ഉത്തേജിതാവസ്ഥയിലുള്ള സോഡിയം നിറച്ച ഡിസ്ചാർജ് വിളക്കാണ് സോഡിയം ബാഷ്പവിളക്ക് (സോഡിയം വേപ്പർ ലാമ്പ്). മഞ്ഞ നിറത്തിലുള്ള പ്രകാശം പുറപ്പെടുവിക്കുന്ന ഇവ, വഴിവിളക്കായാണ് പൊതുവേ ഉപയോഗിക്കുന്നത്.

കുറഞ്ഞ മർദ്ദത്തിലുള്ള ഒരു സോഡിയം ബാഷ്പ വഴിവിളക്ക്.

മെർക്കുറി ബാഷ്പവിളക്കുകളെ അപേക്ഷിച്ച് കുറഞ്ഞ പ്രകാശമലിനീകരണം മാത്രമുള്ളതിനാൽ വൻ ജ്യോതിശാസ്ത്രനിരീക്ഷണകേന്ദ്രങ്ങളുള്ള നഗരങ്ങൾ സോഡിയം ബാഷ്പവിളക്കുകൾ കൂടുതലായി ഉപയോഗിക്കുന്നു.[1]

കുറഞ്ഞ മർദ്ദത്തിലും ഉയർന്ന മർദ്ദത്തിലും സോഡിയം നിറക്കുന്ന രണ്ടുതരം സോഡിയം ബാഷ്പവിളക്കുകളുണ്ട്. കുറഞ്ഞ മർദ്ദത്തിലുള്ള വിളക്കുകൾ പുറപ്പെടുവിക്കുന്ന പ്രകാശം, ദൃശ്യപ്രകാശവർണ്ണരാജിയിലെ ഒരു നേരീയ മേഖല മാത്രമായതിനാൽ (ശരാശരി തരംഗദൈർഘ്യം 589.3 നാനോമീറ്റർ) ഈ പ്രകാശത്തിൽ നിറങ്ങൾ‌ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഉന്നതമർദ്ദവിളക്കുകൾ ദൃശ്യപ്രകാശത്തിലെ വിവിധമേഖലകളിലുള്ള പ്രകാശം ഉൽസർജ്ജിക്കുന്നതിനാൾ സ്വാഭാവികപ്രകാശം വേണ്ടയിടത്ത് ഇവ ഉപയോഗപ്പെടുത്തുന്നു.

കുറഞ്ഞ മർദ്ദത്തിലുള്ള സോഡിയം ബാഷ്പവിളക്കുകളിൽ (എൽ.പി.എസ്.) ഒരു ബോറോസിലിക്കേറ്റ് സ്ഫടികക്കുഴലാണ് ഡിസ്ചാർജ് കുഴലായി ഉപയോഗിക്കുന്നത്. കുഴലിനകത്ത് ഖരരൂപത്തിലുള്ള സോഡിയവും ഡിസ്ചാർജ് ആരംഭിക്കുന്നതിനായി കുറഞ്ഞ അളവിൽ നിയോൺ, ആർഗൺ മിശ്രിതവും നിറച്ചിരിക്കും. ഡിസ്ചാർജ് കുഴൽ ദണ്ഡുരൂപത്തിലോ[2] U ആകൃതിയിലോ ആയിരിക്കും. വിളക്ക് കത്തിത്തുടങ്ങുമ്പോൾ നിയോൺ-ആർഗൺ മിശ്രിതത്തിൽ ഡിസ്ചാർജ് നടക്കുന്നതിനാൽ മങ്ങിയ ചുവന്ന നിറത്തിലുള്ള പ്രകാശമായിരിക്കും അത് പുറപ്പെടുവിക്കുക. അൽപ്പസമയത്തിനകം, സോഡിയം ലോഹം ചൂടുപിടിച്ച് ബാഷ്പമായി മാറുകയും അതിലൂടെ ഡിസ്ചാർജ് നടക്കുകയും ചെയ്യുന്നു. അങ്ങനെ പ്രകാശത്തിന് തെളിഞ്ഞ മഞ്ഞനിറം കൈവരുന്നു.

സോഡിയത്തിനു പുറമേ രസം പോലുള്ള മറ്റു മൂലകങ്ങളും നിറച്ചാണ് ഉന്നതമർദ്ദ സോഡിയം ബാഷ്പവിളക്കുകൾ തയ്യാറാക്കുന്നത്. ഉന്നതമർദ്ദവിളക്കുകൾ, നിമ്നമർദ്ദവിളക്കുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട സ്വാഭാവികപ്രകാശം നൽകുന്നെങ്കിലും ഇവയുടെ പ്രകാശികദക്ഷത കുറവാണ്.[3]

  1. http://curious.astro.cornell.edu/question.php?number=194
  2. [1]
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-11-25. Retrieved 2011-08-25.
"https://ml.wikipedia.org/w/index.php?title=സോഡിയം_ബാഷ്പവിളക്ക്&oldid=3648354" എന്ന താളിൽനിന്ന് ശേഖരിച്ചത്