ബസ്മാചി പ്രസ്ഥാനം

(Basmachi movement എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റഷ്യൻ സാമ്രാജ്യത്തിന്റേയും, പിന്നീട് സോവിയറ്റ് റഷ്യയുടേയും ഭരണത്തിനെതിരെ പോരാടുന്നതിന് 1920-കളുടെ അവസാനം മദ്ധ്യേഷ്യയിൽ ഉടലെടുത്ത തുർക്കി വംശജരായ മുസ്ലീങ്ങളുടെ ഒരു സൈനികപ്രസ്ഥാനമായിരുന്നു ബസ്മാചി പ്രസ്ഥാനം (Russian: Басмачество, Basmachestvo). കൊള്ളക്കാരൻ എന്നാണ് ഉസ്ബെക് ഭാഷയിൽ ബസ്മാചി എന്ന വാക്കിനർത്ഥം.

തുടക്കത്തിൽ മുൻ ബുഖാറ അമീർ സയിദ് ആലം ഖാന്റെ നേതൃത്വത്തിൽ സംഘടിച്ച ഈ പ്രസ്ഥാനം ഒളിപ്പോരുകളിലൂടെ സോവിയറ്റ് ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ചെങ്കിലും 1920-ൽ സൈനിക-ഭരണ നടപടികളിലൂടെ അമർച്ച ചെയ്യാൻ സോവിയറ്റ് സേനക്കായി. എന്നാൽ 1921-ൽ മുൻ തുർക്കി സൈന്യാധിപനായിരുന്ന അൻവർ പാഷയുടെ നേതൃത്വത്തിൽ പുനഃസംഘടിക്കപ്പെട്ട ബസ്മാചികൾ പൂർവാധികം ശക്തിയോടെ ആഞ്ഞടിക്കുകയും ബുഖാറ മേഖലയിലെ പല പ്രദേശങ്ങളും അധീനതയിലാക്കുകയും ചെയ്തിരുന്നു. സോവിയറ്റ് ആക്രമണത്തെത്തുടർന്ന് 1922 അവസാനം അൻവർ പാഷ കൊല്ലപ്പെട്ടതോടെ ബസ്മാചി മുന്നേറ്റം നിലച്ചു.

ആദ്യഘട്ടം

തിരുത്തുക
 
സയിദ് ആലം ഖാൻ - ബുഖാറ അമീറത്തിലെ അവസാനത്തെ രാജാവ്

സോവിയറ്റ് ഭരണത്തിന്റെ തുടക്കത്തിൽ 1920-ഓടെ, തുർക്കിസ്താൻ എ.എസ്.എസ്.ആറിലെ കൃഷിഭൂമിയിൽ ഗണ്യമായ കുറവുണ്ടാകുകയും ഇതിനു പുറമേ‌ സൈന്യത്തിനു വേണ്ടി സാധാരണക്കാരുടെ ഭക്ഷണസാധനങ്ങൾ ഏറ്റെടുത്ത സർക്കാർ നടപടി കൂടിയായപ്പോൾ മേഖലയിലെ പകുതിയോളം പേരും പട്ടിണിയിലായി. ഈ സമയത്താണ്‌ ബസ്മാചി പ്രസ്താനം മേഖലയിൽ ശക്തമായത്. മലമ്പ്രദേശങ്ങളെ ആസ്ഥാനമാക്കിയ ബസ്മാചി സൈനികർ, ചെമ്പടയുടെ ഭക്ഷണവണ്ടികളും താവളങ്ങളൂം ആക്രമിച്ചു. ഇസ്ലാമിൽ നിന്നും ആശയങ്ങളെ പിന്തുടർന്നതിനാൽ ഇസ്ലാമിന്റെ പരമ്പരാഗത ശക്തികേന്ദ്രമായിരുന്ന ഫെർഗാന തടത്തിൽ നിന്നും ബസ്മാചികൾക്ക് പിന്തുണ ലഭിച്ചിരുന്നു. മുൻ ബുഖാറ അമീറും മംഗിത് വംശത്തിലെ അവസാന ഭരണാധികാരിയും ആയിരുന്ന സയിദ് ആലം ഖാൻ, ബസ്മാചി പ്രസ്ഥാനത്തോടൊപ്പം ചേർന്നതോടെ ഇവരുടെ സൈനികശേഷി 30,000 അംഗങ്ങളിലധികമായി.

സൈനികനടപടികൾക്കൊപ്പം മേഖലയിലെ സാമൂഹിക-സാമ്പത്തികരംഗത്തും പരിഷ്കരണങ്ങൾ നടത്തിയാണ് സോവിയറ്റ് നേതൃത്വം ബസ്മാചികളെ നേരിട്ടത്. 1920 മാർച്ചിൽ പ്രഖ്യാപിച്ച ഒരു ഉത്തരവനുസരിച്ച് സാർ ഭരണകാലത്തുമുതൽ മദ്ധ്യേഷ്യൻ ജനതയിൽ നിന്നും റഷ്യക്കാർ പിടിച്ചെടുത്ത ഭൂമി, ഏതാണ് 2,80,000 ഹെക്റ്റർ, തദ്ദേശീയർക്ക് തിരികെ നൽകി. ഇക്കാലത്ത് ലെനിൻ മുൻകൈയെടുത്ത് തുർക്കിസ്താനിലെ റഷ്യൻ പക്ഷപാതിത്വം കൈകാര്യം ചെയ്യാൻ ഒരു കമ്മീഷനെ താഷ്കന്റീലേക്കയക്കുകയും റഷ്യൻ പക്ഷപാതികളും സ്ലാവ് വംശമേധാവിത്വത്തിൽ വിശ്വസിക്കുന്നവരുമായ റഷ്യക്കാരെ കമ്മീഷൻ, റഷ്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. മദ്ധ്യേഷ്യൻ തദ്ദേശീയരെ, കമ്മ്യൂണിസ്റ്റ് പാർട്ടിയിലും സർക്കാർ സംവിധാനങ്ങളിലും ചേരാൻ കമ്മീഷൻ അഹ്വാനം ചെയ്തു. പുതിയ സാമ്പത്തികനയങ്ങളുടെ ഭാഗമായി സ്വകാരകച്ചവടത്തിന് അനുമതി നൽകിയതും മേഖലയിലെ മുസ്ലീം ജനതയുടെ വിശ്വാസം പിടിച്ചുപറ്റാൻ ഇടയാക്കി. ഇതോടെ ആന്തരികപ്രശ്നങ്ങൾളിലുഴലിയിരുന്ന ബസ്മാചി പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടമാകാൻ തുടങ്ങി.[1]

അൻവർ പാഷയുടെ രംഗപ്രവേശം

തിരുത്തുക
 
അൻവർ പാഷ

ഒരു കേന്ദ്രീകൃതനേതൃത്വത്തിന്റെ അഭാവത്തിൽ 1920-ഓടെ ശക്തി ക്ഷയിച്ച പ്രസ്ഥാനത്തെ, ഇക്കാലത്ത് തുർക്കിയിൽ നിന്നെത്തിയ അവിടത്തെ മുൻ യുദ്ധകാര്യമന്ത്രിയായിരുന്ന അൻവർ പാഷയാണ് പുനരുജ്ജീവിപ്പിച്ചത്. പാൻ ഇസ്ലാമിസവും പാൻ തുർക്കിസവുമായിരുന്നു അൻവർ പാഷയുടെ പ്രധാന മുദ്രാവാക്യങ്ങൾ.

ഒന്നാം ലോകമഹായുദ്ധാനന്തരം, മോസ്കോവിൽ അഭയം തേടിയിരുന്ന അൻവർ പാഷ, സോവിയറ്റ് സർക്കാരിന്റെ ആശിർവാദത്തോടെ യുദ്ധമുഖത്തായിരുന്ന തുർക്കിസ്താനിലെ ഇസ്ലാമികകക്ഷികളെ അനുനയിപ്പിക്കാൻ പുറപ്പെട്ടു. എന്നാൽ ബുഖാറയിലെത്തിയ അദ്ദേഹം, തന്റെ ചുമതലകൾക്ക് വിരുദ്ധമായി, ബസ്മാചി പ്രസ്ഥാനത്തിൽ ചേരുകയും സയിദ് ആലം ഖാന്റെ ആശിർവാദത്തോടെ 1921 നവംബറീൽ പ്രസ്ഥാനത്തിന്റെ സർവസൈന്യാധിപനാകുകയും ചെയ്തു. ചിതറീക്കിടന്നിരുന്ന ബസ്മാചി സൈനികരെ ഏകീകരിച്ച് 16,000 പേരടങ്ങുന്ന ഒരു മികച്ച സൈന്യമായി വാർത്തെടൂക്കാൻ അൻവർ പാഷക്കു സാധിച്ചു. തുടർന്ന് നിരവധി ആക്രമണങ്ങളിലൂടെ ബുഖാറ സോവിയറ്റ് റിപ്പബ്ലികിന്റെ വലിയൊരു ഭാഗം അധീനതയിലാക്കാൻ 1922-ന്റെ തുടക്കത്തോടെ ബസ്മാചി പ്രസ്ഥാനത്തിനായി.[1]

