വധശിക്ഷ ഡെന്മാർക്കിൽ
ഡെന്മാർക്കിൽ വധശിക്ഷ (Danish: Dødsstraf - "മരണ ശിക്ഷ") സമാധാനകാലത്തുള്ള കുറ്റങ്ങൾക്ക് നൽകുന്നത് 1930 മുതലും യുദ്ധസമയത്ത് നൽകുന്നത് 1978 മുതലും നിർത്തലാക്കപ്പെട്ടിട്ടുണ്ട്. സമാധാനകാലത്തെ അവസാന വധശിക്ഷ നടപ്പാക്കിയത് 1892-ലാണ്. രണ്ടാം ലോകമഹായുദ്ധക്കാലത്തിന് ശേഷം (1945-1950) രാഷ്ട്രീയ ശുദ്ധീകരണം എന്ന നിലയിൽ വധശിക്ഷകൾ നടന്നിട്ടുണ്ട്. വധശിക്ഷ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന ഒരു രാഷ്ട്രീയപ്പാർട്ടിപോലും ജനപ്രതിനിധി സഭയിൽ ഇല്ല. 2006-ൽ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പു പ്രകാരം ജനസംഖ്യയുടെ അഞ്ചിലൊന്ന് ചില കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നതിനെ അനുകൂലിച്ചിരുന്നു. 1999-ലെ സർവേയിലും ഈ ഫലം തന്നെയാണ് ലഭിച്ചത്. [1]
ചരിത്രം
തിരുത്തുകമറ്റു യൂറോപ്യൻ രാജ്യങ്ങളെപ്പോലെ ഡെന്മാർക്കും സർക്കാർ നിയമിച്ച ആരാച്ചാരെയുപയോഗിച്ചാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്. ആരാച്ചാർക്ക് രാജാവിന്റെ ഉദ്യോഗസ്ഥനു തുല്യമായ സ്ഥാനമുണ്ടായിരുന്നു.
പൊതുജനങ്ങൾക്കുമുന്നിൽ നടന്ന അവസാന വധശിക്ഷ 1882-ൽ ലോല്ലാൻഡിലാണ് നടന്നത്. ആൻഡ്രെസ് നീൽസൺ എന്നയാളാണ് വധിക്കപ്പെട്ടത്. പീനൽ കോഡിനു കീഴിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അവസാന വ്യക്തി ജെൻസ് നീൽസൺ ആയിരുന്നു. മൂന്നു തവണ വധശ്രമം നടത്തിയെന്ന കുറ്റത്തിനു ശിക്ഷിക്കപ്പെട്ട അയാളെ 1892 നവംബർ 8-ന് ജയിലിൽ വച്ചാണ് മഴുവുപയോഗിച്ച് ശിരച്ഛേദത്തിലൂടെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. രണ്ടു വട്ടവും ആരാച്ചാർ ജെൻസ് കാൾ തിയഡോർ സൈസ്ട്രുപ് എന്നയാളായിരുന്നു ആരാച്ചാർ. ഇദ്ദേഹത്തിനു ശേഷം ഉദ്യോഗത്തിൽ പ്രവേശിച്ച കാൾ പീറ്റർ ഹെർമാൻ ക്രിസ്റ്റൻസൺ 1906 ആഗസ്റ്റ് 27 മുതൽ 1926 ഏപ്രിൽ 1 വരെ ഉദ്യോഗത്തിലിരുന്നെങ്കിലും ഒറ്റത്തവണ പോലും വധശിക്ഷ നടപ്പാക്കേണ്ടി വന്നിട്ടില്ല.
1800കളിലെ ആദ്യ പതിറ്റാണ്ടു മുതൽ വധശിക്ഷകൾ ഡെന്മാർക്കിലെ രാജാവ് ജീവപര്യന്തമായി കുറയ്ക്കുമായിരുന്നു. 1892-നു ശേഷം വധശിക്ഷകൾ വിധിക്കപ്പെടുമായിരുന്നെങ്കിലും നടപ്പിലാക്കുമായിരുന്നില്ല. ഇത്തരത്തിലുള്ള അവസാന ശിക്ഷ വിധിക്കപ്പെട്ടത് 1928 ജൂൺ 13-നായിരുന്നു (ഇതും നടപ്പാക്കപ്പെട്ടില്ല).
