യുക എന്നുമാണ് അർഥം. ഓടക്കുഴൽ വായനക്കാരൻ എന്നർത്ഥമുള്ള ഗ്രീക്ക് വാക്കായ കൊറൗലെസ്(khoraules) എന്ന വാക്കുമായും കരോൾ ബന്ധപ്പെട്ടിരിക്കുന്നു[1]. കരോൾ എന്ന വാക്കിന് ഇപ്പോൾ നൽകുന്ന അർഥം ആനന്ദഗീതം, ഹര്ഷഗീതം എന്നൊക്കെയാണ്.

ചരിത്രം

തിരുത്തുക

കരോൾ ആദ്യമായി പാടിയത് ആയിരക്കണക്കിന് വർഷങ്ങൾക്കുമുൻപ് യൂറോപ്പിലാണ്. എന്നാൽ അത് ക്രിസ്‌തുമസ്‌ കരോൾ ആയിരുന്നില്ല. ദക്ഷിണായനാന്ത (ഡിസംബർ 21 -23 ) ആഘോഷത്തിന് അക്രൈസ്‌തവർ നൃത്തം ചെയ്ത് ആലപിക്കാറുള്ള ഗാനങ്ങളായിരുന്നു. എല്ലാ കാലങ്ങളിലും കരോൾ എഴുതപ്പെടുകയും ആലപിക്കപ്പെടുകയും ചെയ്തിരുന്നെങ്കിലും ക്രിസ്തുമസിന് ആലപിക്കുന്ന പാരമ്പര്യം മാത്രമേ അവശേഷിച്ചുള്ളൂ[2]. ആദ്യ ക്രിസ്ത്യാനികൾ അയനാന്തകാലത്തെ ആഘോഷരീതി ഏറ്റെടുത്ത് ക്രിസ്തുമസിന് ക്രിസ്ത്യൻ ഗാനങ്ങൾ ആലപിക്കുന്ന രീതി കൊണ്ടുവന്നു. എ. ഡി. 129-ലാണ് ആദ്യമായി ക്രിസ്തുമസ് ഗാനം രചിക്കപ്പെട്ടതായി രേഖകളുള്ളത്. ലാറ്റിനിൽ എഴുതപ്പെട്ട ഇവ അപ്പോൾ സ്തോത്രങ്ങൾ(Hymns) എന്നാണ് അറിയപ്പെട്ടിരുന്നത്. എട്ടാം നൂറ്റാണ്ടുമുതൽ പലരും ക്രിസ്തുമസ് കരോളുകൾ രചിക്കാൻ തുടങ്ങി. എന്നാൽ ഇവ ലാറ്റിനിൽ ആയിരുന്നു. ലാറ്റിൻ മനസ്സിലാകുന്നവർ കുറവായതിനാൽ അധികം പേർ കരോളിൽ താല്പര്യം കാണിച്ചില്ല. 1200 -കളോടെ ക്രിസ്തുമസ് ആഘോഷിക്കുവാനുള്ള താല്പര്യം തന്നെ ഏറെക്കുറെ നഷ്ടമായി. ഇത് മാറിയത് 1223-ൽ വി. ഫ്രാൻസിസ് അസ്സീസ്സി ഇറ്റലിയിൽ തദ്ദേശീയമായ നാടകങ്ങൾ നടത്തിയതോടെയാണ്[3]. ഇതിൽ ലഘു സ്തോത്രങ്ങളും ഗാനങ്ങളും ഉൾപ്പെടുത്തിയാണ് കഥ പറഞ്ഞത്. ചില ഭാഗങ്ങൾ ലാറ്റിനിലാണെങ്കിലും മിക്ക ഭാഗവും ആളുകൾക്ക് മനസ്സിലാകുന്ന ഭാഷകളിലായിരുന്നു. ഈ കഥകൾ മിക്കതും ബൈബിളിൽ നിന്നുള്ളതല്ലായിരുന്നു. ഈ കരോളുകൾ ഫ്രാൻസിലേക്കും സ്പെയിനിനെക്കും ജർമനിയിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു. പള്ളികളിലേക്കാൾ കൂടുതൽ വീടുകളിലും തെരുവുകളിലും ആയിരുന്നു ആലപിക്കാറ്‌. ആദ്യ കരോൾ 1410-ലാണ് എഴുതപ്പെട്ടത്. പരിശുദ്ധ മറിയവും യേശുവും ബെത്ലെഹെമിൽ പലരെയും കണ്ടുമുട്ടുന്നതിനെക്കുറിച്ചായിരുന്നു ആ കരോൾ. ഈ കാലഘട്ടത്തിലെ കരോളുകളിൽ മിക്കതും യഥാർത്ഥ കഥകളല്ലായിരുന്നു. 