ബയ്ബായിൻ

(Baybayin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോളനിവാഴ്ചയുടെ തുടക്കത്തിനു മുൻപ് ഫിലിപ്പിൻസിൽ നിലവിലിരുന്ന എഴുത്തുവ്യവസ്ഥയാണ് ബയ്ബായിൻ (Baybayin). ഇന്ത്യയിലെ ബ്രാഹ്മിലിപിയുടെ കുടുംബത്തിൽ പെടുന്ന ബയ്ബായിൻ പതിനാറാം നൂറ്റാണ്ടുവരെ പ്രചാരത്തിലിരുന്നതായി രേഖകളുണ്ട്. സ്പാനിഷ് അധിനിവേശത്തെ തുടർന്ന് റോമൻലിപിയുടെ പ്രചാരത്തോടെ ബയ്ബായിന്റെ ഉപയോഗം കുറഞ്ഞെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ അത് ഉപയോഗത്തിലിരുന്നു. കോളനിവാഴ്ചയുടെ തുടക്കത്തിൽ നാട്ടുഭാഷകളിലെ ക്രിസ്തീയവേദപാഠങ്ങളും മറ്റും ഈ ലിപിയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് റോമൻലിപിയ്ക്കു വഴിമാറിക്കൊടുത്ത ബയ്ബായിൻ കാലക്രമേണ മിക്കവാറും വിസ്മൃതമായി. എങ്കിലും കോളനിയുഗത്തിലെ കത്തോലിക്കാപുരോഹിതന്മാർ ഈ എഴുത്തുരീതി നിരീക്ഷിക്കുകയും അതിനെ സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധാപൂർവം രേഖപ്പെടുത്തിവക്കുകയും ചെയ്തതുമൂലം അത് തീർത്തും അപ്രത്യക്ഷമാകാതിരുന്നു.[1]

ഡോക്ട്രിനാ ക്രിസ്റ്റിയാന എന്ന വേദപാഠത്തിന്റെ 1593-ലെ ദ്വിഭാഷാപതിപ്പ്. റോമൻ ലിപിയിൽ സ്പാനിഷ് പാഠവും, റോമൻ-ബയ്ബായിൻ ലിപികളിൽ ടാഗലോഗ് പാഠവും അടങ്ങുന്ന ഈ കൃതി റോസെറ്റാശിലയോട് താരതമ്യപ്പെടുത്തപ്പെട്ടിട്ടുണ്ട്[1]

ടാഗലോഗ് ഭാഷയിൽ 'ബയ്ബേയ്' (Baybay) എന്നതിന് ചൊല്ലുക, അക്ഷരംതിരിച്ചു പറയുക (to spell) എന്നൊക്കെയാണർത്ഥം. ഈ എഴുത്തുവ്യവസ്ഥയെ സൂചിപ്പിക്കാൻ 'അലിബാത' (Alibata) എന്ന പേരും ഉപയോഗിക്കാറുണ്ട്. 1914-ൽ പോൾ റോഡ്രിഗസ് വെർസോയാണ് ആ പേരിൽ ഈ ലിപിവ്യവസ്ഥയെ ആദ്യം പരാമർശിച്ചത്.[2] തെക്കൻ ഫിലിപ്പീൻസിലെ മഗുയിന്ദനാവോ പ്രവിശ്യയിലെ എഴുത്തുരീതിയുടെ അലിഫ്-ബ-ത എന്ന തുടക്കത്തെ പിന്തുടർന്നാണ് ഈ പേര് താൻ കണ്ടെത്തിയതെന്ന് റോഡ്രിഗസ് വെർസോ പറയുന്നു. മഗുയിന്ദനാവോയിലെ മോറോജനതയുടെ എഴുത്ത് ബയ്ബായിൻ ആയിരുന്നില്ലെന്നും, അറബിഭാഷയെ ആടിസ്ഥാനമാക്കിയുള്ള ആ ലിപിവ്യവസ്ഥയെ മുൻനിർത്തിയുള്ള അലിബാത്ത എന്ന പേര് അനുചിതമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[1]

ചരിത്രം

തിരുത്തുക
 
'ഡോക്ട്രിനാ-ക്രിസ്റ്റിയാന'-യ്ക്ക് വടക്കൻ ഫിലിപ്പീൻസിലെ ഇലോക്കാനോ ഭാഷയിൽ 1620-ലുണ്ടായ ഈ പരിഭാഷ ബയ്ബായിൻ ലിപിയിലാണ്
 
ക്രി.വ.900-ത്തിലെ ലഗൂണാ ചെപ്പേട് ഫിലിപ്പീൻസിൽ നിന്നുകിട്ടിയിട്ടുള്ളതിൽ ഏറ്റവും പുരാതനമായ ഈ എഴുത്ത് കാവിലിപിയിലാണ്

ബയ്ബായിന്റെ ചരിത്രത്തെക്കുറിച്ച് ഏറെയും ഊഹാപോഹങ്ങളാണുള്ളത്. തെക്കുകിഴക്കൻ ഏഷ്യയിലെ എഴുത്തുവ്യവസ്ഥകളിൽ പലതിനേയും പോലെ അതും ബ്രാഹ്മി പോലെയുള്ള ഇന്ത്യയിലെ പുരാതനലിപികളിൽ ഒന്നിൽ നിന്ന് ഉരുത്തിരിഞ്ഞതാകാമെന്ന് കരുതപ്പെടുന്നു. വ്യഞ്ജനങ്ങളെ സ്വരങ്ങൾ ചേർത്തുവായിക്കുക, ചേരുന്ന സ്വരം നിർണ്ണയിക്കാൻ സവിശേഷചിഹ്നങ്ങൾ ഉപയോഗിക്കുക തുടങ്ങിയ പ്രത്യേകതകൾ ഇന്ത്യൻ ലിപികളുമായി പങ്കിടുന്നുണ്ടെങ്കിലും ബയ്ബായിന് ഇന്ത്യയിലെ പുരാതനലിപികളോളം പഴക്കമുണ്ടായിരിക്കാൻ വഴിയില്ല. ഇന്തോനേഷ്യയിൽ ജാവയിലെ കാവിലിപിയുമായി അതിന് രൂപസാദൃശ്യമുണ്ട്. എങ്കിലും ഏറെക്കാലം പ്രചാരത്തിലിരുന്നശേഷം പൊതുവർഷം 1400-നടുത്ത് തിരോഭവിച്ച കാവിലിപിയുടെ പഴക്കവും അതിനുണ്ടാകാൻ വഴിയില്ല. ഫിലിപ്പീൻസിൽ അതു പ്രചരിക്കാൻ തുടങ്ങിയത് പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യൻ അധിനിവേശത്തിന് ഏറെ മുൻപാകായിരിക്കാൻ സാദ്ധ്യത കുറവാണ്.

ഇന്നത്തെ ഇന്തോനേഷ്യയിലെ ബോർണിയോയിൽ നിന്നായിരുന്നു അതിന്റെ വരവെന്ന് ഫിലിപ്പീൻസുകാർ കരുതിയിരുന്നതായി സ്പാനിഷ് രേഖകൾ പറയുന്നു. ഫിലിപ്പീനി ഭാഷകളിൽ സാധാരണമായ അക്ഷരാന്ത്യത്തിലെ വ്യഞ്ജനത്തെ രേഖപ്പെടുത്താൻ ബയ്ബായൻ എഴുത്തിന്റെ തനതുരൂപത്തിനു കഴിയില്ല എന്നത് ഇതിനു തെളിവായിരിക്കുന്നു. അക്കാര്യം പരിഗണിക്കുമ്പോൾ, അടുത്തകാലത്ത് കടം കൊണ്ടതും പുതിയ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പരിണമിച്ചിട്ടില്ലാതിരുന്നതുമായ ലിപി ആയിരുന്നു യൂറോപ്യൻ അധിനിവേശത്തിന്റെ തുടക്കത്തിൽ ഫിലിപ്പീൻസിൽ ബയ്ബായിൻ. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ ബുഗിനീസ് ലിപിയിൽ നിന്നോ, അതുമായി ഗോത്രബന്ധമുള്ള ഏതെങ്കിലും നഷ്ടലിപിയിൽ നിന്നോ രൂപപ്പെട്ടതാകാം ബയ്ബായിൻ എന്നാണ് ഭൂരിപക്ഷം അന്വേഷകരുടേയും അഭിപ്രായം. ഏതുവഴിക്കായാലും, ഉത്തരഫിലിപ്പീൻസിലെ മുഖ്യദ്വീപായ ലുസോണിൽ അതെത്തിയത് 13-14 നൂറ്റാണ്ടുകളിൽ എന്നോ ആകാമെന്നും കരുതപ്പെടുന്നു.[1]

