സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിടുന്ന രാഷ്ട്രീയവ്യവഹാരമാണ് സ്‌ത്രീപക്ഷ വാദം അഥവാ സ്ത്രീവാദം. ഫെമിനിസം(Feminism) എന്ന ആംഗലേയപദം കൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെ. സ്ത്രീപക്ഷവാദികളെ ഇംഗ്ലീഷിൽ ഫെമിനിസ്റ്റുകൾ (ഫെമിനിസ്റ്റ്) എന്ന്‌ വിളിക്കുന്നു. ഇതിൽ ലിംഗഭേദത്തിന്റെ പ്രശ്നങ്ങളിൽ ഊന്നുന്ന നിരവധി പ്രസ്ഥാനങ്ങൾ, ലിംഗ സമത്വം, രാഷ്ട്രീയവും സമൂഹ വിജ്ഞാനസംബന്ധവും ആയ സിദ്ധാന്തങ്ങൾ, തത്ത്വചിന്തകൾ, ഇരട്ടത്താപ്പുകൾ തുടങ്ങിയവ അടങ്ങുന്നു. സ്ത്രീവാദം സ്ത്രീകളുടെ സമത്വത്തിനുവേണ്ടി വാദിക്കുകയും അവരുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും അനാവശ്യങ്ങളെയും മുൻ‌നിർത്തി പ്രചാരണം നടത്തുകയും ചെയ്യുന്നു. മാഗി ഹം, റബേക്ക വാക്കർ എന്നിവരുടെ അഭിപ്രായത്തിൽ സ്ത്രീവാദത്തിന്റെ ചരിത്രത്തെ മൂന്നു തരംഗങ്ങളായി തിരിക്കാം. ഒന്നാ‍മത്തേത് പത്തൊൻ‌പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും രണ്ടാ‍മത്തേത് 1960-കളിലും എഴുപതുകളിലും മൂന്നാമത്തേത് 1990 മുതൽ ഇക്കാലം വരെയും ആണ്. സ്ത്രീവാദസിദ്ധാന്തം ഈ സ്ത്രീവാദപ്രസ്ഥാനങ്ങളിലൂടെയാണ് ഉരുത്തിരിഞ്ഞത്. സ്ത്രീവാദഭൂമിശാസ്ത്രം, സ്ത്രീവാദചരിത്രം, സ്ത്രീവാദ സാഹിത്യവിമർശനം തുടങ്ങിയ വിഭിന്ന മേഖലകളിലൂടെയാണ് സ്ത്രീവാദം സാക്ഷാത്കരിക്കപ്പെടുന്നത്. സ്ത്രീ പുരുഷബന്ധങ്ങളിലും കുടുംബത്തിലും ജനാധിപത്യബോധവും തുല്യതയും കൊണ്ട് വരുന്നതിനെക്കുറിച്ചും അത് പ്രദിപാദിക്കുന്നുണ്ട്. അതുവഴി സ്ത്രീക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും, ലൈംഗികമായ അതിക്രമങ്ങളും ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കും എന്ന് കരുതപ്പെടുന്നു.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നടന്ന ഒരു റാലി;ധാക്ക,ബംഗ്ലദേശ്

