സേവികളി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗോലി ഉപയോഗിച്ചു കളിക്കുന്ന ഒരു തരം കളിയാണ് കിശേപ്പി അഥവാ സേവി കളി. തൃശ്ശൂർ ഭാഗത്ത് ഇതിനെ പെട്ടിയടി എന്നാണ് വിളിക്കുന്നത്. കൊച്ചു കുട്ടികൾ മുതൽ വലിയവർ വരെ കളിക്കുന്ന ഒരു വിനോദമാണ് കിശേപ്പി. മൂന്നു ഗോലികളുപയോഗിച്ചാണ് കിശേപ്പി കളിക്കുന്നത്. രണ്ടോ അതിലധികമോ കളിക്കാരും ഉണ്ടാകുമെങ്കിലും ഒരു സമയം രണ്ടു പേർക്കു മാത്രമേ കളിക്കാനാകൂ. സാധാരണയായി ഗോലിക്കു വേണ്ടിയാണ് ഈ കളി കളിക്കുന്നതെങ്കിലും പണം വച്ചും കളിക്കാറുണ്ട്. രണ്ടു ഗോലിക്കായകൾ കളത്തിലേക്കിട്ടതിനു ശേഷം എതിരാളി നിർദ്ദേശിക്കുന്ന കായയിൽ മുന്നാമത്തെ ഗോലി (വക്കൻ) ഉപയോഗിച്ച് എറിഞ്ഞു കൊള്ളിക്കുക എന്നതാണ് ഈ കളിയുടെ പ്രഥമലക്ഷ്യം. ധാരാളം നിയമങ്ങളുള്ള ഒരു കളിയാണ് സേവികളി എങ്കിലും കളിക്കാരുടെ നിലവാരത്തിനും ഇഷ്ടത്തിനു അനുസരിച്ച് ചില നിയമങ്ങൾ പാലിക്കാറില്ല.
കളം
തിരുത്തുകകളത്തിന്റെ വലിപ്പത്തിനോ അനുപാതത്തിനോ കൃത്യമായ കണക്കൊന്നുമില്ലെങ്കിലും, ഏതെങ്കിലും ഭിത്തിയോട് ചേർത്ത് ഏകദേശം 50 X 40 സെന്റി മീറ്റർ വലിപ്പത്തിൽ ഒരു കളം വരച്ചു വെച്ചാണ് കളി തുടങ്ങുന്നത്. നിരപ്പായ സ്ഥലത്ത് പലകയോ ഇഷ്ടികയോ കുത്തി നിർത്തി അതിനോടു ചേർന്നും കളം വരക്കാറുണ്ട്. ഇതിനെ കിശേപ്പി കളം അഥവാ സേവി കളം എന്നു പറയുന്നു. ഈ കളത്തിൽ ഗോലിക്കു വന്നു വീഴാൻ പാകത്തിൽ ചെറുതും വലുതുമായ കുഴികൾ കാണും. കുഴികൾ ഇല്ലാതെയുള്ള കളങ്ങളിലും കളിക്കാറുണ്ട്. ചില കളങ്ങളിൽ അടുത്തടുത്ത് കാണപ്പെടുന്ന രണ്ടു ചെറിയ കുഴികളുണ്ടാകും, ഇത് കളത്തിനുള്ളിൽ എവിടേയുമാകാം. ഇതിനെ ഗുമ്മ എന്നു വിളിക്കുന്നു.
കളിക്കുന്ന രീതി
തിരുത്തുകഗോലിക്കുവേണ്ടിയുള്ള കളിയിൽ കളിക്കാരുടെ കൂട്ടത്തിലുള്ള ഒരാൾ രണ്ടാമതൊരാളിൽ നിന്ന് ആദ്യകെട്ടായി ഒരു ഗോലിക്കായ വാങ്ങുന്നു. ഇതിന്റെ കൂടെ തന്റെ കൈയിലുള്ള ഒരു ഗോലിയും ചേർത്താണ് കളിക്കാനുള്ള രണ്ടു ഗോലികൾ എടുക്കുന്നത്. കളത്തിൽനിന്നും ഏകദേശം ഒന്നു മുതൽ ഒന്നര മീറ്റർ വരെ അകലെ അടയാളപ്പെടുത്തിയിട്ടുള്ള വരയിൽ നിന്നും ഈ രണ്ടു ഗോലികൾ അയാൾ കളത്തിലേക്കിടുന്നു. രണ്ടും കളത്തിനുള്ളിൽ തന്നെ വന്നു വീഴാൻ പാകത്തിലാണ് ഇങ്ങനെ ഇടുന്നത്.
