സെലൂക്യാ-ക്ടെസിഫോണിലെ വേദശാസ്ത്രകേന്ദ്രം

കിഴക്കിന്റെ സഭയുടെ പുരാതന വേദശാസ്ത്രപഠനകേന്ദ്രം

സസ്സാനിദ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സെലൂക്യാ-ക്ടെസിഫോൺ നഗരത്തിന്റെ പടിഞ്ഞാറൻ പകുതിയിൽ സ്ഥിതി ചെയ്തിരുന്ന ഒരു പൗരസ്ത്യ സുറിയാനി ക്രിസ്തീയ ദൈവശാസ്ത്ര വിദ്യാലയമായിരുന്നു സെലൂക്യാ-ക്ടെസിഫോണിലെ വേദശാസ്ത്രകേന്ദ്രം അഥവാ കോഖെയിലെ വേദശാസ്ത്രകേന്ദ്രം.[1][2]

ചരിത്രം

തിരുത്തുക

മാർ ആബായും വേദശാസ്ത്രകേന്ദ്രവും

തിരുത്തുക

പാരമ്പര്യം അനുസരിച്ച് പാത്രിയർക്കീസ് മഹാനായ മാർ ആബായാണ് (540-552) ഈ വേദശാസ്ത്രകേന്ദ്രത്തിന് തുടക്കമിട്ടത്. സീർത്തിന്റെ നാളാഗമത്തിലെ വിവരം അനുസരിച്ച്, മാർ ആബാ ഒരു സൊറോവാസ്ട്രിയൻ പണ്ഡിതനെ സെലൂക്യാ-ക്ടെസിഫോണിൽ വെച്ച് ഒരു സംവാദത്തിൽ പരാജയപ്പെടുത്തുകയും, ആ സ്ഥലത്ത് തന്നെ ഈ വേദപഠനശാല സ്ഥാപിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ മാർ ആബായുടെ കൂടുതൽ പഴയ ജീവചരിത്രരേഖകളിൽ ഇത് പരാമർശിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ചരിത്രകാരന്മാരുടെ ഇടയിൽ ഇതിനേക്കുറിച്ച് ഏകാഭിപ്രായമില്ല.[3] പാത്രിയാർക്കീസ് അഖാക്ക് (485–495/6) എദേസ്സയിലെ വേദശാസ്ത്രകേന്ദ്രം വിട്ടശേഷം സെലൂക്യാ-ക്ടെസിഫോണിൽ പഠിപ്പിച്ചിരുന്നു. ഇത് അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ വേദപഠനശാല നിലവിലിരുന്നതിന് തെളിവായി ചില ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. അഖാക്കിന്റെ വേദപഠനകേന്ദ്രം ആബാ പുനഃസ്ഥാപിക്കുകയാണ് ഉണ്ടായതെന്ന് സഭാ ചരിത്രപണ്ഡിതനായ ജിയാൻ മോറിസ് ഫേയി അഭിപ്രായപ്പെടുന്നു. എന്നാൽ സീർത്തിന്റെ നാളാഗമം അനുസരിച്ച് പാത്രിയർക്കീസ് എസെക്കിയേൽ (567–581) ആണ് ഈ പഠനകേന്ദ്രം പുനഃസ്ഥാപിച്ചത്.[4][5]

സ്വാധീനം

തിരുത്തുക

596 നും 602 നും ഇടയിൽ, റോമൻ ചക്രവർത്തി മൗറീസ്, കൽക്കെദോനിലെ ബിഷപ്പായിരുന്ന മാറൂഥയെ സസാനിയൻ ചക്രവർത്തി ഖൊസ്രു രണ്ടാമന്റെ അടുക്കൽ പ്രതിനിധിയായി അയച്ചു. മറൂഥാ സെലൂക്യാ-ക്ടെസിഫോണിൽ കഴിയവേ ഈ പഠനകേന്ദ്രം സന്ദർശിക്കുകയും അവിടത്തെ പ്രഭാഷണങ്ങൾ കേൾക്കുകയും വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും മുഖ്യാചാര്യനായ ബോഖ്തീശോയെ നേരിൽ കണ്ട് യാത്ര പറയുകയും ചെയ്തതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. റോമാ ചക്രവർത്തിയുടെ പ്രതിനിധിയായ ഒരു വിശിഷ്ട വ്യക്തിക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ നിന്ന് സസാനിയൻ തലസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തിന്റെ ശ്രദ്ധേയമായ കേന്ദ്രമായിരുന്നു ഈ വേദപഠനകേന്ദ്രം എന്ന് വ്യക്തമാകുന്നു. കിഴക്കിന്റെ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട വേദപഠശാലയായി വളർന്ന ഇവിടത്തെ മുഖ്യാചാര്യൻ ഈശായി, അക്കാലത്തെ പാത്രിയർക്കീസ് തിരഞ്ഞെടുപ്പിൽ വരെ പങ്കെടുക്കാൻ അനുമതി നേടിയിരുന്നു.[6]