പടിഞ്ഞാറൻ സമൂഹത്തിലെ പുരാതന സംസ്കാരം മുതൽ നിയമം വരെ വ്യാപിച്ചുകിടക്കുന്ന പ്രബലവീക്ഷണങ്ങളെ സ്ത്രീവാദം മാറ്റിമറിച്ചു. സ്ത്രീവാദപ്രവർത്തകർ സ്ത്രീകളുടെ തുല്യപങ്കാളിത്തം, സ്വത്തവകാശം, വിദ്യാഭ്യാസം, തൊഴിൽ ചെയ്യാനുള്ള അവകാശം, സമ്മതിദാനാവകാശം, തീരുമാനം എടുക്കാനുള്ള അവകാശം തുടങ്ങിയ നിയമപരവും വ്യക്തിപരവുമായ അവകാശങ്ങൾക്കുവേണ്ടിയും ശാരീരികമായ പൂർണ്ണതയ്ക്കും സാമ്പത്തികവുമായ സ്വാശ്രയത്വത്തിന് വേണ്ടിയും രാഷ്ട്രീയപരമായ അധികാരത്തിന് വേണ്ടിയും ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തിനും പ്രത്യുല്പാദപരമായ അവകാശത്തിനും (ഗർഭനിരോധനത്തിനുള്ള സ്വാതന്ത്ര്യവും ശിശുപരിചരണവും ഉൾപ്പെടുന്നു) വേണ്ടിയും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗാർഹികപീഡനം, ലൈംഗികപീഡനം, ബലാത്സംഗം, പെൺചേലാകർമ്മം തുടങ്ങിയവയിൽ നിന്നുമുള്ള പരിരക്ഷയ്ക്കു വേണ്ടിയും പ്രസവാവധി, തുല്യവേതനം തുടങ്ങിയ ജോലിസ്ഥലത്തെ അവകാശങ്ങൾക്കു വേണ്ടിയും ബഹുഭാര്യത്വം, സ്വത്തവകാശമില്ലായ്‌മ, ശൈശവവിവാഹം, ചാരിത്ര്യപ്പൂട്ട്, ആർത്തവാശുദ്ധി, സ്ത്രീധനം, മുത്തലാക്ക്, നിക്കാഹ് ഹലാലാ തുടങ്ങിയ എല്ലാ വിവേചനങ്ങൾക്കും അടിമത്തത്തിനും എതിരെ പ്രചാരണം നടത്തി വരുന്നു. എന്നിട്ടും സ്ത്രീവാദം പല രാജ്യങ്ങളുടെയും ഭരണഘടനയിൽ സ്ത്രീയുടെ തുല്യാവകാശം ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. മതപരമായ നിയമങ്ങൾ ഉള്ള രാജ്യങ്ങളിൽ ഇത് പൂർണമായും പരാജയപ്പെട്ടു. ഇറാനിൽ നടന്ന ഹിജാബ് സമരവും ഇതിന്റെ ഭാഗമായിരുന്നു.

ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളിലും ബഹുഭാര്യാത്വം, സ്ത്രീധനം, പെൺഭ്രൂണഹത്യ, മുത്തലാക്ക്, നിക്കാഹ് ഹലാലാ തുടങ്ങിയ അനീതികൾക്ക് എതിരെ ശബ്ദമുയർന്നതും സ്‌ത്രീവാദത്തിന്റെ ഭാഗമായിട്ടാണ്. രാജാറാം മോഹൻറോയ് തുടങ്ങിയവരുടെ പ്രയത്നഫലമായി സതി നിർത്തലാക്കുകയും വിധവാവിവാഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സ്ത്രീവാദത്തിന്റെ ചരിത്രത്തിൽ സ്ത്രീവാദപ്രസ്ഥാനങ്ങളുടെയും സിദ്ധാന്തങ്ങളുടെയും മേധാവികൾ അധികവും പടിഞ്ഞാറൻ യൂറോപ്പിൽനിന്നും വടക്കേ അമേരിക്കയിൽ നിന്നുമുള്ള വെള്ളക്കാരായ മദ്ധ്യവർഗ്ഗസ്ത്രീകളാണെന്നു കാണാം. എന്തായാലും 1851-ൽ അമേരിക്കൻ സ്ത്രീവാദികളോട് സൊജേണർ ട്രൂത്ത് നടത്തിയ പ്രസംഗത്തിനു ശേഷമെങ്കിലും മറ്റു വംശങ്ങളിലെ സ്ത്രീകൾ ഇതരമായ സ്ത്രീവാദങ്ങൾ ആരംഭിച്ചു. 1960-കളിൽ അമേരിക്കയിലെ പൌരാവകാശ പ്രസ്ഥാനവും ആഫ്രിക്ക, കരീബിയൻ, ലാറ്റിനമേരിക്കയുടെ ഭാഗങ്ങൾ, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിലെ യൂറോപ്യൻ അധിനിവേശത്വത്തിന്റെ തകർച്ചയും ഈ പ്രവണതയ്ക്ക് ആക്കംകൂട്ടി. അതുമുതൽ യൂറോപ്യൻ അധിനിവേശത്തിലിരുന്ന പ്രദേശങ്ങളിലെ സ്ത്രീകളും മൂന്നാം ലോകവും അധിനിവേശാനന്തര സ്ത്രീവാദവും മൂന്നാംലോകസ്ത്രീവാദവും മുന്നോട്ടുവെച്ചു. ചന്ദ്ര തല്പദെ മൊഹന്തിയെ പോലുള്ള അധിനിവേശാനന്തര സ്ത്രീവാദികൾ പാശ്ചാത്യ സ്ത്രീവാദത്തിന്റെ വംശകേന്ദ്രിതത്വത്തെ വിമർശിക്കുന്നു. കറുത്ത വർഗ്ഗ-സ്ത്രീവാദികളായ ആഞ്ജല ഡേവിസ്സും ആലീസ് വാക്കറും ഇതിനോട് യോജിക്കുന്നു.

