സ്വയം പ്രത്യയനം
സ്വയം നിർദ്ദേശങ്ങൾ നൽകി അബോധമനസ്സിനെ സ്വാധീനിക്കുന്നതിനായി ശാസ്ത്രീയമായി സ്വീകരിക്കുന്ന ഒരു മാർഗ്ഗമാണ് സ്വയം പ്രത്യയനം അഥവ Autosuggestion. മനസ്സിന്റെ ഏകാഗ്രത വർദ്ധിപ്പിക്കാനും മനസ്സിലടിഞ്ഞുകൂടുന്ന അനാവശ്യ ചിന്തകളെ അകറ്റുന്നതിനും സ്വയം പ്രത്യയനം ഏറെ സഹായകമാണ്. വ്യക്തിയുടെ ഭാവനാശക്തിക്കനുസരിച്ച് സ്വയം പ്രത്യയനതിന്റെ ഫലം വ്യത്യാസപ്പെടുന്നു.
ചരിത്രം
തിരുത്തുകസ്വയം പ്രത്യയനം അഥവ autosuggestion എന്ന ആശയം ശാസ്ത്രീയമായി മുന്നോട്ട് വെച്ചത് എമിൽ കൂ (Emile Coue) എന്ന ഫ്രഞ്ച് മനശാസ്ത്രജ്ഞനാണ്. തന്റെ രോഗികളിൽ സ്ഥിരമായി ഹിപ്നോട്ടിസം പ്രയോഗിച്ചിരുന്ന ഇദ്ദേഹം താൻ മരുന്നുകൾ നൽകുമ്പോൾ രോഗികൾക്ക് നൽകുന്ന പ്രചോദക വചനങ്ങൾ ഏറെ ഫലം ചെയ്യുന്നതായി കണ്ടു. തന്റെ രോഗം മാറും എന്ന് ഉറച്ചു വിശ്വസിക്കുന്ന രോഗികളുടെ അസുഖം പെട്ടെന്ന് മാറുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു വ്യക്തിക്ക് തന്നെക്കുറിച്ചുള്ള മനോഭാവം അയാളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം കണ്ടെത്തി.
സ്വയം പ്രത്യയനത്തിന്റെ യുക്തി
തിരുത്തുകഏതെങ്കിലുമൊരു വിഷയത്തിൽ തൽപര്യപൂർവ്വം ശ്രദ്ധിച്ചിരിക്കുമ്പോൾ ചുറ്റും നടക്കുന്നത് നാം പലപ്പോഴും അറിയാറില്ല. ഏറെ താൽപര്യത്തോടെ ഒരു പുസ്തകം വായിക്കുന്ന വ്യക്തി തന്റെ തലക്കുമുകളിൽ കറങ്ങുന്ന ഫാനിന്റെ കരകര ശബ്ദം പോലും അറിയുന്നില്ല. ഇവ്വിധം മനസ്സിനെ മറ്റു വിഷയങ്ങളിലേക്കുള്ള ശ്രദ്ധ നഷ്ടപ്പെടുത്തുകയും നിർദ്ദിഷ്ട വിഷയത്തിൽ മാത്രം ശ്രദ്ധ ഉണ്ടാക്കുകയും ചെയ്യുമ്പോൾ കൂടുതൽ കാര്യക്ഷമമായി അത് നിർവ്വഹിക്കാൻ കഴിയുന്നു. ഈ ഒരു തത്ത്വമാണ് സ്വയം പ്രത്യയനത്തിന്റെ കാതൽ. മനസ്സിനെ ഏകാഗ്രമാക്കിയ ശേഷം നൽകുന്ന സ്വയം നിർദ്ദേശങ്ങൾ വ്യക്തിയുടെ മുഴുജീവിതത്തിലും പ്രതിഫലിച്ചേക്കാം.