സോദോം-ഗൊമോറാ

(സൊദോം-ഗൊമോറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എബ്രായബൈബിളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു യഹൂദപാരമ്പര്യത്തിൽ, അതിരില്ലാത്ത ദുഷ്ടതയുടെയും അതിനുള്ള ദൈവശിക്ഷയുടേയും ഐതിഹാസികമാതൃകകളായി പ്രത്യക്ഷപ്പെടുന്ന പുരാതന ഇസ്രായേലിനെ രണ്ടു നഗരങ്ങളാണ് സൊദോമും ഗോമോറയും. പൂർവപിതാവായ അബ്രാഹമിന്റെ കാലത്ത്, ദൈവം ഈ നഗരങ്ങളെ ആകാശത്തു നിന്ന് അഗ്നിയും ഗന്ധകവുമിറക്കി എരിച്ചു കളഞ്ഞതായി ബൈബിളിലെ ഉല്പത്തിപ്പുസ്തകത്തിൽ പറയുന്നു. അഞ്ചു നീതിമാന്മാരെപ്പോലും കണ്ടുകിട്ടാൻ ഇല്ലാതിരുന്ന ഈ നഗരങ്ങളുടെ വിനാശത്തിനു മുൻപ്, അവിടെ താമസിച്ചിരുന്ന അബ്രാഹത്തിന്റെ അനന്തരവൻ ലോത്തിനേയും അയാളുടെ കുടുംബത്തേയും ദൈവം രക്ഷിച്ചു. എങ്കിലും അഗ്നിയിൽ നശിക്കുന്ന നഗരത്തിലേക്കു തിരിഞ്ഞു നോക്കാതെ രക്ഷപെടണം എന്ന ദൈവകല്പന ലംഘിച്ചതിനാൽ ലോത്തിന്റെ ഭാര്യ ഉപ്പു തൂണായി പരിണമിച്ചു[1]

എരിയുന്ന സോദോം, ഗൊമോറാകൾ - ചിത്രകാരൻ ജോൺ മാർട്ടിൻ (1852)

പശ്ചാത്തലം

തിരുത്തുക
 
സോദോം-ഗൊമോറയുടെ നാശം ന്യൂറെംബർഗ് നാളാഗമത്തിൽ; ലോത്തും മക്കളും ദൈവദൂതനും തൂണായി മാറിയ ലോത്തിന്റെ ഭാര്യയും ചിത്രത്തിലുണ്ട്

ബൈബിൾകഥയിലെ സൂചനകൾ അനുസരിച്ച് ഈ നഗരങ്ങൾ ചാവുകടലിന്റെ തെക്കേ തീരത്ത് എവിടെയോ ആയിരുന്നിരിക്കാം. എങ്കിലും ചാവുകടലിന്റെ ആഴം കുറഞ്ഞ തെക്കു ഭാഗത്തിനു കീഴെ അവയുടെ അവശിഷ്ടങ്ങൾ ഉണ്ടാകാം എന്ന വാദം, അനുമാനം മാത്രമായി തുടരുന്നു. മുന്നേ ഉപേക്ഷിക്കപ്പെട്ട വെങ്കലയുഗസംസ്കാരത്തിന്റെ നഷ്ടശിഷ്ടങ്ങൾ, കാനാൻ ദേശത്തെ ഇസ്രായേലി അധിനിവേശത്തിന്റെ കാലത്ത് തെക്കൻ ചാവുകടലിനോടു ചേർന്ന പ്രദേശങ്ങളിൽ ഉണ്ടായിരുന്നെന്നും അവയുമായി ബന്ധപ്പെട്ട പുരാവൃത്തങ്ങളിൽ നിന്നു പിറന്ന പാരമ്പര്യമാകാം സോദോം-ഗൊമോറകളുടെ കഥയിൽ എന്നും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[2] ഈ വാദമനുസരിച്ച്, പുതിയ രാഷ്ട്രീയസമവാക്യങ്ങൾക്കിണങ്ങും വിധം അബ്രാഹമിനെ തെക്കൻ ഇസ്രായേലിലെ ഹെബ്രോണുമായി ബന്ധപ്പെടുത്തി ആദിമപുരാവൃത്തം പിൽക്കാലത്ത് സംശോധന ചെയ്യപ്പെട്ടപ്പോൾ, സ്വതന്ത്രപാരമ്പര്യമായി നേരത്തേ നിലനിന്നിരുന്ന സോദോം-ഗൊമോറകളുടെ കഥ അതിന്റെ ഭാഗമായി.[3]