കളത്തിനുള്ളിലോ വരയിലോ സ്ഥിതി ചെയ്യുന്ന ഗോലികളിൽ ഒന്ന് രണ്ടാമത്തെയാൾ ചൂണ്ടിക്കാട്ടുന്നു. മൂന്നാമത്തെ ഗോലി കൊണ്ട് ചൂണ്ടിക്കാണിക്കപ്പെട്ട ഗോലിയിൽ എറിഞ്ഞു കൊള്ളിക്കുന്നതാണ് കളി. എറിഞ്ഞു കൊള്ളിക്കുമ്പോൾ കളത്തിലുള്ള രണ്ടു ഗോലികളിലും കൂട്ടി മുട്ടുകയോ, പറഞ്ഞതിനു വിപരീതമായ ഗോലയിൽ എറിഞ്ഞു കൊള്ളിച്ചാലോ കളിക്കുന്നയാൾ തോൽക്കുന്നു. ഇത്തരത്തിൽ എറിഞ്ഞു കൊള്ളിക്കാൻ സാധിച്ചില്ലെങ്കിൽ എതിരാളി കളിക്കുകയും കളിക്കാരൻ എതിരാളിയായി മാറി ഗോലി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. കളി ഇങ്ങനെ തുടരുകയും, ഒരു കളിക്കാരൻ ജയിക്കുമ്പോൾ കളിക്കുന്ന രണ്ടു ഗോലികളും അയാളുടെ സ്വന്തമാകുന്നു. തുടർന്ന് കൂട്ടത്തിലുള്ള മൂന്നാമതൊരു കളിക്കാരനിൽ നിന്നോ, മറ്റാരും കളിക്കാനില്ലെങ്കിൽ അതേ എതിരാളിയിൽ നിന്നോ വീണ്ടും കെട്ട് സ്വീകരിച്ച് കളി തുടരുന്നു.
കളത്തിലേക്ക് ആദ്യം രണ്ടു ഗോലികൾ എറിയുമ്പോൾ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടും പുറത്തേക്കു പോയാലോ താഴെപ്പറയുന്ന രീതികൾ പിന്തുടരുന്നു.
ഒരു ഗോലി പുറത്തു പോയാൽ
തിരുത്തുക- പുറത്തു പോയ ഗോലിയെ എതിരാളി, വരയിൽ എവിടേയെങ്കിലും എടുത്തു വെയ്ക്കുന്നു.
- ഗോലി വരയിൽ എവിടെയെങ്കിലും വെച്ച് എതിരാളി കളത്തിനകത്തേക്ക് തള്ളിയിടുന്നു. കളത്തിനകത്തുള്ള ഗോലിയിൽ തള്ളി മുട്ടിച്ച് മുട്ട് ആക്കി മാറ്റാനാണ് എതിരാളികൾ ശ്രമിക്കുക. ഇതാണ് എതിരാളി ഏറ്റവും സാധാരണയായി സ്വീകരിക്കുന്ന മാർഗ്ഗം.
- ചില എതിരാളികൾ പുറത്തു പോയ ഗോലി കളത്തിനു പുറത്തും വച്ചു കൊടുക്കാറുണ്ട്. ഇത്തരത്തിൽ കളത്തിനു പുറത്ത് വച്ചു കൊടുക്കുന്ന ഗോലിയെ നേരിട്ട് എറിഞ്ഞ് കൊള്ളിച്ചാൽ കളിക്കാരന് ജയിക്കാവുന്നതാണ്. എന്നാൽ അതിനുശ്രമിക്കുമ്പോൾ കളത്തിനു പുറത്ത് നിലത്ത് കുത്തിയാൽ ബെൽറ്റാപ്പ് ആവുകയും കളിക്കാരൻ തോൽക്കുകയും ചെയ്യും.
