സൈമൺ ബൊളിവർ
സൈമൺ ദെ ബൊളിവർ (ജൂലൈ 24, 1783-ഡിസംബർ 17, 1830) Simón José Antonio de la Santísima Trinidad Bolívar y Palacios തെക്കൻ അമേരിക്കൻ വൻകരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. 1811നും 1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻകരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ച ബൊളിവർ ലാറ്റിനമേരിക്കയുടെ വിമോചന നായകനായി കരുതപ്പെടുന്നു. വെനിസ്വെല, കൊളംബിയ, ഇക്വഡോർ, പെറു, പനാമ, ബൊളീവിയ എന്നീ രാജ്യങ്ങൾക്കാണു സ്വാതന്ത്ര്യം നേടിക്കൊടുത്തതെങ്കിലും ലാറ്റിനമേരിക്കയിലാകെ അദ്ദേഹം ആദരിക്കപ്പെടുന്നു. കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ് ആയിരുന്നു. വെനെസ്വേലയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസിഡന്റും അദ്ദേഹമായിരുന്നു.
സൈമൺ ബൊളിവർ | |
| |
കൊളംബിയയുടെ ഒന്നാമത്തെ പ്രസിഡന്റ്
| |
പദവിയിൽ ഡിസംബർ 17, 1819 – മെയ് 4, 1830 | |
വൈസ് പ്രസിഡന്റ് | ഫ്രാൻസിസ്കോ ദെ പോള സന്റൻഡെർ |
---|---|
പിൻഗാമി | Domingo Caycedo |
വെനിസ്വേലയുടെ രണ്ടാം പ്രസിഡന്റ്
| |
പദവിയിൽ ഓഗസ്റ്റ് 6, 1813 – ജൂലൈ 7, 1814 | |
മുൻഗാമി | Cristóbal Mendoza |
വെനിസ്വേലയുടെ മൂന്നാം പ്രസിഡന്റ്
| |
പദവിയിൽ ഫെബ്രുവരി 15, 1819 – ഡിസംബർ 17, 1819 | |
പിൻഗാമി | José Antonio Páez |
ബൊളീവിയയുടെ ഒന്നാമത്തെ പ്രസിഡന്റ്
| |
പദവിയിൽ ഓഗസ്റ്റ് 12, 1825 – ഡിസംബർ 29, 1825 | |
Succeeded by | Antonio José de Sucre |
ജനനം | Caracas, Venezuela | ജൂലൈ 24, 1783
മരണം | ഡിസംബർ 17, 1830 Santa Marta, Colombia | (പ്രായം 47)
ജീവിതപങ്കാളി | María Teresa Rodríguez del Toro y Alaysa |
മതം | റോമൻ കത്തോലിക്ക |
ഒപ്പ് |
ജീവിത രേഖ
തിരുത്തുകആദ്യകാലം
തിരുത്തുകവെനിസ്വെലയിലെ കാരക്കാസാണ് സൈമൺ ബൊളിവറുടെ ജന്മദേശം. സ്പാനിഷ് പ്രഭു പരമ്പരയിൽപ്പെട്ടവരായിരുന്നു ബൊളിവർ കുടുംബം. അറോറ നദീതീരത്തുള്ള സ്വർണ്ണ ഖനികളുടെ ഉടമസ്ഥാവകാശം ബൊളിവർ കുടുംബത്തിനായിരുന്നു. സ്വർണ്ണ ഖനനത്തിൽ നിന്നും ലഭിച്ച പണം സൈമൺ ബൊളിവർ പിന്നീട് തന്റെ വിമോചന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
വിമോചന പോരാട്ടങ്ങൾ
തിരുത്തുകതെക്കേ അമേരിക്കയിലെ സ്പാനിഷ് കോളനികളുടെ സ്വാതന്ത്ര്യത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ബൊളിവറുടേത്. ഐക്യലാറ്റിനമേരിക്ക സ്വപ്നം കണ്ട അദ്ദേഹം അതിനായി അക്ഷീണം പ്രയത്നിച്ചു. ലാറ്റിനമേരിക്കൻ ഫെഡറേഷൻ എന്ന സ്വപ്നം പൂർത്തീകരിക്കുക എന്ന ലക്ഷ്യവുമായാണ് ബൊളിവർ 1810-ൽ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളിൽ പങ്കാളിയായത്.
1810-ൽ വെനെസ്വെലയിൽ സ്പാനിഷ് സേനയ്ക്കെതിരെ നടന്ന പോരാട്ടത്തിൽ സൈമൺ ബൊളിവറും പങ്കാളിയായി. ഇതിന്റെ പേരിൽ അദ്ദേഹം നാടുകടത്തപ്പെട്ടു. എന്നാൽ 1813-ൽ തിരിച്ചെത്തിയ അദ്ദേഹം തന്റെ ജന്മദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കി. ഒരു വർഷത്തിനകം സ്പാനിഷ് കൊളോണിയൽ സേന അദ്ദേഹത്തെ വീണ്ടും പരാജയപ്പെടുത്തി ജമൈക്കയിലേക്കു നാടുകടത്തി. 1815-ൽ അദ്ദേഹം ഹെയ്തിയിൽ അഭയം പ്രാപിച്ചു. അടിമകളുടെ വിമോചന സമരവിജയത്തിലൂടെ ലോകചരിത്രത്തിൽ സ്ഥാനം നേടിയ ഹെയ്തിയിൽ അദ്ദേഹത്തിനു വമ്പൻ വരവേല്പു ലഭിച്ചു. അമേരിക്കൻ വിമോചന യുദ്ധ നേതാക്കളിലൊരാളായ ജനറൽ മാരിയോണുമായി ഇവിടെവച്ചു കണ്ടുമുട്ടി.
സൈമൺ ബൊളിവറുടെ പ്രവർത്തനങ്ങൾക്ക് ഹെയ്തിയിലെ ഭരണകൂടം ആളും ആയുധവും നൽകി. ലാറ്റിനമേരിക്കയിലെ വിവിധ കോളണികളിൽ അടിമകളായി കഴിയുന്ന ഹെയ്തിക്കാരെ മോചിപ്പിക്കണം എന്ന നിബന്ധനമാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. ഹെയ്തിയൻ പിന്തുണയോടെ 1817-ൽ വെനിസ്വെലയിൽ തിരിച്ചെത്തിയ ബൊളിവർ അങ്കോസ്റ്റയിൽ തന്റെ വിമോചന ഭരണകൂടം സ്ഥാപിച്ചു. താമസിയാതെ അദ്ദേഹം വെനിസ്വെലയുടെ പ്രസിഡണ്ടായി. 1819ൽ ബൊയാച്ചിയിൽ വച്ച് അദ്ദേഹം സ്പാനിഷ് സേനയെ പരാജയപ്പെടുത്തി. വെനിസ്വെലയെയും ന്യൂഗ്രെനേഡയെയും ചേർത്ത് വിശാല കൊളംബിയ എന്ന റിപബ്ലിക് സ്ഥാപിച്ച അദ്ദേഹം അതിന്റെ പ്രഥമ പ്രസിഡന്റായി.
1824-ൽ ബൊളിവറുടെ വിമോചന സേന പെറുവിലെത്തി സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകി. 1825-ൽ അദ്ദേഹം പെറുവിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പെറുവിന്റെ തെക്കൻ ഭാഗങ്ങൾ വിഭജിച്ച് അദ്ദേഹം പുതിയൊരു രാജ്യത്തിനു രൂപം നൽകി. ബൊളിവറുടെ ബഹുമാനാർത്ഥം പുതിയ രാജ്യത്തിന് ബൊളിവിയ എന്ന പേരു നൽകി.
ആഭ്യന്തര സംഘർഷങ്ങളെത്തുടർന്ന് 1828-ൽ ബൊളിവർ റിപബ്ലിക് ഓഫ് കൊളമ്പിയയുടെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. എന്നാൽ താമസിയാതെ അദ്ദേഹം സ്വയം ഏകാധിപതിയായി പ്രഖ്യാപിച്ചു. 1830-ൽ ഭരണസാരഥ്യം ഒഴിഞ്ഞു.
സാഹിത്യത്തിൽ
തിരുത്തുകഗബ്രിയേൽ ഗാർസ്യാ മാർക്വേസിന്റെ “ജെനറൽ ഇൻ ഹിസ് ലാബിറിന്ത്” (തന്റെ രാവണൻ കോട്ടയിലെ ജനറൽ) എന്ന പുസ്തകം സൈമൺ ബൊളിവറിന്റെ അവസാന നാളുകളുടെ കഥ പറയുന്നു.
- Simon Bolivar Archived 2007-06-28 at the Wayback Machine.