ഡയറക്ടർ ബോർഡ്
ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ നിയന്ത്രണവും ദൈനംദിന ഭരണവും ഫലപ്രദമായി നിർവഹിക്കുന്നതിനു വേണ്ടി, ഓഹരി ഉടമകൾ തെരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് ഡയറക്ടർ ബോർഡ്.[1]
ഓഹരി ഉടമകൾ
തിരുത്തുകജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ യഥാർഥ അവകാശികൾ ഓഹരി ഉടമകളാണ്.[2] ഒരു കമ്പനിയിൽ വിവിധ ഭാഗങ്ങളിലുള്ള അസംഖ്യം ഓഹരി ഉടമകളുണ്ടാവും. ഇവർ മറ്റു തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുമായിരിക്കും. അതുകൊണ്ടുതന്നെ അവർക്ക് കമ്പനിയുടെ ഭരണം നേരിട്ട് വിർവഹിക്കുവാൻ സാധ്യമല്ല. കമ്പനിയുടെ ഉടമാവകാശവും ഭരണ നിർവഹണവും വിഭജിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ആധുനിക മുതലാളിത്തത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ് ഉടമസ്ഥാവകാശവും മാനേജ്മെന്റും തമ്മിലുള്ള വിഭജനം. ഓഹരി ഉടമകൾ ചേർന്ന് തെരഞ്ഞെടുക്കുന്ന ഡയറക്ടർ ബോർഡിന് അവർ കമ്പനിയുടെ ഭരണവും നിയന്ത്രണവും സംബന്ധിച്ച അധികാരങ്ങൾ നിയമപ്രകാരം കൈമാറുകയാണ് ചെയ്യുന്നത്. കമ്പനിയുടെ കൂട്ടുയാദാസ്ത്, കൂട്ടു നിബന്ധനങ്ങൾ, ഓഹരി ഉടമകളുടെ പൊതുയോഗ തീരുമാനങ്ങൾ എന്നിവയ്ക്ക് വിധേയമായിട്ടാണ് ഡയറക്ടർ ബോർഡ് പ്രവർത്തിക്കുന്നത്.
ഓഹരി ഉടമകളുടെ പ്രതിനിധി
തിരുത്തുകഡയറക്ടർ, ഓഹരി ഉടമകളുടെ പ്രതിനിധിയാണ്. ഡയറക്ടർ എന്ന സംജ്ഞയ്ക്ക് കമ്പനി നിയമം വ്യക്തമായ ഒരു നിർവചനം നൽകുന്നില്ല. ഡയറക്ടരുടെ പദവി വഹിക്കുന്ന ഒരാളെ, അയാൾ ഏതു പേരിലറിയപ്പെട്ടാലും ശരി ഡയറക്ടർ എന്നു കമ്പനി നിയമം വിശേഷിപ്പിക്കുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളെ സംവിധാനം ചെയ്യുന്ന അഥവാ കമ്പനിയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ട പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന വ്യക്തി എന്നതാണ് ഡയറക്ടർ എന്ന പദം കൊണ്ടർഥമാക്കുന്നത്. വ്യക്തികൾക്കു മാത്രമേ ഡയറക്ടർ ആകാൻ അവകാശമുള്ളൂ. കമ്പനി നിയമമനുസരിച്ച് പൊതു കമ്പനികൾക്ക് ഏറ്റവും കുറഞ്ഞത് മൂന്നും മറ്റുള്ളവയ്ക്ക് രണ്ടും ഡയറക്ടറന്മാർ ഉണ്ടായിരിക്കേണ്ടതാണ്. ഡയറക്ടർമാരുടെ സമിതി ഡയറക്ടർ ബോർഡ് എന്നോ ബോർഡ് എന്നു മാത്രമോ അറിയപ്പെടുന്നു. കമ്പനിയുടെ ദൈനംദിന ഭരണത്തിനു മേൽനോട്ടം വഹിക്കുന്നതിനുവേണ്ടി ഡയറക്ടർബോർഡ് സ്വന്തം നിർവഹണാധികാരങ്ങളിൽ ചിലത് നൽകി മുഖ്യനിർവാഹകൻ (Chief Executive)[3] എന്ന ഉദ്യോഗസ്ഥനെ നിയമിക്കുന്നു. കമ്പനിയിലെ ഉദ്യോഗസ്ഥൻമാരുടെ ശ്രേണി, ഈ ഉദ്യോഗസ്ഥന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. എക്സിക്യൂട്ടീവ് അറിയപ്പെടുന്നത് മാനേജിങ് ഡയറക്ടർ, മാനേജർ, സെക്രട്ടറി ആൻഡ് ട്രഷറർ തുടങ്ങിയ ഏതെങ്കിലുമൊരു സ്ഥാനപ്പേരിലായിരിക്കും.