രണ്ടു ഗോലിയും പുറത്തു പോയാൽ
തിരുത്തുക- ഗുമ്മയുള്ള കളങ്ങളിൽ കളിക്കാരന് മൂന്നാമത്തെ ഗോലി ഗുമ്മയിൽ വീഴ്ത്താൻ ശ്രമിക്കാം. ബെൽറ്റാപ്പാകാതെ അത് ഗുമ്മയിൽ വീഴുകയാണെങ്കിൽ കളിക്കാരൻ ജയിക്കുന്നു. അല്ലാത്തപക്ഷം എതിരാളി വിജയിക്കുന്നു.
- ഗുമ്മയില്ലാത്ത കളങ്ങളിൽ പുറത്തു പോയ രണ്ടു ഗോലികളും എതിരാളി കളത്തിന്റെ പുറകിലെ വരയിൽ വച്ചു കൊടുക്കുന്നു. കളിക്കാരൻ അതിൽ നേരെ എറിഞ്ഞു കൊള്ളിച്ച് മൂന്നു ഗോലികളിൽ രണ്ടെണ്ണമെങ്കിലും കളത്തിനകത്തെത്തിച്ചാൽ കളിക്കാരൻ വിജയിക്കുന്നു. അല്ലാത്തപക്ഷം എതിരാളി വിജയിക്കുന്നു.
ഗുമ്മ
തിരുത്തുകകളത്തിലുണ്ടാക്കുന്ന വളരെ ചെറിയ രണ്ടു കുഴികളാണ് ഗുമ്മ. ഓരോ കുഴിക്കും ഗോലിയുടെ വലിപ്പം മാത്രമേ കാണൂ. സാധാരണ, ഗോലി മണ്ണിലമർത്തിയാണ് ഗുമ്മയുണ്ടാക്കുന്നത്. ഗുമ്മയുള്ള കളങ്ങളിൽ ആദ്യമിടുന്ന ഗോലികളിലൊന്നോ മൂന്നാമതെറിയുന്ന ഗോലിയോ ഗുമ്മയിൽ വീഴുകയും, വരയോ ബെൽട്ടാപ്പോ സംഭവിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ കളിക്കാരൻ വിജയിക്കുന്നു. ആദ്യമെറിയുന്ന രണ്ടു ഗോലികളിലൊന്ന് ഗുമ്മയിൽ വീണാലും മൂന്നാമത്തെ ഗോലി എറിയണം എന്നത് നിർബന്ധമാണ്. മുട്ട് വീഴുക, രണ്ടും പുറം പോകുക എന്നീ നിലയിൽ നിന്ന് കളിക്കാരന് രക്ഷപ്പെടാനും വിജയിക്കാനുള്ള വഴിയിലൊന്നാണ് മൂന്നാമത്തെ ഗോലി ഗുമ്മയിൽ ഇടുക എന്നുള്ളത്. എന്നാൽ കൂടുതൽ പരിചയസമ്പന്നർ കളിക്കുന്ന കളങ്ങളിൽ ഗുമ്മയുണ്ടാവാറില്ല.
അടിച്ച് ഗുമ്മ
തിരുത്തുകഗുമ്മ എന്നത് കളിക്കാരന് മുൻതൂക്കം നൽകുന്ന കുഴിയാണെങ്കിലും, മൂന്നാമത്തെ ഗോലി കൊണ്ട് അടിച്ചതിനു ശേഷം മൂന്നിൽ ഏതെങ്കിലും ഒരു ഗോലി ഗുമ്മയിൽ വീണാൽ കളിക്കാരൻ തോൽക്കുന്നു. ഇതിനെ അടിച്ച് ഗുമ്മ എന്നു പറയുന്നു. ഗുമ്മയിൽ കിടക്കുന്ന ഗോലിയെ അടിച്ചാലും ഇതു തന്നെയാണ് ഗതി.
മുട്ട്
തിരുത്തുകആദ്യം ഇടുന്ന ഗോലികൾ രണ്ടും കളത്തിനുള്ളിൽ മുട്ടിക്കിടന്നാൽ ഈ അവസ്ഥയെ മുട്ട് എന്നു പറയും. മുട്ടായ അവസ്ഥയിൽ നിന്നു കരകയറണമെങ്കിൽ കളിക്കാരൻ മൂന്നാമത്തെ ഗോലി ആഞ്ഞെറിഞ്ഞ് കുറഞ്ഞത് രണ്ടു ഗോലികളെയെങ്കിലും കളത്തിനു പുറത്തേക്ക് തെറിപ്പിക്കണം. ഇങ്ങനെ ചെയ്താൽ കളിക്കാരൻ ജയിക്കുന്നു അല്ലാത്ത പക്ഷം എതിരാളി ജയിക്കുന്നു. മുട്ടു തെറിപ്പിക്കുക എന്നത് ഈ കളിയിലെ ഏറ്റവും വിശിഷ്ടമായ കാര്യമായി കരുതുന്നു. മുട്ട് ആകുന്നതിനു വേണ്ടിയാണ് കളത്തിൽ കുഴികൾ ഉണ്ടാക്കുന്നത്. സാധാരണയായി കളത്തിലെ ഏതെങ്കിലും കുഴിയിലോ വരയിലോ ആണ് മുട്ട് സംഭവിക്കുക.
മുട്ട് പരിശോധിക്കുന്ന വിധം
തിരുത്തുകരണ്ടു ഗോലികൾ മുട്ടിക്കിടക്കുന്നുണ്ട് എന്ന് ഉറപ്പിക്കാനായി വലിച്ചു നോക്കുന്ന രീതിയാണ് ഈ കളിയിൽ അവലംബിക്കുന്നത്. എതിരാളി നിർദ്ദേശിക്കുന്ന ഗോലി കളിക്കാരൻ വന്ന് വലിച്ചു നോക്കണം. ഇങ്ങനെ ഒരു ഗോലി വലിക്കുമ്പോൾ മറ്റേ ഗോലിക്ക് അനക്കം സംഭവിക്കുകയാണെങ്കിൽ മുട്ടാണെന്ന് ഉറപ്പിക്കുന്നു. ഇത്തരത്തിൽ വലിക്കുമ്പോൾ അബദ്ധത്തിൽ മറ്റേ ഗോലി അനങ്ങാറുണ്ട്. അതിനാൽ മുട്ട് വലിച്ചു നോക്കുക എന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്.
ചിലപ്പോൾ രണ്ടു ഗോലികൾ മുട്ടിക്കിടക്കുകയാണെങ്കിലും വലിച്ചു നോക്കുമ്പോൾ അനക്കമൊന്നും കാണുന്നില്ലെങ്കിൽ അത് മുട്ടായി കണക്കിലെടുക്കില്ല. വലിച്ചു നോക്കിയതിനു ശേഷം മുട്ടല്ലെന്ന് ഉറപ്പായാൽ അത് സേവിയായിരിക്കും.
തള്ളൽ
തിരുത്തുകകളിക്കാരൻ ആദ്യം ഇടുന്ന രണ്ടു ഗോലികളിൽ ഒന്ന് പുറത്തേക്ക് പോയാൽ എതിരാളി അതിനെ തള്ളി മുട്ടിക്കാനാണ് കൂടുതലായും ശ്രമിക്കുക. ഇങ്ങനെ കളത്തിലേക്ക് തള്ളുന്നതിനു മുൻപ് എതിരാളി, കളിക്കാരന്റെ അനുവാദം വാങ്ങേണ്ടതുണ്ട്. തള്ളട്ടേ? എന്നു ചോദിച്ചാണ് അനുവാദം വാങ്ങാറുള്ളത്. ഇത്തരത്തിൽ അനുവാദം വാങ്ങാതിരുന്നാൽ രണ്ടാമതും തള്ളേണ്ടി വരും.
മുട്ട് ആക്കാനായി എതിരാളി ഇത്തരത്തിൽ തള്ളുമ്പോൾ രണ്ടു ഗോലികളിൽ ഏതെങ്കിലും ഒന്നു വീണ്ടും പുറത്തേക്കു പോയാൽ രണ്ടു പ്രാവശ്യം കൂടി തള്ളാനുള്ള അവസരമുണ്ട്. എന്നിട്ടും തള്ളി കളത്തിലെത്തിക്കാൻ സാധിക്കില്ലെങ്കിൽ കളിക്കാരൻ വിജയിക്കുന്നു. അതുകൊണ്ട് രണ്ടു പ്രാവശ്യം ശ്രമിച്ചതിനു ശേഷവും പുറത്തുകിടക്കുന്ന ഗോലി, സാധാരണ വരയിൽ വച്ചു കൊടുത്ത് വരയിലുള്ള ഗോലി നിർദ്ദേശിക്കാറാണ് പതിവ്.
