ഫുട്ബോൾ ലോകകപ്പ് 1986
പതിമൂന്നാമത് ഫിഫ ഫുട്ബോൾ ലോകകപ്പ് 1986 മേയ് 31 മുതൽ ജൂൺ 29 വരെ മെക്സിക്കോയിൽ അരങ്ങേറി. പശ്ചിമ ജർമ്മനിയെ 3-2നു തോൽപിച്ച് അർജന്റീന രണ്ടാം തവണ ജേതാക്കളായി. കൊളംബിയയ്ക്കായിരുന്നു ഈ ലോകകപ്പിന്റെ ആതിഥേയ ചുമതല. എന്നാൽ ടൂർണമെന്റ് നടത്താനുള്ള സൗകര്യങ്ങളില്ലെന്ന കാരണത്താൽ 1982-ൽ അവർ പിന്മാറി. അങ്ങനെയാണ് ഫുട്ബോൾ മേള രണ്ടാം തവണ മെക്സിക്കോയിലെത്തുന്നത്. മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ 1985 സെപ്റ്റംബറിൽ ശക്തമായ ഭൂചലനം മെക്സിക്കോയെ നടുക്കി. എന്നാൽ ലോകകപ്പ് വേദികളൊന്നും തന്നെ നാശമേൽക്കാതെ രക്ഷപ്പെട്ടതിനാൽ മുൻനിശ്ചയ പ്രകാരം തന്നെ മത്സരങ്ങൾ നടന്നു.
മെക്സികോ '86 | |
---|---|
Tournament details | |
Host country | Mexico |
Dates | 31 May – 29 June (30 days) |
Teams | 24 (from 5 confederations) |
Venue(s) | 12 (in 9 host cities) |
Final positions | |
Champions | അർജന്റീന (2-ആം കീരിടം) |
Runners-up | പശ്ചിമ ജർമനി |
Third place | ഫ്രാൻസ് |
Fourth place | ബെൽജിയം |
Tournament statistics | |
Matches played | 52 |
Goals scored | 132 (2.54 per match) |
Attendance | 23,93,031 (46,020 per match) |
Top scorer(s) | Gary Lineker (6 goals) |
Best player | Diego Maradona |
← 1982 1990 → |
24 ടീമുകളാണ് ലോകകപ്പിനായി മത്സരിച്ചത്. എന്നാൽ ഇതിനു മുൻപത്തെ(1982)ചാമ്പ്യൻഷിപ്പിൽനിന്നും വ്യത്യസ്തമായി രണ്ടാം റൌണ്ടു മുതൽത്തന്നെ നോക്കൌട്ട് ഘട്ടം ആരംഭിച്ചു. രണ്ടാം റൌണ്ടിലേക്കുള്ള പ്രവേശനത്തിനായി ടീമുകളുടെ ഒത്തുകളിക്ക് കടിഞ്ഞാണിടാൻ എല്ലാ ഗ്രൂപ്പുകളിലെയും അവസാന മത്സരങ്ങൾ ഒരേസമയത്തു നടത്തുന്ന സംവിധാനവും ഈ ലോകകപ്പ് മുതലാണു തുടങ്ങിയത്. ഡെന്മാർക്ക്, ഇറാഖ്, കാനഡ എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്.
ഇരുപതാം നൂറ്റാണ്ടിലെ മികച്ച കളിക്കാരിലൊരാളായി കരുതപ്പെടുന്ന ഡിയേഗോ മറഡോണ ആയിരുന്നു ഈ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രം. അർജന്റീനയെ രണ്ടാം തവണ കിരിടം ചൂടിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചതും അദ്ദേഹമാണ്. മറഡോണയുടെ പ്രസിദ്ധമായ ‘ദൈവത്തിന്റെ കൈ‘ പ്രയോഗം ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോളിനെ ചുറ്റിപ്പറ്റിയുള്ളതാണ്. നൂറ്റാണ്ടിന്റെ ഗോൾ ആയി ഫിഫ ഓൺലൈൻ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തതും ഈ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മറഡോണ ഇംഗ്ലണ്ടിനെതിരെ നേടിയ രണ്ടാം ഗോളായിരുന്നു.
ലോകഫുട്ബോളിൽ ഡെന്മാർക്ക് എന്ന പുതുശക്തിയുടെ ഉദയത്തിനും മെക്സിക്കോ ‘86 സാക്ഷ്യം വഹിച്ചു. നവാഗതരായെത്തിയ അവർ മുൻ ചാമ്പ്യന്മാരായ ജർമ്മനി, ഉറുഗ്വേ എന്നിവരെ തോല്പിച്ച് ഗ്രൂപ് ജേതാക്കളായാണ് ശ്രദ്ധനേടിയത്. മൊത്തം ആറ് ഗോൾ നേടി ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കർ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനുള്ള സുവർണ്ണ പാദുകം നേടി. അർജന്റീനയെ കിരീടത്തിലേക്കു നയിച്ച മറഡോണ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വർണ്ണപന്ത് നേടി.