ഹോസ്റ്റ് ഫാസ്

(ഹോഴ്‌സ്റ്റ് ഫാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജർമൻ വംശജനായ വിഖ്യാത യുദ്ധ ഫോട്ടോഗ്രാഫറായിരുന്നു ഹോഴ്സ്റ്റ് ഫാസ് (28 ഏപ്രിൽ 1933 – 10 മേയ് 2012). വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരതകൾ ക്യാമറക്കണ്ണുകളിലാക്കി ലോകത്തെ ഞെട്ടിച്ച ഫാസ് അസോസിയേറ്റ് പ്രസ്സിന്റെ യുദ്ധഫോട്ടോഗ്രാഫർ എന്ന നിലയ്ക്കാണ് പ്രശസ്തനായത്. രണ്ടുവട്ടം പുലിറ്റ്‌സർ സമ്മാനം ലഭിച്ചിട്ടുണ്ട്.

ഹോഴ്‌സ്റ്റ് ഫാസ്, 28 ഏപ്രിൽ 1933 – 10 മെയ്‌ 2012

1964-ൽ എ.പി.യിൽ ചേർന്ന അദ്ദേഹം പിന്നീടതിന്റെ ഫോട്ടോ ചീഫ് ആയി. സയർ , അൾജീരിയഎന്നിവിടങ്ങളിലും ഫാസ് ജോലി ചെയ്തിട്ടുണ്ട്. വിയറ്റ്‌നാം യുദ്ധത്തിന്റെ പ്രശസ്ത ചിത്രങ്ങൾ പലതും ഫാസിന്റെ നിർദ്ദേശമനുസരിച്ച് അദ്ദേഹത്തിന്റെ ശിഷ്യൻമാർ എടുത്തതാണ്. 1967-ൽ കാലിന് ക്ഷതമേറ്റതിനെ തുടർന്ന് വീൽചെയറിലാണ് അദ്ദേഹം പിന്നീടുള്ള കാലം ജീവിച്ചത്. അരയ്ക്കുതാഴെ തളർന്ന് കിടപ്പിലാകുന്നതുവരെ ഫാസ് ഫോട്ടോഗ്രാഫി രംഗത്ത് സജീവമായിരുന്നു.വിയറ്റ്നാം യുദ്ധം, ലോകത്തിനു കാണിച്ചു കൊടുത്ത ഫോട്ടൊഗ്രഫർ, രണ്ടു തവണ പുലിറ്റ്സർ സമ്മാനം നേടിയയാൾ, മരണത്തെ ഭയക്കാതെ ജോലി ചെയ്തിരുന്ന മാധ്യമപ്രവർത്തകൻ... തുടങ്ങി പല വിശേഷണങ്ങൾക്കും ജീവിച്ചിരിക്കെ തന്നെ അദ്ദേഹം അർഹനായിരുന്നു അർഹനായിരുന്നു.

