ബുദ്ധഘോഷൻ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
(Buddhaghosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൊതുവർഷം അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഥേരവാദ ബുദ്ധമത പണ്ഡിതനും വ്യാഖ്യാതാവും ആയിരുന്നു ബുദ്ധഘോഷൻ.[1][2]ബുദ്ധൻ പ്രഘോഷിച്ച മുക്തിമാർഗ്ഗത്തെ ഥേരവാദവീക്ഷണത്തിൽ സമഗ്രമായി സംഗ്രഹിച്ച് വിശകലനം ചെയ്യുന്ന "വിശുദ്ധിമാർഗ്ഗം" ആണ് അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന രചന.[3] ബുദ്ധഘോഷന്റെ വ്യാഖ്യാനങ്ങൾ പൊതുവർഷം 12-ആം നൂറ്റാണ്ടു മുതലെങ്കിലും ഥേരവാദലിഖിതങ്ങളുടെ അംഗീകൃതഭാഷ്യമായി കണക്കാക്കപ്പെടുന്നു.[4] ഥേരവാദികളും അല്ലാത്തവരുമായ പണ്ഡിതന്മാർ പൊതുവേ അദ്ദേഹത്തെ, ഥേരവാദതത്ത്വങ്ങളുടെ ഏറ്റവും പ്രധാന വ്യാഖ്യാതാവായി മാനിയ്ക്കുന്നു.[2][5]

ബുദ്ധഘോഷൻ
സാന്യാസിമുഖ്യന് വിശുദ്ധിമാർഗ്ഗം കാഴ്ചവയ്ക്കുന്ന ബുദ്ധഘോഷൻ
Buddhaghosa with three copies of Visuddhimagga, Kelaniya Raja Maha Vihara
ജനനംഇന്ത്യ
തൊഴിൽമതവ്യാഖ്യാതാവ്
Periodഅഞ്ചാം നൂറ്റാണ്ട്
വിഷയംഥേരവാദ ബുദ്ധമതം
ശ്രദ്ധേയമായ രചന(കൾ)വിശുദ്ധിമാർഗ്ഗം

ഇന്ത്യയിൽ ബ്രാഹ്മണപശ്ചാത്തലത്തിൽ ജനിച്ചു വളർന്ന അദ്ദേഹം, തന്റെ പ്രസിദ്ധമായ വ്യാഖ്യാനങ്ങൾ നിർവഹിച്ചത്, ശ്രീലങ്കയിൽ, ബുദ്ധമത ലിഖിതങ്ങളുടെ സിംഹളഭാഷ്യത്തെ ആശ്രയിച്ചാണ്. ബർമ്മയിൽ ബുദ്ധമതം പ്രചരിപ്പിച്ചതു ബുദ്ധഘോഷനാണെന്നു കരുതുന്നവരുണ്ട്.[6]

ജീവിതരേഖ

തിരുത്തുക

ബുദ്ധഘോഷന്റെ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളു. അവ മുഖ്യമായും ശ്രീലങ്കയിലെ പുരാതന ചരിത്രരചനയായ മഹാവംശത്തെ ആശ്രയിച്ചുള്ളവയാണ്. അതനുസരിച്ച് അദ്ദേഹം ജനിച്ചത് ഉത്തരേന്ത്യയിലെ മഗധരാജ്യത്ത്, ബുദ്ധഗയയ്ക്കടുത്തുള്ള ഒരു ബ്രാഹ്മണകുടുംബത്തിലാണ്. പിന്നീട് ബുദ്ധമതസിദ്ധാന്തങ്ങളെക്കുറിച്ച് അറിയാനിടയായ ബുദ്ധഘോഷൻ ബുദ്ധമതസംഹിതയായ ത്രിപീഠിക പഠിക്കാനൊരുങ്ങി. ആ രചനാസംഹിതയുടെ വ്യാഖ്യാനങ്ങൾ ഇന്ത്യയിൽ നഷ്ടപ്പെട്ടിരുന്നു എന്നറിഞ്ഞ അദ്ദേഹം, ശ്രീലങ്കയിൽ നിലവിലുണ്ടായിരുന്ന സിംഹളഭാഷാവ്യാഖ്യാനം തേടി ആ ദ്വീപിലേക്കു സഞ്ചരിച്ചു. അവിടെ അനുരാധപുരത്തെ മഹാവിഹാരത്തിൽ പരിരക്ഷിക്കപ്പെട്ടിരുന്ന സിംഹളവ്യാഖ്യാനം പഠിച്ച അദ്ദേഹം അവ സമന്വയിപ്പിച്ച് പാലി ഭാഷയിൽ ഏകീകൃതമായൊരു സമഗ്രവ്യാഖ്യാനം എഴുതി. പിന്നീട് അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങി.