1933-ലെ വധശിക്ഷ നിർത്തലാക്കൽ
തിരുത്തുക1933 ജനുവരി 1-ന് ഡെന്മാർക്ക് പഴയ പീനൽ കോഡ് (1866 ഫെബ്രുവരി 10-ന് നിലവിൽ വന്നത്) പ്രകാരമുള്ള വധശിക്ഷകൾ നിർത്തലാക്കാൻ തീരുമാനിച്ചു. ഇതോടൊപ്പം തന്നെ പുതിയ പീനൽ കോഡ് നിലവിൽ വരുകയും ചെയ്തു. [2] സൈനിക നിയമപ്രകാരമുള്ള വധശിക്ഷകൾ പക്ഷേ നിയമത്തിൽ തുടർന്നും നിലകൊണ്ടു.
1945-നു ശേഷമുള്ള ശുദ്ധീകരണം
തിരുത്തുകഡെന്മാർക്കിനെ കീഴടക്കിയ ശേഷം മൂന്നു പ്രത്യേക നിയമങ്ങൾ പീനൽ കോഡിന്റെ ഭേദഗതികൾ എന്ന നിലയിൽ നിലവിൽ വന്നു. [3] ഇവയിൽ മൂന്നിലും രണ്ടാം ലോക മഹായുദ്ധസമയത്ത് നടത്തിയ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. ശുദ്ധീകരണ പ്രവർത്തനങ്ങളുടെ (Danish: Retsopgøret) ഭാഗമായിരുന്നു ഈ നിയമങ്ങൾ. കടുത്ത യുദ്ധക്കുറ്റവാളികളെ വധിക്കണമെന്ന പൊതുജനാഭിപ്രായം ഈ നിയമങ്ങൾക്കൊപ്പമുണ്ടായിരുന്നു. ക്രൂരമായ കൊലപാതകങ്ങൾക്കും പീഡനങ്ങൾക്കും പിന്നിലുണ്ടായിരുന്ന എച്ച്.ഐ.പി.ഒ. സൈനികർ (HIPO Corps), ഗെസ്റ്റപ്പോ ഉദ്യോഗസ്ഥർ|HIPO]] എന്നിവരെ യുദ്ധക്കുറ്റവാളികളായി കണക്കാക്കിയിരുന്നു. പൊതുജനങ്ങളുടെ വിവരങ്ങൾ ചോർത്തി രഹസ്യാന്യോഷണ ഏജൻസികൾക്കു നൽകിയിരുന്നവരെയും ഇക്കൂട്ടത്തിൽ പെടുത്തിയിരുന്നു. നാസി ജർമനിയുടെ കീഴിലായിരുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡെന്മാർക്കിൽ അധിനിവേശ സർക്കാരിനോട് അനുഭാവം കാണിച്ചവരെയും ഒരുമിച്ചു പ്രവർത്തിച്ചവരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നില്ല.
