അഡാഡ്
പുരാതന ബാബിലോണിയയിലെയും അസ്സീറിയയിലെയും ജനങ്ങൾ ആരാധിച്ചിരുന്ന ഒരു പ്രകൃതിദേവനായിരുന്നു അഡാഡ്. പ്രകൃതിക്ഷോഭങ്ങൾക്ക് കാരണഭൂതൻ ഈ ദേവനാണെന്നു ബാബിലോണിയരും അസ്സീറിയരും വിശ്വസിച്ചിരുന്നു. ബാബിലോണിയയിലേയും അസ്സീറിയയിലേയും പുരാണങ്ങളിൽ ശക്തനായ ഈ ദേവനെപ്പറ്റി പല പരാമർശങ്ങളുമുണ്ട്. സുമേറിയർ ഈ ദേവനെ ഇഷ്കൂർ എന്നും അർമേനിയരും കനാനൈറ്റുകളും അഡ്ഡു അഥവാ ഹഡാഡ് എന്നും വിളിച്ചിരുന്നു. അഡാഡ് എന്ന പദവും ഈ ദേവനെപ്പറ്റിയുള്ള സങ്കല്പവും ബി.സി. 3000-ൽ പശ്ചിമസെമൈറ്റുകളാണ് മെസൊപ്പൊട്ടേമിയയിൽ വ്യാപകമാക്കിയത്.
Hadad | |
---|---|
God of Weather, Hurricanes, Storms, Thunder and Rain | |
![]() Assyrian soldiers carrying a statue of Adad | |
Abode | Heaven |
ചിഹ്നം | Thunderbolt, Bull, Lion |
Personal information | |
Parents | Nanna or Sin and Ningal |
Siblings | Utu, Inanna |
ജീവിത പങ്കാളി | Shala |
Children | Gibil or Gerra |
Greek equivalent | Zeus |
Roman equivalent | Jupiter |
Canaanite equivalent | Ba'al |
അഡാഡ് ദ്വന്ദ്വവ്യക്തിത്വമുള്ള ഒരു ദേവനാണെന്നാണ് സങ്കല്പം. ആരാധകർക്ക് ദാതാവും, നിഷേധികൾക്ക് സംഹാരകനുമായി വർത്തിക്കുന്നു. തന്നെ പൂജിക്കുന്നവർക്കുവേണ്ടി അഡാഡ് ധാരാളം മഴ നല്കുന്നു; തത്ഫലമായി കാർഷിക വിഭവങ്ങൾ ലഭിക്കുന്നു. കർഷകർ അഡാഡിനെ സമൃദ്ധിയുടെ ദേവൻ എന്നു വിളിക്കുന്നത് ഇതുകൊണ്ടാണ്. തന്നെ കുപിതരാക്കുന്ന ശത്രുക്കളെ കൊടുങ്കാറ്റും പേമാരിയുംകൊണ്ട് വലയ്ക്കുകയും, അന്ധകാരവും ദാരിദ്യ്രവും മൃത്യുവും അവരുടെ നേർക്ക് അഴിച്ചുവിടുകയും ചെയ്യുന്നു.
അഡാഡിന്റെ പിതാവായ അനു സ്വർഗത്തിലെ ധാന്യദേവനാണ്. അനുവിന്റെ പിതാവായ ബെൽ ഭൂമിയുടെ അധിദേവനായിട്ടാണ് ആരാധിക്കപ്പെടുന്നത്. സൂര്യദേവനായ ഷമാഷും ധാന്യദേവനായ അനുവുമാണ് അഡാഡിന്റെ സന്തതസഹചാരികൾ.
പല നാടോടിക്കഥകളിലും പുരാണകഥകളിലും, അഡാഡിന്റെ ക്രോധംമൂലം പേമാരിയുണ്ടായി ധനധാന്യാദികൾ നശിച്ചുപോയതായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. വിധിയുടെ ഗുളികകൾ അപഹരിച്ച സുബേർഡിനെ വധിക്കുവാൻ അഡാഡ് നിയോഗിക്കപ്പെട്ടുവെങ്കിലും പിതാവായ അനു നിരോധിച്ചതു നിമിത്തം അഡാഡ് അതിൽനിന്നും പിൻതിരിഞ്ഞു.
ബി.സി. 2-ആം ശതകത്തിൽ അഡാഡ് ഒരു മുഖ്യദേവനായിത്തന്നെ ആരാധിക്കപ്പെട്ടിരുന്നുവെങ്കിലും പില്ക്കാലത്ത് ക്രമേണ പ്രാധാന്യം കുറഞ്ഞു. ബി.സി. 10-ആം ശതകത്തിലും ബാബിലോണിയയിൽ അഡാഡ് സമൃദ്ധിയുടെ ദേവൻതന്നെയായിരുന്നു. അസ്സീറിയയുടെ രാജധാനിയായ അഷൂറിൽ അഡാഡിനെയും അനുവിനെയും ആരാധിക്കുവാൻ മനോഹരമായ ഒരു ദേവാലയം പണിതുയർത്തിയിരുന്നു. ക്രിസ്തുവർഷാരംഭത്തോടുകൂടി ഈ ദേവന്റെ പ്രാധാന്യം വളരെക്കുറഞ്ഞുപോയി.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഡാഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |