ഇംഗ്ലീഷ് കവിയും അഭിഭാഷകനുമായിരുന്നുസർ ജോൺ ഡേവീസ്.

ജീവിതരേഖ

തിരുത്തുക

1569ൽ ജനിച്ച ഇദ്ദേഹം ഏപ്രിൽ 16ന് വിൽറ്റ്ഷയറിലെ ടിസ്ബറിയിൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ടു. വിഞ്ചെസ്റ്റർ കോളജിലും ഓക്സ്ഫഡിലെ ക്വീൻസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. 1588ൽ നിയമപഠനം ആരംഭിച്ച ഡേവീസ് 1595ൽ അഭിഭാഷകനായി. മാസ്റ്റർ റിച്ചാർഡ് മാർട്ടിൻ എന്ന സുഹൃത്തിനെ കൈയേറ്റം ചെയ്തതിന്റെ പേരിൽ 1598ൽ അഭിഭാഷകവൃത്തിയിൽ നിന്ന് ഇദ്ദേഹത്തെ പുറത്താക്കിയെങ്കിലും 1601ൽ മാർട്ടിനോട് ക്ഷമാപണം ചെയ്തതിനെത്തുടർന്ന് തിരിച്ചെടുക്കുകയുണ്ടായി. ആ വർഷംതന്നെ ബ്രിട്ടിഷ് പാർലമെന്റിൽ അംഗമായ ഡേവീസ് അയർലൻഡിലേക്കു നിയോഗിക്കപ്പെട്ടു.

എ ഡിസ്കവറി ഒഫ് ദ് ട്രൂ കോസസ്, വൈ അയർലൻഡ് വോസ് നെവർ എന്റയർലി സബ്ഡ്യൂസ്, അൺറ്റിൽ ദ് ബിഗിനിംഗ് ഒഫ് ഹിസ് മെജസ്റ്റീസ് റെയ് ൻ (1612) തുടങ്ങിയ നിരവധി പ്രബന്ധങ്ങൾ ഐറിഷ് പ്രശ്നത്തെ മുൻനിർത്തി ഇദ്ദേഹം രചിക്കുകയുണ്ടായി. താമസിയാതെ ഐറിഷ് പാർലമെന്റിലെത്തിയ ഡേവീസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 1619ൽ ഈ പദവി രാജിവച്ച് ഇംഗ്ളണ്ടിലെത്തി ഇംഗ്ളീഷ് പാർലമെന്റിൽ അംഗമായി.

1626 ഡിസംബർ 8നു് ഇദ്ദേഹം അന്തരിച്ചു.

സാഹിത്യരചന

തിരുത്തുക

ഡേവീസിന്റെ ആദ്യകാല കവിതകൾ മിക്കവയും സൂക്തരൂപ ത്തിലുള്ളവയാണ്. 1590നോടടുത്തു പ്രസിദ്ധീകരിച്ച എപ്പിഗ്രാംസ് ആൻഡ് എലിജീസ് ബൈ ജെ.ഡി. ആൻഡ് സി.എം. എന്ന സമാഹാരത്തിൽ ജോൺ ഡേവീസിന്റെ കവിതകൾക്കു പുറമേ ക്രിസ്റ്റഫർ മാർലോയുടെ ചില കവിതകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. 1599ൽ കാന്റർബറിയിലെ ആർച്ച് ബിഷപ്പിന്റെ നിർദ്ദേശാനുസരണം ഈ കൃതി തീയിട്ടു നശിപ്പിക്കുകയുണ്ടായി. നൃത്തകലയ്ക്കുള്ള സ്തുതിഗീതമാണ് 1596ൽ പ്രസിദ്ധീകരിച്ച 'ഓർക്കെസ്ട്ര, എ പോയം ഒഫ് ഡാൻസിങ്' എന്ന കവിത. എലിസബെത്തൻ പ്രപഞ്ചശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ വിരചിതമായ ഈ കവിത മാനുഷിക വ്യാപാരങ്ങൾക്ക് പ്രപഞ്ചഘടനയുമായുള്ള അഭേദ്യമായ ബന്ധത്തിന് ഊന്നൽ നൽകുന്നു. അഭിഭാഷകവൃത്തി വിലക്കപ്പെട്ടിരുന്ന കാലത്ത് ഡേവീസ് രചിച്ച നോ സെറ്റെയ്പ്സം (1599) എന്ന കവിതയിൽ ആത്മാവിന്റെ അനശ്വരതയെപ്പറ്റിയുള്ള ദർശനത്തിന്റെ ആവിഷ്കാരം കാണാം. അതേ വർഷം പുറത്തു വന്ന ഹിംസ് ഒഫ് അസ്ട്രേയിയ ഇൻ അക്രോസ്റ്റിക് വേഴ്സ് എന്ന കവിതാസമാഹാരം അതിന്റെ സവിശേഷമായ ശില്പഘടനകൊണ്ട് വായനക്കാരെ ഹഠാദാകർഷിക്കുകയുണ്ടായി. ഇതിലെ കവിതകളുടെ ആദ്യാക്ഷരങ്ങൾ ചേർന്നാൽ എലിസബെത്ത് രാജ്ഞിയുടെ ഭരണം എന്നർഥം വരുന്ന 'എലിസബെത്താ റെജിനാ' എന്ന പദം രൂപംകൊള്ളുന്നു. 1622-ൽ തന്റെ കവിതകളുടെ സമ്പൂർണ സമാഹാരം ഡേവീസ് പ്രസിദ്ധീകരിച്ചു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സർ ജോൺ ഡേവീസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സർ_ജോൺ_ഡേവീസ്&oldid=2286719" എന്ന താളിൽനിന്ന് ശേഖരിച്ചത്