ജാക്വസ് നിക്കോളാസ് അഗസ്റ്റിൻ തിയറി

(Augustin Thierry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഫ്രഞ്ച് ചരിത്രകാരനായിരുന്നു ജാക്വസ് നിക്കോളാസ് അഗസ്റ്റിൻ തിയറി (മെയ് 10, 1795 - മെയ് 22, 1856).

അഗസ്റ്റിൻ ടിയറിയുടെ ഛായാചിത്രം, 1840

ജീവിതരേഖ

തിരുത്തുക

1795 മേയ് 10-ന് ഇദ്ദേഹം മദ്ധ്യ ഫ്രാൻസിലെ ബ്ലോയ്സിൽ ജനിച്ചു. ജന്മനാട്ടിലും പാരീസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഫ്രഞ്ച് താത്ത്വികനായിരുന്ന സെയ്ന്റ് സൈമണിന്റെ (1760-1825) സെക്രട്ടറിയായി ഇദ്ദേഹം പ്രവർത്തിച്ചു. സെയ്ന്റ് സൈമണിന്റെയും സർ വാൾട്ടർ സ്കോട്ടിന്റെയും ആശയങ്ങൾ ചരിത്രരചനയിൽ ഇദ്ദേഹത്തെ സ്വാധീനിച്ചിരുന്നതായി ഒരഭിപ്രായമുണ്ട്. ചരിത്രരചനയിൽ അവലംബിച്ചിരുന്ന കാല്പനിക രീതി ഇദ്ദേഹത്തിന്റെ കൃതികൾക്ക് ജനസമ്മതി നേടിക്കൊടുത്തു. ഹിസ്റ്ററി ഒഫ് ദ് കോൺക്വസ്റ്റ് ഒഫ് ഇംഗ്ലണ്ട് ബൈ ദ് നോർമൻസ് (ഫ്രഞ്ച് മൂലകൃതിയുടെ പരിഭാഷ; മൂന്നു വാല്യം, 1825), നരേറ്റീവ്സ് ഒഫ് ദ് മെരോവിൻജിയൻ ഈറാ (ഫ്രഞ്ച് മൂലകൃതിയുടെ പരിഭാഷ, 1845) എന്നീ ഗ്രന്ഥങ്ങൾ ഏറെ ബഹുജനപ്രീതി നേടിവയാണ്. ഇവയ്ക്കു പുറമേ നിരവധി ചരിത്ര ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1825-ഓടുകൂടി അന്ധത ബാധിച്ചുവെങ്കിലും അത് ഇദ്ദേഹത്തിന്റെ ചരിത്രരചനയ്ക്ക് തടസ്സമായില്ല. രചനകൾക്ക് മൂല സ്രോതസ്സുകളെ ഉപയോഗിച്ചിരുന്നുവെങ്കിലും നാടകീയമായ പ്രതിപാദനരീതിക്ക് അമിത പ്രാധാന്യം നൽകിയതായി ഇദ്ദേഹത്തിന്റെ രചനകൾക്കെതിരായി ആക്ഷേപമുണ്ടായി. ഫ്രഞ്ച് അക്കാദമി, ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1856 മേയ് 22-ന് ഇദ്ദേഹം പാരീസിൽ മരണമടഞ്ഞു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ജാക്വസ് നിക്കോളാസ് അഗസ്റ്റിൻ തിയറി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.