കെ.എൽ. സൈഗാൾ

(സൈഗാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുന്ദൻലാൽ സൈഗാൾ (കെ. എൽ. സൈഗാൾ) പ്രതിഭാശാലിയായ ഒരു നടനും ഗായകനുമായിരുന്നു. 15 വർഷം മാത്രം നീണ്ടുനിന്നാ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ 36 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഇതിൽ 28 എണ്ണം ഹിന്ദി/ഉറുദു ഭാഷകളിലായിരുന്നു. എഴ് ബംഗാളി സിനിമകളിലും ഒരു തമിഴ് സിനിമയിലും അദ്ദേഹം അഭിനയിച്ചു. അദ്ദേഹം ആലപിച്ച 188 ഗാനങ്ങളിൽ 145 എണ്ണം സിനിമാഗാനങ്ങളും 43 എണ്ണം സിനിമേതര ഗാനങ്ങളുമായിരുന്നു.

കുന്ദൻ ലാൽ സൈഗാൾ
കുന്ദൻലാൽ സൈഗാളും ജമുനയും 1935-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചിത്രത്തിൽ.
പശ്ചാത്തല വിവരങ്ങൾ
തൊഴിൽ(കൾ)ഗായകൻ, നടൻ
ഉപകരണ(ങ്ങൾ)ഗായകൻ
വർഷങ്ങളായി സജീവം1932–1947

ജീവചരിത്രം

തിരുത്തുക

ജമ്മുവിലെ നവ സഹാറിൽ 1904 ഏപ്രിൽ 11നാണ്‌ സൈഗാൾ ജനിച്ചത്. സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നെങ്കിലും ജീവിത സാഹചര്യങ്ങൾ നിമിത്തം സംഗീതാഭ്യസനം നടത്താൻ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. ദാരിദ്ര്യം കാരണം ചെറുപ്പത്തിൽതന്നെ സ്കൂൾ വിദ്യാഭ്യാസം നിർത്തേണ്ടി വന്ന അദ്ദേഹം ജീവിക്കാൻ വേണ്ടി റെയിൽവേ ടൈംകീപ്പറായി ജോലിക്കു ചേർന്നു. പിന്നീട് റമിങ്ടൺ ടൈപ്പ് റൈറ്റർ കമ്പനിയിൽ സെയിൽസ്മാനും ഹോട്ടൽ മാനേജരുമൊക്കെയായി അദ്ദേഹം ജോലിചെയ്തു.ഈ സമയത്തെല്ലാം തന്നെ സംഗീതത്തൊടുള്ള അടങ്ങാത്ത ഭ്രമം അദ്ദേഹത്തിന്റെ ഉള്ളിൽ ഊണ്ടായിരുന്നു. 1930-ൽ കൽക്കത്തയിലെ ന്യൂ തിയറ്ററിന്റെ പ്രധാന ചുമതലക്കാരനായ ബി.എൻ. സിർക്കാർ സൈഗളിലനെ അവിടേക്ക് ക്ഷണിച്ചതൊടെ ആ ജീവിതത്തിൽ വഴിത്തിരിവുണ്ടായി.

ന്യൂ തിയറ്ററിൽവെച്ച് പ്രശസ്ത സംഗീതസംവിധായകന്മാരായ ആർ.സി. ബോറൽ, പങ്കജ് മല്ലിക്ക്, കെ.സി.ഡേ, പഹാഡി സന്യാൽ തുടങ്ങിയവരുമായുണ്ടായ അടുപ്പം അദ്ദേഹത്തിന്‌ നിരവധി അവസരങ്ങൾ ലഭിക്കാൻ കാരണമായി. 1932-ൽ പുറത്തിറങ്ങിയ ഉറുദു സിനിമയായ "മൊഹബ്ബത്ത് കെ ആൻസൂ" ആണ്‌ അദ്ദേഹത്തിന്‌ ജനശ്രദ്ധ നൽകിയ ആദ്യത്തെ സിനിമ. 1933-ൽ പുറത്തിറങ്ങിയ "പുരാൺ ഭഗത്ത്" എന്ന ചിത്രത്തിൽ അദ്ദേഹം നാലു ഭജനുകൾ ആലപിക്കുകയുണ്ടായി. ഇത് അദ്ദേഹത്തിന്‌ ഏറെ പ്രശസ്തി നേടിക്കൊടുത്തു. 1935-ൽ പുറത്തിറങ്ങിയ ദേവദാസിൽ പ്രധാന കഥാപാത്രമായ ദേവദാസിനെ അവതരിപ്പിച്ചതോടെ ഒരു നടൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ പ്രഥമ സ്ഥാനം നേടി. ന്യൂ തിയറ്റർ നിർമ്മിച്ച ഏതാനും ബംഗാളി സിനിമകളിലും തുടർന്ന് അദ്ദേഹം അഭിനയിക്കുകയുണ്ടായി. "തെരുവു ഗായകൻ" എന്ന ഹിന്ദി സിനിമയിൽ അദ്ദേഹം പാടി അഭിനയിച്ച "ബാബുൽ മോറ" എന്ന ഗാനം ഒരേസമയം നടനെന്ന നിലയിലും ഗായകനെന്ന നിലയിലും അദ്ദേഹത്തെ പ്രശസ്തനാക്കി. 1941-ൽ ബോംബെയിലേക്ക്‌ പോയ സൈഗാൾ രഞ്ജിത്ത് മൂവിടോൺ നിർമ്മിച്ച് "ഭക്ത് സൂർദാസ്"(1942), "താൻസെൻ"(1943) തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അമിത മദ്യപാനത്തിനടിമയായിത്തീർന്ന സൈഗാൾ ക്രമേണ സിനിമാരംഗത്ത് നിന്നും നിഷ്കാസിതനായി. തുടർച്ചയായ മദ്യപാനത്തെ തുടർന്ന് ആരോഗ്യം നശിച്ച അദ്ദേഹം 1947- ജനുവരി 18ന്‌ ജലന്ധറിൽ വെച്ച് തന്റെ 42 മത്തെ വയസ്സിൽ അന്തരിച്ചു.



"https://ml.wikipedia.org/w/index.php?title=കെ.എൽ._സൈഗാൾ&oldid=4135093" എന്ന താളിൽനിന്ന് ശേഖരിച്ചത്