നിസിബിസിലെ വേദശാസ്ത്രകേന്ദ്രവുമായുള്ള ബന്ധം

തിരുത്തുക

കൂടുതൽ പൗരാണികമായ നിസിബിസിലെ വേദപഠനകേന്ദ്രവുമായി സെലൂക്യാ-ക്ടെസിഫോണിലെ വേദപഠനകേന്ദ്രത്തിന് ബന്ധങ്ങൾ നിലനിന്നിരുന്നു. ഗ്രന്ഥശേഖരങ്ങളും പണ്ഡിതരെയും പലപ്പോഴും രണ്ട് കേന്ദ്രങ്ങളും പരസ്പരം പങ്കുവെച്ചിരുന്നു.[7] സീർത്തിലെ നാളാഗമം നൽകുന്ന വിവരണം അനുസരിച്ച് മാർ ആബാ സെലൂക്യാ-ക്ടെസിഫോണിലെ വേദപഠനകേന്ദ്രം സ്ഥാപിക്കുന്നതിന് മുമ്പ് നിസിബിസിൽ ആയിരുന്നു പ്രവർത്തിച്ചത്. നിസിബിസിൽ പരിശീലിച്ച ശേഷം 596ൽ അവിടത്തെ മെത്രാപ്പോലീത്ത ആയിത്തീർന്ന കശ്കറിലെ ഗ്രിഗറി മുമ്പ് സെലൂക്യാ-ക്ടെസിഫോണിലെ വിദ്യാർത്ഥി ആയിരുന്നു.[6] അവിടെ അദ്ദേഹം സങ്കീർത്തനങ്ങൾ പഠിച്ചിരുന്നു. പാത്രിയർക്കീസ് ഈശോയാബ് 3ാമൻ (649–659) നിസിബിസിലെ വിദ്യാർത്ഥി ആയിരുന്നു. പേർഷ്യയിലെ അറബ് അധിനിവേശത്തിന് ശേഷം സെലൂക്യാ-ക്ടെസിഫോണിലെ വേദശാസ്ത്രകേന്ദ്രത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ലക്ഷ്യമിട്ട് അതിന്റെ വലിയ ഒരു ഭാഗം ബേഥ് ആബെ ആശ്രമത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ അദ്ദേഹം പരിശ്രമിച്ചിരുന്നു.[8]

പിൽക്കാല ചരിത്രം

തിരുത്തുക

ബേഥ് ഖത്റായെയിലെ ഗബ്രിയേൽ ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി കോഖെയിൽ പഠിപ്പിച്ചിരുന്നു. പിന്നീട് പാത്രിയർക്കീസുമാരായ ഹ്നാനീശോ 1ാമൻ (686–700) ആബാ 2ാമൻ (742–753) എന്നിവർ അക്കാലത്ത് അവിടെ ഗബ്രിയേലിന്റെ ശിഷ്യന്മാർ ആയിരുന്നു. അവിടെ ഗബ്രിയേൽ ബൈബിൾ വ്യാഖ്യാനങ്ങളും ആബാ 2ാമൻ തത്വശാസ്ത്ര ഗ്രന്ഥങ്ങളും എഴുതിയിരുന്നു. ആബാ 2ാമൻ വേദശാസ്ത്രകേന്ദ്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് തന്റെ വൈദികരുമായി തർക്കത്തിൽ ആയിരുന്നു.[6]

  1. Becker, Adam H. (2006). Fear of God and the Beginning of Wisdom: The School of Nisibis and the Development of Scholastic Culture in Late Antique Mesopotamia. University of Pennsylvania Press. pp. 157–159. ISBN 9780812201208.
  2. Reinink, Gerrit J. (2013). Nocela, Carla; Pampaloni, Massimo; Tavolieri, Claudia (eds.). "The School of Seleucia and the Heritage of Nisibis, the 'Mother of Sciences'". Le vie del sapere in ambito siro-mesopotamico dal III al IX secolo: Atti del convegno internazionale tenuto a Roma nei giorni 12–13 maggio 2011. Rome: Pontificio Istituto Orientale: 115–132.
  3. Becker (2006), പുറം. 157–8.
  4. Becker (2006), പുറം. 161-165.
  5. Fiey, Jean Maurice (1967). "Topographie chrétienne de Mahozé". L'Orient Syrien. 12: 397–420.
  6. 6.0 6.1 6.2 Becker (2006), പുറം. 157–159.
  7. Becker (2006), പുറം. 102, 157–159.
  8. Becker (2006), പുറം. 169.