കോളനിവാഴ്ചയുടെ തുടക്കത്തിൽ സ്പാനിഷ് വേദപ്രചാരകർ ഫിലിപ്പീനികളുടെ സാക്ഷരത ശ്രദ്ധിക്കുകയും അതിൽ മതിപ്പുകാട്ടുകയും ചെയ്തു. പുരുഷന്മാരെപ്പോലെ സ്ത്രീകളും എഴുത്തറിയാവുന്നവരായിരുന്നെന്ന് യൂറോപ്യൻ ലേഖകർ നിരീക്ഷിച്ചിട്ടുണ്ട്. "സ്ത്രീപുരുഷഭേദമെന്യേ ഇവിടെ മിക്കവാറും എല്ലാവർക്കും ഈ ഭാഷ എഴുതാനറിയാം. വളരെ നന്നായും തെറ്റില്ലാതെയും അതെഴുതാൻ കഴിയാത്തവർ ചുരുക്കമാണ്" എന്നാണ് പതിനാറാം നൂറ്റാണ്ടവസാനം കോളനിഭരണത്തിൽ ഉദ്യോഗസ്ഥനായിരുന്ന സ്പെയിൻകാരന്റെ അന്തോണിയോ ഡി മോർഗായുടെ സാക്ഷ്യം.[3] ആദ്യകാലത്ത്, യൂറോപ്യൻ ഭാഷകളിലെ വേദപാഠങ്ങളുടേയും മറ്റും പരിഭാഷകൾ ബയ്ബായിനിൽ ഉണ്ടാക്കുന്നതിലും വേദപ്രചാരകർ താത്പര്യം പ്രകടിപ്പിച്ചു. എങ്കിലും 19-ആം നൂറ്റാണ്ടോടെ, കൈമാറ്റരേഖകളിലെ കൈയ്യൊപ്പുകളിലൊഴിച്ച്, ഈ ലിപി മിക്കവാറും ഉപയോഗിക്കപ്പെടാതെയായി. ബയ്ബായിനിൽ തന്നെയുള്ള ചുരുക്കം ചില കൊടുക്കൽ-വാങ്ങൽ രേഖകളും കൊളനിയുഗത്തിലേതായി നിലവിലുണ്ട്. യൂറോപ്യന്മാരുടെ വരവിനുമുൻപുള്ള ബയ്ബായിൻ രേഖകൾ മിക്കവയും മുളന്തണ്ടും ഓലയും മരത്തോലും പോലുള്ള എഴുത്തുസാമിഗ്രികളിലായിരുന്നതിനാൽ കാലത്തെ അതിജീവിച്ചില്ല. മതവിശ്വാസവുമായി ബന്ധപ്പെട്ട രേഖകൾ, 'പേഗൻ' ധാർമ്മികതയെ തിന്മയായി കരുതിയ മിഷനറിമാർ നശിപ്പിച്ചിരിക്കാനും സാദ്ധ്യതയുണ്ട്.[4]

അക്ഷരമാല

തിരുത്തുക
 
ബയ്ബായിൻ അക്ഷരമാല

ബയ്ബായിൻ ലിപിവ്യവസ്ഥയിൽ 3 സ്വരങ്ങളും 14 വ്യഞ്ജങ്ങളും ഉൾപ്പെടെ മുഖ്യമായും 17 അക്ഷരങ്ങളാണുള്ളത്. മറിച്ച് സൂചിപ്പിക്കാതിരിക്കുമ്പോൾ ഓരോ വ്യഞ്ജനചിഹ്നവും 'അ' എന്ന സ്വരത്തോടു ചേർന്നു നിൽക്കുന്നു. വ്യഞ്ജനങ്ങളോട് 'അ' ഒഴിച്ചുള്ള സ്വരങ്ങൾ ചേർക്കാൻ 'കുദ്‌ലിത്' (kudlit) എന്നറിയപ്പെടുന്ന ഛേദങ്ങൾ (incisions) ഉപയോഗിക്കുന്നു.[5] വ്യഞ്ജനത്തോട് ഇ-എ എന്നീ സ്വരങ്ങളിലൊന്നു ചേർക്കാനാണെങ്കിൽ കുദ്‌ലിത് ചേർക്കേണ്ടതു മുകളിലാണ്. ഉ-ഒ എന്നിവയിലൊന്നു ചേർക്കാനാകട്ടെ 'കുദ്‌ലിത്' ചേർക്കേണ്ടത് ചിഹ്നത്തിനു താഴെയാണ്. ഉദാഹരണത്തിന് 'ക'-യുടെ മുകളിൽ 'കുദ്‌ലിത്ത്' ചേർത്താൽ 'കി' എന്നോ 'കെ' എന്നോ വായിക്കാം; താഴെ 'കുദ്‌ലിത്' ചേർത്താൽ വായിക്കേണ്ടത് 'കു' എന്നോ 'കൊ' എന്നോ ആണ്. അക്ഷരമാലയുടെ ഭാഗമായ മൂന്നു സ്വരപ്രതീകങ്ങൾ, വ്യഞ്ജനത്തോടു ചേർത്തെഴുതാൻ കഴിയാത്ത വ്യതിരിക്തസ്വരങ്ങളെ രേഖപ്പെടുത്താൻ മാത്രം ഉപയോഗിക്കുന്നു. [6]