ഏകദേശം 13,500 ആൾക്കാരെ രാജ്യദ്രോഹികളോ രാജ്യത്തെ തള്ളിപ്പറഞ്ഞവരോ അധിനിവേശ ശക്തികളുമായി ഒരുമിച്ചു പ്രവർത്തിച്ചവരോ ആയി കണക്കാക്കപ്പെട്ടു ശിക്ഷ നൽകിയിരുന്നു. ഇവരിൽ 76 പേർക്ക് വധശിക്ഷയാണ് ലഭിച്ചത്. ഇതിൽ 46 ശിക്ഷകൾ നടപ്പാക്കപ്പെട്ടു. ഇത്തരത്തിലുള്ള അവസാന ശിക്ഷ 1950 ജൂണിലാണ് നടന്നത്. ബാക്കി 30 പേർക്കും മാപ്പു നൽകപ്പെട്ടു. സ്വയം തയ്യാറായി മുന്നോട്ടു വന്ന 10 പോലീസുകാർ ഉൾപ്പെട്ട ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ചാണ് വധശിക്ഷകൾ നടപ്പാക്കപ്പെട്ടിരുന്നത്. വധശിക്ഷ നടപ്പാക്കപ്പെട്ട സ്ഥലങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലവിലുണ്ട്. [4][5][6]
ഈ മൂന്ന് നിയമങ്ങളിലെയും വധശിക്ഷ നൽകാനുള്ള വ്യവസ്ഥ 1951-ൽ എടുത്തു കളയപ്പെട്ടു. പക്ഷേ നിയമങ്ങളുടെ മുഖവുരയിൽ വധശിക്ഷയെപ്പറ്റി പ്രതിപാദിച്ചിരുന്നതിനാൽ, ഒരു പുതിയ ഭേദഗതിയിലൂടെ 1993 ഡിസംബർ 22-ന് പാർലമെന്റ് വധശിക്ഷ അന്തിമമായി നീക്കം ചെയ്തു. ഇത് 1994 ജനുവരി 1-ന് പ്രാബല്യത്തിൽ വന്നു. [7]
രാഷ്ട്രീയ ചരിത്രം
തിരുത്തുകനാസി ജർമനി ഡെന്മാർക്കിൽ അധീശം സ്ഥാപിച്ചിരുന്ന 1943 സമയത്തു തന്നെ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഡാനിഷ് ഫ്രീഡം കൗൺസിൽ യുദ്ധശേഷം ഡെന്മാർക്ക് ജനാധിപത്യത്തിന്റെ പാതയിലേയ്ക്ക് എങ്ങനെ തിരികെ വരണം എന്നതിനെപ്പറ്റിയുള്ള അഭിപ്രായങ്ങൾ പരസ്യപ്പെടുത്തിയിരുന്നു. യുദ്ധക്കുറ്റവാളികളെയും ഡെന്മാർക്കിന്റെ സ്വാതന്ത്ര്യത്തെയും നിയമവ്യവസ്ഥയെയും തകിടം മറിക്കുകയും ചെയ്തവരെ വിചാരണചെയ്യുക എന്നതും അവരുടെ ആവശ്യങ്ങളിൽ പെട്ടിരുന്നു. മുൻകാല പ്രാബല്യമുള്ള നിയമങ്ങൾ കൊണ്ടുവരുന്നതിനോട് ഇവർക്ക് അനുകൂല അഭിപ്രായമാണുണ്ടായിരുന്നതെങ്കിലും വധശിക്ഷയോട് എതിർപ്പാണുണ്ടായിരുന്നത്. [8]
അധിനിവേശത്തിന്റെ അവസാന രണ്ടു വർഷങ്ങളിൽ ഡാനിഷ് വിമോചനപ്പോരാളികളെ അതികഠിനമായി അടിച്ചമർത്തുകയും പീഡിപ്പിക്കുകയും വധിക്കുകയും മറ്റും ചെയ്തിരുന്നു. പൊതുജനാഭിപ്രായം യുദ്ധാനന്തരം വധശിക്ഷ ഉപയോഗിക്കുന്നതിനനുകൂലമായിരുന്നു. വിമോചനത്തിനു മുന്നേ ഫ്രീഡം കൗൺസിൽ അഭിഭാഷകരുടെ ഒരു രഹസ്യ കൗൺസിൽ രൂപീകരിച്ച് ഒരു യുദ്ധക്കുറ്റ നിയമത്തിന്റെ കരട് തയ്യാറാക്കിയിരുന്നു. ഇതിൽ വധശിക്ഷയും ഉൾക്കൊള്ളിച്ചിരുന്നു. പ്രധാനമന്ത്രി ഉദ്യോഗസ്ഥരും ന്യായാധിപരുമടങ്ങുന്ന മറ്റൊരു കൗൺസിൽ രൂപീകരിച്ചു. ഇതോടെ നിയമനിർമ്മാണത്തിന് രണ്ടു നിർദ്ദേശങ്ങൾ ഉണ്ടായി. ഒരു പ്രധാന വ്യത്യാസം നിയമത്തിന് ഡാനിഷ് സർക്കാർ രാജിവച്ച 1943 ആഗസ്റ്റ് 29 വരെയാണോ അതോ അധിനിവേശം തുടങ്ങിയ 1940 ഏപ്രിൽ 9 വരെയാണോ പൂർവകാല പ്രാബല്യമുണ്ടാവുക എന്നായിരുന്നു. വിമോചനപ്രവർത്തകരുടെ വാദം ജയിക്കുകയും നിയമത്തിന് അധിനിവേശം മുതലുള്ള പൂർവകാല പ്രാബല്യം വരുകയും ചെയ്തു.
