സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ

ഇന്ത്യൻ നാഷണൽ ആർമിയുടെ ഭാഗമായി ബർമ്മ, ജപ്പാൻ, ചൈന എന്നിവിടങ്ങളിൽ സുഭാസ് ചന്ദ്ര ബോസ്, ക്യാപ്റ്റൻ ലക്ഷ്മി എന്നിവർക്കൊപ്പം പ്രവർത്തിച്ച മലബാറുകാരനായ ഐ.എൻ.എ. ഭടനായിരുന്നു സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ.[1] അദ്ദേഹത്തിൻ്റെ മാതൃകാ ജീവിതത്തെ പുരസ്കരിച്ച് ചെർപ്പുളശ്ശേരി ഹൈസ്ക്കൂളിൽ [2] രൂപം ആലേഖനം ചെയ്തിട്ടുണ്ട്.[3]

സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ
വ്യക്തിഗത വിവരങ്ങൾ
ജനനം1917 മെയ് 19
ചെറുപ്പുള്ളശ്ശേരി, കേരളം
മരണം1997 ഫെബ്രുവരി 5
ചെറുപ്പുള്ളശ്ശേരി, കേരളം
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ ആർമി
പങ്കാളിചൂരുവീട്ടിൽ മാധവിക്കുട്ടി അമ്മ
വസതിചെറുപ്പുള്ളശ്ശേരി

ജീവിത പശ്ചാത്തലം തിരുത്തുക

1917 മെയ് 9 -ന് കുന്നത്തൊടി ഗോപാലൻ നായരുടെയും പന്നിയംകുറുശ്ശി സ്തുതിക്കാട്ട് പാറുക്കുട്ടിയമ്മയുടെയും മകനായി നെടുങ്ങനാട്ടിലെ ചെർപ്പുളശ്ശേരിയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ ശേഷം അധികം വൈകാതെ എട്ടാം വയസ്സിൽ അമ്മാവനോടൊപ്പം ബർമ്മയിലേക്കു പോയി. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു നാട്ടിലേക്കു തിരിച്ചുവന്നു.

നാട്ടിലെത്തിയ ശേഷം പാലക്കാട്ട് അമ്പാട്ട് ശങ്കുണ്ണി മേനോൻ എന്ന അപ്പോത്തിക്കരിയുടെ കീഴിൽ ജോലിക്കു ചേർന്നു. അദ്ദേഹത്തിൻറെ വീട്ടിൽ ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. ഒഴിവു സമയങ്ങളിൽ അവ വായിക്കാൻ അവസരം കിട്ടിയത് തൻറെ ജീവിതത്തെ പിൽക്കാലത്ത് വളരെ സ്വാധീനിച്ചുവെന്ന് നായർ പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് കുട്ടികൃഷ്ണൻ നായർ അറിയുന്നത് ഈ പുസ്തകങ്ങളിലൂടെയാണ്. അതിൽ പങ്കെടുക്കണമെന്ന ആഗ്രഹം അദ്ദേഹത്തിൽ ശക്തമായിത്തീർന്നു.

ശങ്കുണ്ണി മേനോൻ ഒരു ദിവസം രാവിലെ ഡോക്ടർ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വെള്ളക്കാരൻ താൻ വളർത്തുന്ന നായയുമായി കയറിവന്ന് അതിനു സുഖമില്ലെന്നും ഡോക്ടർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. താൻ മൃഗങ്ങളെ ചികിസ്തിക്കാറില്ലെന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും അത് സായിപ്പിന് രസിച്ചില്ല. ദേഷ്യപ്പെട്ട സായിപ്പിനെ അടക്കുവാനായി രോഗികളെ മുഴുവൻ പരിശോധിച്ച ശേഷം നായയെ നോക്കാമെന്നു അദ്ദേഹം സമ്മതിച്ചു. ഈ മറുപടി സായിപ്പിനെ ക്രൂദ്ധനാക്കി. ഇന്ത്യൻ രോഗികളെക്കാൾ വിലപ്പെട്ടതാണ് തൻ്റെ നായുടെ ജീവനെന്ന് അയാൾ അലറി. ഇത് വലിയ ലഹളക്കു വഴിവെച്ചു.[1] വെള്ളക്കാരന്റെ ശക്തമായ ആവശ്യത്തിനും അധികാരത്തിനും മുമ്പിൽ പിടിച്ചു നിൽക്കാനാവാതെ ഡോക്ടർക്ക് നായയെ ചികിത്സിക്കേണ്ടി വന്നു. ഇത് യുവാവായ കുട്ടികൃഷ്ണനിൽ വലിയ ചിന്താ മാറ്റത്തിനു കാരണമായിത്തീർന്നു. ദേശീയപ്രസ്ഥാനത്തിലേക്ക് വായനയുടെ ലോകത്തിലൂടെ എത്തപ്പെട്ടു കഴിഞ്ഞിരുന്ന അദ്ദേഹം രാജ്യസ്നേഹത്താൽ സമരമുഖത്തേക്കു പ്രവേശിക്കാൻ തയ്യാറായി.

