മലങ്കര സഭാ റോയൽ കോടതിവിധി (1889)

(1889-ലെ റോയൽ കോടതിവിധി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സുറിയാനി ക്രൈസ്തവ സഭാ ചരിത്രത്തിലെ സുപ്രധാനമായ ഒരു കോടതിവിധിയാണ് 1889-ലെ റോയൽ കോടതിവിധി. ഒന്നാം വട്ടിപ്പണക്കേസ്, ഒന്നാം സമുദായ കേസ്, സെമിനാരിക്കേസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന കോടതി വ്യവഹാരത്തിന്റെ അന്തിമ വിധിയായിരുന്നു ഇത്. പല കാരണങ്ങളാൽ ഈ കോടതിവിധി കേരള ക്രൈസ്തവസഭാ ചരിത്രത്തിൽ പ്രാധാന്യം അർഹിക്കുന്നു. മലങ്കര സഭയുടെ മെത്രാപ്പോലീത്ത ആയിരുന്ന മാത്യൂസ് അത്താനാസ്യോസ് 1877-ൽ മരണമടഞ്ഞതിനേത്തുടർന്ന് മലങ്കര മെത്രാപ്പോലീത്ത സ്ഥാനത്തേക്കുള്ള പിന്തുടർച്ചാവകാശത്തെപ്പറ്റി ഉണ്ടായ സിവിൽ വ്യവഹാരമായിരുന്നു ഈ കേസ്.

മലങ്കര സഭാ റോയൽ കോടതിവിധി (1889)

പശ്ചാത്തലം

തിരുത്തുക

1852 മുതൽ മരണം വരെ മലങ്കര സഭയുടെ മെത്രാപോലീത്ത ആയിരുന്നു മാത്യൂസ് മാർ അത്താനാസ്യോസ്. 1877 ജൂലൈ 16-ന് 59-ആം വയസ്സിലാണ് ഇദ്ദേഹം മരണമടഞ്ഞത്. ഏകദേശം തന്റെ കാലയളവിൽ ഉടലെടുത്ത നവീകരണ ആശയങ്ങളേയും അതിനെ പിന്തുണയ്ക്കുന്നവരുടേയും പ്രധാന നേതാവായിരുന്നു മാർ അത്താനാസ്യോസ്. എന്നാൽ ഈ ആശയങ്ങളോടും മറ്റും എതിർപ്പുള്ള വലിയൊരു വിഭാഗം വിശ്വാസികളും പുരോഹിതരും ബിഷപ്പുമാരും അക്കാലത്ത് സഭയിൽ ഉണ്ടായിരുന്നു.

മാത്യൂസ് മാർ അത്താനാസ്യോസ് മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ബന്ധുകൂടെയായ തോമസ് അത്താനാസിയോസിനെ തന്റെ പിൻഗാമിയായി നിയമിച്ചു. എന്നാൽ നവീകരണക്കാരെ എതിർത്തിരുന്നവർക്ക് ഈ നടപടി സ്വീകാര്യമായിരുന്നില്ല. അവർ തങ്ങളുടെ നേതാവായ പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസിനെ മലങ്കര മെത്രാപ്പോലിത്ത ആയി വാഴിക്കണം എന്ന് വാദിച്ചു.