അമേരിക്കൻ ഐക്യ നാടുകളിൽ ഭരണഘടനയിലെ 1920 ലെ പത്തൊൻപതാം ഭേദഗതിയിലുടെ ആഗസ്റ്റ് 26 ന് സ്ത്രീ സമത്വദിനമായി ആചരിക്കുന്നു.

ചരിത്രം

തിരുത്തുക

സ്ത്രീവാദികളും മറ്റു പണ്ഡിതരും സ്ത്രീവാദപ്രസ്ഥാനങ്ങളുടെ ചരിത്രത്തെ മൂന്ന് തരംഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്നാം തരംഗം പ്രധാനമായും 19-ആം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും സമ്മതിദാനാവകാശസമര(suffrage)മായിരുന്നു. രണ്ടാം തരംഗം 1960-കളിൽ ആരംഭിച്ച സ്ത്രീവിമോചനപ്രസ്ഥാനങ്ങളുമാ‍യി ബന്ധപ്പെട്ട ആശയങ്ങളും പ്രവർത്തനങ്ങളുമാണ് (സ്ത്രീകളുടെ നിയമപരവും സാമൂഹികവുമായ സമത്വത്തിനുവേണ്ടി ഉദ്ബോധിപ്പിച്ചു). 1990-കളിൽ ആരംഭിച്ച മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ തുടർച്ചയും പരാജയങ്ങൾക്കുള്ള പ്രതികരണവുമായിരുന്നു.