 
പന്നിയംകുറുശ്ശി സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായരുടെയും നേതാജിയുടെയും ചിത്രം - സുരേഷ് കെ. നായർ, ചെർപ്പുളശേരി ഹൈസ്കൂൾ മതിലിൽ വരച്ചത്

ഘോഷും പ്രവർത്തനങ്ങളും തിരുത്തുക

കുട്ടിക്കൃഷ്ണൻ നായർ ഡോക്ടറുടെ അനുവാദത്തോടെ ജോലി ഉപേക്ഷിച്ചു ബർമ്മയിലേക്കു പോയി. അവിടെ നിരത്തുകളുടെ പണി ഏറ്റെടുത്തു കോൺട്രാക്ടറായി. അക്കാലത്തു ഡഡാങ്കൂർ മുതൽ ഫൂച്ചി വരെയുള്ള റോഡ് പണിതത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും കരാറിലുമാണ്. മഹാത്മാ ഗാന്ധിയുമായുള്ള ആശയ വൈരുദ്ധ്യത്താൽ ഇന്ത്യൻ സമരമുഖത്തു നിന്നും വിട്ടുനിന്ന സുഭാസ് ചന്ദ്ര ബോസ് ബ്രിട്ടനെതിരെ വ്യത്യസ്തമായ സമരമുറകൾ വേണ്ടിവരുമെന്ന് പ്രചരിപ്പിച്ചത് ഇക്കാലത്തായിരുന്നു. രാജ് ബിഹാരി ഘോഷ് ബർമ്മയിലെത്തി. അദ്ദേഹം ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്നൊരു സംഘടന ബർമയിലെ മേയിയോ എന്ന സ്ഥലത്തുവെച്ചു രൂപീകരിച്ചു. ബർമ്മയിലുണ്ടായിരുന്ന അനേകം ഭാരതീയർ ഘോഷിനുകീഴിൽ അണിനിരന്നു.

കുട്ടിക്കൃഷ്ണൻ നായർ മറ്റ് ഭാരതീയരോടൊപ്പം ഐ.എൻ.എ. യിൽ ചേരുകയും അനേകം സമരമുറകളിൽ പങ്കാളിയാവുകയും ചെയ്തു. മോഹൻസിങ് എന്നൊരു നേതാവുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ കീഴിലായിരുന്നു പോരാട്ടം. ഈ സമയത്തു ജപ്പാനുമായി ചില കരാറുകൾ ഉണ്ടാക്കിയിരുന്നു. ബ്രിട്ടീഷുകാർക്കെതിരെയുള്ള ഈ ഉദ്യമത്തിൽ പ്രധാന പങ്കു വഹിച്ചത് കെ.പി. കേശവ മേനോനായിരുന്നു. ഈ കരാറുകൾ നിലനിന്നില്ല. അവ പരാജയപ്പെട്ടു. അങ്ങിനെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് പിരിച്ചുവിടപ്പെട്ടു.