ഡയറക്ടർമാർ കമ്പനിയുടെ പ്രതിനിധികൾ എന്നതിനു പുറമേ, കമ്പനിയുടെ സമ്പത്ത് നിയമാനുസൃതം സൂക്ഷിക്കാൻ ഉത്തരവാദപ്പെട്ട ട്രസ്റ്റികളും[4] കൂടിയാണ്. എന്നാൽ ഡയറക്ടർക്ക് കമ്പനിയുടെ സ്വത്തിൽ നിയമപരമായ ഉടമവസ്ഥാവകാശം ഉണ്ടായിരിക്കുന്നതല്ല. കമ്പനിയുടെ സ്വത്ത് ദുർവിനിയോഗം ചെയ്താൽ ട്രസ്റ്റിയെ ശിക്ഷിക്കാവുന്നതാണ്.
ഡയറക്ടർമാരുടെ നിയമനം
തിരുത്തുകകമ്പനിയുടെ ആദ്യഡയറക്ടർമാരുടെ പേരുകൾ കൂട്ടുനിബന്ധനകളിൽ തന്നെ എഴുതിച്ചേർക്കുകയാണ് പതിവ്.[5] അല്ലാത്ത പക്ഷം കമ്പനി പൊതുയോഗത്തിൽ വച്ച് ഡയറക്ടർമാരെ തെരഞ്ഞെടുക്കുന്നതു വരെ മെമ്മോറാണ്ടത്തിൽ ഒപ്പുവച്ച അംഗങ്ങളെ ഡയറക്ടർമാരായി കണക്കാക്കാവുന്നതാണ്. ഡയറക്ടറായി നിയമിക്കപ്പെടുന്നയാൾ ഓഹരി ഉടമയായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല. എന്നാൽ കമ്പനിയുടെ നിയമാവലിയിൽ അത്തരമൊരു വ്യവസ്ഥയുണ്ടാകുന്നതിനെ നിയമം തടയുന്നില്ല. ഡയറക്ടറായി നിയമിക്കപ്പെടുന്നയാളിന് കുറഞ്ഞത് ഇത്ര ഓഹരികൾ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ഉണ്ടാക്കാവുന്നതാണ്. എന്തെല്ലാം കാര്യങ്ങളാണ്, ഒരാളെ ഡയറക്ടർ സ്ഥാനത്തിന് അയോഗ്യനാക്കുന്നതെന്ന് പറയുകയാണ് കമ്പനി നിയമം ചെയ്തിരിക്കുന്നത്. ഈ അയോഗ്യതകൾ താഴെപ്പറയുന്നു.
- സ്ഥിരബുദ്ധികളല്ലെന്ന് കോടതി വിധിക്കുന്ന ആളുകൾ.
- നിസ്വരെന്ന് (പാപ്പർ) കോടതി വിധിച്ചിട്ടുള്ളവർ.
- കുറ്റകൃത്യങ്ങളിൽ ആറു മാസത്തിലേറെ ശിക്ഷിപ്പെട്ടിട്ടുള്ളവർ
- ഓഹരി ഗഡുക്കൾ അടച്ചു തീർക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളവർ
- ഏതെങ്കിലും വിധത്തിൽ കോടതി അയോഗ്യത കല്പിച്ചിട്ടുള്ളവർ.
അതുപോലെതന്നെ ഡയറക്ടർ പദവിക്ക് ഒട്ടേറെ നിയന്ത്രണങ്ങളുമുണ്ട്. ഡയറക്ടർ സ്ഥാനം നഷ്ടപ്പെടാനിടയാക്കുന്ന സാഹചര്യങ്ങൾ ഇവയാണ്.
- നിയമനത്തിന് ശേഷം രണ്ടു മാസങ്ങൾക്കകമെങ്കിലും യോഗ്യതാ ഓഹരികൾ വാങ്ങാതിരിക്കുക.
- ഭരണസമിതിയുടെ മുൻകൂർ അനുവാദമില്ലാതെ തുടർച്ചയായി മൂന്നു ബോർഡു യോഗങ്ങളിലോ
- കമ്പനിയോടു വിശ്വാസ വഞ്ചന ചെയ്യുക.
- പ്രതിഫലം ലഭിക്കുന്ന ഏതെങ്കിലും ഉദ്യോഗം അതേ കമ്പനി യിൽ വഹിക്കുക.
ഡയറക്ടർമാർക്കുള്ള പ്രതിഫലം നിശ്ചയിക്കുന്നത് പ്രധാനമായും രണ്ടു രീതികളിലൂടെയാണ്.
- കമ്പനി നിയമപ്രകാരം നിയമാവലിയിൽ തന്നെ നിശ്ചയിക്കുക.
- പ്രമേയം മുഖേന പ്രതിഫലം നിശ്ചയിക്കുക.
ഒരു സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 11. ശ.മാ.ത്തിൽ കൂടുതൽ പ്രതിഫലമായി ഡയറക്ടർക്കോ, മാനേജിംഗ് ഡയറക്ടർക്കോ മാനേജർക്കോ സെക്രട്ടറി ആൻഡ് ട്രഷറർക്കോ നൽകുവാൻ പാടില്ലെന്ന് കമ്പനി നിയമം അനുശാസിക്കുന്നുണ്ട്. പ്രതിഫലത്തെ സംബന്ധിച്ച ഈ വ്യവസ്ഥകൾ സ്വകാര്യകമ്പനികൾക്ക് ബാധകമല്ല.
മാനേജിങ് ഡയറക്ടർ
തിരുത്തുകഡയറക്ടർമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട, കമ്പനി ഭരണത്തിനായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഡയറക്ടറെയാണ് മാനേജിങ് ഡയറക്ടർ എന്നു പറയുന്നത്.[6] പുതിയൊരു കമ്പനി രൂപീകരിച്ച് മൂന്നു അനുമതിയോടെ മാനേജിങ് ഡയറക്ടറെ നിയമിക്കാവുന്നതാണ്. മാനേജിങ് ഡയറക്ടർ, മുഴുവൻ സമയ ഡയറക്ടർ തുടങ്ങിയവരുടെ നിയമനം-പുനർനിയമനം എന്നിവയ്ക്ക് കേന്ദ്രഗവൺമെന്റിന്റെ അനുമതി ആവശ്യമാണ്. ഒരു മാനേജിങ് ഡയറക്ടറുടെ കാലാവധി തുടർച്ചയായി അഞ്ചുകൊല്ലത്തിൽ കവിയാൻ പാടില്ല. അഞ്ചുകൊല്ലം കഴിഞ്ഞാൽ, അതേ കാലയളവിലേക്ക് വീണ്ടും നിയമിക്കാവുന്നതാണ്. ഒരേ സമയം രണ്ടിൽ കൂടുതൽ കമ്പനികളിൽ ഒരാൾ മാനേജിങ് ഡയറക്ടറായിരിക്കുവാൻ പാടില്ല.
ഡയറക്ടർ ബോർഡിന്റെ അധികാരങ്ങളും ധർമങ്ങളും
തിരുത്തുകകമ്പനി ഭരണത്തിനുള്ള ഏറെക്കുറെ പൂർണമായ അധികാരം ബോർഡിൽ നിക്ഷിപ്തമാണ്.[7] കമ്പനി നിയമമോ ഓഹരി ഉടമകളുടെ പൊതുയോഗത്തിൽ തീരുമാനിക്കേണ്ടവയെന്ന് പ്രത്യേകം അനുശാസിക്കുന്ന കാര്യങ്ങളോ ഒഴിച്ച് മറ്റെല്ലാ പ്രവൃത്തികളും ഡയറക്ടർ ബോർഡിന്റെ അധികാരപരിധിയിൽപ്പെടുന്നു. ഡയറക്ടർ ബോർഡിന്റെ നിയമാനുസൃതമായ അധികാരവിനിയോഗത്തിൽ ഇടപെടാനോ ബോർഡിന്റെ തീരുമാനങ്ങൾ ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ ഉടമകൾക്കവകാശമില്ല. കമ്പനി നിയമവും കൂട്ടുനിബന്ധനകളും ഡയറക്ടർ ബോർഡിനു നൽകുന്ന അധികാരങ്ങളെ മറികടക്കണമെങ്കിൽ കൂട്ടു നിബന്ധനകൾ ഭേദഗതി ചെയ്യേണ്ടതാവശ്യമാണ്. സാധാരണ അവസരങ്ങളിൽ ഡയറക്ടർമാരുടെ അധികാര വിനിയോഗം ചോദ്യം ചെയ്യപ്പെടാവുന്നതല്ല.[8]
കമ്പനിയുടെ മിക്ക സാമ്പത്തികാധികാരങ്ങളും ഡയറക്ടർ ബോർഡിൽ നിക്ഷിപ്തമാണ്. ഓഹരികൾ പുറപ്പെടുവിക്കാനും മുഴുവൻ ഓഹരിത്തുകയും അടച്ചുതീർത്തിട്ടില്ലാത്ത ഓഹരിക്കാരോട് ദ്രവ്യാപേക്ഷ നടത്തുവാനുമുള്ള അധികാരം ഡയറക്ടർ ബോർഡിനുണ്ട്. ഓഹരി ഉടമകളുടെ സമ്മതത്തോടെ കമ്പനിക്കുവേണ്ടി കടപ്പത്രങ്ങൾ പുറപ്പെടുവിക്കാൻ ഡയറക്ടർ ബോർഡിന് അധികാരമുണ്ട്. ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പ വാങ്ങുന്നതിന് ബോർഡിന് അധികാരമുണ്ട്. എന്നാൽ കമ്പനിയുടെ ഭൂരിഭാഗം ആസ്തികളെ ബാദ്ധ്യതപ്പെടുത്തികൊണ്ടുള്ള ദീർഘകാല വായ്പകൾ വാങ്ങുമ്പോൾ, ഓഹരി ഉടമകളുടെ അനുവാദം വാങ്ങേണ്ടതാണ്. കടപ്പത്രങ്ങളിൽ കൂടിയല്ലാതെ വായ്പകൾ വാങ്ങാനുള്ള അധികാരം ഡയറക്ടർ ബോർഡിന്റെ ഒരു പ്രമേയത്തിലൂടെ ബോർഡ് നിയമിക്കുന്ന ഒരു സമിതിക്കോ മാനേജിങ് ഡയറക്ടർക്കോ മറ്റു പ്രധാന ഉദ്യോഗസ്ഥന്മാർക്കോ നൽകാവുന്നതാണ്. വാങ്ങാവുന്ന പരമാവധി വായ്പ എത്രയെന്നു തീരുമാനിക്കേണ്ടതും ബോർഡ് തന്നെയാണ്.