ഒന്നാം തരംഗം

തിരുത്തുക

ബ്രിട്ടണിലെയും ഐക്യനാടുകളിലെയും സ്ത്രീവാദപ്രവർത്തനങ്ങളുടെ നീണ്ട കാലയളവിനെയാണ് ഒന്നാം തരംഗ സ്ത്രീവാദമായി കണക്കാക്കുന്നത്. തുല്യപങ്കാളിത്തം, സ്വത്തവകാശം, എന്നിവയെ പ്രചരിപ്പിക്കുക, വിധേയത്വവിവാഹത്തെയും (chattel marriage) ഭാര്യയ്ക്കും മക്കൾക്കും മേലുള്ള ഭർത്താവിന്റെ ഉടമസ്ഥതയെയും എതിർക്കുക തുടങ്ങിയ കാര്യങ്ങളിലാണ് തുടക്കത്തിൽ സ്ത്രീവാദം കേന്ദ്രീകരിച്ചത്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആക്ടിവിസം രാഷ്ട്രീയബലം - മുഖ്യമായും സ്ത്രീകളുടെ വോട്ടവകാശം- നേടുന്നതിൽ ശ്രദ്ധിച്ചു. എന്നിരുന്നാലും വോൾട്ടറിൻ ഡെ ക്ലേർ, മർഗരറ്റ് സങ്ഗർ തുടങ്ങിയ സ്ത്രീവാദികൾ സ്ത്രീകളുടെ ലൈംഗികവും പ്രത്യുല്പാദനപരവും സാമ്പത്തികവുമായ അവകാശങ്ങൾക്കുവേണ്ടിയുള്ള ബോധവത്കരണങ്ങൾ സജീവമായി തുടർന്നു. 1854-ൽ ഫ്ലോറൻസ് നൈറ്റിങ്ഗേലാണ് പട്ടാളത്തിൽ സ്ത്രീപരിചാരകർ സഹായം നൽകുന്ന രീതി തുടങ്ങിവെച്ചത്.

വോട്ടവകാശത്തിനുവേണ്ടി വാദിക്കുന്ന സ്ത്രീകളും (suffragettes) പുരുഷന്മാരും (പൊതുപദം:suffragist) ബ്രിട്ടനിൽ ആശയപ്രചാരണം നടത്തി. 1918-ലെ പൌരപ്രാതിനിധ്യനിയമം പ്രകാരം 30 വയസ്സു പ്രായമുള്ള കുടുംബിനികളായ സ്ത്രീകൾക്ക് സമ്മതിയവകാശം ഉറപ്പാക്കി. 1928-ൽ 21 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കുമായി വിപുലപ്പെടുത്തി. അമേരിക്കൻ ഐക്യനാടുകളിൽ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ ലുക്രീഷ്യ മോട്ട്, ലൂസി സ്റ്റോൺ, എലിസബത് കാഡി സ്റ്റാന്റൺ, സൂസൻ ബി. ആന്റണി തുടങ്ങിയവരാൺ. ക്വക്കറിന്റെ ചിന്തകൾ ഇവരെ ശക്തമായി സ്വാധീനിച്ചിരുന്നു. ഫ്രാൻസിസ് വിലാഡിനെപ്പോലെ യാഥാസ്ഥിതിക ക്രൈസ്തവവിഭാഗങ്ങളിൽനിന്നുള്ളവരും മറ്റിൽഡ ജോസ്ലിൻ ഗേജിനെപ്പോലെ തീവ്രസ്ത്രീവാദികളും അമേരിക്കൻ സ്ത്രീവാദത്തിന്റെ ഒന്നാം തരംഗത്തിൽ ഉൾപ്പെടും. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെയും സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ടുള്ള അമേരിക്കൻ ഭരണഘടനയുടെ പത്തൊൻപതാം ഭേദഗതി (1919) നിലവിൽ‌വന്നതോടെ അമേരിക്കൻ ഒന്നാം തരംഗ സ്ത്രീവാദം അവസാനിച്ചതായി കണക്കാക്കുന്നു.

രണ്ടാം തരംഗവുമായി തട്ടിച്ചുനോക്കുമ്പോൾ ഒന്നാം തരംഗ സ്ത്രീവാദികൾ ഗർഭച്ഛിദ്രവിഷയത്തെ അത്ര കാര്യമായി ഗണിച്ചിട്ടില്ല എന്ന് ബോധ്യമാകും. അവർ സാമാന്യമായി ആ കാഴ്ചപ്പാടിന് എതിരായിരുന്നു എന്നു പറയാം.