ബുദ്ധഘോഷന്റെ ജീവിതകഥയുടെ ഈ മഹാവംശഭാഷ്യം, അവയുടെ ഭാഗമായ അത്ഭുതകഥകളും ദൈവികമായ ഇടപെടലുകളും ഒഴിച്ചാൽ, ഇതരരേഖകളുടെ അഭാവത്തിൽ, പൊതുവേ വിശ്വസനീയമായി കരുതപ്പെടുന്നു. എങ്കിലും മഗധരാജ്യത്തെ ബുദ്ധഗയ അദ്ദേഹത്തിന്റെ ജന്മസ്ഥലമാണെന്ന് ഉറപ്പില്ല. ബുദ്ധഘോഷന്റെ വ്യാഖ്യാനങ്ങളുടെ ഉപക്രമങ്ങളിൽ അദ്ദേഹവുമായി ബന്ധപ്പെടുത്തി പറയുന്ന ഇന്ത്യയിലെ ഏക സ്ഥലം ദക്ഷിണഭാരതത്തിലെ കാഞ്ചി ആണ്. അതിനാൽ അവിടം ആയിരിക്കാം ജന്മസ്ഥലമെന്നും, ബുദ്ധന്റെ ജീവിതവും പ്രഘോഷണവുമായി കൂടുതൽ ബന്ധപ്പെട്ട സ്ഥലമെന്ന നിലയിൽ മഹാവംശാഖ്യാനം ബുദ്ധഗയയെ ജന്മസ്ഥലമാക്കിയതാവാം എന്നും വാദമുണ്ട്.

  1. (v. Hinüber 1996, പുറം. 103) is more specific, estimating dates for Buddhaghosa of 370–450 CE based on the Mahavamsa and other sources. Following the Mahavamsa, (Bhikkhu Ñāṇamoli 1999, പുറം. xxvi) places Buddhaghosa's arrival as coming during the reign of King Mahanama, between 412 and 434 CE.
  2. 2.0 2.1 Strong, John (2004), "Buddhaghosa", in Buswell, Jr., Robert E., Macmillan Encyclopedia of Buddhism, USA: Macmillan Reference USA, pp. 75, ISBN 0-02-865910-4
  3. എസ്. രാധാകൃഷ്ണൻ, ഇന്ത്യൻ ഫിലോസഫി, ഒന്നാം വാല്യം(പുറം 291)
  4. Crosby, Kate (2004), "Theravada", in Buswell, Jr., Robert E., Macmillan Encyclopedia of Buddhism, USA: Macmillan Reference USA, pp. 836–841, ISBN 0-02-865910-4
  5. v. Hinüber, Oskar (1996), A Handbook of Pali Literature, New Delhi: Munshiram Manoharal Publishers Pvt. Ltd., ISBN 81-215-0778-2
  6. Paths of Faith, John A Hutchison (പുറങ്ങൾ 126-27)
"https://ml.wikipedia.org/w/index.php?title=ബുദ്ധഘോഷൻ&oldid=3421702" എന്ന താളിൽനിന്ന് ശേഖരിച്ചത്