സോവിയറ്റ് ഭരണകൂടത്തിന്റെ നടപടികൾ

തിരുത്തുക

ബസ്മാചികൾക്കെതിരെയുള്ള നീക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ എസ്.എസ്. കാമനേവിനെയാണ് സോവിയറ്റ് നേതൃത്വം താഷ്കന്റിലേക്കയച്ചത്. തദ്ദേശീയരുടെ പിന്തുണ ഉറപ്പാക്കുന്നതിന് രാഷ്ട്രീയ-സാമ്പത്തികതന്ത്രങ്ങൾ പ്രയോഗിച്ച കാമനേവ്, ബസ്മാചികൾക്കെതിരെയുള്ള പോരാട്ടത്തിൽ മുസ്ലീം സൈനികരെ ഉപയോഗപ്പെടുത്തുകയും ചെയ്തു. മസ്ജിദുകളൂം വഖഫ് വസ്തുവകകൽളും ഇസ്ലാമികനേതൃത്വത്തിന് വിട്ടുകൊടുക്കുകയും മദ്രസകളൂം ശരി അത്ത് കോടതികളൂം വീണ്ടും തുറക്കാനും അനുവാദം കൊടുത്തു. അങ്ങനെ ബസ്മാചി വിരുദ്ധനടപടികൾക്ക് തദ്ദേശീയരുടെ പിന്തുണ ഉറപ്പാക്കി.

ഇതിനിടെ 1922 മേയിൽ മേഖലയിൽ നിന്നും പിൻമാറാൻ അൻവർ പാഷ, റഷ്യക്ക് അന്ത്യശാസനം നൽകി. എന്നാർ റഷ്യക്കാർ യുദ്ധത്തിന് തയ്യാറായിരുന്നു. കഫ്രൂനിൽ നടന്ന യുദ്ധത്തിൽ സോവിയറ്റ് പട, ബസ്മാചികളെ പരാജയപ്പെടൂത്തി. രക്ഷപെട്ട് അഫ്ഗാനിസ്താനിലേക്ക് കടക്കുന്നതിനിടെ, 1922 ഓഗസ്റ്റ് 5-ന് കിഴക്കൻ ബുഖാറയിലെ കുൽയാബ് തടത്തിലുള്ള ഖോവാലിങ്ങിനടുത്തു വച്ച് നടന്ന ഒരു ആക്രമണത്തിൽ അൻവർ പാഷ കൊല്ലപ്പെട്ടു.[൧] ഇത് ബസ്മാചി പ്രസ്ഥാനത്തിന് അന്ത്യം കുറിച്ചു.

1922 ഡിസംബറിൽ, യൂനിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക്സ് (യു.എസ്.എസ്.ആർ.)-ന്റെ സ്ഥാപനസമയത്ത് ഫെർഗാന തടത്തിൽ ഏതാണ്ട് 2000-ത്തോളം ബസ്മാചികൾ ഉണ്ടായിരുന്നു. രണ്ടുവർഷത്തിനകം തുർക്കിസ്താനിൽ ഈ പ്രസ്ഥാനം വേരറ്റു.[1]

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  • ^ ഏതാണ്ട് എഴുപതുവർഷങ്ങൾക്കു ശേഷം സോവിയറ്റ് യൂനിയന്റെ ശിഥിലീകരിക്കപ്പെട്ടതിനെത്തുടർന്ന് കമ്മ്യൂണീസ്റ്റുകളുടേയും ഇസ്ലാമികവാദിസേനകളുടേയും പോരാട്ടത്തിന് ഈ പ്രദേശം സാക്ഷ്യം വഹിച്ചു.[1]
  1. 1.0 1.1 1.2 1.3 Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 41–43. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ബസ്മാചി_പ്രസ്ഥാനം&oldid=3089843" എന്ന താളിൽനിന്ന് ശേഖരിച്ചത്