തള്ളുമ്പോൾ രണ്ടു ഗോലിയും പുറത്തേക്കു പോയാലും കളിക്കാരൻ വിജയിക്കുന്നു. അതു കൊണ്ട് വരയിലിരിക്കുന്ന ഗോലിയിലേക്ക് തള്ളിമുട്ടിക്കാൻ ശ്രമിക്കുന്നതിനു പകരം പുറകിലെ വരയിൽ ഗുമ്മക്കടുത്ത് രണ്ടാമത്തെ ഗോലി വച്ചു കൊടുക്കുകയാണ് പതിവ്. അടിച്ച് ഗുമ്മയാകാൻ വേണ്ടിയാണ് ഇത്തരത്തിൽ ഗുമ്മക്കടുത്ത് വച്ചു കൊടുക്കുന്നത്.
സേവി
തിരുത്തുകരണ്ടു ഗോലികൾ പരസ്പരം മുട്ടാതെ വളരെ അടുത്ത് കിടക്കുന്ന അവസ്ഥയെയാണ് സേവി എന്നു പറയുന്നത്. ഈ അവസ്ഥയിൽ കളിക്കാരന് തനിക്കിഷ്ടമുള്ള ഗോലിയെ അടിക്കാനുള്ള അവസരം ഉണ്ട്. എന്നാൽ രണ്ടു ഗോലികളിലും ഒരുമിച്ച് അടി കൊള്ളാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ എതിരാളിയായിരിക്കും ജയിക്കുന്നത്. എന്നിരുന്നാലും മൂന്നെണ്ണത്തിൽ രണ്ടു ഗോലികളെ ഏതു വിധേനെയും കളത്തിനു പുറത്തേക്ക് തെറിപ്പിച്ചാലും കളിക്കാരന് ജയിക്കാവുന്നതാണ്.
സേവി പരിശോധിക്കുന്ന വിധം
തിരുത്തുകകളിക്കരന്റെ ചൂണ്ടുവിരലും നടുവിരലും കൂട്ടിവക്കുമ്പോഴുള്ള വീതിയാണ് രണ്ടു ഗോലികൾ സേവിയാകുന്നതിനുള്ള പരമാവധി അകലം. സേവിയാണോ അല്ലയോ എന്ന് സംശയമുണ്ടെങ്കിൽ അത് പരിശോധിച്ചു നോക്കാൻ എതിരാളിക്ക് ആവശ്യപ്പെടാം. കളിക്കാരനു സംശയമാണെങ്കിൽ സ്വമേധയാ പരിശോധിച്ചു നോക്കാം. ഗോലികൾക്കിടയിൽ മേല്പ്പറഞ്ഞ രണ്ടു വിരലുകൾ ചേർത്തു വച്ച് രണ്ടു ഗോലിയിലും വിരലുകൾ മുട്ടുന്നുണ്ടെങ്കിൽ സേവിയാണെന്ന് ഉറപ്പുവരുത്താം.
ബെൽട്ടാപ്പ്
തിരുത്തുകഎറിയുമ്പോൾ മൂന്നാമത്തെ ഗോലി ആദ്യം വന്നു വീഴുന്നത് കളത്തിനു പുറത്തോ പുറകിലെ മതിലിൽ അടയാളപ്പെടുത്തിയിരിക്കുന്ന വരക്കു മുകളിലോ, പുറകിലെ മതിലിൽ കളത്തിന്റെ പരിധിക്ക് പുറത്തോ പതിക്കരുത് എന്നൊരു നിബന്ധനയുണ്ട്. ഇത്തരത്തിൽ പതിക്കുന്നതിനെ ബെൽട്ടാപ്പ് എന്നു പറയുന്നു. ബെൽട്ടാപ്പു സംഭവിച്ചാൽ കളിക്കാരൻ തോൽക്കുകയും എതിരാളി ജയിക്കുകയും ചെയ്യുന്നു. കളത്തിലെ വരയുടെ പുറത്തെ വക്കിലാണ് മൂന്നാംഗോലി പതിക്കുന്നതെങ്കിലും അത് ബെൽട്ടാപ്പാണ്. നിലവാരം കുറഞ്ഞ കളിക്കാർ കളിക്കുമ്പോൾ ബെൽട്ടാപ്പ് നിയമം ഒഴിവാക്കാറുണ്ട്.
വര (ലൈൻ)
തിരുത്തുകഒരു വിരൽ വീതിയിൽ വളരെ കുറച്ച് ആഴത്തിൽ മാത്രം അടയാളപ്പെടുത്തിയിട്ടുള്ള വരയാണ് കളത്തിനുണ്ടാവുക. ആദ്യത്തെ രണ്ടു ഗോലികളും വരയിൽ കിടന്നു എന്നുള്ളതു കൊണ്ടു കുഴപ്പമില്ല. എന്നാൽ എതിരാളി നിർദ്ദേശിച്ച ഗോലിയെ അടിക്കാൻ ശ്രമിച്ചതിനുശേഷം, അതിനു കഴിയാതെ മൂന്നാമത്തെ ഗോലി (വക്കൻ) വരയിൽ കുടുങ്ങുകയാണെങ്കിൽ കളിക്കാരൻ തോൽക്കുന്നു.
അടി കൊള്ളാതെ പോയാൽ വരയിൽ വീഴുന്നത് ഒഴിവാക്കാൻ പതുക്കെ ഇട്ടടിക്കുന്നതിനു പകരം ശക്തമായി നൊത്തുകയാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ വക്കൻ കളത്തിനു പുറത്തേക്ക് തെറിക്കുമെന്നുള്ളതിനാൽ വരയിൽ വീഴും എന്ന ആശങ്കയുണ്ടാവില്ല.
വരക്കുഴി
തിരുത്തുകവരയിൽ ചിലയിടങ്ങളിൽ കുഴിയുണ്ടാവാറുണ്ട്. ഈ കുഴിയെ മുഴുവനായും വരയായാണ് കണക്കാക്കുന്നത്. അതായത് ഗോലി ഈ കുഴിയിൽ വീണാലും വരയിൽ വീണതായിത്തന്നെ കണക്കാക്കും.
ടാപ്പ്
തിരുത്തുകകളത്തിലെ ഗോലിയെ കളിക്കാരൻ മൂന്നാമത്തെ ഗോലി കൊണ്ടടിക്കുമ്പോൾ, കളിസ്ഥലത്തു നിന്ന് മുന്നോട്ട് ചാടി അടിക്കാനുള്ള പ്രവണതയുണ്ടാവാറുണ്ട്. ഇതിനെ നിരുൽസാഹപ്പെടുത്തുന്നതിന് ടാപ്പ് എന്നൊരു സംവിധാനം ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. കളിക്കാരൻ നിന്ന് ഗോലിയെറിയുന്ന സ്ഥലത്തിനു തൊട്ടു മുൻപിൽ ഒരു വര വരക്കുക എന്നതാണ് ഈ രീതി. ഈ വരയെയാണ് ടാപ്പ് എന്നു പറയുന്നത്. കളിക്കുമ്പോഴോ കളിച്ചതിനു ശേഷമോ കളിക്കാരൻ ഈ വര മറികടക്കാൻ പാടുള്ളതല്ല. നിർദ്ദേശിച്ച ഗോലി അടിച്ചതിനു ശേഷം പോലും ഇങ്ങനെ ചെയ്താൽ കളിക്കാരൻ തോൽക്കുകയും എതിരാളി ജയിക്കുകയും ചെയ്യും. അതു കൊണ്ട് ഓരോ തവണ കളി കഴിയുമ്പോഴും ടാപ്പ് മറികടക്കാതെ അതിനെ ചുറ്റി വരാൻ കളിക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്.
ഗോലി എറിയുന്ന രീതികൾ
തിരുത്തുകഎതിരാളി നിർദ്ദേശിക്കുന്ന ഗോലിയിലേക്ക് വക്കൻ എറിയുന്നതിന് രണ്ടു ശൈലികളാണ് പൊതുവേ ഉപയോഗിക്കുന്നത്.
ഇടൽ
തിരുത്തുകഗോലിയുടെ മുകളിലേക്കോ അല്ലെങ്കിൽ അത് കിടക്കുന്ന കുഴിയിലേക്കോ മൂന്നാമത്തെ ഗോലിയെ ശ്രദ്ധാപൂർവ്വം താഴെ നിന്ന് ഉയർത്തിയിടുന്ന രീതി. ഇടൽ എന്നും ഇട്ടടിക്കുക എന്നും ഇതിനെ പറയുന്നു. എന്നാൽ ഗോലിയിൽ കൊള്ളാതെ വരയിൽ വീഴാൻ സാധ്യതയുള്ളതിനാൽ കുഴിയിലല്ലാത്ത ഗോലിയെ അടിക്കാൻ ഈ രീതി അപൂർവ്വമായേ ഉപയോഗിക്കാറുള്ളൂ. ആദ്യമിടുന്ന ഗോലികൾ രണ്ടും പുറത്തു പോകുമ്പോഴുള്ള ഗുമ്മയിടാൻ നിർബന്ധിതമാകുന്ന അവസ്ഥയിലും ഈ രീതി തന്നെ ഉപയോഗിക്കാറുണ്ട്.
നൊത്ത് (കൊത്ത്)
തിരുത്തുകനിർദ്ദിഷ്ട ഗോലിയെ ലക്ഷ്യമാക്കി ആഞ്ഞെറിയുന്ന രീതിയാണ് ഇത്. അഥവാ ഗോലിയിൽ കൊണ്ടില്ലെങ്കിലും വരയിൽ വീഴാനുള്ള സാധ്യത വളരെ കുറവായതിനാൽ സുരക്ഷിതമായ ശൈലിയാണിത്. മുട്ട് തെറിപ്പിക്കാനും മറ്റും ഈ രീതിയാണ് അഭികാമ്യം. ബെൽട്ടാപ്പ് സംഭവിക്കാതെ അടിക്കാൻ ബുദ്ധിമുട്ടുള്ളയിടങ്ങളിൽ കിടക്കുന്ന ഗോലിയെ അടിക്കാനായി പൊതുവേ കളിക്കാർ ശ്രമിക്കാറില്ല. ഈ അവസരങ്ങളിൽ കളത്തിലെ ഒഴിഞ്ഞയിടങ്ങളിൽ ആഞ്ഞു നൊത്തി വരയിൽ വീഴാതെയും എതിർഗോലിയിൽ കൊള്ളാതെയും കളി എതിരാളിക്ക് കൈമാറുകയാണ് പതിവ്.
കുഷ്ഠം
തിരുത്തുകആദ്യമിടുന്ന രണ്ടു ഗോലികളും ഉള്ളം കൈയിൽ ഇട്ട് കുലുക്കി ഇടണം എന്നാണ് നിബന്ധനയെങ്കിലും, മുട്ട് വീഴാതിരിക്കാൻ ചില കളിക്കാർ ഉപയോഗിക്കുന്ന സൂത്രമാണ് കുഷ്ഠമിടൽ. രണ്ടു ഗോലികളേയും വിരലുകൾ കൊണ്ട് അമർത്തിപ്പിടിച്ച് കളത്തിലേക്കിടുന്ന രീതിയാണ് ഇത്. കുഷ്ഠമിടുന്നതു മൂലം കളി തോൽക്കുന്നില്ലെങ്കിലും അഭികാമ്യമല്ലാത്ത രീതിയാണ് ഇത്.
ഗോലി ചൂണ്ടിക്കാണിക്കുന്ന രീതികൾ
തിരുത്തുകആദ്യമിടുന്ന രണ്ടു ഗോലികളിൽ ഒരു ഗോലിയാണ് അടിക്കാനായി എതിരാളി നിർദ്ദേശിക്കുക. ഇങ്ങനെ നിർദ്ദേശിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കുകൾ താഴെ പറയുന്നു.
- മേൽ/മേല്/ഓട്ടി - കളിക്കാരനിൽ നിന്നും കളത്തിൽ ഏറ്റവും അകലെ (അതായത് മുകളിൽ എന്നു സാരം) കിടക്കുന്ന ഗോലിയെ സൂചിപ്പിക്കാനായാണ് മേല് അല്ലെങ്കിൽ ഓട്ടി എന്നു പറയുന്നത്.
- എതിര് - മേലിന് എതിരെയുള്ളത് എന്നർത്ഥം. കളിക്കാരനോട് ഏറ്റവും അടുത്തുള്ള ഗോലി.
താഴെപറയുന്നവ ഗോലി നിർദ്ദേശിക്കുന്ന എതിരാളിക്ക് ആപേക്ഷികമായാണ് കണക്കാക്കേണ്ടത്.
- അത് - എതിരാളി കളത്തിന് ഇടതു വശത്താണ് നിൽക്കുന്നതെങ്കിൽ വലതു വശത്തായി കിടക്കുന്ന ഗോലി അതു പോലെ തിരിച്ചും.
- ഇത് - എതിരാളിക്കടുത്തുള്ള ഗോലി, അതായത് എതിരാളി നിൽക്കുന്ന അതേ വശത്തായി കളത്തിൽ കിടക്കുന്ന ഗോലി.
ഇതു കൂടാതെ ഇഷ്ടമുള്ള ഗോലി കളിക്കാനും എതിരാളി ചിലപ്പോൾ അവസരം നൽകാറുണ്ട്. അതു പോലെ കളിക്കാരനിഷ്ടമുള്ള ഗോലി പറഞ്ഞതിനു ശേഷം അത് കളിക്കാനും അവസരം നൽകാൻ എതിരാളിക്കാവും.
മണങ്ങ്
തിരുത്തുകസാധാരണയായി കളിക്കാരൻ രണ്ടു ഗോലികൾ കളത്തിലേക്കിട്ട് എതിരാളി അടിക്കാനുള്ള ഗോലി നിർദ്ദേശിക്കുന്നതിനു മുൻപു തന്നെ അയാൾ പറയാൻ സാധ്യതയുള്ളതും കൂട്ടത്തിൽ കളിക്കാൻ പ്രയാസമുള്ളതുമായ ഗോലിയിലേക്ക് ഉന്നം വക്കാറുണ്ട്. സൂത്രക്കാരനായ എതിരാളി ഇതു മനസ്സിലാക്കി മറ്റേ ഗോലി നിർദ്ദേശിക്കുന്നു ഇതിനെയാണ് മണങ്ങു വക്കുക എന്നു പറയുന്നത്. പല കളിക്കാരും എതിരാളി നിർദ്ദേശിച്ച ഗോലിക്കു പകരം താൻ ഉന്നം വച്ച ഗോലിയിൽ എറിഞ്ഞു കൊള്ളിക്കുന്നത് ഈ കളിയിലെ വളരെ രസകരമായ സംഭവമാണ്.
കൈ മുറിഞ്ഞ് കെട്ടൽ
തിരുത്തുകഒരു കൂട്ടം കളിക്കാർ കളിക്കുന്നയിടത്തേക്ക് പുതിയതായി ഒരാൾ വന്നാൽ അയാൾ എപ്പോൾ കളിയിൽ പ്രവേശിക്കണം എന്നതിനുള്ള നിയമമാണിത്. തൊട്ടു മുൻപ് ജയിച്ചയാൾ തോൽക്കുമ്പോൾ മാത്രമേ പുതിയയാൾക്ക് കെട്ടു കൊടുത്ത് കളിയിൽ പ്രവേശിക്കാനാകൂ.
അവലംബം
തിരുത്തുക
കുറിപ്പുകൾ
തിരുത്തുക- തൃശൂർ ജില്ലയിലെ ചാലക്കുടി പ്രദേശത്ത് കളിക്കുന്ന രീതികളാണ് ഈ ലേഖനത്തിൽ കൂടുതലായും വിവരിച്ചിരിക്കുന്നത്. മറ്റിടങ്ങളിലെ കളിരീതിയും നിയമങ്ങളും വ്യത്യസ്തമാകാം.