റായ്ച്ചൂർ യുദ്ധം

(Battle of Raichur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ.ഡി. 1520-ൽ കർണാടകയിലെ റായ്ച്ചൂരിൽ വച്ച് വിജയനഗര സാമ്രാജ്യവും ബീജാപ്പൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധമാണ് റായ്ച്ചൂർ യുദ്ധം (Battle of Raichur). യുദ്ധത്തിൽ കൃഷ്ണദേവരായരുടെ വിജയനഗര സാമ്രാജ്യം വിജയം നേടിയതോടെ ബീജാപ്പൂർ ഭരണാധികാരികളുടെ ശക്തി ക്ഷയിച്ചു.[6] പരാജിതനായ ബീജാപ്പൂർ സുൽത്താൻ ഇസ്മയിൽ ആദിൽ ഷാഹി വിജയനഗര സാമ്രാജ്യത്തെ തകർക്കുന്നതിനായി ഡെക്കാനിലെ സുൽത്താൻമാരുമായി സഖ്യമുണ്ടാക്കി. ഇത് 1565-ലെ തളിക്കോട്ട യുദ്ധത്തിലേക്കു നയിക്കുകയും വിജയനഗരത്തിന്റെ പതനത്തിനു വഴിയൊരുക്കുകയും ചെയ്തു.[7]

റായ്ച്ചൂർ യുദ്ധം
തിയതിഎ.ഡി. 1520 മേയ്[1]
സ്ഥലംറായ്ച്ചൂർ, കർണാടക, ഇന്ത്യ
ഫലംവിജയനഗര സാമ്രാജ്യത്തിനു വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
വിജയനഗര സാമ്രാജ്യംബീജാപ്പൂർ സുൽത്താനത്ത്
പടനായകരും മറ്റു നേതാക്കളും
കൃഷ്ണദേവരായർ[2]ഇസ്മയിൽ ആദിൽ ഷാ[3]
ശക്തി
ആധുനിക കണക്കുകൾ പ്രകാരം
70,000 കാലാൾപ്പട
30,000 കുതിരപ്പട
550 ആനകൾ[4] Contemporary source
732,000 soldiers (comprises of 32,000 cavalry and 550 elephants)
Modern estimates
14,000 (composing infantry and cavalry)[5]
Contemporary sources
140,000 soldiers (comprises of cavalry and infantry)
നാശനഷ്ടങ്ങൾ
16,000 സൈനികർ കൊല്ലപ്പെട്ടു (contemporary sources)കണക്കുകൾ ലഭ്യമല്ല, പക്ഷേ കനത്ത നാശനഷ്ടം

പശ്ചാത്തലം

തിരുത്തുക

എ.ഡി. 1284-ൽ കാകതീയ ഭരണാധികാരിയായിരുന്ന രുദ്ര രാജാവ് റായ്ച്ചൂർ കോട്ട പണികഴിപ്പിച്ചു. കാകതീയന്മാരുടെ ശക്തി ക്ഷയിച്ചതോടെ കോട്ടയുടെ ഉടമസ്ഥാവകാശം വിജയനഗര സാമ്രാജ്യത്തിനു ലഭിച്ചു. റായ്ച്ചൂർ കോട്ടയുടെ ഉടമസ്ഥതാവകാശത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ വർഷങ്ങളോളം നീണ്ടുനിന്നു. എ.ഡി. 1323-ൽ ബാഹ്മനി സാമ്രാജ്യം ഈ കോട്ട പിടിച്ചെടുത്തു. എങ്ങനെയും റായ്ച്ചൂർ കോട്ട തിരിച്ചുപിടിക്കണമെന്നായിരുന്നു സാളുവ നരസിംഹ രായരുടെ ആഗ്രഹം. 1509-ൽ അധികാരത്തിലെത്തിയ കൃഷ്ണദേവരായർ നരസിംഹരായരുടെ ആഗ്രഹം സഫലമാക്കണമെന്ന് തീരുമാനിച്ചു. 1520-ൽ അദ്ദേഹം ഗോവയിലെ പോർച്ചുഗീസുകാരിൽ നിന്ന് കുതിരകളെ വാങ്ങുന്നതിനായി സയദ് മരയ്ക്കാർ എന്നൊരാളെ പണവുമായി പറഞ്ഞയച്ചു. പക്ഷേ ബീജാപ്പൂർ സുൽത്താനായ ആദിൽ ഷാഹിയുടെ അടുത്തേക്കാണ് മരയ്ക്കാർ പോയത്. കൃഷ്ണ ദേവരായർ നൽകിയ പണം അയാൾ സുൽത്താനു സമ്മാനിച്ചു. വിശ്വാസ വഞ്ചകനായ മരയ്ക്കാരെ വിട്ടുനൽകണമെന്ന് സുൽത്താനോട് കൃഷ്ണ ദേവരായർ ആവശ്യപ്പെട്ടു. എന്നാൽ സുൽത്താൻ ഇതിനു തയ്യാറായില്ല. അതേത്തുടർന്ന് ബീജാപ്പൂർ സുൽത്താനെ ആക്രമിക്കുന്നതിനായി കൃഷ്ണദേവരായരും സൈന്യവും പുറപ്പെട്ടു. ഇതാണ് റായ്ച്ചൂർ യുദ്ധത്തിലേക്കു നയിച്ചത്.

