സൈക്കോറാക്സ്
യുറാനസിന്റെ ഒരു ഉപഗ്രഹമാണ് സൈക്കോറാക്സ്. 1997 ൽ നിക്കോൾസൺ ആണ് ഇത് കണ്ടുപിടിച്ചത്. യുറാനസിൽ നിന്ന് 1,22,13,000 കി.മീ. അകലെയായി (ഏറ്റവും അടുത്തു വരുമ്പോൾ 6.2 ദശലക്ഷം കി.മീറ്ററും ഏറ്റവും അകലെയായിരിക്കുമ്പോൾ 18 ദശലക്ഷം കി.മീറ്ററും വരുന്ന) ദീർഘവൃത്താകൃതി പാതയിലൂടെ 1284 ഭൗമദിവസങ്ങൾകൊണ്ട് ഈ ഉപഗ്രഹം ഒരു പ്രദക്ഷിണം വയ്ക്കുന്നു. സൂര്യനു ചുറ്റുമുള്ള മാതൃഗ്രഹത്തിന്റെ സഞ്ചാരപഥവുമായി 153 ഡിഗ്രി ചരിഞ്ഞതാണ് സൈക്കോറോക്സിന്റെ പ്രദക്ഷിണപഥം.കാലിബാനെപ്പോലെ ഇതും ഹിമവസ്തുകൂട്ടത്തിൽ നിന്ന് 450 കോടി വർഷം മുമ്പ് യുറാനസ് ഗുരുത്വാകർഷഷണബലത്താൽ പിടിച്ചെടുത്തതാകണം.
യുറാനസ് വ്യവസ്ഥയിലെ എതിർദിശയിൽ കറങ്ങുന്ന മറ്റൊരു ഉപഗ്രഹമാണിത്. ഒരു പ്രകാശബിന്ദുവിനെപ്പോലെ കാണപ്പെടുന്ന ഇതിന്റെ രൂപം, ഭാരം, ഉപരിതലസവിശേഷതകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ ഒന്നും നമുക്കറിഞ്ഞുകൂടാ. പ്രകാശതീവ്രതയുടെ അടിസ്ഥാനത്തിൽ (7% പ്രതിഫലനശേഷിയുടെയും) ഇതിന്റെ വ്യാസം 160 കി.മീ. ആണെന്ന് കണക്കാക്കിയിട്ടുണ്ട്. ഉപഗ്രഹത്തിന്റെ ചുവപ്പുനിറം ജൈവവസ്തുക്കളുടെ സാന്നിധ്യത്തെ ആയിരിക്കണം സൂചിപ്പിക്കുന്നത്.