കമ്പനിയുടെ ധനം എങ്ങനെ വിനിയോഗിക്കണമെന്നും മിച്ചധനം എവിടെ നിക്ഷേപിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം ബോർഡിൽ നിക്ഷിപ്തമാണ്. വായ്പകൾ നൽകുക കമ്പനിയുടെ കരാറുകൾ നൽകുക, അനുയോജ്യനെന്ന് തോന്നുന്ന ഒരാളെ മാനേജിങ് ഡയറക്ടർ അഥവാ മറ്റു പ്രധാന പദവികളിൽ നിയമിക്കുക, കമ്പനിയുടെ വരവുചെലവു കണക്കുകൾ പരിശോധിക്കാൻ ഓഡിറ്റർമാരെ നിയമിക്കുക തുടങ്ങിയവയൊക്കെ ഡയറക്ടർ ബോർഡിൽ നിക്ഷിപ്തമായ അധികാരങ്ങളാണ്. എന്നാൽ ഓഹരിമൂലധനം വർധിപ്പിക്കുക, നിയമാവലിയിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുക, ഒരു ഡയറക്ടറെ മാറ്റുകയും മറ്റൊരാളെ തൽസ്ഥാനത്ത് നിയമിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ നിർവഹിക്കുന്നതിന് ഓഹരി ഉടമകളുടെ മുൻകൂട്ടിയുള്ള അനുവാദം ആവശ്യമാണ്.
ഡയറക്ടർ ബോർഡിന്റെ പ്രാഥമികധർമം
തിരുത്തുകകമ്പനിയുടെ ഭരണം നിയമവ്യവസ്ഥൾക്കനുസൃതമായി നിർവഹിക്കുക എന്നതാണ് ഡയറക്ടർ ബോർഡിന്റെ പ്രാഥമികധർമം. കമ്പനി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക, ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക തുടങ്ങിയവയാണ് ബോർഡിന്റെ മുഖ്യധർമങ്ങൾ. ഡയറക്ടർ ബോർഡ് സംയുക്തമായി നിർവഹിക്കേണ്ട ധർമങ്ങൾ താഴെ പറയുന്നവയാണ്.
- കമ്പനിയുടെ ഔപചാരിക റിപ്പോർട്ട് തക്കസമയത്ത് അംഗങ്ങൾക്ക് എത്തിച്ചു കൊടുക്കുക.
- കമ്പനിയുടെ പൊതുയോഗങ്ങൾ ഔപചാരികമായി വിളിച്ചുകൂട്ടുക.
- അംഗങ്ങൾ ആവശ്യപ്പെട്ടാൽ അസാധാരണ പൊതുയോഗം വിളിച്ചുകൂട്ടുക.
- കമ്പനിയുടെ വാർഷിക കണക്കുകൾ തയ്യാറാക്കുക.
- ഡയറക്ടർ ബോർഡുയോഗങ്ങളുടേയും പൊതുയോഗങ്ങളുടേയും മിനിറ്റ്സ് സൂക്ഷിക്കുക.
ഡയറക്ടർ ബോർഡും കമ്പനിയുമായുള്ള ബന്ധം
തിരുത്തുകഡയറക്ടർ ബോർഡും കമ്പനിയും തമ്മിലുള്ള ബന്ധം വളരെയധികം വിവാദങ്ങൾക്കു കാരണമായിട്ടുണ്ട്. ഓഹരിഉടമകൾ തെരഞ്ഞെടുക്കുന്ന ആളുകളായതിനാൽ, ഡയറക്ടർമാർ അംഗങ്ങളുടെ പ്രതിനിധികളാണെന്ന് വാദിക്കുന്നവരുണ്ട്. ഇതനുസരിച്ച് ഓഹരി ഉടമകൾക്കു വേണ്ടി അവരുടെ താത്പര്യങ്ങൾക്കു കോട്ടം സംഭവിക്കാത്ത തരത്തിൽ പ്രവർത്തിക്കാൻ ഡയറക്ടർമാർക്ക് ബാദ്ധ്യതയുണ്ട്. ഡയറക്ടർ ബോർഡിൽ നിക്ഷിപ്തമായ അധികാരങ്ങൾ വിശ്വസ്തതയോടെയും ആത്മാർഥതയോടെയും വിനിയോഗിച്ചില്ലെങ്കിൽ, കമ്പനിയുടെ പുരോഗതിയെത്തന്നെയായിരിക്കും അത് ബാധിക്കുക. അതുകൊണ്ടാണ് അധികാരങ്ങൾ വിശ്വസ്തതയോടും കമ്പനിയുടെ പുരോഗതിക്കു വേണ്ടിയും മാത്രം പ്രയോഗിക്കേണ്ടതാണെന്ന് കമ്പനി നിയമം അനുശാസിക്കുന്നത്. ഈ നിയമങ്ങൾ ലംഘിക്കുകയും കമ്പനിയുടെ വളർച്ചയ്ക്ക് കോട്ടം വരുത്തുകയും ചെയ്യുന്ന ഡയറക്ടർമാരെ കർശനമായി ശിക്ഷിക്കാനുള്ള വ്യവസ്ഥകൾ കമ്പനി നിയമത്തിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്.[9]
സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള കമ്പനികൾ
തിരുത്തുകസ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള കമ്പനികൾക്കു പുറമേ സഹകരണ സംഘങ്ങൾ, സഹകരണ ബാങ്കുകൾ, മറ്റു ബാങ്കുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി കോർപ്പറേഷനുകൾ എന്നിവയുടെ ഭരണച്ചുമതല നിർവഹിക്കുന്ന സമിതിയേയും ഡയറക്ടർ ബോർഡ് എന്നാണ് പറയുന്നത്. സഹകരണ സ്ഥാപനങ്ങളിൽ ഓഹരിയുടമകളുടെ പൊതുയോഗങ്ങളാണ് ഡയറക്ടർമാരെ തെരഞ്ഞെടുക്കുന്നത്. ബാങ്കുകളുടെ ഡയറക്ടർമാരുടെ നിയമനത്തിൽ ഓഹരിയുടമകൾക്കു പുറമേ റിസർവ് ബാങ്കിനും അധികാരമുണ്ട് .പൊതുമേഖലാ സ്ഥാപനങ്ങളുടേയും കോർപ്പറേഷനുകളുടേയും ഡയറക്ടർമാരെ നിയമിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ്. ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ കാര്യത്തിലെന്നപോലെ, ഡയക്ടർ ബോർഡിൽ നിയമാനുസൃതം നിക്ഷിപ്തമായ അധികാരങ്ങളും ചുമതലകളും വിനിയോഗിക്കുകയെന്നതാണ് ഇത്തരം സ്ഥാപനങ്ങളുടെ ഡയറക്ടർമാരുടെയും ജോലി.[10]
അവലംബം
തിരുത്തുക- ↑ http://investor.google.com/corporate/board-of-directors.html Board of Directors
- ↑ http://www.referenceforbusiness.com/management/Sc-Str/Shareholders.html Shareholders or stockholders own parts or shares of companies.
- ↑ http://www.investopedia.com/terms/c/ceo.asp#axzz26jBGEEcz Definition of 'Chief Executive Officer - CEO'
- ↑ http://www.thefreedictionary.com/trusty trust·y
- ↑ http://www.companylawclub.co.uk/topics/appointment_of_directors.shtml Archived 2012-11-17 at the Wayback Machine. Appointment of Directors
- ↑ http://indiankanoon.org/doc/1881914/ Section 4(2) in The Companies Act, 1956
- ↑ http://www.brefigroup.co.uk/directors/directors_roles_and_responsibilities.html Archived 2012-09-15 at the Wayback Machine. Responsibilities of directors and boards
- ↑ http://beginnersinvest.about.com/cs/a/aa2203a.htm[പ്രവർത്തിക്കാത്ത കണ്ണി] Purpose, Authority and Responsibility of the Board of Directors
- ↑ http://www.saskschoolboards.ca/educationservices/modules/Module_6_Board-Director_Relationship.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.bized.co.uk/educators/level2/busactivity/activity/intro15.htm Archived 2012-01-03 at the Wayback Machine. What are the Public and Private Sectors? - Introduction to Business Activity
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.investopedia.com/terms/b/boardofdirectors.asp#axzz26jBGEEcz
- http://managementhelp.org/boards/index.htm
- http://www.epi.org/about/board/
- http://h30261.www3.hp.com/phoenix.zhtml?c=71087&p=irol-govboard
- http://web.worldbank.org/WBSITE/EXTERNAL/EXTABOUTUS/ORGANIZATION/BODEXT/0,,pagePK:64020055~theSitePK:278036,00.html Archived 2014-12-31 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയറക്ടർ ബോർഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |