ജനപ്രിയമായ ഒരു സിന്ധ്-പഞ്ചാബ് നാടോടിക്കഥയാണ് സോഹ്നി മഹിവാൾ അല്ലെങ്കിൽ സുഹ്‌നി മെഹർ (സിന്ധി:سھڻي ميھار; പഞ്ചാബി: سوہی مہین٘وال, ਸੋਹਣੀ ਮਹੀਂਵਾਲ). സിന്ധിലെ ഏറ്റവും പ്രശസ്തമായ ഏഴ് ദുരന്ത പ്രണയകഥകളിൽ ഒന്നാണ് ഇത്. ഉമർ മാർവി, മോമൽ റാണോ, സാസുയി പുന്നൂൻ, ലിലൻ ചനേസർ, സോറത്ത് റായ് ദിയാച്ച്, നൂരി ജാം തമാച്ചി എന്നിവയാണ് മറ്റ് ആറ് കഥകൾ.[1] പഞ്ചാബിലെ ഏറ്റവും ജനപ്രിയമായ നാല് പ്രണയകഥകളിൽ ഒന്ന് സോഹ്‌നി മഹിവാൾ ആണ്. ഹീർ രഞ്ജ, സസ്സുയി പുന്നൂൻ, മിർസ സാഹിബാൻ എന്നിവരാണ് മറ്റ് മൂന്ന് കഥകൾ. [2][3][4][5]

സോഹ്നി മഹിവാൾ
സുഹ്നി മെഹർ
ചിനാബ് നദി നീന്തിക്കടക്കുന്ന സോഹ്നി, ഒരു പെയിന്റിംഗ്
Folk tale
Nameസോഹ്നി മഹിവാൾ
സുഹ്നി മെഹർ
Data
Countryപാക്കിസ്ഥാൻ • ഇന്ത്യ
Regionസിന്ധ് • പഞ്ചാബ്
Origin Dateപത്താം നൂറ്റാണ്ട്

കഥയിലെ നായിക സോഹ്നി, താൻ വെറുക്കുന്ന ഒരാളെ സ്വന്തം ഇഷ്ടത്തിനു വിപരീതമായി വിവാഹം കഴിക്കുവാൻ നിർബന്ധിതയായി. തന്റെ കാമുകനായ മഹിവാൾ എരുമകളെ മേക്കുന്നിടത്തേക്ക് നദിക്ക് കുറുകെ എല്ലാ രാത്രിയും അവളഅ‍ നീന്തുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ഒരു മൺകുടം ഉപയോഗിച്ചു കൊണ്ടാണ് സോഹ്നി നദിക്കു കുറുകേ കടന്നിരുന്നത്. ഒരു രാത്രി അവളുടെ നാത്തൂൻ മൺപാത്രത്തിനു പകരം ചുടാത്ത കളിമണ്ണിന്റെ ഒരു മൺകുടം കൊണ്ടുവന്നു വെയ്ക്കുന്നു. ഇതറിയാതെ സോഹ്നി അതെടുത്ത് നീന്തുന്നു. പാത്രം വെള്ളത്തിൽ അലിയുകയും നദിയിൽ അവൾ മുങ്ങി മരിക്കുകയും ചെയ്യുന്നു.

ഈ കഥയ്ക്ക് ഹീറോയും ലിയാൻഡറും എന്ന ഗ്രീക്ക് കഥയുമായി ഉള്ള സാമ്യം ശ്രദ്ധേയമാണ്.

പത്താം നൂറ്റാണ്ടിലെ സൂംറ രാജവംശത്തിൻ്റെ കാലഘട്ടത്തിലാണ് ഈ കഥ ഉത്ഭവിച്ചത്. പിന്നീട് ഷാ അബ്ദുൾ കരീം ബുൾറിയുടെ ഗ്രന്ഥങ്ങളിലും ഷാ ജോ റിസാലോയിലും ഈ കഥ കണ്ടെത്തി. ഷാ അബ്ദുൾ ലത്തീഫ് ഭിട്ടായിയുടെ ദ സെവൻ ക്വീൻസ് ഓഫ് സിന്ധ് (സിന്ധി:ست سورميون) എന്ന പേരിൽ അറിയപ്പെടുന്ന, സിന്ധിൽ നിന്നുള്ള ഏഴ് പ്രശസ്തമായ ദുരന്ത പ്രണയകഥകളിൽ ഒന്നാണിത്. സിന്ധിലെയും പഞ്ചാബിലെയും പ്രിയപ്പെട്ട നാടോടിക്കഥകളിൽ ഒന്നാണ് സോഹ്നി മഹിവാൾ.[6]