പീനൽ കോഡിന്റെ ഭേദഗതി ബിൽ പാർലമെന്റിൽ 1945 മേയ് 26 മുതൽ 30 വരെ ചർച്ച ചെയ്തു. 1945 മേയ് 5-ന് വിമോചനം നടന്ന് മൂന്നാഴ്ച്ചകൾക്കു ശേഷമാണ് ഇതുണ്ടായത്. അധോസഭയിലെ 127 അംഗങ്ങൾ നിയമത്തിനനുക്കുലമായി വോട്ട് ചെയ്തപ്പോൾ ജസ്റ്റിസ് പാർട്ടിയുടെ 5 അംഗങ്ങൾ വധശിക്ഷയോടുള്ള എതിർപ്പുകാരണം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 19 അംഗങ്ങൾ ഹാജരുണ്ടായിരുന്നില്ല. മേയ് 31-ന് ഉപരിസഭയിൽ ഒന്നിനെതിരേ 67 വോട്ടുകൾക്ക് നിയമം പാസായി. 8 പേർ ഹാജരുണ്ടായിരുന്നില്ല.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ കാൾ ക്രിസ്റ്റ്യൻ സ്റ്റൈങ്കെ (ഇദ്ദേഹമൊരു അഭിഭാഷകനായിരുന്നു) അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെയാണ് പ്രകടിപ്പിച്ചത്:[9]
1939-ൽ ആറു വർഷങ്ങൾക്കു ശേഷം ഞാൻ വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ലിനനുകൂലമായി പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ അയാൾ സ്വബോധമുള്ളവനാണെന്ന് ഞാൻ കരുതുമായിരുന്നില്ല. പക്ഷേ അതിനു ശേഷം കാടത്തവും നിയമരാഹിത്യവുമാണ് രാജ്യത്തുണ്ടായിരുന്നത്. നിയമവാഴ്ച്ചയുടെ സാധാരണ സ്ഥിതിക്ക് ആഴത്തിൽ മുറിവേൽപ്പിക്കപ്പെട്ടു. ഞാൻ മുറിവേറ്റ പൊതുജന വികാരത്തോട് അടുത്താണ് നിലകൊള്ളൂന്നത്. നമുക്ക് ഈ കുറ്റവാളികളെ കൈകാര്യം ചെയ്യണം. പകരം വീട്ടണമെന്ന മോഹം കൊണ്ടല്ല, മറിച്ച് സാധാരണ സ്ഥിതിയിലേയ്ക്ക് നമുക്ക് തിരിച്ചു വരേണ്ടതുള്ളതുകൊണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ശുദ്ധീകരണം പരക്കെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചെറിയ കുറ്റങ്ങൾക്ക് ശിക്ഷ പെട്ടെന്നും കൂടുതൽ കണിശമായുമായിരുന്നു കൊടുക്കപ്പെട്ടിരുന്നത്. കൂടുതൽ കഠിനമായ കുറ്റങ്ങൾക്കുള്ള വിചാരണ കൂടുതൽ സമയമെടുത്തതുകൊണ്ട് അത്രയ്ക്ക് കണിശമായിരുന്നില്ല (അപ്പോഴേയ്ക്കും യുദ്ധശേഷമുണ്ടായിരുന്ന ജനവികാരം തണുത്തിരുന്നു). വിമർശിക്കപ്പെട്ട് മറ്റൊരു കാര്യം നിയമത്തിന്റെ പൂർവകാല പ്രാബല്യമായിരുന്നു. വധശിക്ഷ പുനരാരംഭിച്ചില്ലെങ്കിൽ കുറ്റവാളികൾക്കെതിരേ പൊതുജനരോഷമുണ്ടാകുമെന്നും ജനങ്ങൽ നിയമം കയ്യിലെടുക്കാൻ സാദ്ധ്യതയുണ്ടെന്നുമായിരുന്നു വധശിക്ഷയെ അനുകൂലിച്ചവരുടെ വാദം. 1945-ലെ ഒരു അഭിപ്രായ സർവേയിൽ 90 ശതമാനം ആൾക്കാരും ചില യുദ്ധക്കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്നതിന് അനുകൂലമായിരുന്നു. [10]
ഈ വസ്തുതകൾ ചരിത്രകാരൻ ഡിറ്റ്ലേവ് ടാം രേഖപ്പെടുത്തിയിട്ടുണ്ട്. [11]