റായ്ച്ചൂരിൽ വച്ച് കൃഷ്ണദേവരായരുടെ സൈന്യവും ആദിൽ ഷാഹിയുടെ ബീജാപ്പൂർ സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ഇരുപക്ഷത്തും ധാരാളം കാലാൾപ്പടയും കുതിരപ്പടയും ആനപ്പടയുമുണ്ടായിരുന്നു. വിജയനഗര സാമ്രാജ്യത്തിലെ സൈനികരുടെ ശക്തമായ ആക്രമണത്തെ ചെറുക്കുവാൻ സുൽത്താൻ സൈന്യത്തിനു കഴിഞ്ഞില്ല.

യുദ്ധത്തിനു ശേഷം

തിരുത്തുക

യുദ്ധത്തിൽ ബീജാപ്പൂർ സുൽത്താന്മാർ പരാജയപ്പെട്ടു. റായ്ച്ചൂർ നഗരവും കോട്ടയും കൃഷ്ണദേവരായർ പിടിച്ചെടുത്തു. പരാജിതരായി ഓടിയ ശത്രുസൈന്യത്തെ അദ്ദേഹം ആക്രമിച്ചില്ല. ധാരാളം ഹിന്ദുക്കളെ നിഷ്കരുണം കൊന്നൊടുക്കിയ ബാഹ്മനി സൈനികർക്കു തക്കതായ ശിക്ഷയും ലഭിച്ചു. ബീജാപ്പൂർ സുൽത്താൻ ആദിൽ ഷാഹി യുദ്ധഭൂമിയിൽ നിന്നു പലായനം ചെയ്തു. വിജയനഗരത്തിലേക്കു മടങ്ങിയെത്തിയ കൃഷ്ണദേവരായർ വിജയം ആഘോഷിച്ചു. പരാജിതനായ ബീജാപ്പൂർ സുൽത്താൻ ആദിൽ ഷാഹി കൃഷ്ണദേവരായരുടെ സദസ്സിലേക്ക് ഒരു ദൂതനെ അയച്ചു. ആദിൽ ഷാ നിരുപാധികം മാപ്പുപറഞ്ഞുകൊണ്ട് കീഴടങ്ങുകയാണെങ്കിൽ അയാളുടെ രാജ്യം വിട്ടുനൽകാമെന്ന് കൃഷ്ണദേവരായർ അറിയിച്ചു. പക്ഷേ കീഴടങ്ങുവാൻ ആദിൽ ഷാ തയ്യാറായിരുന്നില്ല. കൃഷ്ണദേവരായർ തന്റെ രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. എ.ഡി. 1530-ൽ കൃഷ്ണദേവരായരുടെ മരണശേഷം അച്യുത ദേവരായർ വിജയനഗര സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി.

പരിണതഫലങ്ങൾ

തിരുത്തുക

റായ്ച്ചൂർ യുദ്ധത്തിൽ ഹിന്ദുക്കൾ ജയിച്ചത് ആദിൽ ഷായുടെ നേതൃത്വത്തിലുള്ള മുസ്ലീം സൈന്യത്തിന്റെ ശക്തി ക്ഷയിപ്പിച്ചു. വിജയനഗര സാമ്രാജ്യത്തിന്റെ അയൽ രാജ്യങ്ങളിലുള്ള മുസ്ലീം ഭരണാധികാരികളുമായി ആദിൽ ഷാ സഖ്യമുണ്ടാക്കി. പരസ്പരം പോരടിച്ചിരുന്ന ഡെക്കാനിലെ മുസ്ലീം ഭരണാധികാരികൾ ഒന്നിക്കുന്നതിനും റെയ്ച്ചൂർ യുദ്ധം കാരണമായി. മുസ്ലീം ഭരണാധികാരികൾ സംഘടിച്ചതോടെ വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനു കാരണമായ തളിക്കോട്ട യുദ്ധത്തിനു വഴിയൊരുങ്ങി.

  1. Vikas Khatri (2012). World Famous Wars and Battles. Pustak Mahal.
  2. Ivana Elbl (2009). Portuguese Studies Review. The Portuguese Studies Review at Trent University.
  3. Ivana Elbl (2009). Portuguese Studies Review. The Portuguese Studies Review at Trent University.
  4. Vikas Khatri (2012). World Famous Wars and Battles. Pustak Mahal.
  5. Vikas Khatri (2012). World Famous Wars and Battles. Pustak Mahal.
  6. Krishna Reddy (2008). Indian History. Tata McGraw-Hill.
  7. Vikas Khatri (2012). World Famous Wars and Battles. Pustak Mahal.

പുറം കണ്ണികൾ

തിരുത്തുക
  • Rayavachakam - Viswanatharaya Sthanapati (in Telugu).
  • Tidings of the king: a translation and ethnohistorical analysis of the Rayavachakamu by Phillip B. Wagoner. University of Hawaii Press, Honolulu. 1993.

(ISBN 0-8248-1495-9). (https://www.questia.com/PM.qst?a=o&d=62773998 Archived 2011-06-05 at the Wayback Machine.)

  • Krishnaraja Vijayam - Kumara Dhurjati (in Telugu).
  • Sougandhika Prasavapaharanamu - Ratnakaram Gopala Kavi (in Telugu).
  • K. Iswara Dutt, Journal of Andhra Historical Research Society. Vol. 10, pp. 222–224.
  • K. A. Nilakanta Sastry, Further Sources of Vijayanagar History - 1946(https://archive.org/details/FurtherSourcesOfVijayanagaraHistory)
"https://ml.wikipedia.org/w/index.php?title=റായ്ച്ചൂർ_യുദ്ധം&oldid=3963826" എന്ന താളിൽനിന്ന് ശേഖരിച്ചത്