കാലിബാൻ
യുറാനസിന്റെ ഉപഗ്രഹമാണ് കാലിബാൻ. 1997-ൽ ഗ്ലാഡ്മാൻ ആണിതു കണ്ടുപിടിച്ചത്. ഈ ഉപഗ്രഹം, യുറാനസിൽ നിന്നും 71,69,000 കി.മീ. അകലെയായി ദീർഘവൃത്താകൃതി സഞ്ചാരപഥത്തിൽ (6.6 ദശലക്ഷം കി.മീറ്റർ മുതൽ 7.8 ദക്ഷലക്ഷം കി.മീറ്റർ വരെയുള്ള) 579 ഭൗമ ദിവസങ്ങൾകൊണ്ട് ഒരുപ്രദക്ഷിണം ചെയ്യുന്നു.
യുറാനസ് സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന സഞ്ചാരപഥതലത്തിൽനിന്ന് 140° ചരിഞ്ഞ തലത്തിലാണ് കാലിബാന്റെ പ്രദക്ഷിണപഥം. ഇത് വക്രഗതിയിൽ പുറകോട്ടാണ് പ്രദക്ഷിണം ചെയ്യുന്നത്. കാലിബാനെ ഒരു വലിയ ഹിമവസ്തു കൂട്ടത്തിൽനിന്ന് 450 കോടി വർഷം മുമ്പ്, യുറാനസ് രൂപീകൃതമായ സമയത്ത്, ഗുരുത്വാകർഷണബലത്താൽ അത് പിടിച്ചെടുത്തതാകണം.
ഏറ്റവും മങ്ങിയ ഈ ഉപഗ്രഹത്തിന്റെ രൂപം, ഘടന, ഭാരം, ഉപരിതല സവിശേഷത മുതലായ കാര്യങ്ങളെപ്പറ്റി വളരെയൊന്നും ഇപ്പോഴും നമുക്കറിഞ്ഞുകൂടാ. പ്രകാശതീവ്രതയുടെ അടിസ്ഥാനത്തിൽ ഇതിന്റെ വ്യാസം 80 കി.മീറ്റർ ആണെന്നാണ് തിട്ടപ്പെടുത്തിയത്. ജൈവവസ്തുക്കളുടെ അതായത് കാർബണിന്റെയും ഹൈഡ്രജന്റെയും സാന്നിധ്യം പ്രകടമാക്കും വിധം ഇതിന്റെ നിറം ചുവപ്പ് കലർന്നതാണ്. ഈ ജൈവ തന്മാത്രകൾ ഉണ്ടായത് ഹിമം നിറഞ്ഞ ഉപരിതലത്തിൽ കോടിക്കണക്കിന് വർഷം സൂര്യപ്രകാശം പതിച്ചതിന്റെ ഫലമായിരിക്കണം.