തോമസ് അത്താനാസിയോസ് സഭാ സ്വത്തുക്കളും ബ്രിട്ടീഷ് സർക്കാരിൽ നിന്ന് അനുവദിക്കപ്പെടുന്ന വട്ടിപ്പണത്തിന്റെ പലിശയും കൈവശപ്പെടുത്തുന്നതിന് എതിരെ ആലപ്പുഴ ജില്ലാക്കോടതിയിൽ പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യാസോസ് 1879-ൽ കേസ് ഫയൽ ചെയ്തു. ഇതിൽ വാദിക്കനുകൂലമായി കോടതി കേസ് വിധിച്ചു. 1884-ൽ ഈ വിധിക്കെതിരെ തോമസ് മാർ അത്തനെഷ്യസും അനുയായികളും തിരുവിതാംകൂർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. എന്നാൽ ഈ അപ്പീൽ തള്ളപ്പെട്ടു. തുടർന്ന് ഈ വിധിക്കെതിരെ തോമസ് മാർ അത്തനെഷ്യസസും കൂട്ടരും തിരുവിതാംകൂർ റോയൽ കോടതിയിൽ 1886-ൽ മൂന്നാം നമ്പറായി പുതിയ അപ്പീൽ നൽകി. ജസ്റ്റീസുമാരായ കെ. കൃഷ്ണസ്വാമിറാവു, എ. സീതാരാമയ്യൻ, ഇ. ഓംസ്‌ബി എന്നിവരാണ് വാദം കേട്ടത്. ഏകദേശം മൂന്നു വർഷത്തോളം നീണ്ടു നിന്ന വാദം കേസിനായി നടന്നു. ഇതേതുടർന്ന് ജസ്റ്റീസുമാരായ കെ. കൃഷ്ണസ്വാമിറാവു, എ. സീതാരാമയ്യൻ, എന്നിവർ പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസിന് അനുകൂലമായും, ഇ. ഓംസ്‌ബി മാത്യൂസ് മാർ അത്താനാസ്യോസിന് അനുകൂലമായും തീരുമാനമെടുത്തു. അതിനാൽ 1889-ൽ തിരുവിതാംകൂർ മഹാരാജാവ് ഭൂരിപക്ഷ ബഞ്ചിന്റെ തീരുമാനം നടപ്പാക്കി. അങ്ങനെ പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു.

പ്രത്യാഘാതങ്ങൾ

തിരുത്തുക

നവീകരണാശയങ്ങളെ പിന്തുണയ്ക്കുന്ന തോമസ് മാർ അത്താനാസ്യോസും ഇതിനോട് ചേർന്ന് നിൽക്കുന്നവരും ഭിന്നിച്ച് നവീകരണ സുറിയാനി സഭ ആയി തീർന്നു. പിന്നീട് മലങ്കര മാർത്തോമ്മാ സുറിയാനി സഭ എന്ന പേർ സ്വീകരിച്ചു. ഇപ്പോൾ മാർത്തോമ്മാ സഭ എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു.

തിരുവിതാംകൂർ റോയൽ കോടതി വിധിയിൽ അന്ത്യോക്കൻ പാത്രിയർക്കിസിനെ ആണ് മലങ്കര സഭയുടെ ആത്മീയ തലവൻ ആയി വിധിച്ചത്. അധികം താമസിയാതെ തന്നെ പിന്നെയും പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. തുടർന്ന് 1912 കാലയളവിൽ പിന്നെയും പിളർപ്പുണ്ടായി. അന്തോഖ്യൻ പാത്രിയർക്കിസിന്റെ മലങ്കര സഭയുടെ മേൽ ഉള്ള അധികാരം അംഗീകരിക്കുന്നവർ യാക്കോബായ വിഭാഗമായും അത് അംഗീകരിക്കാത്തവർ ഓർത്തഡോക്സ് വിഭാഗമായും ഭിന്നിച്ചു. ഇതിൽ നിന്ന് വീണ്ടും ഒരു വിഭാഗം മാർപ്പാപ്പയെ തലവനായി അംഗീകരിച്ച് മലങ്കര കത്തോലിക്ക സഭയായി മാറി. യാക്കോബായ സഭയും ഓർത്താഡൊക്സ് സഭയും കേസുകളുമായി ഇപ്പോഴും തുടരുന്നു.

മാർത്തോമ്മാ സഭയിലെ നവീകരണത്തിന്റെ പോരായ്മ എന്ന പേരിൽ വേറൊരു വിഭാഗം മാർത്തോമ്മാ സഭയിൽ നിന്ന് വിഘടിച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ ഉണ്ടാക്കി. ഇത്തരത്തിൽ ഈ വിധി മൂലം നേരിട്ടും അല്ലാതെയും ഉണ്ടായ പിളർപ്പുകൾ ഒട്ടനവധിയാണ്. കൂടാതെ നിരവധി വ്യവഹാരക്കേസുകളും നിലനിൽക്കുന്നു.

വിധിയിലെ പ്രധാന വസ്തുതകൾ

തിരുത്തുക

പാലക്കുന്നത്ത് തോമസ് അത്തനാസ്യോസും അനുകൂലികളും സമ്പൂർണ്ണമായി പരാജയപ്പെട്ടു എന്നതും പുലിക്കോട്ടിൽ മാർ ജോസഫ് ദിവന്നാസ്യോസ് അഞ്ചാമൻ മലങ്കര സഭയുടെ മെത്രാപ്പൊലീത്ത ആയി സ്ഥിരപ്പെട്ടു എന്നതുമൊഴികെ വിധിയിലൂടെ ആർക്കും ആഘോഷിക്കാൻ ഒന്നും ലഭിച്ചില്ല.

മലങ്കര മെത്രാൻ സ്ഥാനത്തിന് ജനത്തിന്റെ തിരഞ്ഞെടുപ്പും അന്തോഖ്യാ പാത്രിയർക്കീസിന്റെ കൈവയ്പ്പും അത്യന്താപേഷിതമാണ്. ഒപ്പം ആൾ ഒരു മലങ്കര സ്വദേശിയുമായിരിക്കണം. മാർ ജോസഫ് ദിവന്നാസ്യോസിന് ഇവ രണ്ടും ഉള്ളതിനാലും തോമസ് അത്താനാസ്യോസിന് ഇവ രണ്ടും ഇല്ലാത്തതിനാലും പാലക്കുന്നത്ത് മാർ മാത്യൂസ് അത്താനാസ്യോസിന്റെ പിൻഗാമിയായ മലങ്കര മെത്രാപൊലീത്താ അസൽവാദി (മാർ ജോസഫ് ദിവന്നാസ്യോസ്) ആണ്. അതിനാൽ മലങ്കര സഭാ സ്വത്തുക്കളും പണവും ധനവും സ്ഥാനികചിഹ്നങ്ങളും കൊച്ചി പഞ്ചായത്തുവിധി പ്രകാരമുള്ള വസ്തുക്കളും അസൽ പ്രതി, മാർ ജോസഫ് ദിവന്നാസ്യോസിനു നൽകണം. മലങ്കരയിൽ മേൽപട്ടം നൽകാനും മൂറോൻ കൂദാശ ചെയ്യാനുമുള്ള അധികാരം അന്ത്യോഖ്യാ പാത്രിയാർക്കീസിനാണ്. അന്ത്യോഖ്യാ പാത്രിയാർക്കീസിന്റെ മലങ്കരയിലെ അധികാരം ആത്മീയ വിഷയങ്ങളിൽ മാത്രമായിരിക്കും. ലൗകിക ഭരണത്തിൽ സ്ഥാനമുണ്ടായിരിക്കില്ല. റിശീസ പാത്രിയാർക്കീസിനോ ഭരിക്കുന്ന മെത്രാനോ അവകാശപ്പെട്ടത് എന്ന് പൂർണ്ണമായി പറയാൻ സാധ്യമല്ല.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
ഇംഗ്ലീഷ്
    1. Juhanon Marthoma Metropolitan, The Most Rev. Dr. (1952). Christianity in India and a Brief History of the Marthoma Syrian Church. Pub: K. M. Cherian.
    2. Mathew N. M. (2003). St. Thomas Christians of Malabar Through Ages, C.S.S. Tiruvalla. ISBN 81-782-1008-8 and CN 80303.
    3. Zac Varghese Dr. & Mathew A. Kallumpram. (2003). Glimpses of Mar Thoma Church History. London, England. ISBN 81-900854-4-1.
മലയാളം
    1. Chacko, T. C. (1936) Malankara Marthoma Sabha Charithra Samgraham (Concise History of Marthoma Church). Pub: E.J. Institute, Kompady, Tiruvalla.
    2. Eapen, Prof. Dr. K. V. (2001). Malankara Marthoma Suryani Sabha Charitram (History of Malankara Marthoma Syrian Church). Pub: Kallettu, Muttambalam, Kottayam.
    3. Ittoop Writer (1906). Malayalathulla Suryani Chistianikauleday Charitram (History of Syrain Christians in the land of Malayalam).
    4. Mathews Mar Athanasius Metropolitan. (1857). Mar Thoma Sleehayude Idavakayakunna Malankara Suryani Sabhaudai Canon. (Canon of the Malankara Syrian Church of Saint Thomas). Printed at Kottayam Syrian Seminary.
    5. Mathew, N. M. Malankara Marthoma Sabha Charitram (History of the Marthoma Church), Volume 1 (2006), Volume II (2007), Volume III (2008). Pub. E.J. Institute, Tiruvalla.
    6. Varkey, M. P. (1901) Malankara Idavakayude Mar Dionysius Metropolitan (Biography of Mar Dionysius Metropolitan).
    7. Varughese, Rev. K. C. (1972). Malabar Swathanthra Suryani Sabhyude Charitram (History of the Malankar Independednt Suryani Church).

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക