അന്തോണിയോ പിഗാഫേറ്റാ
പതിനാറാം നൂറ്റാണ്ടിലെ ഒരു വെനീസുകാരൻ പണ്ഡിതനും ലോകസഞ്ചാരിയുമായിരുന്നു അന്തോണിയോ പിഗാഫേറ്റാ (ജനനമരണവർഷങ്ങൾ ഏകദേശം: 1491/1531). പൗരസ്ത്യദേശത്തേയ്ക്ക് സ്പെയിനിന്റെ പര്യവേഷകസംഘത്തെ നയിച്ച പോർച്ചുഗീസ് നാവികൻ ഫെർഡിനാന്റ് മഗല്ലന്റെ സംഘത്തിലെ അംഗമായിരുന്നു പിഗാഫേറ്റാ. മഗല്ലന്റെ സഹായിയായി പ്രവർത്തിച്ച പിഗാഫേറ്റാ പര്യവേഷണത്തിന്റെ വിവരങ്ങൾ വിശദമായി രേഖപ്പെടുത്തിയ ഒരു പത്രിക സൂക്ഷിച്ചു. മഗല്ലന്റെ അഞ്ചു കപ്പലുകളിലൊന്ന്, ഭൂമിചുറ്റിയുള്ള ആദ്യയാത്ര പൂർത്തിയാക്കി യൂറോപ്പിൽ മടങ്ങിയെത്തിയെങ്കിലും മദ്ധ്യഫിലിപ്പീൻസിലെ സെബൂ ദ്വീപിൽ വച്ച് മഗല്ലൻ കൊല്ലപ്പെട്ടിരുന്നു. യാത്രതിരിച്ച 270-ഓളം സഞ്ചാരികളിൽ 18 പേർ മാത്രമാണ് 1081 ദിവസത്തിനു ശേഷം മടങ്ങിയെത്തിയത്. അവരിൽ ഒരാളായിരുന്നു പിഗാഫേറ്റാ. മഗല്ലന്റെ സഞ്ചാരത്തിന്റെ പ്രാധാന്യവും വിശദാംശങ്ങളും ലോകം ഗ്രഹിച്ചത് 1523-ൽ ഫ്രഞ്ച് ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ച പിഗാഫേറ്റായുടെ കുറിപ്പുകളിൽ നിന്നാണ്.[2][3]
അന്തോണിയോ പിഗാഫേറ്റാ | |
---|---|
ജനനം | 1491-നടുത്ത് വിസെൻസാ, ഇറ്റലി |
മരണം | 1531-നടുത്ത് |
ദേശീയത | വെനീസുകാരൻ |
മറ്റ് പേരുകൾ | അന്തോണിയോ ലൊമ്പാർഡോ |
താൻ കണ്ട നാടുകളിലെ ജനതകളുടെ ഭാഷകളും ജീവിതരീതികളും പിഗാഫേറ്റാ ശ്രദ്ധിച്ചിരുന്നു. സെബൂ ദ്വീപിലെ ഭാഷയായ സെബൂവാനോയെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യത്തെ പരാമർശം പിഗാഫേറ്റായുടേതാണ്. ആ ഭാഷയിലെ ഒട്ടേറെ വാക്കുകൾ അർത്ഥസഹിതം അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഇത് യൂറോപ്യന്മാർക്ക് ആ ഭാഷയിലേക്ക് വഴിതുറന്നു.
അവലംബം
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുകOn Open Library.org അന്തോണിയോ പിഗാഫേറ്റായുടെ യാത്രാവിവരണം ഇംഗ്ലീഷ് പരിഭാഷസഹിതം