ശീതയുദ്ധസമയം
തിരുത്തുക1952-ൽ ഡെന്മാർക്ക് യുദ്ധസമയത്ത് അതിയായ ദുഷ്ടലാക്കോടെ ചെയ്യുന്ന ചില കുറ്റങ്ങൾക്ക് (കൊലപാതകം, രാജ്യദ്രോഹം, രാജ്യത്തെ തള്ളിക്കളഞ്ഞുകൊണ്ട് പ്രവർത്തിക്കുക) വധശിക്ഷ പുനഃസ്ഥാപിച്ചു. [12] നിയമ വ്യവസ്ഥകൾ 1945-ലെ പീനൽ കോഡ് ഭേദഗതിയോട് സാമ്യമുള്ളവയായിരുന്നു. ശിതയുദ്ധസമയത്ത് ഡെന്മാർക്ക് വീണ്ടും ശത്രുക്കളുടെ അധിനിവേശത്തിലായാൽ പൂർവകാല പ്രാബല്യത്തോടെ മറ്റൊരു നിയമം നിർമ്മിക്കേണ്ട ആവശ്യമില്ലാതാക്കാനായിരുന്നു ഈ നടപടി. ഇത് 1978-ൽ വീണ്ടും നിർത്തലാക്കി. [13] അതേസമയം തന്നെ വധശിക്ഷ സൈനികനിയമത്തിലും നിർത്തലാക്കി. ഈ നിയമപ്രകാരം ആരെയും ശിക്ഷിച്ചിട്ടില്ല. [14][15]
അവലംബം
തിരുത്തുക- Parliamentary question S 2023 to the Minister of Justice, 2 April 2001
- Dorthe Andersen: Death Penalty in Denmark and Europe after World War II Archived 2007-08-11 at Archive.is, menneskeret.dk
- ↑ Hver femte vil straffe med døden, Danmarks Radio, 6 November 2006
- ↑ Law #126 encacted on 15 April 1930
- ↑ The acts #259 enacted on 1 June 1945, #395 enacted on 12 July 1946 and #423 enacted on 7 October 1947
- ↑ Skydeskuret på Amager (The shooting shed on Amager), Information, 29 May 2007 (in Danish)
- ↑ Picture of execution shed floor
- ↑ Picture of original execution shed
- ↑ By act #1097 enacted 22 December 1993
- ↑ Naar Danmark atter er frit (When Denmark is Free Again), brochure by the Danish Freedom Council, 1943
- ↑ Morten Christian Andersen: Dødsstraf i Danmark : Retsopgøret efter 2. Verdenskrig Archived 2011-07-19 at the Wayback Machine., 2006 (in Danish)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-27. Retrieved 2012-06-25.
- ↑ Ditlev Tamm: Retsopgøret efter besættelsen
- ↑ Act #227 enacted 7 June 1952
- ↑ By act #195 enacted on 3 May 1978
- ↑ Hans Göran Franck (2003). The Barbaric Punishment: Abolishing the Death Penalty. Martinus Nijhoff Publishers. ISBN 90-411-2151-X.
- ↑ Société Jean Bodin pour l'histoire comparative des institutions (1991). Punishment. De Boeck Université. ISBN 2-8041-1232-2.[പ്രവർത്തിക്കാത്ത കണ്ണി]