കഥയുടെ സിന്ധി ഭാഷ്യം

തിരുത്തുക
 
സോഹ്നിയുടെ ശവകുടീരം, ഷഹ്ദാദ്പൂർ, സിന്ധ്

ഈ കഥയുടെ വിവരണം പത്താം നൂറ്റാണ്ടിൽ സിന്ധിൽ സൗമ്ര രാജവംശം ആരംഭിച്ച കാലഘട്ടത്തിലാണ്. സിന്ധു നദിയുടെ ഒരു കൈവഴിയായ ലുഹാനോ ധോറോ എന്ന നദിയാണ് ഇവിടെ കഥാപരിസരം.

സാംതിയ വംശത്തിൽപ്പെട്ട സുഹ്നി ജർക്കത്ത് സാംതിയോയുടെ മകളായിരുന്നു. സിന്ധിലെ നാഗമ്രോ വംശത്തിൽപ്പെട്ട മെഹർ ഗെഹ്വാർ ജാമിൻ്റെ മകനായിരുന്നു. സഹർ എന്നായിരുന്നു മെഹറിന്റെ യഥാർത്ഥ പേര്.

സുഹ്നിയുടെ വിവാഹം ദാം(സിന്ധി: ڏم) എന്നൊരാളുമായി നടന്നു. ജാതി വഹുചോ. വിവാഹ ചടങ്ങുകൾക്കിടെ, അവരുടെ മാതാപിതാക്കൾ ഒരു പാരമ്പര്യമായി അവർക്ക് പാൽ നൽകാൻ മറന്നു. വിവാഹിതർ മടങ്ങിവരുന്ന വഴി നദി മുറിച്ചുകടക്കാൻ വൈകി. നദീതീരത്ത് കാത്തിരിക്കുമ്പോൾ, വിവാഹിതരായ ദമ്പതികൾക്ക് പാൽ നൽകാതിരുന്നതിൽ കുറച്ച് വൃദ്ധ സ്ത്രീകൾക്ക് അതൃപ്തി തോന്നി. ആ ചടങ്ങ് അവിടെ വച്ചു നടത്താൻ ആ സ്ത്രീകൾ ആവശ്യപ്പെട്ടു. മെഹറിന്റെ കന്നുകാലികളിൽ നിന്നും അവർ പാൽ വാങ്ങി. പാൽ കുടിച്ച ഉടനെ സുഹ്നി അസ്വസ്ഥയാകുകയും മെഹറിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തു. അവൾ പതിവായി ഒരു മൺകുടം ഉപയോഗിച്ചു നദി നീന്തിക്കടന്ന് മെഹറിനെ സന്ദർശിച്ചു പോന്നു. എന്നാൽ താമസിയാതെ ഈ വിവരമറിഞ്ഞ അവളുടെ മാതാപിതാക്കൾ അവളെ വിലക്കി. പക്ഷേ എല്ലാം വെറുതെയായി. ഈ ശീലം തുടർന്നു. ഒരു രാത്രിയിൽ അവളുടെ അമ്മായിയമ്മ ചുട്ടെടുത്ത മൺകുടത്തിന് പകരം ചുടാത്ത മൺകുടം തൽസ്ഥാനത്ത് വെച്ചു. സുഹ്നി പതിവുപോലെ പാത്രം പരിശോധിക്കാതെ നദിയിൽ നീന്താൻ തുടങ്ങി. ആഴമുള്ള ഭാഗത്ത് എത്തിയപ്പോൾ പാത്രം അലിഞ്ഞ് അവൾ മുങ്ങിമരിച്ചു. അവളുടെ കരച്ചിൽ കേട്ട് മെഹർ അവളെ രക്ഷിക്കാൻ ഒരു മത്സ്യത്തൊഴിലാളിയെ വിളിച്ചു. എന്നാൽ അപ്പോഴേക്കും വൈകിയിരുന്നു. ഒടുവിൽ സുഹ്നിയുടെ മൃതദേഹം കണ്ടെടുത്ത് മെഹർ തന്നെ അവളെ അടക്കം ചെയ്യുകയും അവളുടെ ശവക്കുഴിക്ക് മുകളിൽ ഒരു ശവകുടീരം നിർമ്മിക്കുകയും ചെയ്തു. ഷഹ്ദാദ്പൂരിൽ ഇന്നും ആ ശവകുടീരം ആളുകൾ സന്ദർശിക്കുന്നു.[7] പിന്നീട്, കുറച്ച് വർഷങ്ങൾക്ക് ശേഷം, മെഹറും മരിച്ചു. മെഹറിനെ ഷഹ്ദാദ്പൂർ നഗരത്തിൽ അടക്കം ചെയ്തു.

കഥയുടെ പഞ്ചാബി ഭാഷ്യം

തിരുത്തുക
 
സോഹ്നി മഹിവാൾ കഥയുടെ ചുവർചിത്രം, ജമ്മു

പതിനെട്ടാം നൂറ്റാണ്ടിൽ (മുഗൾ കാലഘട്ടത്തിന്റെ അവസാനത്തിൽ), തുള്ള എന്ന കുശവന്റെ മകളായി സോഹ്നി ജനിച്ചു. പഞ്ചാബിലെ ഗുജറാത്തിൽ താമസിച്ചിരുന്ന അവർ കുംഹാർ ജാതിയിൽപ്പെട്ടവരായിരുന്നു. സോഹ്‌നി വളർന്നപ്പോൾ, പിതാവ് നിർമ്മിക്കുന്ന മൺപാത്രങ്ങൾ അലങ്കരിക്കാൻ അവൾ സഹായിച്ചു. നദിക്കരയിൽ രംപ്യാരി മഹലിന് സമീപമായിരുന്നു ഇവരുടെ കടയെന്ന് പറയപ്പെടുന്നു.

ബുഖാറയിൽ (ഉസ്‌ബെക്കിസ്ഥാൻ) നിന്നുള്ള ഒരു സമ്പന്ന വ്യാപാരിയായ ഷഹ്‌സാദ ഇസ്സാത് ബെയ്ഗ്, ബിസിനസ്സ് ആവശ്യത്തിനായി അവിടെയെത്തുകയും, കടയിൽ വെച്ച് സോഹ്നിയെ കണ്ട് അവളിൽ അനുരക്തനായിത്തീരുകയും ചെയ്തു. സോഹ്നിയെ ഒരു നോക്ക് കാണാനായി മാത്രം അവൻ എല്ലാ ദിവസവും കടയിലെത്തി പാത്രങ്ങൾ വാങ്ങി.

സോഹ്നിക്കും ഇസത്ത് ബെയ്ഗിനോട് പ്രണയമായി. തന്റെ യാത്രാസംഘവുമായി ബുഖാറയിലേക്ക് മടങ്ങുന്നതിനുപകരം, കുലീനനായ ഇസത്ത് ബെയ്ഗ് തുള്ളയുടെ വീട്ടിലെ വേലക്കാരന്റെ ജോലി ഏറ്റെടുത്തു. അവൻ അവരുടെ പോത്തുകളെ മേയ്ക്കാൻ കൊണ്ടുപോയിത്തുടങ്ങി. അതോടെ അവൻ മെഹർ അല്ലെങ്കിൽ "മഹിവാൾ", അതായത് എരുമയെ മേയ്ക്കുന്നവൻ (പഞ്ചാബി ഭാഷയിൽ എരുമയെ മഹി എന്ന് വിളിക്കുന്നതിനാൽ), എന്നറിയപ്പെട്ടു.

സോഹ്നിയുടെയും മഹിവാളിന്റെയും പ്രണയം കുംഹാർ സമുദായത്തിൽ കോലാഹലങ്ങൾ സൃഷ്ടിച്ചു. ഈ സമുദായത്തിൽപ്പെട്ട തങ്ങളുടെ മകൾ അന്യനാട്ടുകാരനെ വിവാഹം കഴിക്കുന്നത് അംഗീകരിക്കാൻ കഴിയാതെ അവളുടെ മാതാപിതാക്കൾ മറ്റൊരു കുശവനുമായി അവളുടെ വിവാഹം നടത്തി. ഹൃദയം തകർന്ന ഇസ്സാത്ത് ബെയ്ഗ് ലോകത്തെ ത്യജിച്ച് ഒരു ഫക്കീർ (സന്ന്യാസി) ആയി ജീവിക്കാൻ തുടങ്ങി. ഒടുവിൽ അവൻ സോഹ്നിയുടെ പുതിയ വാസസ്ഥലമായ ഹമിർപൂരിൽ ചെനാബ് നദിക്ക് കുറുകെയുള്ള ഒരു ചെറിയ കുടിലിലേക്ക് താമസം മാറി.

