ഒരേ വീട്ടിൽ താമസിക്കുന്ന അവിഭക്ത ഹിന്ദു കുടുംബത്തെ സൂചിപ്പിക്കാനായി ഹിന്ദു അൺഡിവൈഡഡ് ഫാമിലി (HUF) എന്ന സംജ്ഞ ഉപയോഗിക്കുന്നു. ഒരേ കൂട്ടുകുടുംബമായി തലമുറകളായി താമസിച്ചുവരുന്നവരെയാണ് ഇത്തരത്തിൽ കണക്കാക്കുന്നത്[1]. 1961-ലെ ആദായനികുതി നിയമപ്രകാരം ഒരു വ്യക്തിയായാണ് ഒരു യൂണിറ്റ് ('HUF') കണക്കാക്കപ്പെടുന്നത്[2]. കേരളത്തിലൊഴികെ ഇന്ത്യയൊട്ടുക്കും നിയമപരിഗണന ലഭിക്കുന്ന ഒരു അസ്ഥിത്വമാണ് HUF[3]. ഹിന്ദുക്കളെ കൂടാതെ ബുദ്ധമതക്കാർ, ജൈനർ, സിഖുകാർ എന്നിവർക്കും ഇങ്ങനെ HUF രൂപീകരിക്കാൻ കഴിയും. എല്ലാ അംഗങ്ങളുടെയും സമ്മതപ്രകാരമല്ലാതെ HUF പിരിച്ചുവിടൽ ദുസ്സാദ്ധ്യമാണ്. നികുതിഭാരം കുറക്കാനായി ഇത്തരം കൂട്ടുകുടുംബ രൂപീകരണത്തിലൂടെ സാധിക്കുന്നതിനാൽ ഇക്കാലത്തും HUF രൂപീകരണം നടന്നുവരുന്നു. ബാങ്കുകളും മറ്റും ഇതിനുള്ള മാർഗനിർദ്ദേശങ്ങൾ തങ്ങളുടെ സൈറ്റുകളിലടക്കം പ്രസിദ്ധീകരിച്ചുവരുന്നു.

കാലങ്ങളായി ഇന്ത്യയിൽ നിലനിന്നുവന്ന കുടുംബസംവിധാനമാണ് കൂട്ടുകുടുംബം എന്നത്. വിവിധ തലമുറകളിൽ പെട്ട കുടുംബം ഒരുവീട്ടിൽ ഒന്നിച്ചുതാമസിക്കുന്ന സംവിധാനമാണിത്[4]. ഭർത്താവ്, ഭാര്യ, ആണ്മക്കൾ, അവിവാഹിതരായ പെണ്മക്കൾ, ആണ്മക്കളുടെ ഭാര്യമാർ, അവരുടെ മക്കൾ എന്നിവർ ഉൾപ്പെടുന്നതാണ് ഒരു പ്രാഥമിക HUF. ഇത് വളർന്ന് വീണ്ടും വികസിക്കാവുന്നതാണ്. എന്നാൽ അംഗങ്ങളുടെ മരണം ഒരിക്കലും ഈ യൂണിറ്റിന്റെ അസ്ഥിത്വത്തെ ബാധിക്കുന്നില്ല.

കുടുംബത്തെ നയിക്കുന്ന 'കർത്താ' എന്ന് വിളിക്കപ്പെടുന്ന മുതിർന്ന പുരുഷനാണ്. അദ്ദേഹമാണ് മുഴുവൻ കുടുംബത്തിനും വേണ്ടി സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യക്ക് കൂട്ടുകുടുംബത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങൾ ' കോപാർസെനർമാർ' എന്നറിയപ്പെടുന്നു. കുടുംബത്തിലെ മൊത്തം വരുമാനം ഒരു പൊതുഫണ്ടിൽ എത്തുകയും, കർത്തായുടെ നേതൃത്വത്തിൽ ആവശ്യാനുസാരം അംഗങ്ങൾക്കിടയിൽ വീതിക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിൽ നടന്ന നഗരവൽക്കരണം, സാമ്പത്തിക വികസനം എന്നിവയൊക്കെ കാരണമായി അണുകുടുംബങ്ങൾ വ്യാപിച്ചതോടെ കൂട്ടുകുടുംബങ്ങളിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ട് വന്നു.

ഹിന്ദു അവിഭക്ത കുടുംബം അല്ലെങ്കിൽ HUF എന്നത് ഹിന്ദു വിവാഹ നിയമവുമായി ബന്ധപ്പെട്ട നിയമപരമായ പദമാണ്. 2005 മുതൽ HUF-ലെ സ്ത്രീ അംഗങ്ങൾക്ക് എച്ച്‌യുഎഫിലെ സ്വത്തിന്റെ ഓഹരി അവകാശവും നൽകിയിട്ടുണ്ട്. അതുവരെ HUF-ലെ പുരുഷ അംഗങ്ങൾക്ക് മാത്രമേ ഓഹരി ലഭിച്ചിരുന്നുള്ളൂ[5]. സ്തീകൾ വിവാഹിതരായി മാറിയാൽ കുടുംബ സ്വത്ത് വിഹിതം ലഭിക്കുകയില്ല.

2016-ൽ കോടതി വിധി വരുന്നത് വരെ സ്ത്രീകൾക്ക് കർത്താ പദവിക്ക് അർഹതയുണ്ടായിരുന്നില്ല[6]. വിധി വന്നതോടെ കുടുംബത്തിലെ മുതിർന്ന സ്ത്രീക്ക് കർത്താ ആകാൻ സാധിക്കും. എന്നാൽ ഇപ്പോഴും ആദായനികുതി നിയമപ്രകാരം സ്ത്രീ കർത്താ ആയിട്ടുള്ള HUF-ന് ഇളവുകൾ ലഭിക്കുകയില്ല.

  1. "The Hindu Joint". {{cite journal}}: Cite journal requires |journal= (help)
  2. "I AM : HUF". www.incometaxindia.gov.in.
  3. "I AM : HUF". www.incometaxindia.gov.in.
  4. Hindu family structure Archived 2021-09-04 at the Wayback Machine. ringzone.the69.in. Retrieved 4 September 2021
  5. "Are there tax benefits to forming an HUF? - The Economic Times". 2023-05-15. Archived from the original on 2023-05-15. Retrieved 2023-07-09.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "Woman can be 'karta' of a family: Delhi High Court". Times of India. Retrieved 28 October 2020.