ജീവചരിത്രം

തിരുത്തുക

രണ്ടാംലോകമഹായുദ്ധകാലത്ത് ജർമനിയിൽ ജനിച്ച ഹോസ്റ്റിൻറെ കാഴ്ചകളെല്ലാം യുദ്ധമായിരുന്നു. യുദ്ധത്തിൽ ഹിറ്റ്ലർ പരാജയപ്പെട്ടതോടെ റഷ്യയുടെ ആക്രമണം ഭയന്ന് ഹോസ്റ്റിൻറെ കുടുംബം ബെർലിനിലേക്കും പിന്നീട് മ്യൂണിക്കിലേക്കും കുടിയേറി. ഫോട്ടൊഗ്രഫറായി അസോസിയേറ്റഡ് പ്രസിൽ ജോലിക്കു ചേരുമ്പോൾ യുദ്ധങ്ങളായിരുന്നു ഹോസ്റ്റിനു പ്രിയം. യുദ്ധത്തിനു നടുവിൽ ജനിച്ചതുകൊണ്ട് ഹോസ്റ്റിന് അതൊരു പുതുമയല്ലായിരുന്നു. ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും സിംഗപ്പൂരും പലസ്തീനിലുമൊക്കെ ജോലി ചെയ്തു. യൂറോപ്പിൽ അസോസിയേറ്റഡ് പ്രസിൻറെ ഫോട്ടൊ എഡിറ്ററായി. അസോസിയേറ്റഡ് പ്രസിൽ ജോലിക്കു ചേർന്ന ശേഷമുള്ള ജീവിതം ഓരോ രാജ്യങ്ങളിലെ ഓരോ സംഭവങ്ങൾക്കൊപ്പമായിരുന്നു. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ബോക്സിങ് റിങ്ങിൽ എതിരാളികളെ നേരിടുന്ന നിരവധി മുഹൂർത്തങ്ങൾ പകർത്തിയിട്ടുണ്ട് ഹോസ്റ്റ്. അലിയുടെ പരിശീലന കേന്ദ്രങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് അക്കൂട്ടത്തിൽ കൂടുതൽ ആരാധകരെ സൃഷ്ടിച്ചത്. വിയറ്റ്നാമിലെ സായ്ഗോണിൽ നിന്ന് ഇരുപതു മൈൽ അകലെ ബാവോ ട്രായിൽ ഹെലികോപ്റ്റർ ആക്രമണത്തെ ഭയന്ന് രണ്ട് അമ്മമാർ മക്കളെയും ഒക്കത്തെടുത്തു ചെളിവെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ചിത്രം യുദ്ധത്തിൻറെ എല്ലാ ഭയവും ലോകത്തിനു കാണിച്ചുകൊടുത്തു. യുദ്ധത്തിൽ കൊല്ലപ്പെട്ട കുഞ്ഞിനെ കൈയിലെടുത്തു പട്ടാള വണ്ടിയുടെ അരികെ നിൽക്കുന്ന അച്ഛൻറെ ചിത്രമാണു മറ്റൊന്ന്. 1969ൽ കൊല്ലപ്പെട്ട നാൽപ്പത്തേഴുപേരിലൊരാളുടെ മൃതദേഹത്തിനരികെയിരുന്നു കരയുന്ന സ്ത്രീയുടെ ചിത്രം പകർത്തിയതും ഹോസ്റ്റാണ്. ബംഗ്ലാദേശിലെ ഒളിപ്പോരാളികൾ രണ്ടുപേരെ വെടിവച്ചുകൊല്ലുന്ന ദൃശ്യം ക്യാമറയിൽ പകർത്തിയത് ഹോസ്റ്റ് ഏർപ്പെടുത്തിയ ഫോട്ടൊഗ്രഫർമാരിലൊരാളായിരുന്ന മൈക്കിൾ ലോറൻറായിരുന്നു. ഈ ചിത്രത്തിനാണു മൈക്കിളിനു പുലിറ്റ്സർ സമ്മാനം ലഭിച്ചത്. കൂടെ പ്രവർത്തിക്കുന്നവർക്ക് ഭാഗ്യം സമ്മാനിക്കുന്നയാളാണ് ഹോസ്റ്റ് ഫാസ് എന്ന സൽപ്പേര് ഏതു യുദ്ധത്തിനിറങ്ങുമ്പോഴും കൂടെ ഫോട്ടൊയെടുക്കാൻ തയ്യാറായി നിറയെ ആളുകളുണ്ടാകുമായിരുന്നു ഹോസ്റ്റിനൊപ്പം.

പുരസ്കാരങ്ങൾ

തിരുത്തുക

യുദ്ധമേഖലയിലെ കൊടുംക്രൂരതകൾ പകർത്തിയതിന് ഫാസിന് രണ്ടുവട്ടം പുലിറ്റ്‌സർ സമ്മാനം ലഭിച്ചിട്ടുണ്ട്. വിയറ്റ്‌നാം യുദ്ധകാലത്തെ ചിത്രങ്ങൾ പകർത്തിയതിന് 1965 ലും കിഴക്കൻ പാകിസ്താനിലെ (ഇപ്പോഴത്തെ ബംഗ്ലാദേശ്) അഭ്യന്തരകലാപത്തിന്റെ ചിത്രങ്ങൾക്ക് 1972 ലും ഫാസ് പുലിറ്റ്‌സറിന് അർഹനായി.[1]

കൂടുതൽ വിവരങ്ങൾ

തിരുത്തുക

1. Associated Press (2012-04-17). "Horst Faas, AP photographer who brought world compelling images of Vietnam, dies at age 79". The Washington Post. Retrieved 2012-05-11.

2. Marinovich, Greg and Silva, João (2000). The Bang-Bang Club: snapshots from a hidden war. Basic Books. ISBN 978-0-465-04413-9.

3. Horst Faas: Horst Faas, who has died aged 79, was an award-winning photographer best known for his arresting images of the Vietnam War.". The Telegraph. May 11, 2012.

4. http://www.pulitzer.org/awards/1965

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-12. Retrieved 2012-12-25.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹോസ്റ്റ്_ഫാസ്&oldid=3936328" എന്ന താളിൽനിന്ന് ശേഖരിച്ചത്