ഹിരോഷിമാ പീസ് മെമ്മോറിയൽ

ജപ്പാനിലെ ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്കിൽ സ്ഥിതിചെയ്യുന്ന ഒരു സ്മാരകമാണ് ഹിരോഷിമാ ശാന്തിസ
(ഹിരോഷിമാ ശാന്തിസ്മാരകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

34°23′43.7″N 132°27′12.7″E / 34.395472°N 132.453528°E / 34.395472; 132.453528

ഹിരോഷിമാ പീസ് മെമ്മോറിയൽ
(Genbaku Dome)

原爆ドーム, 広島平和記念碑
ഹിരോഷിമാ പ്രീഫെക്ചുറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാളിന്റെ തകർന്ന ഭാഗങ്ങൾ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംജപ്പാൻ Edit this on Wikidata
Area0.4, 42.7 ഹെ (43,000, 4,596,000 sq ft)
മാനദണ്ഡംvi[1]
അവലംബം775
നിർദ്ദേശാങ്കം34°23′44″N 132°27′13″E / 34.3956°N 132.4536°E / 34.3956; 132.4536
രേഖപ്പെടുത്തിയത്1996 (20th വിഭാഗം)
Endangered ()

ജപ്പാനിലെ ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്കിൽ സ്ഥിതിചെയ്യുന്ന ഒരു സ്മാരകമാണ് ഹിരോഷിമാ ശാന്തിസ്മാരകം അഥവാ ഹിരോഷിമാ പീസ് മെമ്മോറിയൽ (Hiroshima Peace Memorial) . 1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിൽ വച്ച്, മനുഷ്യ സമൂഹത്തിനു നേരെ ആദ്യമായി ആറ്റംബോംബ് പ്രയോഗിച്ചതിനെത്തുടർന്ന് ഏകദേശം ഒന്നര ലക്ഷത്തോളം പേർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ് ഈ സ്മാരകം. അണുവിസ്ഫോടനത്തെ അതിജീവിച്ച ഹിരോഷിമാ പ്രീഫെക്ചുറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ എന്ന കെട്ടിടത്തെയാണ് ശാന്തിസ്മാരകമാക്കി മാറ്റിയത്. ആണവായുധങ്ങൾ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തെ ഓർമ്മിപ്പിക്കുന്ന ഈ കെട്ടിടം സമാധാനത്തിന്റെ പ്രതീകമായും നിലകൊള്ളുന്നു. 1996-ൽ യുനെസ്‌കോ ഇതിനെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.[2]

മറ്റു പേരുകൾ

തിരുത്തുക

ജെൻബകു ഡോം, അറ്റോമിക് ബോംബ് ഡോം, എ-ബോംബ് ഡോം (Genbaku Dōmu (原爆ドーム ?, A-Bomb Dome)), ഹിരോഷിമ ഹെയ്‌വ കിനൻഹി (Hiroshima Peace Memorial (広島平和記念碑 Hiroshima heiwa kinenhi?)) എന്നീ പേരുകളിൽ ഈ ശാന്തിസ്മാരകം അറിയപ്പെടുന്നു.

ചരിത്രം

തിരുത്തുക

ചെക് റിപ്പബ്ലിക്കൻ വാസ്തുശില്പിയായ ജാൻ ലെറ്റ്സൽ (Jan Letsel) രൂപകല്പന ചെയ്ത ഈ കെട്ടിടത്തിന്റെ ആദ്യകാല പേര് പ്രോഡക്ട് എക്സിബിഷൻ ഹാൾ എന്നായിരുന്നു. 1915-ൽ പണി പൂർത്തിയായതിനു ശേഷം ഹിരോഷിമാ പ്രീഫെക്ചുറൽ കൊമേഴ്ഷ്യൽ എക്സിബിഷൻ ഹാൾ എന്ന് പേരു മാറ്റി.[2] അതേ വർഷം ഓഗസ്റ്റിൽ തന്നെ ഇത് ജനങ്ങൾക്കായി തുറന്നുകൊടുത്തു. 1921-ൽ ഹിരോഷിമാ പ്രീഫെക്ചുറൽ പ്രോഡക്ട്സ് എക്സിബിഷൻ ഹാൾ എന്നും 1933-ൽ ഹിരോഷിമാ പ്രീഫെക്ചുറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ എന്നും പുനഃനാമകരണം ചെയ്തു. കലാ പ്രദർശനങ്ങളും വിദ്യാഭ്യാസ പ്രദർശനങ്ങളും നടത്തുന്നതിനു വേണ്ടിയാണ് കെട്ടിടം ഉപയോഗിച്ചിരുന്നത്.[3]

1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിൽ ആറ്റംബോംബ് പതിച്ചപ്പോൾ കെട്ടിടത്തിന്റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചുവെങ്കിലും പൂർണ്ണമായും നശിച്ചിരുന്നില്ല. അണുവായുധ ശക്തിയെ അതിജീവിച്ചതിനാൽ ഈ കെട്ടിടത്തെ ജെൻബകു ഡോം (ആറ്റംബോംബ് ഡോം) എന്നും വിളിക്കാറുണ്ട്.[4] കെട്ടിടത്തിന്റെ മുകളിൽ അർദ്ധ വൃത്താകൃതിൽ ലോഹം കൊണ്ടുള്ള ഒരു നിർമ്മിതിയുണ്ട്. ഇതിനെയാണ് 'ഡോം' എന്നു വിളിക്കുന്നത്.

കെട്ടിടം നശിപ്പിച്ചു കളയണമെന്നും സംരക്ഷിക്കണമെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. സമാധാനത്തിന്റെ പ്രതീകമായി കെട്ടിടം നിലനിർത്തണമെന്നായിരുന്നു ബഹുജനാഭിപ്രായം.[5] 1950-നും 1964-നുമിടയ്ക്കുള്ള കാലഘട്ടത്തിൽ കെട്ടിടത്തിനു ചുറ്റും മനോഹരമായ ഉദ്യാനം നിർമ്മിച്ചു. ഈ ഉദ്യാനത്തെ ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക് എന്നാണ് വിളിക്കുന്നത്. 1966-ൽ ഹിരോഷിമാ സിറ്റി കൗൺസിൽ ജെൻബകു ഡോമിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ഹിരോഷിമാ പീസ് മെമ്മോറിയൽ എന്ന പേര് ഔദ്യോഗികമായി നൽകുകയും ചെയ്തു. പാർക്കിലെ മുഖ്യാകർഷണമായ ഈ കെട്ടിടം കാണുവാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.[4]

 
1945 ഒക്ടോബറിൽ ജെൻബകു ഡോമിന്റെ അവസ്ഥ. ഇവിടെ സർവ്വേ നടത്താൻ എത്തിയ ഷീഗോ ഹയാഷി എടുത്ത ചിത്രം.[6]

ഹിരോഷിമയിലെ ആറ്റംബോംബ് പ്രയോഗം

തിരുത്തുക

1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിൽ വച്ചാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു.[7] 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്.[7] അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോല ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞ സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.[8] ഹിരോഷിമയിലെ Aioi Bridge-നെ ലക്ഷ്യമാക്കി നീങ്ങിയ ബോംബ് 240 മീറ്റർ അകലെ ജെൻബകു ഡോമിനു സമീപം ഷിമാ ആശുപത്രിയിൽ നേരിട്ടു പതിക്കുകയായിരുന്നു.[9] ആശുപത്രിയിൽ ഉണ്ടായിരുന്നവർ തൽക്ഷണം മരിച്ചു. ജെൻബകു ഡോമിന് ചെറിയ കേടുപാടുകൾ മാത്രമാണ് സംഭവിച്ചത്.

സംരക്ഷണം

തിരുത്തുക

യുദ്ധത്തിനു ശേഷം ജെൻബകു ഡോമിന്റെ നാശം തുടർന്നുകൊണ്ടേയിരുന്നു. 1966-ൽ ഹിരോഷിമാ സിറ്റി കൗൺസിൽ ഇതിന്റെ സംരക്ഷണം ഏറ്റെടുത്തു. ഹിരോഷിമയിലെ മേയർ ആയിരുന്ന ഷിൻസോ ഹമായ് (1905-1968) ഇതിനെ സംരക്ഷിക്കുന്നതിനു വേണ്ടി ധനം സമാഹരിച്ചു. 1967-ൽ സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തിയായി.[2][10] 1989-നും 1990-നുമിടയ്ക്ക് ചില അറ്റകുറ്റപ്പണികളും നടന്നു.[2] 1945 ഓഗസ്റ്റ് 6-ന് ജെൻബകു ഡോം എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്.[4] 1996 ഡിസംബറിൽ യുനെസ്‌കോ ജെൻബകു ഡോമിനെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.[2]

ചിത്രശാല

തിരുത്തുക
ഹിരോഷിമാ ശാന്തിസ്മാരകത്തിന്റെ 180° ദൃശ്യം. ഇടതുവശത്ത് 'T' ആകൃതിയിൽ കാണുന്നത് Aioi Bridge ആണ്. ഈ പാലത്തെ ലക്ഷ്യം വച്ചാണ് ആറ്റംബോംബ് പ്രയോഗിച്ചത്.
  1. https://whc.unesco.org/en/list/775. {{cite web}}: Missing or empty |title= (help)
  2. 2.0 2.1 2.2 2.3 2.4 "原爆ドーム". Nihon Daihyakka Zensho (Nipponika) (in Japanese). Tokyo: Shogakukan. 2012. OCLC 153301537. Archived from the original on 2007-08-25. Retrieved 2012-09-18. {{cite encyclopedia}}: Unknown parameter |trans_title= ignored (|trans-title= suggested) (help)CS1 maint: unrecognized language (link)
  3. Logan, William (2008). Places of Pain and Shame: Dealing with 'Difficult Heritage'. Routledge.
  4. 4.0 4.1 4.2 UNESCO. "Hiroshima Peace Memorial (Genbaku Dome)".
  5. Hiroshima Peace Musium
  6. "Let's look at the Special Exhibit : Hiroshima on October 5, 1945". Hiroshima Peace Memorial Museum. Retrieved 15 August 2010.
  7. 7.0 7.1 Van Rhyn, Mark E. "Hiroshima, Bombing of". PBS. Archived from the original on 2020-12-11. Retrieved 29 March 2013.
  8. Schofield, John and Cocroft, Wayne (eds.) (2009). A Fearsome Heritage: Diverse Legacies of the Cold War. Left Coast Press. {{cite book}}: |last1= has generic name (help)CS1 maint: multiple names: authors list (link)
  9. Ide, Kanako (Winter 2007). "A Symbol of Peace and Peace Education: The Genbaku Dome in Hiroshima". Journal of Aesthetic Education. 4. 41: 12–23. Retrieved 10 February 2014.{{cite journal}}: CS1 maint: url-status (link)
  10. "浜井信三". Nihon Jinmei Daijiten (in Japanese). Tokyo: Shogakukan. 2012. Archived from the original on 2007-08-25. Retrieved 2012-10-23. {{cite encyclopedia}}: Unknown parameter |trans_title= ignored (|trans-title= suggested) (help)CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക