ആഡിയോമീറ്റർ

(Audiometer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രവണശേഷി അളക്കാനുള്ള ഉപകരണമാണ് ആഡിയോമീറ്റർ. സ്വന(tone)[1] സങ്കേതങ്ങളോ (tone signals)[2] വാമൊഴി സങ്കേതങ്ങളോ (speech signals)[3] ഉപയോഗിച്ചാണ് അളക്കുന്നത്. അളവുരീതി അനുസരിച്ച് ആഡിയോമീറ്ററുകൾ രണ്ടുതരത്തിലുണ്ട്; ശുദ്ധടോൺ (pure-tone) ആഡിയോമീറ്റർ, വാമൊഴി (speech) ആഡിയോമീറ്റർ.

Audiometer
Medical diagnostics
Portable audiometer Tetra-Tone Model EB-46
Purposeevaluate hearing acuity

ശുദ്ധ ടോൺ ആഡിയോമീറ്റർ തിരുത്തുക

ആധുനിക രീതിയിലുള്ള ഇത്തരം ആഡിയോമീറ്ററിനു[4] മൂന്നു പ്രധാന ഭാഗങ്ങളുണ്ട്: ആവശ്യമായ ആവൃത്തികളിൽ പ്രത്യാവർത്തി (alternating) കറന്റ് ഉത്പാദിപ്പിക്കാനുള്ള ഒരു ഇലക്ട്രോണിക ദോലകം (Electronic oscillator),[5] ക്ഷീണകാരി(Attenuator)യോടുകൂടിയ[6] ഒരു പ്രവർധകം (Amplifier), കേൾവിക്കാരന്റെ ചെവിയിലേക്കു ശബ്ദം പകരുന്ന ഒരു ശ്രവണ സഹായി (Earphone). പുറം ചെവി(Quter ear)യുടെ നാളിയിലുള്ള വായുവിലൂടെ ശബ്ദം അകംചെവിയിലെത്തുന്ന തരം ശ്രവണസഹായികൾ ഉണ്ട്; മറ്റൊരുതരത്തിൽ എല്ലിലൂടെയാണ് ശബ്ദം സംക്രമിക്കപ്പെടുന്നത്.

ഓരോ ആവൃത്തിയിലും ആഡിയോമീറ്റർ നൽകുന്ന സൂചന ഒരു പ്രാമാണിക നിലവാരത്തോടു താരതമ്യപ്പെടുത്തി ഡെസിബൽ (decibel : d B- ശബ്ദത്തിന്റെ ഒരു മാത്ര) ആയി അംശാങ്കനം (caibration) ചെയ്യപ്പെടുന്നു. ഒരു ചെവിയുടെ ശ്രവണശേഷിയും പ്രാമാണിക ശ്രവണശേഷിയും തമ്മിലുള്ള വ്യത്യാസത്തെ ആ ചെവിയുടെ ശ്രവണഭംഗം (hearing loss) എന്നു പറയുന്നു. ആഡിയോമീറ്ററിന് രണ്ടു പ്രധാന നിയന്ത്രകങ്ങൾ ഉണ്ട്: ആവൃത്തിനിയന്ത്രകം, ശ്രവണനിയന്ത്രകം. ഏതെങ്കിലും പ്രത്യേക പരിശോധനാടോൺ (test tone) തിരഞ്ഞെടുക്കുന്നതിനുവേണ്ടിയാണ് ആവൃത്തി നിയന്ത്രകം. പരിശോധനാടോണിന്റെ തീവ്രത (intensity) പൊരുത്തപ്പെടുത്തുന്നതിനു വേണ്ടിയാണ് ശ്രവണഭംഗനിയന്ത്രകം. അനാവശ്യമായ മറ്റു ശബ്ദങ്ങൾ ഇടപെടാതെ സൂക്ഷിക്കാനുള്ള ഒരു സംവിധാനംകൂടി ഉണ്ട്.

ശ്രവണഭംഗം തിരിച്ചറിയാനും അതു ഭേദപ്പെടുത്താൻ വേണ്ട ചികിത്സ നിർദ്ദേശിക്കാൻ സഹായകമായ ആഡിയോഗ്രാം (ആവൃത്തിയും ശ്രവണഭംഗവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ആരേഖം) സൃഷ്ടിക്കാനും ചികിത്സാനന്തരമാറ്റം കണക്കാക്കാനും ആഡിയോമീറ്റർ പരിശോധന പ്രയോഗിച്ചുവരുന്നു.

വാമൊഴി ആഡിയോമീറ്റർ തിരുത്തുക

മൈക്രോഫോൺ അല്ലെങ്കിൽ ഗ്രാമഫോൺ വഴി വരുന്ന വാമൊഴികൊണ്ടാണ് ഇത്തരം ആഡിയോമീറ്ററുകളിൽ ഉത്തേജനം (stimulus) സൃഷ്ടിക്കുന്നത്. ശബ്ദത്തിന്റെ ആയതനം (sound volume) സൂചിപ്പിക്കുന്ന ഒരു മീറ്റർ ഇതിൽ ഉണ്ടായിരിക്കും. സ്ഥിരമായ തീവ്രത പാലിച്ചുകൊണ്ട് സംസാരിക്കുമ്പോൾ ആയതനത്തിനുവരുന്ന ഏറ്റക്കുറച്ചിലുകൾ ഈ മീറ്ററിൽ കാണാം. സാധാരണ വാമൊഴിപോലും കേൾക്കാൻ കഴിയാത്ത ശ്രവണഭംഗം, വകതിരിച്ചു മനസ്സിലാക്കാനുള്ള കഴിവില്ലായ്മ എന്നിവ കണ്ടുപിടിക്കാനാണ് ഇതു പ്രയോജനപ്പെടുത്തുന്നത്.

അവലംബം തിരുത്തുക

  1. http://dictionary.reference.com/browse/tone Tone | Define Tone at Dictionary.com
  2. http://ieeexplore.ieee.org/xpl/freeabs_all.jsp?arnumber=741029 In-band tone signal coding in the low-bit-rate speech vocoder
  3. http://sp-tk.sourceforge.net/ Speech Signal Processing Toolkit (SPTK)
  4. http://www.puretone.net/hearing_selector.html Puretone
  5. http://www.infoplease.com/ce6/sci/A0836968.html oscillator, electronic
  6. http://www.pasternack.com/attenuators-category.aspx Attenuators from Pasternack

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഡിയോമീറ്റർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആഡിയോമീറ്റർ&oldid=3624161" എന്ന താളിൽനിന്ന് ശേഖരിച്ചത്