അമർത്യ സെൻ

pofs സാമ്പത്തിക ശാസ്ത്രജ്ഞൻ, തത്വചിന്തകൻ, നോബൽ സമ്മാനജേതാവ് എന്നീ നിലകളിൽ വിഖ്യാതനായ ഒരു ഇന്ത്യ
(Amartya sen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാമ്പത്തിക ശാസ്ത്രജ്ഞൻ, തത്വചിന്തകൻ, നോബൽ സമ്മാനജേതാവ് എന്നീ നിലകളിൽ വിഖ്യാതനായ ഒരു ഇന്ത്യാക്കാരനാണ് അമർത്യ കുമാർ സെൻ. 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത് ഇദ്ദേഹമാണ്‌. "വെൽഫെയർ ഇക്കണോമിക്സ്, "സോഷ്യൽ ചോയ്സ് എന്നീ മേഖലകളിലെ അതുല്യ സംഭാവനകൾ മാനിച്ചാണ് ഈ അംഗീകാരം (1998).

അമർത്യ സെൻ
ജനനം (1933-11-03) നവംബർ 3, 1933  (91 വയസ്സ്)
ദേശീയതIndian
കലാലയംTrinity College, Cambridge (Ph.D.)(B.A.)
Presidency College, Kolkata (B.A.)
അറിയപ്പെടുന്നത്Welfare Economics
Human development theory
പുരസ്കാരങ്ങൾസാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം (1998)
ഭാരതരത്നം (1999)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംEconomics
സ്ഥാപനങ്ങൾഹാർവാർഡ് (2004 - )
കേംബ്രിഡ്ജ് (1998-2004)
ഹാർവാർഡ് (1988-1998)
ഓക്സ്ഫഡ് (1977-88)
London School of Economics (1971-77)
ഡൽഹി സ്കൂൾ ഓഫ് ഇകണോമിക്സ് (1963-71)
കേംബ്രിഡ്ജ് (1957-63)
Jadavpur University (1956-58)

1933 നവംബർ മൂന്നിന് അമർത്യസെൻ പശ്ചിമ ബംഗാളിലെ ശാന്തിനികേതനിൽ ജനിച്ചു. അമർത്യ എന്നപേർ വിളിച്ചതു മഹാകവി രബീന്ദ്രനാഥ ടാഗോറായിരുന്നു. കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ നിന്നും ബി.എ. (1955) കഴിഞ്ഞ് ഇംഗ്ളണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയുടെ കീഴിലുള്ള ട്രിനിറ്റി കോളജിൽ നിന്നും എം.എ.യും, പിഎച്ച്.ഡി. (1959) യും നേടി തിരിച്ചെത്തിയ അമർത്യസെൻ ജാദവ്പൂർ (1956-58) ഡൽഹി (1963-71) ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സ് (1971-77) ഓക്സ്ഫോർഡ് (1977-88), ഹാർവാഡ് (1988-98), ട്രിനിറ്റി കോളജ് (1998-2000) എന്നീ സർവകലാശാല-പഠനകേന്ദ്രങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചശേഷം വീണ്ടും ഹാർവാഡിൽ തിരിച്ചെത്തി. ഹാർവാഡിൽ ഇക്കണോമിക്സിനും ഫിലോസഫിക്കും ഉള്ള ലാമോൺട് പ്രൊഫസറായും ട്രിനിറ്റി കോളജിലെ ഉന്നതനായ മാസ്റ്റർ ആയും ഇദ്ദേഹം പ്രവർത്തിച്ചു.