ഛേദചിഹ്നങ്ങൾ ചേർത്തിട്ടില്ലാത്ത വ്യഞ്ജനങ്ങൾ 'അ' ചേർത്തു വായിക്കണമെന്നതിനാൽ, സ്വരങ്ങളിൽ അവസാനിക്കുന്ന വാക്കുകളെയോ, വാഗംശങ്ങളെയോ (syllables) വ്യക്തതയോടെ രേഖപ്പെടുത്താൻ കഴിയാതെ വരുന്നത് ഈ എഴുത്തുനിയമങ്ങളുടെ ഒരു കുറവായിരുന്നു. വാക്കുകളോ വാഗംശങ്ങളോ (syllables) വ്യഞ്ജനങ്ങളിൽ അവസാനിക്കുമ്പോൾ, അവസാനവ്യഞ്ജനം രേഖപ്പെടുത്താതിരിക്കുകയായിരുന്നു ഒരു പതിവ്. ഇതുമൂലമുണ്ടാകുന്ന അവ്യക്തത പരിഹരിക്കാൻ കോളനിയുഗത്തിലെ വേദപ്രചാരകന്മാർ പരിശ്രമിച്ചു. വ്യഞ്ജനചിഹ്നങ്ങളോടു ചേർന്നുനിൽക്കുന്ന 'അ' സ്വരത്തെ നിഷ്ക്രിയമാക്കാൻ സവിശേഷമായ ഒരു 'കുദ്‌ലിത്' ഉപയോഗിക്കുകയായിരുന്നു അവരുടെ പരിഹാരം. വ്യഞ്ജനചിഹ്നത്തിനു താഴെ ചേർക്കുന്ന അധികഛിഹ്നം(+) ആയിരുന്നു ഈ പുതിയ 'കുദ്‌ലിത്'.[7] [8]

പുനർജ്ജീവനം

തിരുത്തുക

ബയ്ബായിൽ ലിപിയുടെ സ്ഥാനഭ്രംശവും വിസ്മൃതിയും ഫിലിപ്പീൻസിലെ ദേശീയവാദികളെ വേദനിപ്പിച്ചു. "നമ്മുടെ ഈ ഭാഷ ഒരുകാലത്ത് മറ്റെല്ലാ ഭാഷകളേയും പോലെ സ്വന്തമായ എഴുത്തും അക്ഷരമാലയും ഉള്ളതായിരുന്നു" എന്നാണ് പത്തൊൻപതാം നൂറ്റാണ്ടിലെ വിമതചിന്തകനും ദേശസ്നേഹിയുമായിരുന്ന ഹോസെ റിസാലിന്റെ പരിതാപം.[9] ലിപി റോമൻലിപിയുടെ പ്രഭാവത്തിൽ കാലക്രമേണ വിസ്മരിക്കപ്പെട്ട ഈ എഴുത്തുവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതൽ നടന്നുപോരുന്നു. ലോകമെമ്പെങ്ങുമുള്ള ഫിലിപ്പീനികൾക്കിടയിൽ, സ്വന്തം പൈതൃകത്തിന്റെ പ്രതീകങ്ങളിലൊന്നെന്ന നിലയിൽ ഈ ലിപിവ്യവസ്ഥയിൽ താത്പര്യം ജനിപ്പിക്കാൻ ഈ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ട്. ബയ്ബായിൻ എഴുത്ത് കലാസൃഷ്ടികളിൽ ഉപയോഗിക്കുന്നതും ശരീരത്തിൽ അച്ചുകുത്തുന്നതും പതിവായിരിക്കുന്നു.[10] ബയ്ബായിനുള്ള വിരളമായ പുരാതനലിഖിതങ്ങൾ പരിരക്ഷിക്കാൻ സർവകലാശാലകളും മറ്റും തയ്യാറാകുന്നു. മനിലായിലെ സാന്തോ തോമാസ് സർവകലാശാലയിലുള്ള ബയ്ബായിൻ ലിഖിതശേഖരം ദേശീയസമ്പത്തായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.[11][12][13] ബയ്ബായിനെ ഫിലിപ്പീൻസിന്റെ ദേശീയ എഴുത്തുവ്യവസ്ഥയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും നിലവിലുണ്ട്. ഈ ലക്ഷ്യത്തോടെയുള്ള കരടുനിയമം 2014 ഒക്ടോബർ മാസം ഫിലിപ്പീൻ സെനറ്റിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. ഭക്ഷ്യോല്പന്നങ്ങളുടെ പുറംചട്ടയിലെ പേര് ബയ്ബായിനിൽ എഴുതാൻ ഉല്പാദകരേയും, പത്രമാസികകളുടെ പേര് ആ ലിപിയിൽ എഴുതാൻ പ്രസിദ്ധീകരണസ്ഥാപനങ്ങളേയും ബാദ്ധ്യസ്ഥരാക്കുന്നതിനും മറ്റുമുള്ള വ്യവസ്ഥകൾ അടങ്ങിയതായിരുന്നു ഈ കരടുനിയമം.[14]