ഐ.എൻ.എ. യിൽ ചേരുന്നു തിരുത്തുക

അക്കാലത്തു ബോസ് ജർമ്മനിയിലായിരുന്നു. അവിടെനിന്നു വന്ന അദ്ദേഹം വസ്തുതകൾ മനസ്സിലാക്കി ജപ്പാനിൽ ചെന്ന് രാജാവുമായി പുതിയ കരാറുകളുണ്ടാക്കി. ബ്രിട്ടീഷുകാരെ തുരത്താൻ ഒരു പട്ടാളം തന്നെ വേണമെന്നായിരുന്നു ബോസിന്റെ സ്വപ്നം. അതിലേക്കായി ഭാരതീയരുടെ ധനവും ജീവനും ബലിയർപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ആകെ ജീവിത സമ്പാദ്യമായിരുന്ന അൻപതിനായിരം രൂപാ കുട്ടിക്കൃഷ്ണൻ നായർ നേതാജിയെ കണ്ട് ഏല്പിച്ചു. നിങ്ങളെനിക്ക് ചോര തരുവിൻ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന മുദ്രാവാക്യമായിരുന്നു പ്രധാന ആകർഷണം. കൂടുതൽ പ്രവർത്തന ഫണ്ട് കിട്ടിയതോടെ ആർമിയുടെ പ്രവർത്തനം സജീവമായി. പൊന്നുസ്വാമി എന്നൊരു വ്യക്തിയായിരുന്നു പുരുഷ വിഭാഗത്തിന്റെ തലവൻ. ക്യാപ്ടൻ ലക്ഷ്മി സ്ത്രീ വിഭാഗത്തിൻ്റെയും. ആർമിയിൽ ലെഫ്റ്റനന്റ് ആയ നെല്ലിക്കൽ അച്യുതന്റെ കീഴിലായിരുന്നു കുട്ടിക്കൃഷ്ണൻ നായരുടെ പ്രവർത്തനം. ബർമ്മ, ജപ്പാൻ, ചൈന എന്നിവിടങ്ങളിലെ പോരാട്ടങ്ങളിൽ കുട്ടിക്കൃഷ്ണൻ നായർ സജീവമായി പങ്കെടുത്തു.

രണ്ടാം ലോക യുദ്ധത്തിൽ ബ്രിട്ടൻ വരിച്ച വിജയം ഇന്ത്യൻ നാഷണൽ ആർമിയുടെ ഉന്മൂലനത്തിൽ കൊണ്ടെത്തിച്ചു. പോരാളികളെ അറസ്റുചെയ്തു ജയിലിലടച്ചു. പലരും കാടുകളിൽ ഒളിച്ചിരുന്ന് പോരാട്ടങ്ങൾ നടത്തി. കുട്ടിക്കൃഷ്ണൻ നായർ വെള്ളവും ഭാഷണവുമില്ലാതെ കാടുകളിൽ അകപ്പെട്ടു. പല ദിവസങ്ങൾ പട്ടിണി കിടന്നതിനാൽ അന്നു പിടിപെട്ട വയറുവേദന ജീവിതാവസാനം വരെ അദ്ദേഹത്തെ അലട്ടിയിരുന്നു. അവസാനം ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റുചെയ്ത് ഇന്ത്യയിൽ കൊണ്ടുവന്ന് തീഹാർ ജയിലിൽ അടച്ചു. പിന്നീട് ജാമ്യം കൊടുത്തപ്പോൾ ഇരുപത്തിനാല് പോലീസുകാരുടെ അകമ്പടിയോടെ ചെർപ്പുള്ളശ്ശേരിയിലെ വീട്ടിൽ കൊണ്ടുവന്നു. 1970 മുതൽ അദ്ദേഹത്തിനു ഐ.എൻ.എ. ഭടനുള്ള പെൻഷൻ ലഭിച്ചിരുന്നു. അമ്മാമന്റെ മകളായ ചൂരുവീട്ടിൽ മാധവിക്കുട്ടി അമ്മയെയാണ് വിവാഹം കഴിച്ചത്. അതിൽ ഒരു മകളുണ്ടായി.

1997 ഫെബ്രുവരി 5-ന് സ്തുതിക്കാട്ട് കുട്ടിക്കൃഷ്ണൻ നായർ അന്തരിച്ചു. അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു.

അവലംബം തിരുത്തുക

  1. 1.0 1.1 സ്തുതിക്കാട്ട് കുട്ടിക്കൃഷ്ണൻ നായർ, സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത ഒരേട്, എസ്. രാജേന്ദു, വള്ളുവനാട് ധ്വനി, ചെറുപ്പുള്ളശ്ശേരി, 02 മാർച്ച്, 2019
  2. https://www.onmanorama.com/news/kerala/2019/01/02/here-art-wall-depicts-cherupulassery-legacy.html
  3. https://www.thehindu.com/news/national/kerala/wall-of-peace-catches-connoisseurs-eye/article27172233.ece