പാഞ്ചാലിക്കാടകൾ

(Buttonquail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പക്ഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഏവ്സ് (Aves) വർഗത്തിന്റെ ഒരു ഗോത്രമാണ് ടർണിസിഡെ (പാഞ്ചാലിക്കാടകൾ). ഇതിൽ ഒർട്ടിസെലോസ് (Ortyxelos), ടർണിക്സ് (Turnix) എന്നീ രണ്ടു ജീനസ്സുകളിലായി പതിനാറ് ഇനങ്ങളുണ്ട്.. ഒർട്ടിസെലോസ് മെയ്ഫ്രെനി (O.Meiffrenii), ടർണിക്സ് സിൽവാറ്റിക്ക (T.sylvatica), ടർണിക്സ് ടാൻകി (T.tanki) എന്നിവയാണ് പ്രധാനഇനങ്ങൾ . ആഫ്രിക്ക, സ്പെയിന്‍, ഇറാന്‍, ചൈന, ഇന്ത്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലെ തുറസ്സായ പുൽമേടുകളിലും കൃഷിയിടങ്ങളിലും കണ്ടുവരുന്നു. ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്നത് ടർണിക്സ് ഡുസ്സുമിയറി (T.dussumieri) എന്നഇനമാണ്. മദ്ധ്യ കേരളത്തിൽ കാടപ്പക്ഷി എന്നാണ് ഈ ഇനത്തെ അറിയപ്പെടുന്നത്. മാംസത്തിനായി ഇവയെ വേട്ടയാടപ്പെടാറുണ്ട്‌ .

ടർണിസിഡെ
ടർണിസിഡെ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Turnicidae

GR Gray, 1840
Genera

 Turnix
 Ortyxelos

ടർണിസിഡെയുടെ വിതരണം

തിത്തിരിപ്പക്ഷികളോടു സാദൃശ്യമുള്ള ചെറിയ പക്ഷികളാണ് ഈ ഗോത്രത്തിലുള്ളത്. എങ്കിലും ശരീരഘടന, പ്രജനനസ്വഭാവങ്ങൾ എന്നിവയിൽ ഇവ തിത്തിരിപ്പക്ഷികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. കാലിലെ പിൻവിരലില്ലാത്ത ഈ പക്ഷികളെ അർധപാദം ഉള്ളവ എന്നർഥത്തിൽ ഹെമിപോഡ് (Hemipod) എന്നും വിശേഷിപ്പിക്കാറുണ്ട്. അധികസമയവും തറയിൽതന്നെ കഴിഞ്ഞുകൂടുന്ന ഇവയ്ക്ക് വളഞ്ഞുകൂർത്ത ചെറിയ നഖങ്ങളുമുണ്ട്. ശരീരത്തിന് 11 മുതൽ 20 വരെ സെ. മീ. നീളം വരും. തൂവലുകൾക്ക് മങ്ങിയ തവിട്ടുനിറമാണ്. ഇടയ്ക്കിടെ ചാരനിറത്തിലോ മഞ്ഞകലർന്ന വെള്ളനിറത്തിലോ ഉള്ള പൊട്ടുകളും കാണപ്പെടുന്നു. വാലും ചിറകുകളും താരതമ്യേന ചെറുതാണ്; കൊക്ക് കുറുകിയതും. പെൺപക്ഷികൾക്ക് വലിപ്പവും വർണഭംഗിയും കൂടുതലാണ്. ധാന്യങ്ങൾ, കീടങ്ങൾ, ചെടികളുടെ ഇളംതണ്ടുകൾ എന്നിവയാണ് പ്രധാന ആഹാരം. തറയിൽ പുല്ലുകൾക്കിടയിൽ പുനമുണ്ടാക്കിയാണ് ഇവ മുട്ടയിടാറുള്ളത്. ഒരു പ്രാവശ്യം 3 മുതൽ 7 വരെ മുട്ടകളുണ്ടാവും. ഗോളാകൃതിയിലുള്ള മുട്ടകളിൽ മങ്ങിയ പ്രതലത്തിൽ തിളങ്ങുന്ന പൊട്ടുകളും കാണപ്പെടുന്നു. മുട്ടയിട്ടു കഴിഞ്ഞാലുടൻ പെൺപക്ഷി മുട്ടകളുടെ സംരക്ഷണം ആൺ പക്ഷിയെ ഏൽപ്പിച്ചശേഷം കൂടുവിട്ടുപോകുന്നു. 12-14 ദിവസം കൊണ്ട് മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരും. ചെറുവിത്തുകൾ, ചെറിയ കീടങ്ങൾ എന്നിവയാണ് ഇവയുടെ ആഹാരം. 4-6 മാസത്തിനകം ഇവ ലൈംഗികവളർച്ച കൈവരിക്കുന്നു.

ടർണിസിഡെ

ചിത്രശാല

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പാഞ്ചാലിക്കാടകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=പാഞ്ചാലിക്കാടകൾ&oldid=3636391" എന്ന താളിൽനിന്ന് ശേഖരിച്ചത്