രണ്ടാം തരംഗം

തിരുത്തുക

1960-കൾ മുതൽ 1980-കളുടെ അന്ത്യം വരെയുള്ള പ്രവർത്തനകാലഘട്ടത്തെയാണ് രണ്ടാം തരംഗ സ്ത്രീവാദമായി കണക്കാക്കുന്നത്. ഇമെൽഡ വെലെഹാൻ എന്ന പണ്ഡിത ഒന്നാം തരംഗത്തിന്റെ തുടർച്ചയാണ് ഇത് എന്ന് അഭിപ്രായപ്പെടുന്നു. രണ്ടാം തരംഗ സ്ത്രീവാദം ഇവ്വിധം തുടർന്ന് മൂന്നാം തരംഗ സ്ത്രീവാദത്തോടൊപ്പം നിലനിൽക്കുന്നു. എസ്റ്റെല്ലെ ഫ്രീഡ്മാൻ എന്ന പണ്ഡിത ഒന്നും രണ്ടും സ്ത്രീവാദങ്ങൾ താരതമ്യം ചെയ്ത് ഒന്നാം തരംഗം സമ്മതിദാനം പോലുള്ള അവകാശങ്ങൾക്കു വേണ്ടിയായിരുന്നെങ്കിൽ രണ്ടാം തരംഗം വിവേചനം പോലുള്ള തുല്യതാപ്രശ്നങ്ങളെ മുന്നോട്ടുവെക്കുകയായിരുന്നുവെന്ന് വാദിക്കുന്നു.

സിമോൺ ദി ബുവറും സെക്കൻഡ് സെക്സും

തിരുത്തുക

ഫ്രഞ്ച് എഴുത്തുകാരിയും തത്ത്വചിന്തകയുമാണ് സിമോൺ ദി ബുവർ. അവർ നോവലുകളും രാഷ്ട്രീയം, തത്ത്വചിന്ത, സാമൂഹികപ്രശ്നങ്ങൾ ഇവ സംബന്ധിച്ച ലേഖനപങ്‌ക്തികളും (monographs) ഉപന്യാസങ്ങളും ജീവചരിത്രങ്ങളും ഒരു ആത്മകഥയും എഴുതിയിട്ടുണ്ട്. ഷീ കേം റ്റു സ്റ്റേ, ദ മാൻഡരിൻസ് എന്നീ അതിഭൌതികനോവലുകളുടെയും ദ സെക്കൻഡ് സെക്സ് എന്ന പ്രബന്ധത്തിന്റെയും പേരിലാണ് അവർ ഏറെ അറിയപ്പെടുന്നത്. സെക്കൻഡ് സെക്സ് (1949; ഇംഗ്ലീഷ് വിവർത്തനം:1953) സ്ത്രീയുടെ അടിച്ചമർത്തപ്പെടലിനെയും സമകാലിക സ്ത്രീവാദത്തിന്റെ അസ്തിവാരത്തെയുംകുറിച്ച് വിശദമായി വിശകലനംചെയ്യുന്നു. സ്ത്രീവാദാസ്തിത്വചിന്തയെ അവതരിപ്പിക്കുന്നതിലൂടെ ഒരു ധാർമ്മികവിപ്ലവത്തിന്റെ ആവശ്യം ഉന്നയിക്കുകയാണ് ഈ കൃതി. ഒരു അസ്തിത്വവാദചിന്തകയെന്നനിലയിൽ സാർത്രിന്റെ അസ്തിത്വം സത്തയെ മുൻ‌ഗമിക്കുന്നു എന്ന കല്പനയെ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് ഒരാൾ സ്ത്രീയായി ജനിക്കുകയല്ല, അങ്ങനെയായിത്തീരുകയാണ് എന്ന് അവർ പറയുന്നു. സ്ത്രീയെ അന്യയാക്കുന്ന സാമൂഹികനിർമ്മാണത്തിലാണ് അവരുടെ വിശകലനം കേന്ദ്രീകരിക്കുന്നത്. ബുവർ സ്ത്രീയുടെ അടിച്ചമർത്തപ്പെടലിന്റെ അടിസ്ഥാനമായി ഇതിനെ തിരിച്ചറിയുന്നു. ചരിത്രപരമായി സ്ത്രീയെ വ്യവസ്ഥയിൽനിന്ന് വ്യതിചലിക്കുന്നവളും അപസാമാന്യയുമായാണ് കണ്ടുവരുന്നതെന്ന് വാദിക്കുകയും മേരി വോൾസ്റ്റോൺക്രാഫ്റ്റു പോലും സ്ത്രീ അഭിലഷണീയമാതൃകയാക്കേണ്ടത് പുരുഷനെയാണെന്ന് കണക്കാക്കിയതിനെ എതിർക്കുകയും ചെയ്യുന്നു. സ്ത്രീവാദത്തിന് പുരോഗമിക്കണമെങ്കിൽ ഈ മനോഭാവത്തെ മാറ്റിയേതീരൂ എന്നാണ് അവരുടെ വാദം.

ദ ഫെമിനൈൻ മിസ്റ്റിൿ

തിരുത്തുക

ബെറ്റി ഫ്രീഡന്റെ ദ ഫെമിനൈൻ മിസ്റ്റിൿ (1963) എന്ന കൃതി സ്ത്രീക്ക് ശിശുപാലനത്തിലൂടെയും വീടുനോക്കലിലൂടെയും മാത്രമേ സംതൃപ്തിനേടാനാവൂ എന്ന ആശയത്തെ വിമർശിക്കുന്നു. ഫെമിനൈൻ മിസ്റ്റിൿ 1963-ലെ സമകാലികസ്ത്രീപ്രസ്ഥാനത്തെ ജ്വലിപ്പിക്കുകയും അതിന്റെ ഫലമായി ഐക്യനാടുകളിലെയും ലോകരാഷ്ട്രങ്ങളിലെയും സാമൂഹികഘടന പാടേ മാറുകയുംചെയ്തു എന്നും 20-ആം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനിക്കപ്പെട്ട കഥേതരഗ്രന്ഥങ്ങളിലൊന്നായി പരക്കെ പരിഗണിക്കുന്നുവെന്നും ന്യൂയോർൿ ടൈംസിൽ വന്ന ഫ്രീഡന്റെ അനുശോചനക്കുറിപ്പ് രേഖപ്പെടുത്തുന്നു. ഫ്രീഡൻ ഈ പുസ്തകത്തിൽ സ്ത്രീകൾ ഭർത്താക്കന്മാരിലൂ‍ടെയും കുട്ടികളിലൂടെയും തങ്ങളുടെ ജീവിതത്തിന്റെ സ്വത്വവും അർത്ഥവും കണ്ടെത്താൻ പ്രേരിപ്പിക്കുന്ന തെറ്റായ വിശ്വാസസമ്പ്രദായത്തിന്റെ ഇരകളാണ് എന്ന വാദം ഉന്നയിക്കുന്നു. സ്ത്രീകൾ കുടുംബത്തിന്റെ സ്വത്വത്തിൽ തങ്ങളുടെ സ്വത്വത്തെ പൂർണ്ണമായി നഷ്ടപ്പെടുത്താൻ ഈ വ്യവസ്ഥ കാരണമാകുന്നു. ഫ്രീഡൻ ഈ വ്യവസ്ഥയെ രണ്ടാം ലോകമഹായുദ്ധാനന്തര മദ്ധ്യവർഗ്ഗ ഉപനാഗരിക സമൂഹത്തിലാണ് പ്രതിഷ്ഠിക്കുന്നത്. ഇതേ സമയംതന്നെ അമേരിക്കയുടെ യുദ്ധാനന്തര സാമ്പത്തികവിസ്ഫോടനം വീട്ടുജോലികളെ ആയാസരഹിതമാക്കുന്ന പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിലേക്ക് നയിച്ചു. പക്ഷേ സ്ത്രീകളുടെ ജോലി അർത്ഥരഹിതവും മൂല്യഹീനവുമാക്കുന്നതിലാണ് ഇവ കലാശിച്ചത്.