എന്നും, രാത്രിയുടെ ഇരുട്ടിൽ ലോകം ഉറങ്ങുമ്പോൾ അവർ ഇരുവരും നദിക്കരയിൽ കണ്ടുമുട്ടും. അവൻ പതിവായി മീൻ പിടിച്ച് അവൾക്കായി കൊണ്ടുവരും. ഒരിക്കൽ, വേലിയേറ്റം കാരണം മീൻ പിടിക്കാൻ കഴിയാതെ വന്നപ്പോൾ മഹിവാൾ തന്റെ തുടയുടെ ഒരു കഷ്ണം മുറിച്ച് വറുത്ത് അവൾക്ക് നൽകിയതായി പറയപ്പെടുന്നു. സോഹ്‌നിക്ക് ഇത് ആദ്യം മനസ്സിലായില്ലെങ്കിലും ഈ മത്സ്യത്തിൻ്റെ രുചി വ്യത്യസ്തമാണെന്ന് അവൾ ഇസ്സത്തിനോട് പറഞ്ഞു. അവന്റെ കാലിൽ കൈ വച്ചപ്പോൾ മഹിവാൾ എന്താണ് ചെയ്തതെന്ന് അവൾക്ക് മനസ്സിലായി. ഈ സംഭവം അവരുടെ പരസ്പര സ്നേഹത്തെ ശക്തിപ്പെടുത്തി.

ഒരു ദിവസം സോഹ്നിയുടെ നാത്തൂൻ അവളെ പിന്തുടരുകയും സോഹ്‌നി തന്റെ മൺപാത്രം സൂക്ഷിച്ചിരുന്ന സ്ഥലം മനസ്സിലാക്കുകയും ചെയ്തു. അവൾ തന്റെ അമ്മയെ (സോഹ്നിയുടെ അമ്മായിയമ്മ) വിവരം അറിയിച്ചു. സോഹ്നിയുടെ ഭർത്താവ് കച്ചവടസംബന്ധമായി ഒരു യാത്ര പോയ സമയമായിരുന്നു ഇത്. അയാളോട് കാര്യം പറയുന്നതിനുപകരം അമ്മായിയമ്മയുടെ നിർദ്ദേശപ്രകാരം നാത്തൂൻ ചുട്ടെടുത്ത മൺകുടത്തിന് പകരം ചുടാത്ത മൺകുടം തൽസ്ഥാനത്ത് വെച്ചു.

അന്ന് രാത്രി സോഹ്നി കുടത്തിന്റെ സഹായത്തോടെ നദി മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോൾ അത് വെള്ളത്തിൽ അലിയുകയും അവൾ മുങ്ങിമരിക്കുകയും ചെയ്തു. നദിയുടെ മറുകരയിൽ നിന്ന് സോഹ്നി മുങ്ങിമരിക്കുന്നത് കണ്ട മഹിവാൾ അവളെ രക്ഷിക്കാൻ നദിയിലേക്ക് ചാടി. നദിയിൽ മുങ്ങിത്താണ പ്രണയികൾ മരണത്തിൽ വീണ്ടും ഒന്നിച്ചു.

  1. ʻAbd al-Laṭīf (Shah) (2018). Risalo. Harvard University Press. ISBN 978-0-674-97504-0.
  2. Jamal Shahid (11 January 2015). "A beloved folk story comes to life". Dawn. Retrieved 8 November 2020.
  3. Karan Bali (13 September 2016). "Before 'Mirzya', Mirza and Sahiban have died over and over again for their love (Numerous versions of the legend exist, including productions in Punjabi on both sides of the border)". Scroll.in website. Retrieved 8 November 2020.
  4. "Love Legends in History of Punjab". Punjabi World website. 20 April 2007. Archived from the original on 22 March 2019. Retrieved 8 November 2020.
  5. Sahibaan remains unheard The Hindu (newspaper), Published 11 October 2016, Retrieved 8 November 2020
  6. Annemarie schimmel (2003). Pain and grace:a study of two mystical writers of eighteenth-century Muslim India. Sang-E-Meel Publications.
  7. Abbasi, Reema (2015-03-24). "The shrine of defiant love". DAWN.COM (in ഇംഗ്ലീഷ്). Retrieved 2021-09-13.
"https://ml.wikipedia.org/w/index.php?title=സോഹ്നി_മഹിവാൾ&oldid=4048880" എന്ന താളിൽനിന്ന് ശേഖരിച്ചത്