സാമ്പത്തികശാസ്ത്രത്തിലെ സംഭാവനകൾ

തിരുത്തുക

സാമ്പത്തികശാസ്ത്രം, ഗണിതം, തർക്കശാസ്ത്രം, തത്ത്വശാസ്ത്രം, ധർമശാസ്ത്രം, ചരിത്രം, രാഷ്ട്രതന്ത്രം എന്നീ വിഷയങ്ങളിലെ സിദ്ധാന്തങ്ങൾ, വിശകലനരീതികൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ചട്ടക്കൂടാണ് അമർത്യസെന്നിന്റെ പഠനങ്ങളുടെ കാതൽ. പഠനകാലത്തിന്റെ ആദ്യനാളുകളിൽ തന്നെ വെൽഫെയർ ഇക്കണോമിക്സ് ഇദ്ദേഹത്തെ ആകർഷിച്ചിരുന്നു. എന്നാൽ "സാമൂഹ്യക്ഷേമം" എന്ന പ്രതിഭാസത്തെ സ്ഥൂലതലത്തിലല്ല, സൂക്ഷ്മതലത്തിലാണ് വിശകലനം ചെയ്യേണ്ടത് എന്ന് ഇദ്ദേഹം വാദിച്ചു. പട്ടിണി, ദാരിദ്ര്യം, ക്ഷാമം തുടങ്ങിയ സാധാരണ മനുഷ്യന്റെ പ്രശ്നങ്ങളെ സാമ്പത്തിക ശാസ്ത്രത്തിന്റെ കേന്ദ്രബിന്ദുവാക്കിയതിൽ സെന്നിന് വലിയ പങ്കുണ്ട്. സന്തുഷ്ടി, തൃപ്തി, സുഖം, സന്തോഷം എന്നിവ ഒരു മാനസികാവസ്ഥയാണ്. പോഷകമൂല്യമുളള ഭക്ഷണം, വസ്ത്രം, കിടപ്പാടം, ആരോഗ്യം, വിദ്യാഭ്യാസം, ജീവിക്കാനുള്ള തൊഴിൽ, സ്വാഭിമാനം പ്രവർത്തിക്കാനുള്ള സ്വാതന്ത്യ്രം എന്നിവ വ്യക്തിക്ക് സന്തുഷ്ടി നൽകുന്നു. ഇതെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സെൻ സൃഷ്ടിച്ച സാങ്കേതിക പദങ്ങൾ നിരവധിയാണ്. "വെൽബീയിങ്", "ഫംക്ഷണിങ്", "കേപ്പബിലിറ്റീസ്", "ഡിപ്രിവേഷൻ", "സോഷ്യൽ ചോയ്സ്", "സോഷ്യൽ എക്സ്ക്ളൂഷൻ", "ഹ്യൂമൻ ഡെവലപ്മെന്റ്", "എൻടൈറ്റിൽമെന്റ്", "എംപവർമെന്റ്" എന്നിവയാണവ.

കമ്പോളവ്യവസ്ഥയിൽ വ്യക്തിഗത തീരുമാനം, സമൂഹത്തിന്റെ തീരുമാനം എന്നിവ പൊരുത്തപ്പെട്ടുപോകില്ല. ജനാധിപത്യസംസ്കാരം ഉൾക്കൊള്ളുന്നതും സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഒരു ഭരണകൂടത്തിന് ഇതിന്റെ പരിഹാരം കാണാൻ കഴിയും. ഇവിടെ രാഷ്ട്രതന്ത്രവും ധർമശാസ്ത്രവും കടന്നുവരുന്നു. മേൽപ്പറഞ്ഞ രീതിയിൽ ദാർശനികതയോടെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് കുട്ടിക്കാലത്ത് അമർത്യസെൻ നേരിൽ കാണാനിടയായ ബംഗാൾ ക്ഷാമം (1943) എന്ന വൻദുരന്തമായിരുന്നു. രാജ്യത്ത് ആവശ്യത്തിന് ധാന്യശേഖരം ഉണ്ടായിട്ടും മാനുഷിക പ്രശ്നങ്ങളോട് നിസ്സംഗത കാട്ടിയ ബ്രിട്ടിഷ് ഭരണകൂടം അത് ബംഗാളിൽ വിതരണത്തിന് എത്തിച്ചില്ല. "ദാരിദ്ര്യവും ക്ഷാമവും" കേന്ദ്രവിഷയമാക്കി സെൻ 1981-ൽ രചിച്ച ഗ്രന്ഥം ശ്രദ്ധിക്കപ്പെട്ടു. തൊഴിലില്ലായ്മ, വേതനത്തിൽ വരുന്ന കുറവ്, ഉയരുന്ന ധാന്യവില, മോശപ്പെട്ട ധാന്യവിതരണരീതി, കുടംബത്തിന്റെ ഘടന, അതിനകത്തെ വ്യക്തിബന്ധങ്ങൾ, പ്രത്യേകിച്ച് സ്ത്രീ-പുരുഷ അസമത്വം, സ്റ്റേറ്റിന്റെ നിസ്സംഗത എന്നിവ ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ വികസ്വരരാജ്യങ്ങളിലെ പട്ടിണി, ദാരിദ്ര്യം, ക്ഷാമം എന്നിവ വിശകലനം ചെയ്യാൻ സെൻ ഉപയോഗിച്ചു. പൊതുനയങ്ങളിലെ തെറ്റായ മുൻഗണനാക്രമം, കമ്പോള വ്യവസ്ഥിതി, മാധ്യമസംസ്കാരം, നിയമവാഴ്ച, സമ്മർദ ഗ്രൂപ്പുകളുടെ പ്രവർത്തനം എന്നിവയും ദാരിദ്ര്യത്തിന്റെ സ്വഭാവം വിശകലനം ചെയ്യാൻ സഹായിക്കുമെന്ന് സെൻ വിശ്വസിച്ചു.

സാക്ഷരത, വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യപരിപാലനം എന്നീ ഘടകങ്ങളും അവയുടെ കാര്യത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ-പുരുഷ അസമത്വവും സാമൂഹ്യ-സാമ്പത്തിക വികസനത്തെ ബാധിക്കും. ഇക്കാര്യത്തിൽ അനുയോജ്യമായ പൊതുനയങ്ങളും ഇടപെടലുകളും നടത്തേണ്ടത് സ്റ്റേറ്റാണ് എന്ന് വാദിച്ച അമർത്യസെൻ കേരള വികസന മാതൃകയെ ലോകശ്രദ്ധയിൽ കൊണ്ടുവന്നു. എന്നാൽ കേരളം ഇതുവരെ നേടിയ "മാനവികവികസനം(human development)" സുസ്ഥിരമാക്കണമെങ്കിൽ പ്രത്യുത്പാദനമേഖലകളിൽ പുത്തൻ ഉണർവുണ്ടാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് ഇദ്ദേഹം നിർദ്ദേശിച്ചു. കേരളം, ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലെ വികസന പരീക്ഷണങ്ങളും അനുഭവങ്ങളും സെൻ വിശകലനം ചെയ്തിട്ടുണ്ട്. യു.എൻ.ഡി.പി.ക്ക് വേണ്ടി പാകിസ്താനിലെ മഹബുൾ ഉൽ ഹക്കുമായി ചേർന്ന് "മാനുഷിക വികസനസൂചിക"നിർമ്മിക്കാനും സെൻ തയ്യാറായി. അണ്വായുധശേഷി നേടിയിട്ടും സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ദാരിദ്ര്യനിർമാർജ്ജനം, സ്ത്രീ-പുരുഷസമത്വം, എന്നിവയുടെ കാര്യത്തിൽ ഇപ്പോഴും ഇന്ത്യ പിന്നോക്കം നിൽക്കാനുള്ള പ്രധാന കാരണം ഭരണത്തിൽ വന്ന വീഴ്ചയാണ്. ഉദാരവൽക്കരണത്തിന്റേയും ആഗോളവൽക്കരണത്തിന്റേയും പ്രയോജനങ്ങൾ സ്വീകരിക്കുന്ന അവസരത്തിൽ തന്നെ അതിന്റെ ജനവിരുദ്ധമായ പ്രത്യാഘാതങ്ങൾ നേരിടാൻ വേണ്ട സാമൂഹ്യസുരക്ഷാവലയം സൃഷ്ടിക്കുന്നതിനു കഴിവുള്ള ഒരു ജനാധിപത്യഭരണക്രമമാണ് ഇന്ത്യയിൽ ഉണ്ടാകേണ്ടത് എന്ന് സെൻ പറയുന്നു. ഇന്ത്യയുടെ രണ്ടാം പഞ്ചവത്സരപദ്ധതിയിൽ ഇവിടെ കൂടുതൽ ലഭ്യമായ തൊഴിൽ ശക്തിസാന്ദ്രമായ വികസനത്തിന് മുൻഗണന നൽകണമെന്ന് സെൻ വാദിച്ചിരുന്നു. വികസനത്തിന് "മാനുഷിക മുഖം"ഉണ്ടാകണമെന്നും ഇദ്ദേഹം ശഠിച്ചു.

തന്റെ ബൗദ്ധികപ്രവർത്തനങ്ങളിൽ ഒരേസമയം സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം, ചരിത്രം, ധർമശാസ്ത്രം, തത്ത്വശാസ്ത്രം, ജനസംഖ്യാപഠനം, താരതമ്യവികസനപഠനം എന്നീ വിവിധമേഖലകളെ സമന്വയിപ്പിക്കാൻ അമർത്യസെന്നിനുള്ള കഴിവ് പ്രശംസനീയമാണ്.

കളക്റ്റീവ് ചോയ്സ് ആൻഡ് സോഷ്യൽ വെൽഫെയർ (1970); ഓൺ ഇക്കണോമിക്ക് ഇനീക്വാലിറ്റി (1973); പൊവർട്ടി ആൻഡ് ഫാമിൻസ്: ആൻ എസ്സേ ഓൺ എൻടൈട്ടിൽമെന്റ് ആൻഡ് ഡിപ്രൈവേഷൻ (1981); ചോയിസ് വെൽഫെയർ ആൻഡ് മെഷർമെന്റ് (1982); റിസോഴ്സസ് വാല്യൂസ് ആൻഡ് ഡെവലപ്പ്മെന്റ് (1984); കൊമ്മോഡിറ്റീസ് ആൻഡ് കേപ്പബലിറ്റീസ് (1985); ഓൺ എത്തിക്സ് ആൻഡ് ഇക്കണോമിക്സ് (1987) ദി സ്റ്റാൻഡാർഡ് ഒഫ് ലീവിങ് (1987); ഇനീക്വാലിറ്റി റീ എക്സാമിൻഡ് (1992), ദി ആർഗ്യുമെന്റേറ്റിവ് ഇന്ത്യൻ എന്നിവയാണ് അമർത്യസെന്നിന്റെ വിഖ്യാതകൃതികൾ. ഡൽഹി സർവകലാശാലയിലെ ജീൻ ഴാങ്ദ്രസുമായി ചേർന്ന് രചിച്ച ഇന്ത്യാ: ഇക്കണോമിക് ഡെവലപ്മെന്റ് ആൻഡ് സോഷ്യൽ ഓപ്പർച്ച്യൂണിറ്റി (1995)എന്ന കൃതിയും ശ്രദ്ധേയമാണ്. ഉയർന്ന വിദ്യാഭ്യാസ നിലവാരവും ശക്തമായ പുരോഗമന പ്രസ്ഥാനങ്ങളും ഉള്ള സമൂഹത്തിൽ മാത്രമേ ആഗോളവത്കരണവും ഉദാരവത്കരണവും വിജയിക്കുകയുള്ളുവെന്ന് ഈ കൃതിയിൽ സെൻ സ്ഥാപിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മുപ്പതിലധികം ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടിട്ടുണ്ട്.


"https://ml.wikipedia.org/w/index.php?title=അമർത്യ_സെൻ&oldid=3696277" എന്ന താളിൽനിന്ന് ശേഖരിച്ചത്