പുരുഷരൂപത്തിൽ സോദോം സന്ദർശിച്ച്, ലോത്തിന്റെ അതിഥികളായി അദ്ദേഹത്തിന്റെ ഭവനത്തിൽ രാപ്പാർത്ത ദൈവദൂതന്മാരെപ്പോലും തങ്ങളുടെ ഭോഗാസക്തിയുടെ ഇരകളാക്കാൻ നഗരവാസികൾ ശ്രമിച്ചത് കഥയുടെ വിശദാംശങ്ങളിൽ പെടുന്നു. ഇതിനെ അടിസ്ഥാനമാക്കി, ഈ നഗരങ്ങളിലെ ജനങ്ങളുടെ പാപം സ്വവർഗ്ഗരതിയുമായി ബന്ധപ്പെട്ടതായിരുന്നു എന്ന വിശ്വാസം നിലവിലുണ്ട്. സ്വവർഗ്ഗരതിയെ സൂചിപ്പിക്കുന്ന ഇംഗ്ലീഷിലെ 'സോഡമി' (Sodomy) എന്ന വാക്കു തന്നെ സോദോമുമായി ബന്ധപ്പെട്ടതാണ്. എങ്കിലും വ്യതിരിക്തലൈംഗിക ചായ്‌വുകളോടുള്ള ആധുനികസഹിഷ്ണുതയുടെ പശ്ചാത്തലത്തിൽ, നഗരവാസികളുടെ പാപം സ്വവർഗ്ഗരതി എന്നതിനു പകരം, അതിഥികളോടു കാട്ടിയിരുന്ന അപമര്യാദ ആയിരുന്നു എന്ന വാദവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.[4]

'രാഷ്ട്രീയശരി'-യുടെ (political correctness) ബലാൽക്കാരം ഉപയോഗിച്ചാൽ മാത്രമേ, സ്വവർഗ്ഗരതിയുടെ നേർക്കു ബൈബിൾ നിഷ്പക്ഷമാണെന്നു വാദിക്കാനാവൂ എന്ന് "ദൈവത്തിന്റെ ജീവചരിത്രം" എന്ന കൃതിയിൽ ജാക്ക് മൈൽസ് നിരീക്ഷിക്കുന്നു. എങ്കിലും സോദോമിന്റെ കഥയിൽ പ്രസക്തമായിരിക്കുന്നത് സ്വവർഗ്ഗ-എതിർവർഗ്ഗരതികളല്ല ദൈവ-മാനുഷികതകൾ ആണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ദൈവദൂതന്മാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച സോദോമികളുടെ തെറ്റ് ദൈവത്തിനെതിരായുള്ള ലൈംഗിക ആക്രമണം തന്നെയായി എന്ന് മൈൽസ് വിശദീകരിക്കുന്നു. അതിനാൽ ഇവിടെ "വിഷയം ധാർമ്മികതയല്ല, ശക്തിയാണ്." [5] [൧]

കുറിപ്പുകൾ

തിരുത്തുക

^ "It is not morality that is at issue...but power."

  1. ഉല്പത്തിപ്പുസ്തകം, അദ്ധ്യായങ്ങൾ 18-19
  2. Sodom and Gomorrah, Oxford Companion to the Bible (പുറം 707)
  3. Ancient Israel, A short History from Abraham to the Roman Descrution of the Temple, Edited by Hershel Shanks (പുറം 22)
  4. Inhospitality or Homosexuality; What Was The Sin of Sodom?, Gay Christhian.101
  5. ജാക്ക് മൈൽസ്, "God: A Biography" (പുറം 57)
"https://ml.wikipedia.org/w/index.php?title=സോദോം-ഗൊമോറാ&oldid=2286597" എന്ന താളിൽനിന്ന് ശേഖരിച്ചത്