1647-ൽ ഇംഗ്ളണ്ടിൽ ഒലിവർ ക്റോംവെലും പ്യൂരിറ്റന്മാർ അധികാരത്തിൽ വന്നപ്പോൾ ക്രിസ്തുമസ് ആഘോഷവും കരോൾ ആലാപനവും നിലച്ചു. എന്നാൽ രഹസ്യമായി കരോളുകൾ തുടരുന്നുണ്ടായിരുന്നു.വിക്ടോറിയൻ കാലഘട്ടം വരെ കരോൾ നിശ്ചലമായിരുന്നു. വില്യം സാൻഡിസ്, ഡേവിസ് ഗിൽബെർട് എന്നിവർ ഇംഗ്ളണ്ടിലെ പഴയതും പുതിയതുമായ ക്രിസ്തുമസ് ഗാനങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. അങ്ങനെ ക്രിസ്തുമസ് ഗാനാലാപനം പുനരുജ്ജീവിപ്പിച്ചു. വീടുകളിലൂടെ കയറി ഇറങ്ങിയുള്ള കരോൾ ആരംഭിച്ചു. കരോൾ ആലാപനം ജനപ്രിയമാകുന്നതിനുമുന്പ് ഔദ്യോഗിക കരോൾ ഗായകരുണ്ടായിരുന്നു. ക്രിസ്തുമസ് രാത്രി മാത്രം പാടുന്ന അവർക്കു മാത്രമേ ആളുകളിൽ നിന്നും പണം മേടിക്കുവാനുള്ള അവകാശമുണ്ടായിരുന്നുള്ളു. പിന്നീട് പുതിയ കരോൾ രീതികൾ വരുകയും കൂടുതൽ ജനപ്രിയമാകുകയും ചെയ്തു. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടെ ക്രിസ്തുമസ് വേനൽക്കാലത്താണ്. ഇവിടെ മെഴുകുതിരി കത്തിച്ച് ക്രിസ്തുമസിന് മുൻപ് പുറത്ത് കരോൾ സംഗീതമേള വയ്ക്കുന്ന രീതിയുണ്ട്. ആദ്യം മെൽബണിൽ നടത്തിയ ‘കരോൾ ബൈ കാൻഡിൽലൈറ്റ്’ എന്ന പരിപാടി പിന്നീട് പലയിടങ്ങളിൽ നടത്താറുണ്ട്. പ്രസിദ്ധരായ പാട്ടുകാരും മറ്റും പങ്കെടുക്കുന്ന ഈ പരിപാടിയിൽ കാണികൾ കത്തിച്ച തിരിയുമായി പങ്കുചേരും.


പ്രസിദ്ധ കരോൾ ഗാനങ്ങൾ

തിരുത്തുക
  • സൈലന്റ് നൈറ്റ്
  • ഓ ഹോളി നൈറ്റ്
  • ഓ കം ഓൾ യെ ഫെയ്‌ത്ഫുൾ
  • ജോയ് ടു ദി വേൾഡ്
  • ദി ഫസ്റ്റ് നോയൽ
  • ഹാർക് ദി ഹെറാൾഡ് എയ്ന്ജൽസ് സിങ്
  • ഡെക്ക് ദി ഹാൾസ്
  • ഐ സോ ത്രീ ഷിപ്‌സ്
  • ദി എയ്ന്ജൽസ് സോങ്
  • എവേ ഇൻ എ മെയ്ൻജെർ
  1. "etymology".
  2. "carols_history".
  3. "history".
"https://ml.wikipedia.org/w/index.php?title=ക്രിസ്തുമസ്_കരോൾ&oldid=2901902" എന്ന താളിൽനിന്ന് ശേഖരിച്ചത്