ടിറെഡെന്റിസ്
ബ്രസീലിലെ ദേശീയ നേതാവാണ് ടിറെഡെന്റിസ്. ജോക്വിം ഹൊസെ ദെ സിൽവ സേവ്യർ എന്നാണ് ശരിയായ പേര്. ബ്രസീലിൽ മിനാസ് ജെറെയ്സിലെ പോംബാ (ഇപ്പോൾ ടിറെഡെന്റ്സ്) ആണ് ജന്മനാട്. 1746 നവംബർ 12-ന് ഇദ്ദേഹം ജനിച്ചു. ബ്രസീലിലെ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായി ഇദ്ദേഹം കരുതപ്പെടുന്നു. വ്യാപാരിയായും സൈനിക ഉദ്യോഗസ്ഥനായും ദന്തപരിപാലകനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദന്തപരിപാലകൻ എന്നർഥം വരുന്ന ടിറെഡെന്റിസ് എന്ന പേരിലാണ് ഇദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്.
ടിറെഡെന്റിസ് | |
---|---|
ജനനം | Fazenda do Pombal (Tiradentes), Minas Gerais, Portuguese Colony of Brazil | നവംബർ 12, 1746
മരണം | ഏപ്രിൽ 21, 1792 | (പ്രായം 45)
മറ്റ് പേരുകൾ | Tiradentes |
പ്രസ്ഥാനം | Inconfidência Mineira |
റിപ്പബ്ലിക്കൻ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ഇദ്ദേഹം പോർച്ചുഗീസ് ഭരണത്തിൻകീഴിൽനിന്നും ബ്രസീലിനെ മോചിപ്പിക്കുവാനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടു. പോർച്ചുഗീസ് ഭരണത്തിനെതിരായ പ്രസ്ഥാനമായ ഇൻകോൺഫിഡെൻഷ്യ മിനെറ'യിൽ 1780-കളിൽ ചേർന്നു പ്രവർത്തിച്ച ഇദ്ദേഹം അതിന്റെ നേതാക്കളിലൊരാളായി ഉയർന്നു. അമേരിക്കൻ വിപ്ലവത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട് ബ്രസീലിൽ ജനാധിപത്യം സ്ഥാപിക്കുകയെന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ബ്രസീലിന് ഒരു റിപ്പബ്ലിക്കൻ ഭരണഘടനയാണ് വേണ്ടതെന്ന അഭിപ്രായക്കാരനായിരുന്നു ഇദ്ദേഹം. പദ്ധതി പ്രാവർത്തികമാകുംമുമ്പ് ചതിയിൽപ്പെട്ട് ടിറെഡെന്റിസ് ഉൾപ്പെടെയുള്ള പ്രസ്ഥാനത്തിന്റെ നേതാക്കൾ അറസ്റ്റിലായി (1789). പ്രസ്ഥാനത്തിന്റെ നേതൃത്വം സ്വയം സമ്മതിച്ചതോടെ ഇദ്ദേഹത്തെ തൂക്കിക്കൊല്ലാൻ വിധിച്ചു. 1792 ഏപ്രിൽ 21-ന് റയോ ദെ ജനെറോയിൽ ഇദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കി.
അവലംബം
തിരുത്തുക
അധിക വായനക്ക്
തിരുത്തുക- Maxwell, Kenneth R, Conflicts and Conspiracies: Brazil & Portugal 1750-1808 (Cambridge University Press, 1973)
പുറം കണ്ണികൾ
തിരുത്തുക- Museu da Inconfidência[പ്രവർത്തിക്കാത്ത കണ്ണി]
- Tiradentes Archived 2017-05-10 at the Wayback Machine. at about.com
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടിറെഡെന്റിസ്_(1748_-_92) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |