അനോപ്ല

(Anopla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റിങ്കോസീല എന്ന സീലോം രഹിത ജന്തുഫൈലത്തിലെ ഒരു വർഗമാണ് അനോപ്ല. വിരയുടെ രൂപമുള്ള ഇവ നീണ്ടതും അഖണ്ഡശരീരത്തോടുകൂടിയതുമാണ്. ചില ജീവികൾ, അസാധാരണ ദൈർഘ്യം കാരണം, ചരടുപോലെ തോന്നിക്കും. തല പ്രത്യേകമായി രൂപാന്തരപ്പെട്ടിട്ടില്ലെങ്കിലും അതിന്റെ സ്ഥാനത്ത് തലപോലെ വർത്തിക്കുന്ന ഒരു പാളി (lobe) ഉണ്ട്. മസ്തിഷ്കത്തിനു പുറകിലാണ് വായ് സ്ഥിതിചെയ്യുന്നത്. പ്രബോസിസിൽ (proboscis) മുള്ളുകൾ കാണാറില്ല.

അനോപ്ലെ പേലയോനെമർട്ടീനി, ഹെറ്ററോനെമർട്ടീനി എന്ന് രണ്ട് ഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. പാർശ്വവർത്തിനാഡീതന്തുക്കൾ ദേഹഭിത്തിയിലെ രണ്ട് അട്ടിപേശികളിൽ പുറംപേശിക്കകത്തോ അവയ്ക്കു പുറത്തോ സ്ഥിതിചെയ്യുന്നുവെന്നതാണ് പേലയോനെമർട്ടീനകളുടെ മുഖ്യലക്ഷണം. തീരത്തോടടുത്ത കടൽജലത്തിലാണ് ഭൂരിഭാഗം പേലയോനെമർട്ടീനുകളും കാണപ്പെടുന്നത്. ട്യൂബുലാനസ് പ്രോകറീനിന, സെഫലോത്രിക്സ് മുതലായവ ഇതിൽപ്പെടുന്ന പ്രധാന ജീനസ്സുകളാണ്.

ഹെറ്ററോനെമർട്ടീനുകളിൽ പാർശ്വവർത്തിനാഡീതന്തുക്കൾ സ്ഥിതിചെയ്യുന്നത് ദേഹഭിത്തിയിലെ പുറത്തെ അനുദൈർഘ്യ പേശിക്കും അകത്തെ വർത്തുളപേശിക്കും ഇടയിലാണ്. ലീനിയസ്, യൂബോർലാസിയ തുടങ്ങിയ സുപരിചിതമായ ജീനസ്സുകൾ ഈ ഗോത്രത്തിൽപ്പെടുന്നു. ലീനിയസ് റൂബർ വളരെയധികം പഠനവിഷയമായ സ്പീഷീസാണ്.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനോപ്ള എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനോപ്ല&oldid=3832112" എന്ന താളിൽനിന്ന് ശേഖരിച്ചത്