ഭോജ് തണ്ണീർത്തടം
ഇന്ത്യയിലെ മധ്യപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനനഗരമായ ഭോപ്പാലിൽ സ്ഥിതി ചെയ്യുന്ന രണ്ട് തടാകങ്ങൾ ഉൾപ്പെടുന്ന ഒരു റാംസർ പ്രദേശമാണ് ഭോജ് തണ്ണീർത്തടം. ഭോജ്‌താൽ, ലോവർ തടാകം എന്നിവയാണ് ഈ തണ്ണീർത്തടത്തിൽ ഉൾപ്പെട്ടിട്ടുള്ള തടാകങ്ങൾ. ഭോജ്‌താലിന്റെ തടാകവിസ്തൃതി 31 ചതുരശ്രകിലോമീറ്ററും അതിന്റെ നീർമറി പ്രദേശത്തിന്റെ വിസ്തൃതി 361 ചതുരശ്രകിലോമീറ്ററുമാണ്. പ്രധാനമായും ഗ്രാമീണ മേഖലയിലാണ് ഭോജ്‌താൽ നീർമറി പ്രദേശങ്ങൾ നിലകൊള്ളുന്നത്. എന്നിരുന്നാലും അതിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ചില നഗര പ്രദേശങ്ങളുമുണ്ട്. ലോവർ തടാകത്തിന്റെ വിസ്തൃതി 1.29 ചതുരശ്രകിലോമീറ്ററാണ്. അതിന്റെ നീർമറി പ്രദേശങ്ങൾ 9.6 ചതുരശ്രകിലോമീറ്റർ നഗരഭാഗങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. ലോവർ തടാകത്തിന് ഭോജ്‌താലിൽ നിന്നുള്ള ഊറൽ ജലവും കിട്ടാറുണ്ട്.
ഭോജ്‌താൽ മാൾവയിലെ ഭരണാധികാരിയായ പരാമരരാജാ ഭോജനാണ് (1005-1055) സൃഷ്ടിച്ചത്. അദ്ദേഹം തന്റെ സാമ്രാജ്യത്തിന്റെ കിഴക്കുവശം സുരക്ഷിതമാക്കാൻ സൃഷ്ടിച്ച നഗരമാണ് ഭോപ്പാൽ. ഭോപ്പാലിന് ആ പേര് ലഭിച്ചതും ഭോജരാജനിൽ നിന്നാണ്. കൊലാൻസ് നദിക്കു കുറുകേ ഒരു തടയണ കെട്ടിയാണ് ഭോജ്‌താൽ തടാകം സൃഷ്ടിച്ചത്.മുൻപ്, കൊലാൻസ് നദി, ഹവാലി നദിയുടെ ഒരു ശാഖയായിരുന്നു. ഭോജ്‌താലിന്റേയും അതിനോടു ചേർന്ന ഒരു നീർച്ചാലിന്റേയും നിർമ്മിതിയോടെ, കൊലാൻസ് നദിയുടെ ഉപരിഭാഗവും ഭോജ്‌താലും ഇപ്പോൾ കലിയാസോട് നദിയിലേക്ക് എത്തിച്ചേരുന്നു.
ഈ തടാകങ്ങൾ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയാണ്. റാംസർ ഉടമ്പടി പ്രകാരം ഈ തടാകങ്ങൾ അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടമായി നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനം Archived 2013-01-03 at Archive.is