സെർജി ടിമോഫെയേവിച്ച് അക്സകോഫ്

റിയലിസത്തിന്റെ പ്രണേതാക്കളിലൊരാളായ റഷ്യൻ സാഹിത്യകാരനായിരുന്നു സെർജി ടിമോഫെയേവിച്ച്‍. റഷ്യയിലെ കിഴക്കൻ സ്റ്റെപ്പിയിൽ 1791 സെപ്. 20-ന് ജനിച്ചു. അവിടെ ആദ്യത്തെ കാർഷിക കുടിയേറ്റക്കാരിൽ ഒരാളായിരുന്നു ഇദ്ദേഹത്തിന്റെ പിതാമഹൻ. അക്സകോഫ് കസാൻ സർവകലാശാലയിൽ വിദ്യാഭ്യാസം ചെയ്തു. കുറേക്കാലം സർക്കാരുദ്യോഗം വഹിച്ചശേഷം മോസ്കോയിൽ താമസമാക്കി. റഷ്യൻ ദേശീയവാദികളുടെ സ്ളാവോഫിൽ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു. അല്പം വൈകിയാണ് സാഹിത്യരംഗത്തു പ്രവേശിച്ചത്. ഗോഗോളിന്റെ കൃതികൾ അതിനു പ്രബലമായ പ്രേരണ നൽകി.

അക്സകോഫ്, സെർജി ടിമോഫെയേവിച്ച്

സ്വകുടുംബചരിത്ര പ്രതിപാദകമായ സെമേനയാ ക്രോണിക്ക ( Semeynaya khronika)യുടെ രചന 1840-ൽ തുടങ്ങി 1856-ൽ അവസാനിപ്പിച്ചു. ഒരു റഷ്യൻ മാന്യൻ (A Russian Gentleman) എന്ന പേരിൽ ഇത് ജെ.ഡി. ഡഫ് ഇംഗ്ളീഷിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട് (1917). ഇതിന്റെ തുടർച്ചയാണ് ആത്മകഥാപരമായ ഡെറ്റ്സ്കീ ഗോഡിബഗ്രോവ നുക (Detskie gody Bagrova Nuka - 1858), വൊസ്പോമിനാനിയ (Vespominania -1856) എന്നീ കൃതികൾ. ജെ.ഡി. ഡഫ് തന്നെ ഇവ യഥാക്രമം ശൈശവകാലം (Years of Childhood- 1916), ഒരു റഷ്യൻ സ്കൂൾ കുട്ടി (A Russian School boy - 1917) എന്നീ പേരുകളിൽ ഇംഗ്ളീഷിൽ പ്രകാശനം ചെയ്തു. ജന്തുലോകത്തിന്റെയും പ്രകൃതിയുടെയും വിവരണങ്ങൾ അടങ്ങിയ രണ്ടു കൃതികളാണ് സാപിസ്കി ഒബ് ഉസെൻയി റൈബിയും (Zapiski of uzhenyi ryby -1847), സാപിസ്കി റുസെയ്നൊഗൊ ഒഖോട്നിക (Zapiski ruzheynogo okhotnika- 1852)യും. ലിറ്ററാറ്റ്യൂർണേ ഇ റ്റീറ്റ്രാൽന്യേ വൊസ്പോമിനാനിയ (Literaturnyeie teatralny vospopminaniya 1858), ഇസ്റ്റോറിയ മോഗോ സ്നാകോംസ്ത്രസ് ഗോഗോലം (Istoriyamoego Znakomstras Gogolem) എന്നീ ഗ്രന്ഥങ്ങൾ സാഹിത്യ ചരിത്രകാരൻമാർക്ക് അത്യന്തം പ്രയോജനപ്രദങ്ങളാണ്. മീൻപിടിത്തം, നായാട്ട് മുതലായ വിഷയങ്ങളെ അധികരിച്ച് അക്സകോഫ് എഴുതിയിട്ടുള്ള പ്രബന്ധങ്ങളും റഷ്യൻ സാഹിത്യത്തിൽ പ്രതിഷ് ഠയാർജിച്ചവയാണ്. വസ്തുനിഷ്ഠമായ റിയലിസവും മികവുറ്റ സ്വഭാവചിത്രീകരണവും മിഴിവുറ്റ ഭാഷാശൈലിയും അക്സകോഫ് കൃതികളുടെ സവിശേഷതകളാണ്. ഇദ്ദേഹം 1859 ഏപ്രിൽ 30-ന് നിര്യാതനായി.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സെർജി ടിമോഫെയേവിച്ച് അക്സകോഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.