അമേരിക്കൻ ഐക്യനാടുകളിലെ സ്ത്രീവിമോചനം

തിരുത്തുക

സ്ത്രീവിമോചനം എന്ന വാക്ക അമേരിക്കയിൽ ആദ്യമായി ഉപയോഗിക്കുന്നത് 1964-ലും അച്ചടിയിൽ വരുന്നത് 1966-ലുമാണ്.

മൂന്നാം തരംഗം

തിരുത്തുക

രണ്ടാം തരംഗത്തിന്റെ പരാജയങ്ങൾക്കും അത് ഉണ്ടാക്കിയ പ്രാരംഭപ്രവർത്തനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പിന്മടക്കത്തിനും മറുപടിയായി 1990-കളിലാണ് മൂന്നാം തരംഗ സ്ത്രീവാദം ആരംഭിക്കുന്നത്. സ്ത്രൈണതയ്ക്ക് രണ്ടാം തരംഗം നൽകിയ തനിമാവാദപരമായ നിർവചനത്തെ, വെള്ളക്കാരികളായ മേൽക്കിടമദ്ധ്യവർഗ്ഗസ്ത്രീകളുടെ അനുഭവങ്ങളിൽ ഊന്നുന്നുവെന്ന ആക്ഷേപത്തോടെ മൂന്നാം തരംഗം വെല്ലുവിളിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.

ലിംഗഭേദത്തെയും ലൈംഗികതയെയും സംബന്ധിച്ച ഘടനാവാദാനന്തരവ്യാഖ്യാനമാണ് മൂന്നാം തരംഗ പ്രത്യയശാസ്ത്രത്തിന്റെ മിക്കവാറും കാതൽ. മൂന്നാം തരംഗ സ്ത്രീവാദികൾ സൂക്ഷ്മരാഷ്ട്രീയത്തിൽ പൊതുവേ കേന്ദ്രീകരിക്കുന്നു. 1980-കളുടെ മദ്ധ്യത്തിലാണ് മൂന്നാം തരംഗത്തിന്റെ ആരംഭം. രണ്ടാം തരംഗത്തിലൂടെ ഉയർന്നുവന്ന ഗ്ലോറിയ അൻസൽദുവ, ബെൽ ഹൂക്സ്, ചേല സന്ദോവൽ, ഷെറി മൊറാഗ, ഓഡ്രി ലോർഡി, മക്സിൻ ഹോങ് കിങ്സ്റ്റൺ തുടങ്ങിയ സ്ത്രീവാദിനേതാക്കളും കറുത്തവർഗ്ഗ സ്ത്രീവാദികളും വംശസംബന്ധമായ വ്യക്തിനിഷ്ഠതകളെ പരിഗണിക്കുന്നതിന് സ്ത്രീവാദചിന്തയിൽ ഒരിടം രൂപപ്പെടുത്തുന്നതിന് ശ്രമിച്ചു.

ലിംഗങ്ങൾ തമ്മിൽ സുപ്രധാനമായ വ്യത്യാസങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന കരോൾ ജിലിഗനെപ്പോലുള്ള വ്യതിരേകസ്ത്രീവാദികളും സ്ത്രീപുരുഷന്മാർ തമ്മിൽ അന്തർലീനവ്യത്യാസങ്ങളൊന്നുമില്ലെന്നു വിശ്വസിക്കുകയും ലിംഗപദവികൾ സാമൂഹികവ്യവസ്ഥാപനം വഴിയുണ്ടാകുന്നതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നവരും തമ്മിലുള്ള ഉൾത്തർക്കങ്ങളും മൂന്നാം തരംഗ സ്ത്രീവാദം ഉൾക്കൊള്ളുന്നു.

"https://ml.wikipedia.org/w/index.php?title=സ്ത്രീ_സമത്വവാദം&oldid=4090332" എന്ന താളിൽനിന്ന് ശേഖരിച്ചത്