ബയ്ബായിൻ ലിപിയിലെ അക്ഷരങ്ങൾക്ക് നിഗൂഢാർത്ഥങ്ങൾ കല്പിച്ച് തദ്ദേശീയസംസ്കാരവും ദൈവസങ്കല്പങ്ങളുമായി ബന്ധിപ്പിക്കുന്ന സിദ്ധാന്തങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. താഗലോഗ് ജനതയുടെ ദൈവസങ്കല്പത്തെ സൂചിപ്പിക്കുന്ന 'ബതാല' (Bathala) എന്ന വാക്കിലെ മൂന്നക്ഷരങ്ങൾ, ദൈവസ്വഭാവത്തിന്റെ ത്രിഭാവങ്ങൾ സൂചിപ്പിക്കുന്ന പ്രതീകങ്ങളാണെന്നാണ് ഈവിധം സിദ്ധാന്തങ്ങളിലൊന്ന്.[15]

ആധുനിക ഫിലിപ്പീൻസിലെ ദേശീയഭാഷകളിൽ ചിലതിന്റെ എഴുത്തുവ്യവസ്ഥകൾ ബയ്ബായിനിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. വടക്കൻ ഫിലിപ്പീൻസിൽ പമ്പാംഗാ പ്രവിശ്യയിലെ കാ-പമ്പാംഗൻ ലിപി, പലാവാൻ ദ്വീപിലെ ടാഗ്ബൻവാ ലിപി, മിന്ദോരോ ദ്വീപിലെ ലിപികളായ ഹനുനോ, ബുഹിദ് തുടങ്ങിയവ ബയ്ബായിനെ ആശ്രയിച്ചു രൂപപ്പെട്ട എഴുത്തുവ്യവസ്ഥകളിൽ ചിലതാണ്.

  1. 1.0 1.1 1.2 1.3 "Ang Baybayin, Baybayin - The Ancient Script of the Philippines by Paul Morrow". Archived from the original on 2010-08-21. Retrieved 2015-03-08.
  2. A Philippine Leaf, The Tagalog Script, By Hector Santos
  3. Antonio De Morga, The Philippine Islands, Moluccas, Siam, Cambodia, Japan, and China(പുറം 294)
  4. "Baybayin (Alibata): The Ancient Filipino Alphabet, Live in the Philippines Magazine". Archived from the original on 2015-05-01. Retrieved 2015-03-10.
  5. ScriptSource.org. - Tagalog (Baybayin, Alibata)
  6. Ang Babayin - How to write the ancient script of the Philippines Archived 2013-12-03 at the Wayback Machine., Paul Mauro
  7. Ancient Scripts.com - A Compendium of worldwide writing systems from prehistory to today: Tagalog
  8. Omniglot, the online encyclopedia of writing systems and languages - Tagalog
  9. Fighting to keep alive the Philippines’ ancient script Aya Kiwe, The National
  10. "Asian Journal, An Artist's Journey in keeping the ancient Filipino script alive". Archived from the original on 2015-03-06. Retrieved 2015-03-09.
  11. Baybayin is UST's 5th nat'l cultural treasure, The Varsitarian
  12. UST documents in ancient ‘baybayin’ script declared a National Cultural Treasure, Inquirer.Net
  13. 16th century documents named national treasures; on exhibit at UST,മനിലാ ബുള്ളറ്റിൻ പത്രത്തിലെ വാർത്ത
  14. Senate of the Philippines, 16th Congress, NATIONAL WRITING SYSTEM ACT OF 2014, Filed on October 28, 2014 by Legarda, Loren B
  15. Da Bathala Code by Paul Morrow, The Pilipino Express June August 2009, Vol.5- No.12-15
"https://ml.wikipedia.org/w/index.php?title=ബയ്ബായിൻ&oldid=3929725" എന്ന താളിൽനിന്ന് ശേഖരിച്ചത്